Monday, December 25, 2017

സമസ്ത മതക്കാരുടെ സലഫി വിമര്‍ശനം.....ഒരു പുകമറ

സമസ്ത മതക്കാരുടെ സലഫി വിമര്‍ശനം.....ഒരു പുകമറ 
*********************************************************

                          ഇന്ത്യയില്‍ അലി സഹോദരന്‍മാരുടെയും മൌലാനാ ആസാദിന്‍റെയും നേതൃത്തത്തില്‍ ഖിലാഫത്ത് പ്രസ്ഥാനവും സ്വരാജ് പ്രസ്ഥാനവും ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിസ്സഹകരണ സമരം ശക്തമാക്കിയപ്പോള്‍, മലബാറില്‍ സ്വതവേ ബ്രിട്ടീഷ് അനുകൂല നിലാട് ഉണ്ടായിരുന്ന അന്നത്തെ സുന്നി മുസ്ലിംകളുടെ  വലിയൊരു വിഭാഗം അവര്‍ പവിത്രമായി കരുതിയിരുന്ന തുര്‍ക്കിയിലെ ഖിലാഫത്തിന് ഭീഷണി ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കും അവരോടു അനുഭാവമുണ്ടായിരുന്ന ഹിന്ടുക്കള്‍ക്കുമെതിരെ അല്‍പം കൂടിയ അളവില്‍ അക്രമം അഴിച്ചു വിട്ടു എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. ഇത് പറയാന്‍ കാരണം, ഈയടുത്ത ദിവസങ്ങളില്‍ വഹാബികളെയും സലഫികളെയും അക്രമോത്സുകരായ ഭീകര ജീവികളായും അവതരിപ്പിക്കാന്‍ മെനെഞ്ഞെടുത്ത കഥകളും വ്യാഖ്യാനിച്ചു ഒപ്പിച്ചെടുക്കുന്ന സിദ്ധാന്തങ്ങളുമായി ഊര് ചുറ്റുന്ന സമസ്ത മതക്കാരായ പേനയുന്തികളെ ഒന്നോര്‍മിപ്പിക്കാനാണ്. ജാറങ്ങളിലെ നേര്‍ച്ചകളും  മാലപ്പാട്ടുകളും  മൌലൂദും മാത്രമാണ് ദീന്‍ എന്ന് കരുതിയിരുന്ന അക്കാലത്തെ ശരാശരി മുസ്ലിമിനെ, തുര്‍ക്കി ഖിലാഫത്ത് എത്ര തീവ്രമായി വൈകാരികമായി മാറ്റിയെടുക്കുകയും, എത്ര ആക്രമണോത്സുകമായാണ് മറ്റു വിഭാഗങ്ങള്‍ക്കെതിരെ അവര്‍ പ്രതികരിച്ചതെന്നും കേരളത്തിലെ പൊതുസമൂഹം വിലയിരുത്തിക്കഴിഞ്ഞതാണ്. ഇസ്ലാമിനന്യമായ ആക്രമോണോത്സുകത ഖിലാഫത്ത് പ്രസ്ഥാനത്തിന് ഇന്ത്യയിലെ ഇതര സ്ഥലങ്ങളില്‍ നിന്ന് ഭിന്നമായി മലബാറില്‍ കൈവന്നതിന്റെ ക്രെഡിറ്റ് കൂടി ഇന്ന് മുജാഹിദുകളെ ഭീകരവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കാന്‍ അച്ചാരം വാങ്ങിയവര്‍ ചുമക്കേണ്ടി വരും. കാരണം ഖിലാഫത്ത് പ്രസ്ഥാനത്തിന് മലബാറില്‍ ആദ്യകാലത്ത് നേതൃത്വം നല്കിയ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ എം മൗലവി, കെ മൊയ്തു മൗലവി തുടങ്ങിയവര്‍ വഹാബി ആശയക്കാരായിരുന്നു. എന്നാല്‍ പിന്നീട് രംഗത്ത് വന്ന, മലബാര്‍ കലാപത്തിലെ സുപ്രധാന നായകന്മാരായ ആലി മുസ്‌ലിയാര്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ പാരമ്പര്യ മുസ്‌ലിംകളുമായിരുന്നു


പടന്നയിലെയും മലപ്പുറത്തെയും കണക്കുകള്‍ നിരത്തി നാട് വിട്ടവരുടെ പിതൃത്വം സലഫികളുടെ മേല്‍ കെട്ടിവെക്കാന്‍ തത്രപ്പെടുന്നവര്‍ തങ്ങളുടെ സ്വന്തക്കാര്‍ ചെയ്തു കൂട്ടിയ കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും കണക്കു ഇടയ്ക്കു ഓര്‍ക്കുന്നത് നല്ലതാണ്. ഐ എസ് ഇന്ന് ചെയ്തു കൂട്ടുന്ന ഇസ്ലാമിക വിരുദ്ധമായ നിരപരാധികളെ കൊല്ലുന്നതിന്റെയും സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുന്നതിന്‍റെയും പൂര്‍വ്വിക സമാനത ഒറ്റപ്പെട്ടതാണെങ്കിലും ലഭിക്കുക, 921 ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത സുന്നത്ത് ജമാഅത്തിന്‍റെ അണികളില്‍ തന്നെയാവും. 1921 ലെ മലബാര്‍ കലാപമാണ്‌ കേരള ചരിത്രത്തില്‍ മുസ്ലിംകള്‍ ഇടപെട്ടു നടത്തിയ സായുധ പോരാട്ടത്തിന്‍റെ ഏറ്റവും ആദ്യത്തെയും ഏറ്റവും കാഠിന്യമുള്ളതും. സ്വാതന്ത്ര്യ സമര രംഗത്ത് കോണ്‍ഗ്രസ്സിന്‍റെ നേതൃത്തത്തില്‍ സമാധാനപരമായി നടന്നു സ്വരാജ് പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് പ്രസ്ഥാനം കൂടി ചേര്‍ത്തു വ്യാപകമായ രീതിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുള്ള സമരം ശക്തിപ്പെടുത്താനാണ് നേതൃത്വം കണക്കു കൂട്ടിയത് എങ്കിലും, ചില വികാരത്തിനടിപ്പെട്ടവരാല്‍ അപക്വമതികള്‍ ഖിലാഫത്ത് സമരത്തെ ഹൈജാക്ക് ചെയ്തു തികച്ചും കലാപപൂരിതമാക്കി മാറുകയായിരുന്നു. പതിവില്‍  നിന്ന് വെത്യസ്തമായി ആക്രമോണോത്സുകമായി മാറിയ    പ്രസ്തുത സമരം ബ്രിട്ടീഷുകാര്‍ക്കെതിരെ ആയിരുന്നു. പക്ഷെ, ചിലയിടങ്ങളില്‍  അത്  ഹിന്ദുക്കള്‍ക്കെതിരെ  തിരിഞ്ഞുവെന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.  സത്യത്തില്‍ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരില്‍ 99 ശതമാനം പേരും കേരളത്തിലെ സുന്നികള്‍ എന്നറിയപ്പെടുന്നവര്‍ ആയിരുന്നു. അവരുടെ മത നേതൃതം ആകട്ടെ, പലപ്പോഴും ബ്രിട്ടീഷുകാരോടൊപ്പം നില്‍ക്കുകയും, ബ്രിട്ടീഷുകാര്‍ക്കെതിരെ സമര രംഗത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിനെയും കൊണ്ഗ്രസ്സിലെ വക്കം മൌലവി,, മുഹമ്മദ്‌ അബ്ദു റഹിമാന്‍ സാഹിബ് മൊയ്തു മൌലവി തുടങ്ങിയവരെയും നിശിതമായി വിമര്‍ശിക്കുകയും, ബ്രിട്ടീഷ് രാജിനോട് തങ്ങളുടെ കൂറ് ഇടയ്ക്കു പുതുക്കുന്നവരുമായിരുന്നു. 



ഇനി ആധുനിക കേരള ചരിത്രത്തില്‍ പോലും,  തീവ്ര നിലപാടുകളും മുദ്രാവാക്യങ്ങളും നടപടികളുമായി കേരളത്തിലെ പൊതു സമൂഹത്തില്‍ ആക്രമോത്സുകത പ്രച്ചരിപ്പിച്ചവര്‍  എന്നു പരക്കെ അറിയപ്പെടുന്ന മുന്‍ സിമി, പിഡിപി, ടൈഗര്‍ സുന്നി,  എന്‍ ഡി എഫ് തുടങ്ങിയ സംഘടനകളൊന്നും വഹാബി അടിത്തറയുള്ളതല്ലെന്നു മാത്രമല്ല, വഹാബിസത്തിന്റെ കടുത്ത എതിരാളികളുമാണ്.  ഇതില്‍ ടൈഗര്‍ സുന്നികള്‍ എന്നറിയപ്പെടുന്ന കാന്തപുരത്തിന്റെ അനുയായികള്‍ നടത്തിയ കൊലപാതകങ്ങള്‍ ഒട്ടനവധിയാണ്. എന്തിനു കടുത്ത രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുകയും കാശ്മീരിലെക്ക് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത തടിയന്റവിടെ നസീര്‍ അടക്കം എത്രയോ തീവ്ര വാദികളെ സംഭാവന ചെയ്ത സംഘടന കൂടിയാണ് ടൈഗര്‍ സുന്നി എന്നത്. ചുരുക്കത്തില്‍ ഒരു ഭാഗത്ത് പ്രത്യക്ഷത്തില്‍ തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സുന്നി സംഘടന , ഒരു പെറ്റി കേസ് പോലും ഇല്ലാത്ത കേരളത്തിലെ മുജാഹിദുകളുടെ പിന്നാലെ തീവ്രവാദികള്‍ തീവ്രവാദികള്‍ എന്ന് വിളിച്ചു ഓടി,   തന്ത്രപൂര്‍വ്വം തങ്ങളുടെ ക്രൂരകൃത്യങ്ങള്‍ സമൂഹത്തില്‍ നിന്ന് മറച്ചു പിടിക്കാനുള്ള  കൌശലക്കാരനായ കള്ളന്‍റെ സാഹസങ്ങളാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. പക്ഷെ, പൊതു സമൂഹം വിഡ്ഢികളല്ല എന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയണം.

 
ഐസിസിനെ സലഫി ഗ്രൂപ്പാക്കിയും, സലഫികളാണ് ഐസിസിൽ പോകുന്നതെന്ന് കള്ളം പ്രചരിപ്പിച്ചും മുജാഹിദുകളെ മേല്‍ മെക്കിട്ട് കയറാന്‍ വരുന്നത് മുജാഹിദുകള്‍ മുന്നോട്ട് വെക്കുന്ന യഥാര്‍ത്ഥ ഇസ്ലാമിക ആദര്‍ശം ജനങ്ങള്‍ മനസ്സിലാക്കുമോ എന്ന വെപ്രാളത്തില്‍ നിന്നാകണം. ഇന്ത്യ പോലുള്ള ദാറുല്‍ കുഫ്റില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ശരിയായ മുസ്ലിമായി മരിക്കാന്‍ കഴിയില്ല, ഒന്നുകില്‍ ഇസ്ലാമിക രാജ്യത്തേക്ക് ഹിജ്റ പോകുക, അല്ലെങ്കില്‍ രാജ്യത്തിനെതിരെ സായുധ സമരം നടത്തുക എന്നത് മാത്രമാണ് കരണീയം എന്ന ആധുനിക ഐ എസ്സ് മുദ്രാവാക്യം  പതിറ്റാണ്ടുകള്‍ ആവര്‍ത്തിച്ച 'ഒ' സഹോദരന്മാരില്‍ ഒരാള്‍ ഒരു സുപ്രഭാതത്തില്‍ തന്‍റെ വിരല്‍ മുജാഹിദുകള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ ആ നാവിനെയും വിരലിനെയും അത്രയും നാള്‍ വേദിയിലും പേജുകളിലും വിമര്‍ശിച്ച ഏക മുസ്ലിം സംഘടന മുജാഹിദ് മാത്രമായിരുന്നു എന്ന് മഞ്ഞ കണ്ണട വെക്കാത്ത ഏതൊരു നിഷ്പക്ഷനും മനസ്സിലാകും. ജമാഅത്തുകാര്‍, അഥവാ ഇഖ്വാനികള്‍ ലോക തലത്തില്‍ സലഫികള്‍ എന്ന് അവകാശപ്പെടാറുണ്ട് എങ്കിലും, ഈയടുത്ത് വരെ, സൌദിയിലെ ചില പണ്ഡിതന്മാര്‍ പോലും അവരെ അങ്ങിനെ തെറ്റിദ്ധരിക്കാന്‍ ഇടയായിട്ടുണ്ട് എങ്കിലും, മുഖ്യധാരാ സലഫികളുമായി എക്കാലത്തും അവര്‍ ഭിന്ന വീക്ഷണം അടിസ്ഥാനപരമായി തന്നെ നിലനിര്‍ത്തി പോന്നവരാണ്. അമുസ്ലിംകളായ പല നിരീക്ഷകരും ഇവരെ സലഫികളുടെ ഗണത്തില്‍ പെടുത്തുകയും തദ്വാരാ, ഇവരുടെ ആശയങ്ങള്‍ കടം കൊണ്ട അല്‍ ഖായിദ, അടക്കം ഐ എസ് വരെയുള്ളവരെ തീവ്ര സലഫികള്‍ എന്ന് വിളിക്കുകയും ചെയ്യുന്നത് സത്യത്തില്‍ തികച്ചും ആത്മഹത്യാപരമാണ്.  സലഫികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെയൊക്കെ  വൈവിധ്യങ്ങള്‍ മനസ്സിലാക്കാതെ, വഹാബി എന്നോ സലഫികള്‍ എന്നോ വിശേഷിപ്പിച്ചു തികച്ചും സലഫികള്‍ക്ക് അന്യമായ ഒരു ന്യൂനപക്ഷത്തിന്റെ സമീപനത്തിന്‍റെ പേരില്‍ ഇസ്‌ലാമിന്‍റെ തനതു ചിന്താരീതിയെ തീവ്രതയുടെയും ഭീകരതയുടെയും ഒരു ഏകകമായി സങ്കല്പിക്കുന്നത്, വലിയ അബദ്ധങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക. വൈവിധ്യപൂര്‍ണവും സൂക്ഷ്മവുമായ തലങ്ങളെക്കുറിച്ച് അപഗ്രഥനം നടത്താതെ, വഹാബി-സലഫി ആശയധാരയെ, ഹിംസാത്മക ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്ന രീതി ഏകപക്ഷീയമാണ്. ബഹുധ്രുവലോകം നിലനിന്ന സാഹചര്യത്തില്‍, കമ്യൂണിസത്തിനകത്തെ വൈവിധ്യങ്ങളെ മറച്ചുപിടിച്ച്, കമ്യൂണിസം എന്ന ഏകകം വ്യാജമായി സൃഷ്ടിച്ച് അത് ആഗോള ഭീകരതയുടെ സ്രോതസ്സായി മുദ്രകുത്തി ശത്രുവത്കരിച്ച സാമ്രാജ്യത്വ സമീപനത്തിന്നു സമാനമാണത്, 

19 ആം നൂറ്റാണ്ടിന്‍റെ അന്ത്യമാകുമ്പോഴേക്കും  കേരള മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ശോചനീയമായ ഒരു കാലഘട്ടത്തിലായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവര്‍ക്കിടയില്‍ കൊടികുത്തി വണിരുന്ന കാലമായിരുന്ന അത്. ജൂത- ക്രിസ്ത്യാനികളെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റിയ ഒരു വിഭാഗം പണ്ഡിത-പുരോഹിതന്‍മാരുടെ നേതൃത്വം ഈ ദുരവസ്ഥക്ക് ആക്കവും തൂക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പരസ്പരം കലഹിച്ചും, കാളി, തങ്ങള്‍ പോരിനാലും വിവിധ തരീഖത്തുകാര്‍ തമ്മിലെ വഴക്കും എങ്ങും സര്‍വ്വ സാധാരണം. പൊന്നാനി മഖ്ദൂം തങ്ങളുടേയും കൊണ്ടോട്ടി തങ്ങളുടേയും ആളുകള്‍ തമ്മിലെ പോര്‍വിളികള്‍ വേറെ, ഈ അനൈക്യവും,  തികഞ്ഞ അന്ധകാരവും നെറികേടും നിറഞ്ഞ പൂര്‍വ്വകാലം മന:പൂര്‍വ്വം ഭംഗിയായി മറച്ചു പിടിച്ചു, പോളീഷ് ചെയ്തു മിനുക്കിയ അഭിസാരികയുടെ മുഖവുമായി ഇല്ലാത്ത മേന്മയുടെയും അന്തസിന്റെയും കണക്കുമായി ആരെ എഴുന്നള്ളിച്ചാലും, കേരള ചരിത്രത്തില്‍ നിങ്ങള്‍ പിടിച്ചു പിറകോട്ടു വലിക്കാന്‍ ശ്രമിച്ച ഓരോ നീക്കങ്ങളും മായാതെ തെളിഞ്ഞു തന്നെ നില്‍ക്കും. അക്കാലത്ത്,  മത പണ്ഡിതന്മാരുടെ ഇംഗ്ലീഷ്, മലയാള ഭാഷാ വിരോധവും ആധുനിക വിദ്യാഭ്യാസത്തോടുള്ള വിമുഖതയുമെല്ലാം ഈ യാഥാസ്ഥിതികത്വത്തിന്റെ ഫലമായിരുന്നു. കേരള മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥക്കും പൊതു സമൂഹത്തില്‍ നിന്നുള്ള അവരുടെ പാര്‍ശ്വവല്‍ക്കരണത്തിനും ഈ നിലപാട് കാരണമായിട്ടുണ്ട്. ഭരണവും പണവുമൊക്കെ ആരുടെ കയ്യിലാണോ ഉള്ളത് അവരെ പ്രീണിപ്പിക്കാന്‍വേണ്ടി പരിശ്രമിച്ചിരുന്ന ഇക്കൂട്ടര്‍ ബ്രിട്ടീഷ് ഭരണകാലത്ത്, അന്നത്തെ ഭരണകര്‍ത്താക്കളോട് എതിര്‍ക്കലും അവരുടെ കല്‍പന അനാദരിക്കലും, കോണ്‍ഗ്രസുമായി യോജിക്കലുമൊക്കെ മതവിരുദ്ധമായിട്ടുള്ളതും, ഒരിക്കലും യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് ചെയ്വാന്‍ പാടില്ലാത്തതുമാണെന്ന് വിധിയെഴുതിയിരുന്നു. അവരുടെ ഉലമ സംഘടനയില്‍ ചേരുന്നവര്‍ ഇതില്‍നിന്നൊക്കെ പരിപൂര്‍ണ്ണമായി ഒഴിഞ്ഞുനില്‍ക്കുന്നവരായിരിക്കണമെന്ന് കര്‍ശനമായി നിഷ്കര്‍ഷിക്കുകയും ചെയ്തിരുന്നു. സുന്നികള്‍ അല്ലാത്തവര്‍ക്ക് സലാം പറയുക, അവര്‍ സലാം ചൊല്ലിയാല്‍ മടക്കുക, അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുക, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, അവരെ കല്ല്യാണത്തിന് ക്ഷണിക്കുക, മുസ്ലിംകളുടെ ഖബര്‍സ്ഥാനില്‍ അവരുടെ മയ്യിത്ത് മറവ് ചെയ്യുക, ഇതൊന്നും പാടില്ലാത്തതാണെന്നും ഈ പണ്ഡിതന്‍മാര്‍ വിധികര്‍പിച്ചിരുന്നു. യാഥാസ്ഥിതിക വിഭാഗത്തില്‍പെട്ട ഏതെങ്കിലും ഒരു പെണ്ണിനെ വിവാഹം ചെയ്തത് ഒരു മുജാഹിദാണെങ്കില്‍ ആ വിവാഹം അസാധുവാണെന്നും അവരില്‍നിന്നുണ്ടാകുന്ന കുട്ടികള്‍ ജാരസന്താനങ്ങളാണെന്നും ഇക്കൂട്ടര്‍ പ്രസംഗിച്ചുനടന്നിരുന്നു. ഇങ്ങനെ പാമര ജനങ്ങളെ ഇളക്കി വിട്ടു മുജാഹിദ് വേദികള്‍ കയ്യേറുകയും, കല്ലേറ് നടത്തുകയും പ്രാസംഗികരെ ആക്രമിക്കുകയും കഴുത്തില്‍ പടക്കമാല അണിയിച്ചു തീകൊളുത്തുകയും, എന്തിനു ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിക്കുക വരെ ചെയ്ത സംഭവങ്ങള്‍ സുന്നി ഭീകരതയുടെ നേര്‍ചിത്രങ്ങളാണ്. എന്നാല്‍ ഇതേ ആളുകള്‍ ഇന്ന് കേരളത്തിലെ തെരുവുകളിലും പേജുകളിലും സലഫികളെ സഹിഷ്ണുത ഇല്ലാത്ത വികാര വിചിത്ര ജീവികളാക്കി, അവതരിപ്പിച്ചു, തങ്ങള്‍ സര്‍വ്വമത സാഹോദര്യത്തിന്റെ കുത്തകക്കാര്‍ ആണെന്ന് വിളിച്ചു കൂവിക്കൊണ്ടിരിക്കുകയാണ്..


കേരളമുസ്‌ലിം നവോത്ഥാനത്തിലെ ഈ യാഥാസ്ഥിതിക ഉള്ളടക്കത്തെ തിരിച്ചറിഞ്ഞ് അതിനെതിരെ രംഗത്തു വന്നതാണ് മക്തി തങ്ങളില്‍ രൂപം കൊണ്ട് ഹമദാനി തങ്ങളിലൂടെയും വക്കം മൗലവിയിലൂടെയും വികസിച്ച് കെ.എം മൗലവിയില്‍ പൂര്‍ണമായ ഇസ്വ്‌ലാഹി ആശയങ്ങളും ഇടപെടലുകളുമടക്കം കേരള മുസ്‌ലിം നവോത്ഥാനത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. ഇസ്‌ലാമിന്റെ അന്തസ്സത്തയോട് യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാതെ തന്നെ മുസ്‌ലിം കേരളത്തിന്റെ അന്തഃരംഗത്തെ ആധുനിക ലോകവുമായി അടുപ്പിച്ച കേരളത്തിലെ ആധുനിക മുസ്‌ലിം സ്വത്വത്തെ രൂപപെടുത്തുകയും പുനര്‍നിര്‍ണയിക്കുകയും ചെയ്തുകൊണ്ട് മക്തി തങ്ങളും വക്കം മൗലവിയും കേരള മുസ്‌ലിം നവോത്ഥാനത്തില്‍ ഒരു ദിശാമാറ്റത്തിനു തന്നെ തുടക്കം കുറിക്കുകയായിരുന്നു. വക്കം മൗലവി സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനത്തോടൊപ്പം സാമ്രാജ്യത്വത്തെയും അവരുടെ പിണിയാളുകളായ തദ്ദേശീയ രാജഭരണത്തെയും എതിര്‍ക്കാന്‍ സ്വദേശാഭിമാനിയെന്ന പേരില്‍ ഒരു പൊതു പത്രം സ്ഥാപിച്ചുകൊണ്ട് രാഷ്ട്രീയ മേഖലയിലേക്കും തന്റെ നവോത്ഥാന പ്രവര്‍ത്തനത്തെ വികസിപ്പിക്കുകയുണ്ടായി. സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളിലെല്ലാം കേരള മുസ്‌ലിംകളെ ശാക്തീകരിച്ചു നയിച്ചത് മുജാഹിദ് പ്രസ്ഥാനം എന്ന ‘വഹാബി’ ആശയപ്രസ്ഥാനമാണെന്ന് ഹോളണ്ട് ഇ മില്ലറെ പോലുള്ള ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക സ്‌കൂളുകള്‍, കോളെജുകള്‍, സ്ത്രീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിലും വിദ്യാഭ്യാസ -രാഷ്ട്രീയ രംഗങ്ങളില്‍ സംഘടനകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചത് അവരാണ്. മുസ്ലിംകള്‍ ഇംഗ്ളീഷ് പഠിക്കുന്നതും, വ്യാകരണ നിയമം അനുസരിച്ച് അക്ഷരശുദ്ധിയോടെ മലയാളം സംസാരിക്കുന്നതുമെക്കെ നിഷിദ്ധമാക്കിയിരുന്ന അക്കാലത്തെ മത പുരോഹിതന്മാര്‍  മുസ്ലിം സ്ത്രീകള്‍ ഏത് ഭാഷയിലായാലും എഴുത്ത് പഠിക്കുന്നത് കൊടിയ ഹറാമാണെന്ന് വിധി നല്‍കിയിരുന്നു. ഇന്ന് ഈ മേഖലകളില്‍ അവര്‍ മത്സരിക്കുമ്പോഴും,  സാദാത്തീങ്ങളും പുണ്യവാന്‍മാരുമായും, ഇടക്ക് കേരള മുസ്ലിംകള്‍ക്ക് ദിശാ ബോധം നല്‍കിയ വിളക്ക് മാടങ്ങളായി ഒക്കെ അവതരിപ്പിക്കുന്ന അക്കാലത്തെ ഇവരുടെ പുരോഹിതന്‍മാര്‍ പുറപ്പെടുവിച്ച ഹറാം ഫത് വകള്‍ ഇന്നും ഇവരുടെ ഒക്കെ അലമാരകളില്‍ കാണാം. ഇന്നതൊക്കെ ഹലാലാക്കാന്‍ അല്ലാഹു വഹയു നല്‍കി ഇവര്‍ക്ക് ഇടയിലേക്ക് ആരെയാണ് അയച്ചത് എന്നതിന് ഉത്തരം പറയേണ്ടത് ഇവര്‍ തന്നെയാണ്.

ഇനി പരിശോധിക്കാനുള്ളത്, അഹല് സുന്ന ആരാണ് എന്നതാണ്. പേരില്‍ സുന്നി എന്നുള്ളത് കൊണ്ട് ആളുകള്‍ സുന്നത് ജമാഅത്ത്, അഥവാ അഹല് സ്സുന്നയാണ് എന്ന് തെറ്റിദ്ധരിച്ച ഒരു കൂട്ടമാണ്‌ കേരളത്തിലെ പാരമ്പര്യ മുസ്ലികള്‍ എന്നറിയപ്പെടുന്ന സമസ്ത മതക്കാര്‍. അഹല് സുന്ന എന്ന് വെച്ചാല്‍ 'മാ സന്ന റസൂലുല്ലാഹി (റസൂലുല്ലാഹിയുടെ ചര്യ) ' എന്നും വല്‍ ജമാഅ എന്ന് വെച്ചാല്‍ 'മത്തഫക്ക അസ് ഹാബി റസൂലുല്ലാഹി (അല്ലാഹുവിന്‍റെ റസൂലിന്‍റെ അനുചരന്മാര്‍ എകൊപിച്ചത്)' എന്നുമാണ്. ഇത് മനസ്സില്‍ വെച്ച്, ഇന്ന് സുന്നികള്‍ എന്ന് പറയുന്നവര്‍ ദീനിന്‍റെ പേരില്‍ കുത്തിക്കയറ്റിയ മാലപ്പാട്ടും നേര്‍ച്ചകളും മാല മൌലൂദ് പോലുള്ള പുതുതായി ഉണ്ടാക്കിയ ഓരോന്നും, ഏതു പ്രവാചക ചര്യയിലാണ്, പ്രവാചകന്‍റെ ഏതു അനുചരന്മാരുടെ ഏകോപിച്ച അഭിപ്രായപ്രകാരമാണ് എന്ന് പരിശോധിച്ചാല്‍, എന്ത് കൊണ്ട് സലഫികള്‍ സമസ്ത മതക്കാരെ അഹല് സ്സുന്നയുടെ ആളുകളല്ല എന്ന് പറയുന്നു എന്നതിനുള്ള ഉത്തരമാകും. ഇസ്ലാം മുന്നോട്ടു വെക്കുന്നത് സര്‍വ്വമത സത്യവാദം അല്ല, അത് സൂഫി മതമാണ്‌ മുന്നോട്ടു വെക്കുന്നത്, മറിച്ചു ഇസ്ലാമിന് മുന്നോട്ടു വെക്കാനുള്ളത്, നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്‍റെ മതം എന്ന തികച്ചും വിശ്വാസപരമായ വ്യെതിരക്തതയാണ്. മത സംലയനമല്ല, മറിച്ചു മാനുഷിക സഹകരണമാണ് ഇസ്ലാമിന്‍റെ മുഖമുദ്ര.

ഐ എസിന്റെ ആദ്യ രൂപമായ അൽ ഖാഇദയുടെ നേതാവാണ് ഉസാമാ ബിൻ ലാദൻ .അതിന് ചില രൂപമാറ്റങ്ങൾ സംഭവിച്ചാണ് ഐ എസ് രൂപപ്പെട്ടത് .ഇവ രണ്ടിനെയും സലഫികളുമായി കൂട്ടിക്കെട്ടാൻ പലതായി വിഭജിക്കപ്പെട്ട സമസ്ത ഗ്രൂപ്പുകൾ മത്സരത്തിലാണ് .സത്യത്തിൽ ആരാണ് കേരളത്തിൽ അൽ ഖാഇദയെയും ഉസാമയെയും മഹത്വവൽക്കരിച്ചവർ എന്ന് നാം പഠിക്കേണ്ടതുണ്ട് . 2001 സെപ്റ്റംബർ 11  വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം  ഒക്ടോബറിൽ പുറത്തിറങ്ങിയ കാന്തപുരം വിഭാഗത്തിന്റെ  മാസികയുടെ കവർ സ്റ്റോറി  ബിൻ ലാദനെ വാഴ്ത്തിക്കൊണ്ടായിരുന്നു .കനൽപഥങ്ങങ്ങളിലെ സിംഹം എന്ന തലക്കെട്ടില്‍ ഉസാമയെ എങ്ങനെയൊക്കെ മഹത്വവൽക്കരിക്കാമോ അതിന്റെ പരമാവധി  ചെയ്തിട്ടുണ്ട്  
"മുസ്ലിം ലോകത്ത് രണ്ട് ആൺകുട്ടികളാണുള്ളത് .സദ്ദാം ഹുസൈനും ഉസാമയും .ലോക മുസ്ലിംകളുടെ പ്രിയപ്പെട്ടവരാണവർ ." ( അഡ്വ: ഇസ്മായിൽ വഫ, സെൻസിംഗ് എഡിറ്റോറിയൽ 2001 ഒക്ടോബർ ) .  മാത്രമല്ല ഉസാമയും അബൂബക്കർ ബാഗ്ദാദിയുമൊക്കെ സലഫീ തീവ്രവാദികളാണ് എന്ന് പറഞ്ഞ് ഇപ്പോൾ നിലവിളിച്ച് കൊണ്ടിരിക്കുന്നവർ  അന്ന് പറഞ്ഞത് ഉസാമ ഉത്തമനായ സൂഫിയായിരുന്നു എന്നായിരുന്നു . കാണുക:

 "മഹാന്മാരുടെ ഖബര്‍ സിയാറത്ത്, പുണ്യമെടുക്കല്‍ തുടങ്ങി ആത്മീയ ലോകത്തേക്ക് മെല്ലെ മെല്ലെ ഉസാമ കാല്‍വെച്ചു. പാശ്ചാത്യ സംസ്കാരത്തെ ഉസാമ പാടേ വെറുത്തു. മദീനാ മുനവ്വറയില്‍ പ്രവാചകന്‍റെ മഖ്ബറയില്‍ മണിക്കൂറുകള്‍ ചിലവഴിച്ച് കരളലിഞ്ഞു പ്രാര്‍ഥിച്ചു. തന്‍റെ സ്വത്തും കഴിവും ഇസ്‌ലാമിന് വേണ്ടി ചിലവഴിക്കാന്‍ ഇറങ്ങിത്തിരിച്ചു. ഇത് പാശ്ചാത്യ മിഷനറിമാര്‍ക്ക് തലവേദനയായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സൂഫിവര്യന്മാരുമായി ഉസാമ ബന്ധം സ്ഥാപിച്ചു തുടങ്ങി." - (സെന്‍സിംഗ്: 2001 ഒക്ടോബര്‍. പേജ് 11). 

ഷെയ്ഖ്‌ ഇബ്ന്‍ അബ്ദുല്‍ വഹാബ്, സൌദ്‌ രാജവംശവുമായി ചേര്‍ന്ന് നടത്തിയ സൈനിക നീക്കം ആ രാജ്യത്തിന്‍റെ ഭാഗധേയവുമായി ബന്ധപ്പെട്ട പോരാട്ടമാണ്. അല്ലാതെ, മറ്റൊരു രാജ്യത്തും ചാവേറായി പൊട്ടി ത്തെറിക്കാനോ, കെട്ടിടം തകര്‍ക്കാനോ പോയിട്ടില്ല. അങ്ങിനെ ചെയ്യുന്നത് പുണ്യമായോ, ചെയ്യുന്നവര്‍ പുണ്യവാന്മാരോ വീരനായകന്മാരോ ആണെന്നും എവിടെയും പറഞ്ഞിട്ടില്ല. അങ്ങിനെ ചെയ്യുന്നവര്‍ നരകത്തിലാണ് എന്നാണു സൗദി പണ്ഡിതന്മാര്‍ നല്‍കിയ ഫത് വ, എന്നാല്‍ അവര്‍ക്ക് ശഹീദ് പട്ടം നല്‍കിയ പണ്ഡിതന്‍ ഇഖ്വാനി പണ്ഡിതനാണ്. അങ്ങനെ ചിന്തിക്കാന്‍ മാത്രം തീവ്ര നിലപാട് എടുത്ത ബിന്‍ ലാദന്‍റെ പൌരത്വം പോലും സൗദി പിന്‍വലിച്ചപ്പോള്‍, അതെ ബിന്‍ ലാദനെ കനല്‍ പഥങ്ങളിലെ സിംഹമായി അവതരിപ്പിച്ചത് കാന്ത സുന്നികളാണ്. അതില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് "ടൈഗര്‍ സുന്നി" യിലാണ്, നസീറിനെ പോലുള്ള ആളുകള്‍   ചേക്കേറിയത്, സലഫി പ്രസ്ഥാനത്തില്‍ അല്ല.

 സലഫികള്‍ക്ക് കേരളത്തിലെ ജനങ്ങളോട് പറയാനുള്ളത്.വിശ്വാസത്തിന്‍റെ ഭാഗമായ ഓണമാഘോഷിക്കാനും, ക്രിസ്മസ് ആഘോഷിക്കാനും മാത്രമല്ല, മുസ്ലിംകള്‍ എന്നറിയപ്പെടുന്നവര്‍ നടത്തുന്ന നേര്‍ച്ചകള്‍, നബിദിനം തുടങ്ങിയ ഒന്നും, ഒരു മുസ്ലിം എന്ന നിലക്ക് ആഘോഷിക്കാന്‍ പാടില്ല എന്നത് കൊണ്ട് തന്നെ, അത്തരം ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ തന്നെ, മാനുഷികമായ എല്ലാ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകളും നടത്താനും, വ്യെക്തികളുടെ  കല്യാണം, സല്‍ക്കാരം പോലുള്ള മറ്റു വൈയക്തിക സന്തോഷാവസരങ്ങളിലുള്ള  ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനു ഒരു തടസ്സവുമില്ല.    എന്ന് മാത്രമല്ല, മതം നോക്കാതെ, അയല്‍ക്കാരനെയും അവശതയനുഭവിക്കുന്നവരെയും സഹായിക്കുകയും  ചെയ്യുന്നത് കേവലം ഔദാര്യമായല്ല, മറിച്ചു കര്‍ത്തവ്യമായി കാണുന്നവരാണ് സലഫികള്‍ എന്നാണു. ഏക ദൈവ വിശ്വാസിയായ ഒരു സലഫിക്ക് ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയില്ല എങ്കിലും, ക്ഷേത്ര ബന്ധുക്കളുടെ വൈയക്തിക അവശതകള്‍  പരിഹരിക്കാന്‍ കൈയച്ചു സഹായം നല്‍കാന്‍  ഒരു തടസ്സവുമില്ല. മാലയിട്ട അയ്യപ്പ ഭക്തന്‍ അഹിന്ദുക്കളുടെ വീട്ടിലെ ഭക്ഷണം ഏതു കാരണം കൊണ്ടാണോ നിരസിക്കുന്നതു, അത് മാത്രമാണ് ഓണ സദ്യക്കും ക്രിസ്തുമസ് വിരുന്നിനും ഒരു യഥാര്‍ത്ഥ മുസ്ലിമിനുള്ള തടസ്സവും എന്ന് തിരിച്ചറിഞ്ഞാല്‍ അലിഞ്ഞു പോകാനുള്ളതെ സലഫികളുടെ തീവ്രതയെ കുറിച്ച ആവലാതികളും. 

ലോകം മുഴുവനുമുള്ള സലഫികളും കേരളത്തിലെ സലഫികളും തീവ്രത സൂക്ഷിക്കുന്നത്, അന്യമതസ്ഥരോടുള്ള ശത്രുതയിലല്ല, കണിശമായി പ്രവാചകനെ പിന്‍പറ്റുന്നതില്‍ മാത്രമാണ്. അത് പ്രവാചകന്‍റെ താടിയായാലും വസ്ത്രത്തിന്‍റെ നീളമായാലും, മദ്യം, സംഗീതം, പലിശ അന്യ സ്ത്രീകളുമായുള്ള ഇടകലരല്‍ തുടങ്ങി, മറ്റുള്ളവര്‍ക്ക് ഒരിക്കലും ദോഷകരമാകാത്ത എന്നാല്‍ സ്വന്തത്തെ ദേഹേച്ചകളില്‍ നിന്ന് ശക്തമായി വിലക്കുന്ന നിലപാടുകള്‍ ഏതൊരു ബഹുസ്വര സമൂഹത്തിലും ആ സമൂഹത്തിലെ ഒരൊറ്റ വ്യെക്തിയുടെ പോലും അവകാശങ്ങള്‍ ഹനിക്കാതെ ഏറ്റവും ഭംഗിയായി അനുഷ്ടിക്കാന്‍ ഒരു പ്രയാസവുമില്ലാതതാണ് എന്നിരിക്കെ, ആരോ ചെയ്ത കുറ്റങ്ങള്‍ തലയില്‍ കെട്ടിവെച്ചു പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്, ആടിനെ പട്ടിയാക്കി, പിന്നെ പേപട്ടിയാക്കി എറിഞ്ഞു കൊല്ലാനുള്ള പഴയ പുരോഹിതന്മാരുടെ പുതിയ തന്ത്രം മാത്രമാണ്.

يُرِيدُونَ أَن يُطْفِئُوا نُورَ اللَّـهِ بِأَفْوَاهِهِمْ وَيَأْبَى اللَّـهُ إِلَّا أَن يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ ﴿٣٢﴾

(അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. )