Saturday, July 19, 2014

ദഅവത്തു ചിലരുടെ മാത്രം ബാധ്യതയെന്നോ?

ദഅവത്തു ചിലരുടെ മാത്രം ബാധ്യതയെന്നോ?
(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(

             പിശാചു ആദമിനെ സുജൂദ് ചെയ്യാന്‍ അല്ലാഹു നല്‍കിയ കല്‍പന ധിക്കരിച്ച കാരണത്താല്‍ പുറത്താക്കപ്പെട്ടപ്പോള്‍ അല്ലാഹുവിനോട് അന്ത്യനാള്‍ വരെ സമയം നീട്ടി വാങ്ങുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മനുഷ്യര്‍ കടന്നു വരാതിരിക്കാന്‍, അവരുടെ മുന്നിലൂടെയും പിന്നിലൂടെയും പാര്‍ശങ്ങളിലൂടെയും സമീപിച്ചു, പിഴപ്പിക്കാന്‍ ശ്രമിക്കും സ്വിറാത്തുല്‍ മുസ്ത്വഖീമില്‍ ഒരു തടസ്സമായി നില്‍ക്കും എന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. ഇന്ന് ചിലയാളുകളുടെ ഇസ്ലാമിക ദഅവത്തിനെ കുറിച്ചുള്ള സമീപനം കാണുമ്പോള്‍ വീണ്ടും മനസ്സില്‍ ഓര്‍മ വരുന്നതും ഇത് തന്നെയാണ്. സൂറത്ത് അസ്വര്‍ പഠിപ്പിക്കുന്ന നഷ്ടത്തില്‍ പെടാതെ രക്ഷപ്പെട്ടവരുടെ 4 ഗുണങ്ങളില്‍ മൂന്നാമത്തേത് ഹഖു കൊണ്ടുള്ള ഉപദേശം ആണ്. ഹഖില്‍ പ്രഥമ പ്രധാനമായതാകട്ടെ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാഹ് അഥവാ തൌഹീദു ആണ്. ഇവിടെ ലോകത്തെല്ലായിടത്തും കേരളത്തിലും തൌഹീദ് പ്രചരിപ്പിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അവരൊക്കെ മതിയാക്കി പിന്‍വാങ്ങ ണ മെന്നും, അവര്‍ക്കൊന്നും അതിനു അര്‍ഹതയില്ല അതിനു ലൈസന്‍സ് നല്‍കാനും അത് പറയാനും ഞമ്മന്റെ ആളുകളായ ചിലര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ എന്നും വാദിച്ചു ചിലര്‍ ചിലയിടത്തൊക്കെ തകൃതിയായി 'ദഅവത്തു ' നടത്തുന്നുണ്ട്. ഈ ദഅവത്തിനാകട്ടെ, പ്രത്യേകിച്ച് ഇല്‍മിന്‍റെ പിന്തുണയില്ലെങ്കിലും ചില ശൈഖു മാരോടുള്ള സാമീപ്യം മാത്രം മതിയാകും എന്നാണു ഇവരുടെ ഈ വിഷയത്തിലെ വിധി പ്രസ്താവനകളില്‍ നിന്ന് മനസ്സിലാകുന്നത്‌.

            ഹജ്ജത്തുല്‍ വിദാ ഇല്‍ പ്രവാചകനോടൊപ്പം പങ്കെടുത്ത ലക്ഷത്തോളം വരുന്ന സ്വഹാബികളില്‍ ഏറിയ ഭാഗവും തങ്ങള്‍ വാഹന മൃഗ ത്തെ തിരിച്ചു നിര്‍ത്തിയ ഭാഗത്തേക്ക് പോയത് ഏതെങ്കിലും ശൈഖുമാരുടെ ദര്‍സില്‍ പങ്കെടുത്തു മറിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയ പണ്ഡിതന്‍മാര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ മന:പാഠം പഠിക്കാനോ, തന്‍റെ കൂടെ ഹജ്ജത്തുല്‍ വിദാഇല്‍ പങ്കെടുത്ത മറ്റുള്ളവര്‍ നടത്തുന്ന ദഅവത്തില്‍ എന്തെങ്കിലും കുറവ് കണ്ടുപിടിക്കാനാകുമോ എന്ന് അന്വേഷിച്ചു അത് പൊതു സമൂഹത്തില്‍ ചര്‍ച്ചക്കിട്ടും ശത്രുക്കള്‍ക്ക് ഒറ്റി കൊടുത്തും, ഇതാണ് ദഅവത്തു എന്ന് കരുതി സ്വയം സ്വായൂജ്യമടയാനോ ആയിരുന്നില്ല. മറിച്ചു, ബല്ലിഗൂ അന്നീ വലൌ ആയ (എന്നില്‍ നിന്ന് ഒരു ആയത്ത് എങ്കിലും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കൂ ) എന്നത് ഉള്‍ക്കൊണ്ടു, തങ്ങള്‍ മനസ്സിലാക്കിയ തൌഹീദ് തങ്ങള്‍ക്കാവും വിധം അതറിയാത്ത ജനങ്ങളില്‍ എത്തിക്കാനായിരുന്നു. അത് ഒഴിവാക്കാന്‍ ആവാത്തത്ര പ്രാധാന്യമുള്ളതാണ് എന്നത് കൊണ്ടാണ് ലക്ഷം മടങ്ങ്‌ കൂലി കിട്ടുന്ന മക്കയിലെ ഹറമും, അവരുടെ കരളിനേക്കാള്‍ സ്നേഹമുള്ള പ്രവാചകനെയും വിട്ടു, ആയിരമായിരം കാതങ്ങള്‍ താണ്ടിയും, ഉറ്റവരും ഉടയവരുമില്ലാത്ത, കൂടുതല്‍ പഠിക്കാന്‍ പ്രവാചകനോ അനുചരന്‍ മാരോ ഇല്ലാത്ത നാട്ടില്‍ പോയി, അവിടെ ഉള്ളവരെ അവര്‍ മനസ്സിലാക്കിയ തൌഹീദ് പഠിപ്പിക്കാന്‍ കഷ്ടപ്പെട്ടത്. അബൂ ദര്‍റുല്‍ ഗിഫാരി (റ) മക്കയിലെത്തി ഇസ്ലാം ആശ്ലേഷിച്ച ശേഷം, പ്രവാചകനെ വിട്ടു സ്വന്തം ഗോത്രത്തിലേക്ക് പോകുമ്പോള്‍ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാഹ് എന്നതല്ലാതെ കയ്യില്‍ മറ്റൊരു കിതാബും ദര്‍സിലെ നോട്ടും ഉണ്ടായിരുന്നില്ല. പിന്നീട് തന്‍റെ ഗോത്രത്തെ മുഴുവന്‍ നയിച്ചു പ്രവാചക സന്നിധിയില്‍ എത്തിയ സ്വഹാബിയോടു, ഇത് നിന്‍റെ പണിയായിരുന്നില്ല അബൂ ദര്‍റെ അതിനു ഇവിടെ അബൂബക്കറും ഉമറും അലിയും ഒക്കെ ഉണ്ട് എന്നും പറഞ്ഞിട്ടില്ല.

ഇനി ഇവര്‍ ജല്‍പിക്കുന്ന ഇല്‍മുള്ളവര്‍ ആരാണ്?. തികഞ്ഞ ഇല്‍ മുള്ളവര്‍ക്കെ ദഅവത്തു പാടുള്ളൂ എന്നതിനു ഉദാഹരണമായി സ്വന്തം ചിലവിനു വകയുള്ളവന്‍ അഥവാ അറിവില്‍ സ്വയം പര്യാപ്തത കൈവരിച്ചവരാണോ ഇവരും ഇവരുടെ ശൈഖുമാരും?   മൂസാ നബി (അ) തന്‍റെ സമൂഹത്തിലെ ഒരാളുടെ ചോദ്യത്തിന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ അറിവുള്ളവന്‍ ഞാനാണ് എന്ന് മേനി നടിക്കാനല്ലാതെ, പറഞ്ഞത് പോലും അല്ലാഹു തിരുത്തി. പക്ഷെ, ഇവര്‍ അറിവില്‍ സ്വയം പര്യാപ്തത വന്നു എന്ന രീതിയില്‍ ചിലരെ മനസ്സില്‍ ബിംബങ്ങളായി അവരോധിക്കുന്നു, അത് പ്രചരിപ്പിക്കുന്നു. അല്ലാഹുല്‍ മുസ്തആന്‍.  ഷെയ്ഖ്‌ ഇബ്ന്‍ ബാസ് (റ) തൊട്ടു സലഫി ലോകത്തെ ഉലമാക്കള്‍ ഏകോപിച്ചു പറയുന്ന അഭിപ്രായമാണ്  ത്വലബുല്‍ ഇല്‍മും ദഅവത്തും വേര്‍തിരിക്കാന്‍ കഴിയില്ല, രണ്ടും ഒരുമിച്ചു കൊണ്ട് പോകണമെന്നതു. ഒരു കാര്യത്തെ കുറിച്ച് ദഅവത്തു നടത്തും മുന്‍പ് അതിനെ കുറിച്ച് പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും വേണം എന്നും മേല്‍ പറഞ്ഞ സൂറത്തുല്‍ അസ്വര്‍ വിശദീകരിക്കവേ പണ്ഡിതന്‍മാര്‍ പറഞ്ഞത് കാണാം. 10 ആയത്ത് പഠിച്ചു ജീവിതത്തില്‍ പകര്‍ത്തിയ ശേഷമേ ഞങ്ങള്‍ അടുത്ത ആയത്തുകള്‍ പഠിച്ചിരുന്നുള്ളൂ എന്ന് സ്വഹാബി മാര്‍ പറഞ്ഞത് ഓര്‍ക്കുക. അങ്ങിനെ ജീവിതത്തില്‍ പകര്‍ത്തുക എന്നത് അത് കൊണ്ടുള്ള അമല്‍ ചെയ്യുക എന്നതില്‍ അത് മറ്റുള്ളവര്‍ക്ക് എത്തിക്കുക എന്നതും പെടുമെന്ന് സ്വഹാബികളുടെ ചരിത്രം വായിച്ച പഠിച്ച ആളുകളെ ഉണര്‍ത്തേണ്ടാതില്ലല്ലോ? ഭൂമിക്കു ചുവട്ടിലെ എല്ലാ വിഷയങ്ങളെ കുറിച്ചും പഠിച്ച ശേഷമേ ദഅവത്തു പാടുള്ളൂ എന്നത്, തൌഹീദ് വ്യാപനം തടയാനും സുന്നത് പ്രചാരണം ഇല്ലാതാക്കാനും പിശാചു കൊടുക്കുന്ന വഹ് യില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. പ്രവാചകനില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ അതിനു മാതൃക കിട്ടില്ല.

                  അതെ പോലെ തന്നെയാണ്, ഓരോന്നിനും അതിന്‍റെതായ ആളുകളുണ്ട് എന്ന് പറഞ്ഞു കുബൂരികളും ശിയാക്കളും പൌരോഹിത്യം അടിച്ചേല്‍പ്പിക്കാന്‍ വാദിക്കുന്ന അതെ വാദം ദഅവത്തിനു പ്രത്യേകം ആളുകള്‍ ഉണ്ട് എന്നതിനായി  കൊണ്ടു വരുന്നത്. ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്‍റെ മേല്‍ നിര്‍ബന്ധമായി എണ്ണിയ ആറു ബാധ്യതകളില്‍ ഒന്നാണ്, ഉപദേശം തേടിയാല്‍ നല്‍കുക എന്നത്. സത്യ വിശ്വാസികളുടെ ബാധ്യതയായി ഖുര്‍ആനില്‍ പലേടത്തും എടുത്തു പറഞ്ഞതാണ് അമ്രും ബില്‍ മഅറൂഫ് വനന്‍ഹൈ അനില്‍ മുന്‍കര്‍, നന്‍മ കൊണ്ട് കല്‍പിക്കുകയും തിന്‍മ വിലക്കുകയും ചെയ്യുക എന്നത്. ഇതൊക്കെ ഇത്ര വ്യെക്തമായിട്ടും അതിനൊക്കെ പ്രത്യേകം ആളുകള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ക്കുന്നത് ഏതു ഇല്‍മി ന്‍റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ്‌ റസൂലുള്ള അവന്‍റെ അന്ത്യ പ്രവാചകനാണ്‌ എന്ന് ഹൃദയത്തില്‍ രൂഡമൂലമായി വിശ്വസിക്കുന്ന ഒരാള്‍ പലകോടി ദൈവങ്ങളെ ആരാധിക്കുന്ന ഒരാളെ കണ്ടു മുട്ടിയാല്‍, അവനോടു, സഹോദരാ, പല ദൈവങ്ങള്‍ ഇല്ല, ദൈവം, അല്ലാഹു ഏകനാണ്, മുഹമ്മദ്‌ (റ) അവന്‍റെ പ്രവാചകനാണ്‌ എന്ന് പറയാതെ ഏതെങ്കിലും ഹാളുകളിലോ ഒറ്റപ്പെട്ട പള്ളി ചെരുവിലോ നടക്കുന്ന ദര്‍സില്‍ വന്നു ശൈഖിനെ കൂട്ടി തിരിച്ചു ചെല്ലും വരെ കെട്ടിയിടാനോ ഹോട്ടല്‍ മുറിയെടുത്തു താമസിപ്പിക്കാനോ ആണോ ഇവര്‍ മനസ്സിലാക്കിയ ദീന്‍ പറയുന്നത്? ഇനി അതല്ല, അങ്ങിനെ അല്ലാഹു ശിക്ഷിക്കാന്‍ തീരുമാനിച്ച ഒരു വിഭാഗത്തിനോട് എന്തിനാണ് നിങ്ങള്‍ വഅള് പറയുന്നത് എന്ന ഖുര്‍ആന്‍ ആക്ഷേപിച്ച വിഭാഗത്തിന്‍റെ മനോ നിലയിലാണോ ഈ സലഫീയതിനു പുതിയ മാനം നല്‍കാന്‍ പണിയെടുക്കുന്നവര്‍ ശ്രമിക്കുന്നത്?.  മആദല്ലാഹ്..

              പറയുന്ന വിഷയത്തില്‍ അറിവ് ഉണ്ടാകുക എന്നത് പണ്ഡിതന്‍ മാര്‍ ദഅവത്തിനു നിശ്ചയിച്ച നിബന്ധനയാണ്. പക്ഷെ, അതിനര്‍ത്ഥം ആ വിഷയത്തിന്‍റെ അത്യഗാധമായ അറിവ് ഉണ്ടാകുക എന്നതല്ല. അറിവില്‍ ഏറ്റവും ശ്രേഷ്ടമായ അല്ലാഹുവിനെ കുറിച്ച്, അവന്‍റെ എകത്വത്തെയും നാമ വിശേഷണങ്ങളെയും കുറിച്ച് എത്ര പഠിച്ചാലാണ് പൂര്‍ണമാകുക?. അപ്പോള്‍, ഇവരുടെ വീക്ഷണത്തില്‍ ദഅവത്തു പ്രഥമമായി നടത്തേണ്ട തൌഹീദ് പോലും പ്രബോധനം ചെയ്യാന്‍ ലോകത്ത് വിരലില്‍ എണ്ണാവുന്നവരേ ഉണ്ടാകൂ. അവര്‍ എത്ര പേര്‍ക്ക് തൌഹീദ് എത്തിക്കും? ചുരുക്കത്തില്‍ വലിയൊരു വിഭാഗത്തിനു ഏക ദൈവ സന്ദേശം, തൌഹീദ് എത്താതെ നോക്കാന്‍ പിശാചു തോന്നിക്കുന്ന കുഴിയില്‍ ഇറങ്ങി വിളിച്ചു കൂവുന്ന ആളുകളായി ഇവര്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഏറെ രസകരം, ഇവര്‍ അടിച്ചു വിടുന്ന പല വിഷയങ്ങളും ആ വിഷയത്തിലെ ഇവരുടെ ഇല്‍മിന്‍റെ അഭാവം നന്നായി വിളിച്ചോതുന്നു എന്നതാണ്. പ്രബോധനത്തിന്‍റെ മുന്‍ ഗണനാ ക്രമം പോലും തെറ്റിച്ചു കേവലം വ്യെക്തികളെ യും കൂട്ടായ്മയെയും ഇകഴ്ത്തുകയോ അഹ് ലുല്‍ ഹവയും അഹ്ലുല്‍ ബിദ്അയുമായി ചാപ്പ കുത്തുകയോ ചെയ്യുക എന്നിടത്തേക്ക് തരം താണ ഇവരുടെ പ്രബോഥന ശൈലി  ചിലപ്പോഴൊക്കെ, എതിരാളികളെ തക്ഫീര്‍ ചെയ്യുന്നത് വരെ എത്തുന്നു.

                     സലഫുകള്‍ ദഅവത്തു നടത്തിയ രീതിയില്‍, ദഅവത്തു നടത്തുക എന്നത് കൊണ്ട് ഉദ്ദേശിച്ചത്, ദഅ വത്തിനുള്ള മാര്‍ഗങ്ങള്‍ ആധുനികമായ മാധ്യമങ്ങളും മറ്റു സംവിദാനങ്ങളും ഉപയോഗിക്കുന്നതിനെ കുറിച്ചാണ് എങ്കില്‍, തബലീഗ് കാരാണ് സലഫുകളുടെ പാതയില്‍ എന്ന് പറയേണ്ടി വരും, കാരണം ഇന്നും അവര്‍, നിങ്ങള്‍ അടക്കം ഉപയോഗിക്കുന്ന, എന്നാല്‍ സലഫുകള്‍ ഒരിക്കലും സ്വീകരിചിട്ടില്ലാത്ത ശൈലി,യായ ഉച്ച ഭാഷിണിയോ, നോട്ടീസോ, ഫൈസ് ബുക്കോ അത് പോലെ മറ്റൊരു ആധുനിക ശൈലിയും സ്വീകരിക്കുന്നില്ല. അതല്ല ഉദ്ദേശം എങ്കില്‍ ആളുകള്‍ കൂടുന്നതിനനുസരിച്ച് സൌണ്ട് സിസ്റ്റവും കൂടുതല്‍ ആളുകളില്‍ എത്തികാനും എളുപ്പം കൂടുതല്‍ പേരുടെ ശ്രദ്ധ ആകര്‍ഷിക്കാനും വിവധ വര്‍ണ്ണങ്ങളിലെ നോട്ടീസും ഏറിയും കുറഞ്ഞും ഇരിക്കും. പ്രൊഫ്‌ കോണ്‍, വിസ്ഡം തുടങ്ങിയ ദഅവ സംരംഭങ്ങളെ എതിര്‍ക്കാന്‍ സലഫുകള്‍ക്ക് പരിചയമില്ലാത്ത പുതിയ രീതികള്‍ ഗവേഷണം ചെയ്യുന്നത് ഇത്തിബാഇനു എതിരാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍, അത് പൊതു ജനങ്ങളോട് പറയാന്‍ ഉപയോഗിക്കുന്ന ആഡിറ്റോറിയത്തിലെ ബിരിയാണി യോടെയുള്ള യോഗങ്ങള്‍ക്കും, ഫൈസ് ബുക്കിലൂടെയും വാട്ട് സപ്പിലൂടെയും ഇന്‍റെര്‍ നെറ്റ് റേഡിയോയില്‍ കൂടെയുമുള്ള ഫിത്ന പ്രചാരണങ്ങള്‍ക്കും എവിടുന്നാണ് മാതൃക ഒപ്പിക്കുക?. ഇനി തങ്ങള്‍ ചെയ്യുന്ന കാരണത്താല്‍ അത് ഇത്തിബാഇനു എതിരാകില്ല എന്നും തങ്ങള്‍ക്ക്  ചെയ്യാന്‍ ആള്‍ ബലമില്ലാത്തത് കൊണ്ട് പ്രോഫ്കോണും വിസ്ഡവും ഇത്തിബാ ഇനു എതിരും ആകുമോ എന്ന് കൂടി ഇവര്‍ വിശദീകരിക്കേണ്ടതുണ്ട്‌. സംഘടനാ സംവിദാനം ബിദ് അത്താണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ കൂട്ടം പിരിഞ്ഞു രണ്ടു ചേരിയില്‍ കിടന്നു പരസ്പരം നടത്തുന്ന പോര്‍വിളികള്‍ തക്ഫീര്‍ വരെ എത്തിയതും നമ്മള്‍ കണ്ടു.

                 മുജാഹിദുകളെ സലഫി മന്‍ഹജില്‍ നിന്ന് പുറത്താക്കാന്‍ ഇവര്‍ പടച്ചു വിടുന്ന മറ്റൊരു ആരോപണമാണ് ജമാഅത്തുകാരെ അനുകരിച്ചു അടിസ്ഥാന വിഷയങ്ങള്‍ വിട്ടു റിലീഫും പരിസ്ഥിതി സംരക്ഷണവുമായി കറങ്ങി തിരിയുകയാണ് എന്നത്. അസത്യ പ്രചാരണത്തിന് പ്രത്യേകം ഇല്‍മു ആവശ്യമില്ലാത്തത് കൊണ്ടാകും ഈ കളവും ഇവര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത് എങ്കിലും കേരളത്തിലെ മുജാഹിദുകളെ അടുത്തറിയുന്ന ഒരാളും ഇതെറ്റെടുക്കില്ല എന്നുറപ്പാണ്. ഒരു ഭാഗത്ത് തൌഹീദ് പ്രബോധനം നടത്താന്‍ ഇല്‍മുള്ള ആളുകളാണ് എന്ന് പറയുക, മറ്റൊരിടത്ത് അടിസ്ഥാന വിഷയങ്ങള്‍ പ്രബോധനം നടത്തുന്നില്ല എന്ന് പറയുക. ഇതെങ്ങിനെയാണ് യോജിക്കുക എന്ന് ഇവര്‍ തന്നെ വ്യെക്തമാക്കട്ടെ. ഏതെങ്കിലും ഹാളിലും പള്ളി മൂലയിലും വല്ലപ്പോഴും  ഇരുന്നു, ആധുനികരായ പണ്ഡിതരുടെ ചില കിതാബുകള്‍ മാത്രം മന:പാഠം പഠിച്ചു മറ്റുള്ളവരെല്ലാം തങ്ങളേക്കാള്‍ അധമരാണ് എന്ന ഭാവത്തില്‍ നടക്കുന്നവര്‍ക്ക് കേരളത്തിലെ മുക്ക് മൂലകളില്‍ നടക്കുന്ന തൌഹീദി പ്രചാരണം അറിയുവാനോ, അറിഞ്ഞെങ്കില്‍ തന്നെ അംഗീകരിക്കാനോ ആകില്ല. പിന്നെ പരിസ്ഥിതി സംരക്ഷണവും ദുരിതാ ശ്വാസവും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് എന്ന്, യുദ്ധരംഗത്ത് പോലും വൃക്ഷങ്ങള്‍ നശിപ്പിക്കരുതെന്നും, വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന്‍റെ പുണ്യം വിവരിക്കുന്ന ഹദീസുകളും വ്യെക്തമാകുന്നതാണ്. അബൂ ഹുറൈറ (റ) കടം വാങ്ങി പോലും പ്രവാചകന്‍റെ നിര്‍ദേശ പ്രകാരം ആവശ്യക്കാരുടെ ആവശ്യ പൂര്‍തീകരിച്ചതിനും ഹദീസ് തെളിവ് നല്‍കുന്നു. അമീറുല്‍ മുഎമിനീന്‍ ആയിരിക്കെ പോലും അബൂബക്കര്‍ (റ) യും ഉമര്‍ (റ) യും നടത്തിയ വ്യെക്തി എന്ന നിലക്ക് നടത്തിയ  സാമൂഹ്യ സേവനങ്ങളും മനസ്സിലാക്കണമെങ്കില്‍ ആധുനികരായ ചിലരുടെ കിത്താബില്‍ ചര്‍വ്വിത ചര്‍വ്വണം നടത്തിയും പണ്ഡിതന്‍മാരുടെ സിഫത്തു വര്‍ണ്ണിച്ചും കളയുന്ന സമയം കൊണ്ട് സ്വഹാബത്തിന്‍റെ ചരിത്രം പഠിക്കാന്‍ മേനെക്കെട്ടാല്‍ മതിയാകും.


                      ചുരുക്കത്തില്‍ ഒരു വിശ്വാസിക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്ത കാര്യങ്ങളാണ് പരിസ്ഥിതി സംരക്ഷണവും സാമൂഹിക സേവനവും എന്ന് പ്രവാചകാധ്യാപനങ്ങള്‍ വളച്ചു കെട്ടില്ലാതെ പഠിക്കാന്‍ തയ്യാറായാല്‍ മനസ്സിലാകും. എന്നാല്‍ ജമാ അത്തുകാരും മടവൂര്‍ വിഭാഗം മുജാഹിദുകളും ഇത് രണ്ടും ദഅവത്തിനുള്ള ഒരു പാലമായി കണക്കാക്കുകയും, തൌഹീദ് പറയാതെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനെയുമാണ് മുജാഹിദുകള്‍ എതിര്‍ത്തത്, അതിനു കാരണം അത് നബി ചര്യക്ക്‌ എതിരായത് കൊണ്ടാണ്. അല്ലാതെ, പ്രവാചകന്‍ ഇതൊന്നും ചെയ്യാത്തത് കൊണ്ടല്ല. അങ്ങിനെ പ്രവാചകനും സ്വഹാബത്തും പരിസ്ഥിതി സംരക്ഷണവും ദുരിതാശ്വാസവും ചെയ്തിട്ടില്ല എന്ന് തെറ്റിധരിച്ചാണ് അതിനെ എതിര്‍ക്കുന്നതെങ്കില്‍ ഇവരുടെ അറിവ് കേടോര്‍ത്തു സഹതപിക്കുകയെ നിര്‍വാഹമുള്ളൂ. വുളു എടുക്കുന്ന സ്വഹാബിയോടു 'മാ ഹാദല്‍ ഇസ്രാഫ്' എന്ന് ചോദിച്ച,  ഒഴുകുന്ന നദിയില്‍ നിന്നാണെങ്കില്‍ പോലും അനാവശ്യമായി വെള്ളം ഉപയോഗിക്കരുത് എന്ന് പഠിപ്പിച്ച ഹദീസില്‍ നിന്ന് ജല സംരക്ഷണം ദീനീ ബാധ്യതയാണ് എന്ന് മനസ്സിലാകാതെ, അതിനെ പരിഹസിച്ചും, ഇതൊന്നും നാളെ പരലോകത്ത് വിചാരണ ചെയ്യപ്പെടും എന്ന് രേഖയില്ലെന്നും തട്ടി വിടുന്നത്, തനി ജാഹിലിയ്യത്തും ഒരു വിഭാഗത്തോടുള്ള അന്ധമായ വിദ്വേഷവും കൊണ്ട് മാത്രമാണ്. നബിയുടെ ചര്യ നന്‍മയും അതിനെതിരാകുന്നത് തിന്‍മയും ആകുന്നതു ദീനിലാണ്. അല്ലാതെ ഭൌതിക സംവിദാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനല്ല. അങ്ങിനെയാകുമ്പോള്‍ ഇസ്ലാമിക ഭരണകൂടത്തില്‍ നടപ്പാക്കുന്ന പാസ്പോര്‍ട്ട് അടക്കം പല ആധുനിക സംവിദാനങ്ങളും തിന്‍മയാണ് എന്ന് പറയേണ്ടി വരും. അല്ലാഹു ഇത്തരം ഇല്‍മില്ലാ ആലിമുകളുടെ ശര്‍റില്‍ നിന്ന് മുസ്ലിം സമൂഹത്തെ രക്ഷിക്കട്ടെ. അതി പ്രധാനമായ കൊച്ചു കുട്ടികള്‍ക്ക് പോലും എളുപ്പം മനസ്സിലാകുന്ന തൌഹീദ് പ്രചരിപ്പിക്കുന്നതിന് പ്രത്യേകം ആലിമുകള്‍ തന്നെ വേണം എന്ന് പറഞ്ഞു തൌഹീദ് വ്യാപനം തടയാന്‍ പണിയെടുക്കുന്നവര്‍, ശാഖാ പരവും സലഫി ഉലമാക്കള്‍ ക്കിടയില്‍ ഭിന്ന വീക്ഷണവുമുള്ള വിഷയങ്ങള്‍ ആധികാരികമായി ഏകപക്ഷീയമായി തട്ടി വിട്ടു സ്വന്തം വാദം സ്ഥാപിക്കാന്‍ മേനക്കെടുന്നിതിനിടക്ക്, ആ വിഷയത്തില്‍ എന്താണ് പ്രവാചക മാതൃക എന്ന് പോലും പഠിക്കാന്‍ തയ്യാറാകാത്തത് അത്ഭുതം തന്നെ. ഇത്തരം തല തിരിഞ്ഞ അപക്വ മനസ്സിന്‍റെ ഉടമകളില്‍ നിന്നുള്ള ഫത്‌വകളുടെ ഉപോല്‍പന്നമാണ് കുരുടന്‍ ആനയ കണ്ടപോലെ ഹാകിമിയ്യത്തും ഖിലാഫത്തും കുത്തിവെച്ചു ഇന്ന് മുസ്ലിം ലോകത്ത് തന്നെ അന്യോന്യം ചാവേറുകളായി പൊട്ടി ത്തെറിച്ചും കൂട്ടക്കൊല നടത്തിയും ദീന്‍ സ്ഥാപിക്കാന്‍ എന്ന പേരില്‍ തീവ്ര വാദത്തിലേക്ക് തള്ളി വിടുന്നത്. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും അറിയാത്തവര്‍ക്ക് എത്തിക്കാനും തൌഫീക്ക് നല്‍കട്ടെ...

യഥാര്‍ത്ഥ ശത്രുക്കള്‍ ജൂതനോ ??

 യഥാര്‍ത്ഥ ശത്രുക്കള്‍ ജൂതനോ  ??.....
                                                                          ******************************
                                                                          ******************************

ലോക മുസ്ലിംമത വിശ്വാസികളുടെ മനസ്സിനു കുളിര്‍മയും പ്രതീക്ഷയും നല്‍കികൊണ്ട് ആത്മ വിശുദ്ധിയുടെയും പുണ്യങ്ങളുടെയും പൂക്കാലമായ മറ്റൊരു റമദാന്‍ വ്രതമാസം കൂടി കടന്നു പോയിക്കൊണ്ടിരിക്കുന്നു.. കേവലം അന്ന പാനീയങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക എന്നതില്‍ കവിഞ്ഞു വ്രതം കൊണ്ട് ഇസ്ലാം, വിശ്വാസികളില്‍ നിന്ന് ആവശ്യപ്പെടുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. അത് സമ്പന്നതയുടെ കളിത്തൊട്ടിലില്‍ വളര്‍ന്നവര്‍ക്കു വിശപ്പിന്‍റെ വിഹ്വലത ബോധ്യപ്പെടുത്തുക മാത്രമല്ല, സ്വന്തം ദേഹേച്ചയുടെ മേല്‍ ഓരോരുത്തരും നേടിയെടുക്കേണ്ട ആധിപത്യത്തിനാണ് അത് ഏറെ ഊന്നല്‍ നല്‍കുന്നത്. തനിക്കു അനുവദിക്കപ്പെട്ട അന്നപാനീയങ്ങളും മറ്റു സുഖാനുഭൂതികളും പ്രഭാതം മുതല്‍ പ്രദോഷം വരെ മാറ്റി വെക്കുക വഴി ദൈവത്തിനു വേണ്ടി ഒരു മനുഷ്യനെ തനിക്കേറ്റവും പ്രിയപ്പെട്ട തെല്ലാം ത്യജിക്കാന്‍ സന്നദ്ധനാക്കുകയാണ് വ്രതത്തിലൂടെ ചെയ്യുന്നത്. അന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കാമ ക്രോധ മദ ലോഭങ്ങള്‍ കൂടി അകറ്റുമ്പോഴേ ഒരാളില്‍ നിന്ന് വ്രതം സ്വീകരിക്കപെടുകയുള്ളൂ.

ലോകമെമ്പാടും ഒന്നുകില്‍ ഇസ്ലാമിന്‍റെ പ്രത്യക്ഷ ശത്രുക്കളാല്‍, അല്ലെങ്കില്‍ മുസ്ലിമായി പൊതു സമൂഹം കരുതുന്ന മുസ്ലിം നാമ ധാരികളാല്‍ നിരപരാധികളായ മുസ്ലിംകള്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നത് വളരെ ദുഃഖകരമാണ്. ഇസ്രായേല്‍ എന്ന അറബികളുടെ ഔദാര്യം കൊണ്ട് മാത്രം പടുത്തുയര്‍ത്തപ്പെട്ട ജൂത രാഷ്ട്രം, അതിന്‍റെ പിറവി തൊട്ടു, ആ മണ്ണിന്‍റെ യഥാര്‍ത്ഥ അവകാശികളെ വേട്ടയാടി കൊണ്ടിരിക്കുന്നത്, ലോക രാഷ്ട്രങ്ങള്‍ കണ്ടിലെന്ന് നടിക്കുന്നതും, ജൂതന്‍റെ കൈത്തരിപ്പു തീരുകയും രക്തദാഹം ശമിക്കുകയും ചെയ്യുമ്പോള്‍ മാത്രം വന്‍ ശക്തികള്‍ ഔപചാരികമായി ഇടപെട്ടു, നിരപരാധികളുടെ കശാപ്പിനു ഒരു ഇടവേള നിശ്ചയിക്കുകയും ചെയ്യുന്ന നാടകം കാണാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ലോകത്തിലെ വന്‍ ശക്തികളും കുരിശു യുദ്ധത്തിന്‍റെ പിന്‍മുറക്കാരായവരുമായവരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നുവെങ്കില്‍, അത് നമ്മുടെ വിവരക്കേട് മാത്രമാണ്. ഇസ്രായേല്‍ എന്ന ജാര സന്തതിക്ക് എല്ലാത്തിനും കുട പിടിക്കുന്ന, യാങ്കികളും അമേരിക്കയും ഫലസ്തീനിലെ അവസാനത്തെ കുഞ്ഞും വെടിയേറ്റ്‌ വീണാല്‍ പോലും ഇസ്രായേലിനെ ഒരു മൊട്ടു സൂചി കൊണ്ട് പോലും വേദനിപ്പിക്കില്ല.

കേവലം ഗള്‍ഫ് രാജ്യങ്ങളിലെ രണ്ടോ മൂന്നോ ഭരണാധികാരികള്‍ ഇസ്രായെലിനേയോ അമേരിക്കയേയോ എതിര്‍ത്തത് കൊണ്ടോ, സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടോ മാറ്റം വരാവുന്ന ഒരു ബന്ധമല്ല, ഇസ്രായേലും മേല്‍ പറഞ്ഞ വന്‍ ശക്തികളും തമ്മിലുള്ളത്. അത് ഇന്ന് ലോകം നിയന്ത്രിക്കുന്ന കുത്തക വാര്‍ത്തക ബന്ധങ്ങളിലൂടെ ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയാത്തത്ര ആഴത്തില്‍ അന്തര്‍ലീനമായ പരസ്പര ലാഭ വീതം വെപ്പിന്‍റെ ബന്ധമാണ്. അതിന്‍റെ ഊര്‍ജസ്രോതസ്സ് ആയുധ കച്ചവടമടക്കമുള്ള ബിസിനസ്സ് കൂട്ട് കേട്ടാണ്. ആയുധങ്ങള്‍ വാങ്ങി കൂട്ടി അവരുടെ ലാഭം കൊഴുപ്പിക്കുന്നതില്‍ വലിയൊരു പങ്കു നല്‍കുന്നത് ഇന്ന് ഇസ്ലാമിന്‍റെ പേരില്‍ അന്യോന്യം കഴുത്തറക്കുന്ന തീവ്ര വാദികളും, സ്വന്തം ജനതയെ തന്നെ കശാപ്പ് ചെയ്യുന്ന ലോകത്തെ ചില മുസ്ലിം രാഷ്ട്ര നേതാക്കളും തന്നെയാണ്. അങ്ങിനെ മുസ്ലിംകളായി അറിയപ്പെടുന്നവര്‍ തന്നെ, തങ്ങളെ കൊന്നൊടുക്കാന്‍ ജൂത അമേരിക്കന്‍ ലോബിക്ക് വീണ്ടും വീണ്ടും ലാഭം വര്‍ദ്ധിപ്പിച്ചും, കമ്പോളങ്ങള്‍ പുതുതായി നല്‍കിയും സഹായിച്ചു കൊണ്ടേയിരിക്കുന്നു.

ഇസ്രായേലില്‍ ജൂതന്‍മാര്‍ കൊന്നു തള്ളുന്നതിന്‍റെ എത്രയോ ഇരട്ടി മുസ്ലിം നിരപരാധികളെ ചില മുസ്ലിം രാഷ്ട്രങ്ങളില്‍ ഭരണ കൂടവും ഇസ്ലാമിക ജിഹാദ് നടത്തി ഹാകിമിയ്യത്തിനു എന്ന പേരില്‍, തീവ്ര വാദികളും മത്സരിച്ചു കൊന്നു തള്ളുന്നതും കൊള്ളയടിക്കുന്നതും നിരാലംബരാക്കുന്നതും നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു. ഇസ്ലാമിനന്യമായ ചാവേര്‍ ആക്രമണത്തിലൂടെ ഏതാനും നിരപരാധികളായ അമുസ്ലിംകളെ കൊലപ്പെടുത്തി, ലക്ഷക്കണക്കായ നിരപരാധികളായ മുസ്ലിംകളെ കശാപ്പ് ചെയ്യാന്‍, അഫ്ഗാനിലും ഇറാക്കിലും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുത്ത അല്‍ ഖായിദക്കാരുടെ 'ജിഹാദ്' അല്‍പം മന്ദഗതിയിലായതിന്‍റെ കുറവ് പരിഹരിക്കാന്‍ ജൂതന്‍മാര്‍ ശിയാക്കളെ കച്ചകെട്ടിച്ച് ഒരുക്കിയ സുന്നി ശിയ പോരാട്ടത്തിലൂടെ ലോകത്തിന്‍റെ വിവധ ഭാഗത്ത് ദിനേന നടക്കുന്ന കൂട്ട ക്കൊലകളിലും പൊട്ടി ത്തെറികളിലും കുരുതി കൊടുക്കപ്പെടുന്ന നിരപരാധികള്‍ക്ക് കയ്യും കണക്കുമില്ല.
 
 സിറിയയിലും ഇറാക്കിലും ഈജിപ്തിലും അഫ്ഗാനിലും പാകിസ്ഥാനിലും ലിബിയയിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കൊന്നോടുക്കപ്പെട്ട ലക്ഷക്കണക്കിന്‌ മുസ്ലിംകളുടെ ചോരക്കു ഉത്തരവാദികള്‍ മുസ്ലിംകള്‍ തന്നെയാണ്. ഇതാണ് നേരിട്ട് ഇസ്രായേലില്‍ നടത്തുന്ന മനുഷ്യക്കുരുതിയെക്കാള്‍  ജൂതന്‍മാര്‍ ശ്രദ്ദ കേന്ദ്രീകരിച്ചു ചെയ്യിക്കുന്നത്. പക്ഷെ അത് തിരിച്ചറിയാന്‍ മുസ്ലിം നാമ ധാരികള്‍ക്കായില്ല എന്നത് മാത്രമല്ല, പുതിയ പുതിയ രാജ്യങ്ങളിലേക്ക് തങ്ങളുടെ തീവ്രവാദം കയറ്റി അയച്ചു, ജൂതന്‍റെ അജണ്ട സ്വന്തം ചെലവില്‍ നടപ്പാക്കാനുള്ള അത്യാവേശത്തില്‍ കൂടിയാണ് മുസ്ലിം വേഷധാരികളായ ഇത്തരക്കാര്‍. സലഫികള്‍ എന്ന് അറിയപ്പെടാന്‍ വ്യെഗ്രതപ്പെടുന്നവര്‍ പോലും തൌഹീദും സുന്നത്തും പറയുന്നത് പിന്തള്ളി പോലും ഹാകിമിയത്തിന്‍റെ സംസ്ഥാപനത്തെ കുറിച്ചും, ജനാധിപത്യത്തിന്‍റെ അനിസ്ലാമികതയെ കുറിച്ചും വേവലാതിപ്പെടുന്നത് കാണുമ്പോള്‍ പ്രതിലോമ മുസ്ലിം മനസ്സിനെക്കുറിച്ച് ഗൃഹ പാഠം നടത്തി പഴുതടക്കപ്പെട്ട ജൂതന്‍റെ പ്ലാനിംഗ് എത്ര ഭംഗിയായി വിജയിക്കുന്നു എന്നോര്‍ത്തു സങ്കടം തോന്നുന്നു.

 ഒരു സമൂഹത്തില്‍ അല്ലാഹുവിന്നു നേരാംവണ്ണം ഇബാദത്ത് ചെയ്യുന്നതില്‍ വിമുഖത കാണിക്കുകയും, അല്ലാഹുവിന്‍റെ കല്‍പനകള്‍ ധിക്കരിക്കുകയും ദുര്‍വൃത്തികള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ മോശം ഭരണാധികാരികളെ കൊണ്ട് അല്ലാഹു ആ സമൂഹത്തെ പരീക്ഷിക്കും. ഇന്ന് മുസ്ലിംകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും ബിദ് അത്തുകളും നിഷിദ്ധങ്ങളും ഒഴിവാക്കുകയും ചെയ്തു കൊണ്ട് ജീവിതം ശുദ്ധീകരിക്കുകയും മാത്രമാണ്. എങ്കിലേ അല്ലാഹു നമ്മുടെ ദുആകള്‍ സ്വീകരിക്കുകയും ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് സമുദായത്തെ രക്ഷിക്കുകയുമുള്ളൂ. ഹാകിമിയ്യത്തു തലയ്ക്കു പിടിച്ച ഇഖ്വാനികള്‍ തൊട്ടു, മറക്കു പിന്നിലിരുന്നു ജൂത താല്‍പര്യം നടപ്പിലാക്കുന്ന അതി തീവ്ര കൂട്ടു കെട്ടുകള്‍ വരെ, അല്ലാഹു ആദ്യം ബാധ്യതയായി നിശ്ചയിച്ച, പ്രവാചകന്‍മാര്‍ അഖിലവും മാതൃക കാണിച്ച, തൌഹീദിന്‍റെ ,വ്യാപനവും ബിദ്അത്ത് നിപാടനം ചെയ്തു  സുന്നത്ത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാനും, അത് പ്രചരിപ്പിക്കാനും അത് വഴി ഇസ്ലാമിന്‍റെ വെള്ളി വെളിച്ചം കൂടുതല്‍ ചക്രവാളങ്ങളിലേക്കു വ്യാപിപ്പിക്കാനും മെനെക്കെടാതെ, ഭ്രാന്തമായ മനസ്സിന്‍റെ അപക്വമായ രസകൂട്ടില്‍ നിന്നുടലെടുക്കുന്ന രക്ത പങ്കിലമായ ജിഹാദ് എന്ന ഏക തീരുമാനത്തിലെടുത്തു ചാടി, ഇസ്ലാമിനും മുസ്ലിംകള്‍ക്കും വരുത്തി വെക്കുന്ന ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ലാതായിരിക്കുന്നു.


 ഇന്ന് ലോകത്താകമാനം നിരപരാധികള്‍ അക്രമിക്കപെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. മനസ്സിന്‍റെ മേല്‍ പൈശാചിക പ്രേരണകള്‍ അധീശത്വം നേടിയുണ്ടാക്കുന്ന കൊടും ക്രൂരത, കേവലം കൊച്ചു കുഞ്ഞുങ്ങളെ പോലും ലൈംഗിക ദാഹത്തിനു വേണ്ടിയും സമ്പത്തിനു വേണ്ടിയും ഉപയോഗിച്ചു അധമത്വത്തിന്‍റെ പുതിയ പുതിയ സാമ്പിളുകള്‍ ദിനേന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഇവിടെയാണ്‌ ഇസ്ലാമിന്‍റെ, ഖുര്‍ആനിന്‍റെ പ്രസക്തി. തന്നെ ആക്രമിക്കാനോ ഭേദ്യം ചെയ്യാനോ വരുന്നവനോട് പോലും 'ഞാന്‍ നോമ്പുകാരനാണ് എന്ന് രണ്ടു വട്ടം പറഞ്ഞു അവനില്‍ നിന്ന് അകന്നു പോകാന്‍ കല്‍പിക്കുന്ന ഇസ്ലാമിന്‍റെ യഥാര്‍ത്ഥ അനുയായികള്‍ക്ക് ഒരിക്കലും ഒരിക്കലും എന്തിന്‍റെ പേരിലായാലും ഒരു ചാവേറായി പൊട്ടി തെറിച്ചു നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്‍മാരുമടങ്ങിയ നിരപരാധികളെ കൊല്ലാന്‍ കഴിയില്ല. യുദ്ധത്തില്‍ പോലും അതിക്രമം പാടില്ല, വൃക്ഷങ്ങളും ജല സ്രോതസ്സുകളും നശിപ്പിക്കരുത്, സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്‍ മാരെയും മറ്റു മതസ്ഥര്‍ ഭജനമിരിക്കുന്ന മടങ്ങളിലെ സന്യാസിമാരെയും, കൊല്ലരുത് എന്ന് പഠിപ്പിക്കപ്പെടുന്ന ഒരു മുസ്ലിമിന്, നിരപരാധികളെ, അവര്‍ സുന്നിയായാലും ശിയ ആയാലും മറ്റു ഏതു മതക്കാരനായാലും ആക്രമിക്കാനോ കൊല്ലാനോ കഴിയില്ല. ഇസ്ലാമിന്‍റെ ബാഹ്യ ചിഹ്നമായ തലപ്പാവും താടിയും വെച്ച് നിഗൂഡ കേന്ദ്രങ്ങളില്‍ ഒളിച്ചിരുന്ന് ആധുനിക മാധ്യമങ്ങളിലൂടെ മുസ്ലിംകളുടെ ലേബലില്‍ ഭീകരവാദം കയറ്റി അയക്കുന്നവരും, അത് കേട്ട്, അതാണ് ഇസ്ലാമിലെ ജിഹാദ് എന്ന് തെറ്റിദ്ധരിച്ചു മനുഷ്യരുടെ സ്വസ്ഥ ജീവിതം നശിപ്പിക്കുന്നവരും, മനുഷ്യ കുലത്തിന്‍റെ ശാശ്വത സമാധാനത്തിനായി, സൃഷ്ടാവ് നല്‍കിയ ഈ ഖുര്‍ആന്‍ അതവതരിപ്പിക്കപെട്ട വ്രത ശുദ്ധിയുടെ മാസത്തിലെങ്കിലും ഒന്ന് മനസ്സിരുത്തി പഠിച്ചിരുന്നെങ്കില്‍ അല്ലാഹു വ്രതത്തിലൂടെ മനുഷ്യന്‍റെ ഇത്തരം പൈശാചികതയെ നിഷ്കാസനം ചെയ്യാന്‍ പ്രത്യേകമായി ഒരുക്കിയ അവസരം അവര്‍ക്കും ലഭിച്ചേനെ. ലോകത്ത് ശത്രുക്കളെക്കാള്‍ ഇസ്ലാമിന് ദ്രോഹം ചെയ്യുന്ന ഇത്തരക്കാരില്‍ നിന്ന് മുസ്ലിം പൊതു സമൂഹം രക്ഷപ്പെട്ടേനെ. നമുക്ക് ആശിക്കാം കേവലം പേരിലല്ല, മറിച്ചു കര്‍മങ്ങളില്‍ മുസ്ലിംകളായി ഇസ്ലാമിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങളായി എല്ലാവര്‍ക്കും മാറാന്‍ സന്‍മനസ്സ് ഉണ്ടാകട്ടെ...