ഇന്ന് മുസ്ലിംകള്‍ എന്ന് അവകാശപ്പെടുന്നവരില്‍ പല വിഭാഗങ്ങളും നമുക്ക് കാണാം. പ്രധാനമായും ഷിയാ സുന്നി വിഭാഗങ്ങളും അവരിലെ അനേകം അവാന്തര
വിഭാഗങ്ങളും ഞങ്ങളാണ് യഥാര്‍ത്ഥ മുസ്ലിംകള്‍ എന്ന് പറയാറുണ്ട് എങ്കിലും. ശിയാക്കളെ അഹല് സ്സുന്നയുടെ ഒരാളും അംഗീകരിക്കുകയോ അവരുടെ
വാദങ്ങള്‍ സത്യപ്പെടുത്തുകയോ ചെയ്യാറില്ല. എന്നാല്‍
അഹല് സുന്ന എന്ന് അവകാശപ്പെടുന്നവരിലാകട്ടെ, പലരും അതിര്
കടന്നു ശിയാക്കളുടെ രീതികള്‍ പിന്‍പറ്റുന്നതും നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അവര്‍ ഒരിക്കലും അത് സമ്മതിക്കാന്‍ തയ്യാറാവാറില്ല
എന്നത് വേറെ കാര്യം. കേരളത്തില്‍ ഇന്ന് മുസ്ലിംകളില്‍ ഭൂരിപക്ഷവും
അഹല്സ്സുന്നയാണ് എന്ന് അവകാശപ്പെടുകയും എന്നാല്‍ ജീവിതത്തില്‍ അവര്‍ തികഞ്ഞ ഷിയാ
വിശ്വാസവും അതിലപ്പുറവും പേറി, പലപ്പോഴും
ഇസ്ലാമിന്‍റെ അടിത്തറയായ തൌഹീദ് കയ്യൊഴിക്കുന്നതും കാണാവുന്നതാണ്. കേരളത്തിലെ സുന്നികള്‍ എന്നറിയപെടുന്ന, അഹല്സ്സുന്നയുടെ ആദര്‍ശമാണ് ഞങ്ങളുടെ ആദര്‍ശം എന്ന് പറയുന്നവര്‍, അറിവില്ലായ്മ കൊണ്ടോ, സമൂഹത്തിലെ പണ്ഡിത വേഷധാരികളെ കണ്ണടച്ച്
വിശ്വസിച്ചു അവരുടെ ചൂഷണത്തിന് പാത്രമായി മാറിയത് കൊണ്ടോ തികഞ്ഞ ശിര്‍ക്കന്‍
വിശ്വാസം കൊണ്ട് നടക്കുകയും അതനുസരിച്ച അഹല്സ്സുന്നക്ക് അന്യമായ പല കര്‍മങ്ങളും
അനുഷ്ടിക്കുകയും ചെയ്തു വരുന്നു. അല്ലാഹുവിനു
പുറമേ പ്രവാചകനെയും മഹാന്‍മാരെയും മാത്രമല്ല, കല്ലിനും മരത്തിനും വരെ ആരാധനകള്‍ അര്‍പ്പിക്കുന്നിടത്തു എത്തി
നില്‍ക്കുന്നു സുന്നികള്‍ എന്ന് പേര് വിളിക്കുന്ന ഈ വിഭാഗം. എന്നാല്‍ അതൊന്നും അവര്‍ക്കുള്ള ആരാധനയാണ് എന്ന് ഒരിക്കല്‍ പോലും ഇവര്‍
സമ്മതിക്കാറില്ല, മാത്രമല്ല, അല്ലാഹുവിനോട്
പാപികളായ നമ്മള്‍ നേരിട്ട് ആവശ്യങ്ങള്‍ പറയാതെ അല്ലാഹുവിനോട് സാമീപ്യം സിദ്ധിച്ച
നബിമാരോടും മഹാന്‍മാരോടും പറയുകയും അവര്‍ അല്ലാഹുവിനോട് നമ്മുടെ ആവശ്യങ്ങള്‍
നിറവേറ്റാന്‍ പറയുകയും അങ്ങിനെ എളുപ്പം കാര്യങ്ങള്‍ സാധിച്ചു കിട്ടും എന്നു
കരുതുന്നവരും, ഈ നബിമാരും ഔലിയാക്കളും നമ്മുടെ ആവശ്യങ്ങള്‍
സ്വന്തം നിലക്ക് തന്നെ നിവര്‍ത്തിച്ചു തരും എന്ന് കരുതുന്നവരും ഈ വിഭാഗത്തിലുണ്ട്. അതും പോരാതെ, സമനില തെറ്റിയവരെയും, യാതൊരു മേല്‍വിലാസം
ഇല്ലാത്തവരെയും, എന്തിനു, അന്യ മതക്കാരേ
പോലും ദിവ്യത്തം ഉള്ളവരാണ് എന്ന് കരുതി, ഔലിയാക്കളായി
സങ്കല്‍പിച്ചു അവരുടെ ഖബറിങ്കല്‍ ആവലാതികളും ആവശ്യങ്ങളും കരഞ്ഞു പറഞ്ഞു, അവര്‍ക്ക് വിവിധങ്ങളായ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതാണ്
യഥാര്‍ത്ഥ സുന്നത് ജമാഅത്ത് എന്ന് തെറ്റിദ്ധരിച്ചു അതിനു വേണ്ടി ആത്മാര്‍ഥമായി
പണിയെടുക്കുകയും തങ്ങളുടെ സമയവും സമ്പത്തും ചിലവഴിക്കുകയും ചെയ്യുന്നവരാണ്
ഇതിലധികവും. ഇതിനുള്ള പ്രധാന കാരണമാകട്ടെ, അല്ലാഹുവിനെ കണക്കാക്കേണ്ട പോലെ കണക്കാക്കാന്‍ തയ്യാറാകാത്തതും
പ്രവാചകനെയും സ്വഹാബത്തിനെയും മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാത്തതും, പ്രമാണങ്ങള്‍ പഠിക്കാന്‍ തയ്യാറാകാത്തതുമാണ്.
അഹല് സ്സുന്നക്ക് നിരക്കാത്ത പല വിശ്വാസങ്ങളും ഇത്തരക്കാരില്‍ നമുക്ക്
കാണാം. അതില്‍ പ്രധാനമായതാണ്, പ്രവാചകന്‍ (സ) എല്ലാറ്റിനും കഴിവുള്ള
ആളാണ്, ഇപ്പോഴും നബി (സ) ഖബറില്‍ വെച്ച് ലോകത്ത് നടക്കുന്നതൊക്കെ അറിയുന്നു, സ്വലാത്തിന്‍റെയും മൌലൂദിന്‍റെയും സദസ്സുകളില്‍
ഹാജരാകുന്നു, അദ്ദേഹം എല്ലാം
അറിയുന്ന ആളാണ് എന്നീ വിശ്വാസങ്ങള്‍. സത്യത്തില്‍, ചില പ്രത്യേക
അവസരങ്ങളില്‍ അല്ലാഹു വെളിപ്പെടുത്തിയ മുഅജിസാത്തുകള്‍ അല്ലാതെ, പ്രവാചകന് ഒരു ശരാശരി മനുഷ്യനുള്ളതില്‍ കവിഞ്ഞ
ഒരു കഴിവും അല്ലാഹു പ്രകൃത്യാ നല്‍കിയിരുന്നില്ല. മുഅജിസാത്തുകളാവട്ടെ, അത്
ആരിലൂടെ പ്രകടമാകുന്നോ അവരുടെ കഴിവ് അല്ല, മറിച്ചു അല്ലാഹു ഇഷ്ടപ്പെടുമ്പോള്‍ മാത്രം അവനിഷ്ടപ്പെടുന്നവരിലൂടെ
വെളിവാക്കപ്പെടുന്ന അത്ഭുത സംഭവങ്ങളാണ്. ഇത് പ്രവാചകനെ കുറിച്ചാണ് എങ്കില്‍ ഇതേ പോലെയോ ഇതിലപ്പുറമോ മറ്റു മഹാന്‍മാരും ഇവര്‍ ഔലിയാക്കളായി
പരിശുദ്ധപ്പെടുത്തിയ അന്യമതക്കാരും സമനില തെറ്റിയവരും ഊരും പേരും അറിയാത്തവരും
തുടങ്ങി, കല്ലും കരടും കാഞ്ഞിര
വള്ളിയും കവുങ്ങിന്‍ കൂട്ടങ്ങളും അടക്കമുള്ളവരെ കുറിച്ചും ഇവരില്‍ ഭൂരിഭാഗവും
വിശ്വസിച്ചു പോരുന്നു. ഇങ്ങനെ
വിശ്വസിക്കാത്തവര്‍ സുന്നികള്‍ അല്ല, പിഴച്ചവരാണ് എന്ന് കൂടി ഇവരൊക്കെ കൂട്ടി ചേര്‍ക്കാറുണ്ട്. മത വിജ്ഞാനം ഇല്ലാത്ത പാമര ജനങ്ങള്‍ക്ക് സത്യം
പഠിപ്പിക്കാന്‍ ബാധ്യത പ്പട്ട, മതപണ്ഡിത
വേഷധാരികള്‍ സത്യം മറച്ചു വെച്ചും അസത്യ പ്രചാരണം നടത്തിയും തങ്ങള്‍ കറവ
പശുക്കളായി കരുതുന്ന സാധാരണക്കാന്‍റെ ഈ വികല വിശ്വാസങ്ങള്‍ വളര്‍ത്താനും നില
നിര്‍ത്താനും പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചും കള്ളം പ്രചരിപ്പിച്ചും, സത്യത്തെയും സത്യത്തിന്‍റെ ആളുകളെയും
ധിക്കരിച്ചു തള്ളുകയും പിഴച്ചവരും പുത്തന്‍ വാദികളുമായി സമൂഹത്തില്‍
അവതരിപ്പിക്കുകയും ചെയ്യുന്നു.
പ്രവാചകന്‍ ഒരു മനുഷ്യന്‍ എന്ന നിലക്ക് ഈ ലോകത്ത് ജീവിച്ചിരുന്നപ്പോള്‍
അദ്ദേഹത്തോട് കള്ളം പറഞ്ഞവരുടെ മനസ്സറിയാനോ, ജൂത പെണ്ണ് ആട്ടിറച്ചിയില്‍ വിഷം പുരട്ടിയത് മനസ്സിലാക്കാനോ, ഉഹുദ് യുദ്ധ വേളയില്‍ ശത്രുക്കള്‍ കുഴിച്ച
ചതിക്കുഴി കാണാനോ ഒന്നും കഴിഞ്ഞിട്ടില്ല. അത് കൊണ്ടാണ്, നിങ്ങളുടെ
വാക് സാമര്‍ത്ഥ്യം കൊണ്ട് എന്നോട് വാദിച്ചു, നിങ്ങള്‍ നിങ്ങളുടെ സഹോദരന് അര്‍ഹമായ എന്തെങ്കിലും കൈവശപ്പെടുത്തിയാല്‍
നരകത്തില്‍ നിന്നുള്ള ഒരു കഷ്ണമാണ് സമ്പാ തിക്കുന്നത് എന്ന് പറയേണ്ടിവന്നതും, ആയിഷ (റ) യെ കുറിച്ച് അപവാദം
പറഞ്ഞു പറത്തിയപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞു അല്ലാഹു വഹയു മുഖേന അറിയിക്കുന്നത് വരെ
കാത്തിരിക്കേണ്ടി വന്നതും, ഖൈ
ബറില്‍ വെച്ച് വിഷം പുരട്ടിയ ഇറച്ചി കാരണം മരണ സമയം പോലും പ്രവാചകന് വേദന
അനുഭവിക്കേണ്ടി വന്നതും, ഉഹുദ്
രണാങ്കണത്തില്‍ വെച്ച് ചതിക്കുഴിയില്‍ വീണു പല്ല് പൊട്ടിയതും. കൊല്ലണമെന്ന ഉദ്ദേശത്തോടെ, പ്രവാചകന്‍റെ അരികില്‍ വന്നു ഖുര്‍ആന്‍
പഠിക്കാന്‍ സ്വഹാബാക്കളെ കൂടെ അയക്കണം എന്ന് പറഞ്ഞ തൊട്ടു മുന്നിലുള്ളവരുടെ മനസ്സ്
അറിയാന്‍ നബി (സ) കഴിഞ്ഞിരുന്നു വെങ്കില്‍, ആ സ്വഹാബാക്കളെ അവരോടൊപ്പം കൊല്ലാന്‍ വിട്ടു
കൊടുക്കുമായിരുന്നില്ല. അങ്ങിനെ
എത്രയോ സംഭവങ്ങള്‍ പ്രവാചകന് അദൃശ്യം അറിയില്ല കഴിവുകളുടെ കാര്യത്തില്‍ അദ്ദേഹം
അതിമാനുഷനല്ല എന്നതിനുള്ള തെളിവാണ്. ഇതിനെല്ലാറ്റിനും പുറമേ, നാളെ
മരവള്ളിയുടെയും തമിഴന്‍റെയും ഭ്രാന്തന്‍റെയും കറാമത്തിന്‍റെ കെട്ടു കഥകളുമായി ഇറങ്ങാന്‍ കേരളത്തിലെ
പണ്ഡിത വേഷ ധാരികള്‍ ധൈര്യം കാണിച്ചപോലെ പ്രവാചകനെ കുറിച്ചും ഇല്ലാ കഥകള്‍
മേനെഞ്ഞുണ്ടാക്കും എന്നുള്ളത് കൊണ്ട് അല്ലാഹു പ്രവാചകനെ കൊണ്ട് തന്നെ, ഖുര്‍ആനിലൂടെ അല്ലാഹു പറയിക്കുന്നത് കാണുക. ലോകാവസാനം വരെ പ്രവാചകനെ കുറിച്ച് ഇല്ലാക്കഥ മെനയാന്‍ തടസ്സമായി അല്ലാഹു
അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കാന്‍ പറഞ്ഞത് കാണുക.
قُل لَّا
أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ
لَكُمْ إِنِّي مَلَكٌ ۖ إِنْ
أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۚ قُلْ هَلْ
يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا
تَتَفَكَّرُونَ ﴿٥٠﴾
(''പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?'') (6:50)
അല്ലാഹു വീണ്ടും പറയുന്നത് കാണുക:
قُل لَّا
أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّـهُ ۚ وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ
مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا
إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ ﴿١٨٨﴾
(''നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍
പെട്ടതല്ല. അല്ലാഹു
ഉദ്ദേശിച്ചതൊഴികെ. എനിക്ക്
അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന
ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്.
'')(7:188)
നൂഹ് നബിയുടെ ജനത അദ്ദേഹത്തെ കുറിച്ച് `ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനായി മാത്രമേ താങ്കളെ ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂ` എന്നു പറഞ്ഞപ്പോള്‍, അതെ, താന്‍ മലക്കല്ല മനുഷ്യന്‍ തന്നെയാണ്, സാധാരണ
മനുഷര്‍ക്ക് ഇല്ലാത്ത ഒരു കഴിവും പ്രത്യേകമായി തനിക്കില്ല എന്നും മറുപടിയായി
അവരോടു പറഞ്ഞത് കൂടി കാണുക:
وَلَا
أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ
إِنِّي مَلَكٌ وَلَا أَقُولُ لِلَّذِينَ تَزْدَرِي أَعْيُنُكُمْ لَن يُؤْتِيَهُمُ
اللَّـهُ خَيْرًا ۖ اللَّـهُ
أَعْلَمُ بِمَا فِي أَنفُسِهِمْ ۖ إِنِّي
إِذًا لَّمِنَ الظَّالِمِينَ ﴿٣١﴾
(''അല്ലാഹുവിന്‍റെ
ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. ഞാന്‍ മലക്കാണെന്നും വാദമില്ല. നിങ്ങളുടെ
കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക് അല്ലാഹു
യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ് അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച് പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും'') (11:31)
നമ്മളെ ക്കാളൊക്കെ
പ്രവാചകനുമായി വളരെ അടുപ്പവും സ്നേഹവും ഉണ്ടായിരുന്ന സ്വഹാബാക്കള്‍ ജീവിതത്തില്‍
പല പ്രശ്നങ്ങള്‍ വന്നപ്പോഴും,
നമ്മുടെ ഉമ്മ ആയിഷ (റ) നബിയുടെ
പിതൃവ്യ പുത്രനും പുന്നാര മകള്‍ ഫാത്തിമ (റ) യുടെ പുതിയാപ്ലയുമായി യുദ്ധം ചെയ്യേണ്ടി വന്ന സന്ദര്‍ഭം ഉണ്ടായിട്ടു
പോലും സ്വന്തം കിടപ്പറയില്‍ മറമാടിയ പ്രവാചകനോട് ചോദിക്കാന്‍ ആയിഷ (റ) യോ, ചോദിച്ചു നോക്കൂ എന്ന് പറയാന്‍ ഏതെങ്കിലും ഒരു സ്വഹാബിയോ പോലും
തയ്യാരാകാഞ്ഞത്, പ്രവാചകന് ആ
അവസ്ഥയില്‍ അവരുടെ ആവശ്യം കേള്‍ക്കാനോ സഹായിക്കാനോ കഴിയില്ല എന്ന് ഉറപ്പുള്ളത്
കൊണ്ടും, അത് ശിര്‍ക്കാകുന്നത്
കൊണ്ടുമാണ്. റസൂല്‍ (സ) കരളിന്‍റെ കഷ്ണം എന്ന് വിശേഷിപ്പിച്ച ഫാത്തിമ
(റ) യുടെ പൊന്നോമന മകന്‍,
പ്രവാചകന്‍റെ കയ്യിലും ദേഹത്തും കിടന്നു കളിച്ചു വളര്‍ന്ന ഹുസൈന്‍ (റ) യെ ഇറാക്കിലേക്ക് പോകാന്‍ തുനിഞ്ഞപ്പോള്‍
സ്വഹാബാക്കള്‍ ഒന്നടങ്കം വിലക്കിയിട്ടും കര്‍ബലയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ച
അദ്ദേഹത്തെ സ്വപ്നത്തിലെങ്കിലും വന്നു തടയാന്‍ നബിക്ക് കഴിയെണ്ടാതായിരുന്നില്ലേ?. കേവലം ഏതോ അടിച്ചു തെളിക്കാരിയുടെ മുടി കാന്ത
പുരത്തിന് കൊടുക്കാന്‍ സ്വപനത്തില്‍ വന്നു പറഞ്ഞു എന്ന് കള്ളക്കഥ മെനയുന്നവര്‍
ചിന്തിച്ചില്ലെങ്കിലും അത് വിശ്വസിച്ചു പരലോകം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്ന
സമൂഹമേ ചിന്തിക്കുക. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഉത്തമരായ
പ്രവാചകന്‍മാരുടെ അവസ്ഥ ഇതാണ് എങ്കില്‍ മറ്റുള്ളവര്‍ അദൃശ്യം അറിയും ഉപകാരമോ
ഉപദ്രവമോ ചെയ്യാന്‍ കഴിയും എന്നൊക്കെ വിശ്വസിക്കുന്നതില്‍ പരം വിഡ്ഢിത്തം
വേറെയുണ്ടോ?. ജീവിച്ചിരിക്കുന്ന കാലത്ത് പോലും അദൃശ്യം അറിയാത്ത പ്രവാചകന്‍
മാരടക്കമുള്ളവര്‍ മരണ ശേഷം ലോകത്തിന്‍റെ ഏതു ഭാഗത്ത് വെച്ചും നടക്കുന്ന മാല മൌലീദ്
സദസ്സുകളില്‍ ഹാളിറാകും അവിടെ വെച്ച് ചോദിക്കുന്ന ആവശ്യങ്ങള്‍ കേള്‍ക്കും
സഹായിക്കും എന്ന വിശ്വാസങ്ങളെല്ലാം പിഴച്ചതും തൌഹീദില്‍ നിന്ന് പുറത്തേക്ക്
തെറിപ്പിക്കുന്നതുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ പിന്നെ ഊരും പേരും അറിയാത്തവരും അന്യ മതക്കാരും മാനസിക നില
തെറ്റിയവരും എന്ന് വേണ്ട കണ്ട മരത്തിനെയും കല്ലിനെ പോലും സഹായിക്കാന്‍
കഴിവുള്ളതായി കരുതി അവരോടൊക്കെ സഹായം ചോദിക്കുകയും അവര്‍ക്ക് നേര്‍ച്ചയും ദുആയും
നല്‍കുകയും ചെയ്യുന്നത്,
അല്ലാഹുവിനു മാത്രം നല്‍കാന്‍ ബാധ്യത പെട്ട അവകാശം മറ്റുള്ളവര്‍ക്ക് ഭാഗിച്ചു
നല്‍കുന്ന കൊടിയ പാതകമാണ്,
ശിര്‍ക്കാണ്.
മഹാനായ രണ്ടാം ഖലീഫ ഉമര്‍ (റ) പറഞ്ഞ കാര്യം ഇവിടെ വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞത്, ജാഹിലിയ്യത് അഥവാ ഇസ്ലാമിന് തൊട്ടു മുന്‍പുള്ള ആളുകളുടെ വിശ്വാസം എന്തായിരുന്നു എന്ന് മനസ്സിലാക്കാത്തവര്‍ ഇസ്ലാമില്‍ വന്നാല്‍ ഇസ്ലാമിന്‍റെ ഇഴകള്‍ ഓരോന്നായി അഴിഞ്ഞു പോകും എന്നാണു. അതായത് പ്രവാചകന്‍ (സ) തൌഹീദ് പരിചയപ്പെടുത്തുമ്പോള്‍ ആ സമൂഹത്തിലെജനങ്ങളുടെ വിശ്വാസം എന്തായിരുന്നു എന്ന് മനസ്സിലാക്കല്‍ ഓരോ മുസ്ലിമിനും ഇസ്ലാമിനെ അതിന്‍റെ യഥാര്‍ത്ഥ അവസ്ഥയില്‍ മനസ്സിലാക്കാന്‍ അനിവാര്യമാണ്. അത് കൊണ്ടാണ് കേരളത്തിലെ പല മുസ്‌ല്യാക്കന്‍മാരും അബൂജാഹിലിനെ മുജാഹിദുകള്‍ സുന്നികളെ എതിര്‍ക്കാന്‍ വേണ്ടി മുസ്ലിമാക്കുന്നു എന്ന് പരിതപിക്കുന്നത്.സത്യത്തില്‍ അബൂജാഹിലിനു ഇല്ലാത്ത ഒരു ഗുണവും മുജാഹിദുകള്‍ വകവെച്ചു കൊടുത്തിട്ടില്ല, മറിച്ചു, അല്ലാഹു അബൂജാഹില്‍ അടക്കമുള്ള അന്നത്തെ പ്രവാചകന്‍ തൌഹീദ് പ്രബോധനം ചെയ്ത സമൂഹം വിശ്വസിച്ചതും ചെയ്തതും ഖുര്‍ആനിലൂടെ പറഞ്ഞത് എടുത്തു പറയുക മാത്രമാണ് ചെയ്യുന്നത്. പക്ഷെ, അത് കേള്‍ക്കുന്ന മുസ്‌ല്യാ ക്കന്‍ മാര്‍,അബൂജാഹിലിനും കൂട്ടര്‍ക്കും ഉണ്ടായിരുന്നു എന്ന് അല്ലാഹു പറഞ്ഞ വിശ്വാസം ഒരു മുസ്ലിമാകാന്‍, ഒരു സുന്നിയാകാന്‍ മതിയാകും എന്ന് തെറ്റിദ്ധരിച്ചോ അല്ലെങ്കില്‍ മന:പൂര്‍വ്വം മറച്ചു വെച്ചോ കേരളത്തിലെ സാധാരണക്കാരായ ജനനം കൊണ്ട് മാത്രം 'സുന്നികള്‍' എന്ന് വിളിക്കപ്പെടുന്ന മതത്തെ കുറിച്ച് ആഴത്തില്‍ അറിയാത്ത ലക്ഷങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.അത് കൊണ്ട് തന്നെ അവരുടെ വിശ്വാസം അബൂജാഹിലും കൂട്ടരും അല്ലാഹുവിനെ അറിഞ്ഞിട്ടേ ഇല്ല, നമ്മുടെ നാട്ടിലെ ഹിന്ദുക്കളെ പോലെ കേവലം വിഗ്രഹാരാധകര്‍ മാത്രമായിരുന്നു എന്നാണു.
എന്നാല്‍ അല്ലാഹു അബൂജാഹിലിനും കൂട്ടര്‍ക്കും അല്ലാഹുവിനെ കുറിച്ച് ഉണ്ടായിരുന്ന വിശ്വാസങ്ങളെ ഖുര്‍ആനില്‍ പലേടത്തും എടുത്തു പറഞ്ഞിട്ടുണ്ട്.
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّـهُ ۖ فَأَنَّىٰ يُؤْفَكُونَ ﴿٦١﴾
''ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട്(ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ്അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?'' (അന്കബൂത്ത് :61).
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ قُلِ الْحَمْدُ لِلَّـهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴿٢٥﴾
''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. പറയുക:അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.'' (ലുഖ്മാന്‍: 25) .
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ
''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്.'' (സൂറത്ത് സുമര്‍:38).
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ خَلَقَهُنَّ الْعَزِيزُ الْعَلِيمُ ﴿٩﴾
''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്.'' (സുഖ്റുഫ്:9).
''ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്? (സുഖ്റുഫ്:87).
قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّـهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴿٣١﴾
''പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (സൂറത്ത് യൂനുസ്:31).
قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ ﴿٨٤﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَذَكَّرُونَ ﴿٨٥﴾
''(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.). അവര്‍ പറയും;അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?'' (23: 84-85 ).
قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ ﴿٨٦﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَتَّقُونَ ﴿٨٧﴾
''നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?. അവര്‍ പറയും:അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (മുഎമിനൂന്‍: 86-87).
قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴿٨٨﴾ سَيَقُولُونَ لِلَّـهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ﴿٨٩﴾
''നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു.അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.). അവര്‍പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍പെട്ടുപോകുന്നത്?'' (മുഎമിനൂന്‍: 87-89).
നോക്കൂ മുകളില്‍ കൊടുത്ത ഖുര്‍ആനിലെ ആയത്തുകളില്‍ മുഴുവന്‍ അല്ലാഹു ചോദിക്കുന്നതും അവര്‍ പറഞ്ഞ മറുപടിയും മുസ്ലിംകളായ ഏതെങ്കിലും വിഭാഗത്തോട് അല്ല, മക്കയില്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ മുസ്ലിമാകുക എന്ന് പറഞ്ഞ, 'മുഷിരിക്കുകള്‍' (അല്ലാഹു അല്ലാത്തവര്‍ക്ക് അല്ലാഹുവിന്നു കൊടുക്കേണ്ട ദുആ, നേര്‍ച്ചകള്‍ കൊടുത്ത) എന്ന് അല്ലാഹു വിളിച്ച, എന്നാല്‍ പല കാര്യങ്ങളും അല്ലാഹു തന്നെയാണ് ചെയ്യുന്നത് എന്ന് സമ്മതിച്ച വിഭാഗത്തോട് ആണ്. ആകാശവും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനേയും കീഴ്പ്പെടുത്തുകയും ആഹാരം നല്‍കുന്നതും, കാഴ്ചയും കേള്‍വിയും അധീനപ്പെടുത്തുന്നതും, മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും, കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും അഭയം നല്കുന്നതുമെല്ലാം അല്ലാഹുവാണ് എന്ന് സമ്മതിച്ച മക്കയിലെ ആളുകളോട് മുഹമ്മദ് റസൂല്‍ (സ) ലാ ഇലാഹ ഇല്ലാല്ലാഹ് അംഗീകരിക്കാന്‍ പറഞ്ഞതും മേല്പറഞ്ഞതെല്ലാം അല്ലാഹുവാണ് ചെയ്യുന്നത് എന്നഗീകരിച്ചാല്‍ മാത്രം പോര, മറിച്ചു അങ്ങിനെയുള്ള അല്ലാഹുവിനു മാത്രമേ ഇബാദത്തിന്‍റെ എല്ലാ ഇനങ്ങളും പാടുള്ളൂ എന്നത് കൊണ്ടാണ്. അത് നേര്‍ച്ചയായാലും ദുആ ആയാലും ആ അര്‍ത്ഥത്തിലുള്ള ബഹുമാനവും വണക്കവും പോലും അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. മക്കയിലെ അബൂജാഹിലും അബൂ ലഹബും അല്ലാഹുവിനോടൊപ്പം മഹാന്‍മാരും പ്രവാചകന്‍ മാരുമായിരുന്നവരെ ബഹുമാനിച്ചു ബഹുമാനിച്ചു അല്ലാഹുവിന്നു മാത്രം കൊടുക്കേണ്ട കീഴ്വണക്കം, നേര്‍ച്ച തുടങ്ങിയവ ഇബ്രാഹീം നബിക്കും ഇസ്മായില്‍ നബിക്കും ലാത്ത, ഉസ്സ, മനാത്ത എന്നിവര്‍ക്കും നല്‍കിയതാണ് പ്രവാചകന്‍ അവരോടു ഒഴിവാക്കാന്‍ പറഞ്ഞത്. മേല്‍പറഞ്ഞ ആരും അല്ലാഹുവിനു പകരം ആണ് എന്നോ,സര്‍വ്വ രക്ഷിതാവായ റബ്ബ് ആണെന്നോ മക്കയിലെ മുഷിരിക്കുകള്‍ വാദിചിരുന്നില്ല. മറിച്ചു പാപികളായ അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടാന്‍ അല്ലാഹുവിന്‍റെ അടുത്തു ശുപാര്‍ശക്കാരായി ആയിരുന്നു ഈ മഹാന്‍മാരെയൊക്കെ അവര്‍ കണക്കാക്കിയത്. അത് അല്ലാഹു തന്നെ, ഖുര്‍ആനിലൂടെ മരിച്ചു പോയ നബിമാരെയും മഹാന്‍ മാരെയും അല്ലാഹുവിന്‍റെ അടുത്തു ശിപാര്‍ശക്കാരായി സങ്കല്‍പിച്ചു അവരോടു ഇങ്ങനെ സഹായം തേടുന്നവര്‍ക്ക് എല്ലാ കാലത്തെക്കും മുന്നറിയിപ്പായി പറയുന്നത് കാണുക.
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍(ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (10:18).
വീണ്ടും അവര്‍, അല്ലാഹുവിനു പുറമേ സഹായം ചോദിക്കുകയും നേര്‍ച്ച വഴിപാടു നടത്തുകയും ചെയ്ത മഹാന്‍ മാരെ കുറിച്ച് മക്കാ മുശ്രിക്കുകള്‍ തന്നെ പറയുന്നതായി അല്ലാഹു ഖുര്‍ആനില്‍ പറയുന്നത് കാണുക:
وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ
(അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. '' 39:3)
അവര്‍ ഹജ്ജു സമയത്ത്
لبيك اللهم لبيك ، لبيك لا شريك لك إلا شريكا هو لك تملكه و ما ملك
എന്ന് തല്‍ബിയത്തു ചൊല്ലിയിരുന്നതായി സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. ഇതില്‍ നമ്മളിന്നും ചൊല്ലുന്ന തല്‍ ബിയത്തി ന്‍റെ ആദ്യഭാഗം കഴിഞ്ഞു പറയുന്നത് നിനക്കു പങ്കുകാരനില്ല, ഒരു പങ്കുകാരനോഴികെ, അവന്‍ ഉടപ്പെടുത്തിയതിന്‍റെയും ഉടമ നീയാണ് എന്നാണു.
اللهم انصر أعلى الجندين، وأهْدَى الفئتين، وأكرم الحزبين، وأفضل الدينين.
(അല്ലാഹുവേ ഈ രണ്ടു സൈന്യങ്ങളില്‍ നിന്ന് ഉത്തമ സൈന്യത്തെയും, രണ്ടു വിഭാഗത്തില്‍ നിന്ന് നേരി ന്‍റെ വിഭാഗത്തെയും, രണ്ടു സംഘത്തില്‍ നിന്ന് ഉന്നതരായ സംഘത്തെയും രണ്ടു മതങ്ങളില്‍ നിന്ന് ഉല്‍കൃഷ്ട മതത്തെയും നീ സഹായിക്കണേ...)
ഈ പ്രാര്‍ത്ഥന ഏതെങ്കിലും മാര്‍ക്കസിലെ മുസ്ല്യാരുട്ടിയോ മറ്റോ ചെയ്ത ദുആ അല്ല, മറിച്ചു ബദറില്‍ പോകവേ അബൂജഹല്‍ അല്ലാഹുവിനോട് നടത്തിയ ദുആ, സ്വഹീഹായ ഹദീസുകളില്‍ രേഖപ്പെട്ടവയാണ്. മാത്രമല്ല, അബൂ ജഹലിന്‍റെ പൊന്നോമന മകന്‍ ഇക്രിമ മക്കം ഫതഹിനോട് കൂടി മക്കയില്‍ നിന്ന് രക്ഷപ്പെടാന്‍ കപ്പലില്‍ കയറുകയും, കപ്പല്‍ കുറെ ദൂരം പിന്നിട്ടപ്പോള്‍ ശക്തിയായ കാറ്റും കോളും തിരമാലകളും കപ്പലിനെ പൊതിയുകയും ചെയ്തു. അപ്പോള്‍ കപ്പലിലെ കപ്പിത്താന്‍ യാത്രക്കാരോട്, ഈ അവസ്ഥയില്‍ ഇനി നമ്മെ രക്ഷിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ, അതിനാല്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക എന്ന് പറയുകയുണ്ടായി. അപ്പോള്‍ ഇക്രിമ ചിന്തിച്ചത്, ഈ കടലിലെ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ എങ്കില്‍ കരയിലും അവനോടു മാത്രമല്ലേ ദുആ പാടുള്ളൂ എന്നാണു.അങ്ങിനെ അവിടെ വെച്ച് ഇക്രിമ (റ) താന്‍ രക്ഷപ്പെട്ടാല്‍ പ്രവാചകന്‍റെ അടുത്തെത്തി ഇസ്ലാം സ്വീകരിക്കും എന്നുറപ്പിക്കുകയും അല്ലാഹു അദ്ദേഹത്തെ രക്ഷിക്കുകയും അദ്ദേഹം പ്രവാചക സന്നിധിയിലെത്തി മുസ്ലിമാവുകയും തുടര്‍ന്ന് നിരവധി യുദ്ധങ്ങളില്‍ ഇസ്ലാമിന് വേണ്ടി ത്യാഗം ചെയ്തു രക്ത സാക്ഷിയാവുകയുമുണ്ടായി. അപ്പോള്‍ ഈ വിധം ദുരിതം നേരിടുന്ന സമയത്ത് അല്ലാഹുവിനെ വിളിക്കാന്‍ പറഞ്ഞ കപ്പിത്താന്‍ മുസ്ലിമായിട്ടല്ല, മറിച്ചു അന്നത്തെ മക്കാ മുഷിരിക്കുകള്‍ സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ അല്ലാഹുവിനെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. അബൂ ലഹബ് അടക്കമുള്ള ഖുറൈഷി കുടുംബത്തെ വിളിച്ചു പ്രവാചകന്‍ പറഞ്ഞത് അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യരുത്, നേര്‍ച്ച കൊടുക്കരുത് എന്നായിരുന്നു. അത് കേട്ടപ്പോള്‍ അബൂ ലഹബ് പറഞ്ഞത് നീ ഇതിനാണോ ഞങ്ങളെ വിളിച്ചു കൂട്ടിയത്, നീ ഞങ്ങളുടെ നേര്‍ച്ചക്കാരെ (ആരാധ്യരെ) മുഴുവന്‍ ഒന്നാക്കുകയാണോ എന്നാണു.
ചുരുക്കത്തില്‍ അല്ലാഹുവിന്‍റെ പ്രവാചകനും അല്ലാഹുവും മുഷിരിക്ക് എന്ന് വിളിച്ചത്, അല്ലാഹുവിനെ പാടെ നിഷേധിക്കുന്നവരെ ആയിരുന്നില്ല. അങ്ങിനെയുള്ള ഒരു വിഭാഗവും മക്കയിലുണ്ടായിരുന്നു എന്നത് ശരിയാണ് എങ്കിലും ഈ പറയുന്നത് സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ അല്ലാഹുവിനെ മാത്രം വിളിച്ചു ദുആ ചെയ്ത എന്നാല്‍ ഇടയ്ക്കിടെ അല്ലാഹുവിനോട് അവരുടെ ആവശ്യങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ മഹാന്മാരോടും സഹായം തെടിയവരെയാണ്.
ഇനി നമുക്ക് ഇന്ന് കേരളത്തിലെ സുന്നികള്‍ എന്ന് പറയുന്നവരുടെ നടപടികളും വിശ്വാസങ്ങളും ഒന്ന് നോക്കാം. കേരളത്തിലെ സുന്നികള്‍ എന്ന് പറയുന്ന സമസ്തക്കാര്‍ എല്ലാ വിഭാഗവും വേറെ 'അല്ലാഹു' ഉണ്ട് എന്ന് വിശ്വസിക്കുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ പ്രവാചകനെ കുറിച്ചും മഹാന്‍മാരെ കുറിച്ചും, എന്തിനു അവിടെ നിന്നും വിട്ടു ചില മരവള്ളി, കല്ല്,തുടങ്ങി ഊരും പേരും അറിയാത്ത പെണ്ണും, മല മൂത്ര വിസര്‍ജനം ചെയ്‌താല്‍ ശൌച്യം പോലും ചെയ്യാത്ത സമനില തെറ്റിയ ഭ്രാന്തന്മാരും ഹിന്ദുവായ അണ്ണാച്ചിവരെ ഇവര്‍ക്ക് അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശുപാര്‍ശക്കാരോ പലപ്പോഴും അല്ലാഹുവേ പോലെയോ ചിലപ്പോള്‍ അല്ലാഹുവിനെക്കാള്‍ മീതെയോ ആണ്. ഇത് കേവലം ഒരു ആരോപണമല്ല. മങ്ക്കൂസ് മൌലിദില്‍ നബി (സ) യെ കുറിച്ച് ഇവര്‍ പാടാറുള്ളത് കാണുക:
ارتكبت على الخطأ غير حصر وعدد لك أشكو فيه يا سيدي خير النبي
(കയ്യും കണക്കമുല്ലാതെ ഞാന്‍ തെറ്റ് ചെയ്തു പോയി എന്‍റെ നേതാവായ നബിയെ അങ്ങയോടു ഞാന്‍ ആക്ഷേപം ബോധിപ്പിക്കുന്നു..)
അല്ലാഹുവിനോട് ചോദിക്കേണ്ട മാപ്പപേക്ഷ മരിച്ച നബിയിലേക്ക് തിരിക്കുന്നു. ഇനി മുഹിയുദ്ധീന്‍ മാലയിലെ വരികള്‍ കാണുക.
''കുപ്പിയകത്തുള്ള വസ്തുവിനെ പ്പോലെ കാണ്മാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര്‍.''
''ചത്ത ചകത്തിനു ജീവന്‍ ഇടീച്ചോവര്‍ ചാകും കിലശത്തെ നന്നാക്കി വിട്ടോവര്‍.''
''വല്ല നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ് കൂടാതുത്തിരം നല്‍കും ഞാനെന്നോവര്‍''
ഈ വരികളില്‍ പറയുന്ന ഹൃദയത്തിലുള്ളത് അറിയുക, മരിച്ചവരെ ജീവിപ്പിക്കുക എവിടെ നിന്ന് വിളിച്ചാലും ആ ദുആ കേള്‍ക്കുക എന്നതൊക്കെ അല്ലാഹു വിന്‍റെ മാത്രം വിശേഷണങ്ങള്‍ ആണ്. അത് മുഹിയുദ്ധീന്‍ ശൈഖിനോ നബിമാര്‍ക്കോ നല്‍കുക എന്നത് മക്കയിലെ മുശിരിക്കുകള്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് എന്നോര്‍ക്കുക.
ദാഹം മൌത്തത് കൂട്ടിടും ഇബെലീസ് കൂസിനെ കാട്ടിടും
നേരം ലഈനവനാട്ടുവാന്‍ ബദ് രീങ്ങളാല്‍ തുണ റബ്ബനാ...
മരണ സമയത്ത് ഇബ്ലീസിനെ ആട്ടുവാന്‍ പോലും ബദ് രീങ്ങളുടെ സഹായം ചോദിക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ സമസ്ത ക്കാരില്‍ നിന്ന് ദീന്‍ പഠിക്കുന്ന പാവങ്ങള്‍ എന്നത് എന്ത് മാത്രം പരിതാപകരമാണ്. ഈയടുത്ത് നൌഷാദ് അഹ്സനി പറഞ്ഞത് മരിക്കാന്‍ നേരം മുഹിയുദ്ധീന്‍ ശൈഖിനെ വിളിച്ചാല്‍ മതി എന്നാണു. അങ്ങിനെ മരണ സമയം പോലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലാതെ കാഫിറായി മരിക്കാന്‍ വേണ്ട എല്ലാ ഉപദേശങ്ങളും ഇവര്‍ തങ്ങള്‍ക്കു ചോറും കൈമടക്കും നല്‍കി ബഹുമാനിച്ചു തലയില്‍ കേറ്റിയ പാവം ജനങ്ങളെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്.
ഇത് മാത്രമല്ല, കുട്ടികളുണ്ടാകാനും രോഗം മാറാനും അപകടത്തില്‍ നിന്ന് രക്ഷപ്പെടാനും മൊയ്തീന്‍ ശൈഖെ കാക്കണേ,ബദ്രീങ്ങളെ രക്ഷിക്കണേ, ഉള്ളാളം തങ്ങളെ കുട്ടിയെ തരണേ, മമ്പുറത്തെ തങ്ങളെ മഴ തരണേ മുനമ്പത്തെ ബീവിയെ മീന്‍ തരണേ എന്നൊക്കെ പറയുന്നതും തനിച്ച ശിര്‍ക്കാണ്. സമസ്തക്കാര്‍ വീടുകളില്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുന്ന പല വിധ മാല മൌലൂദ് പാട്ടുകളില്‍ ഇത്തരം ശിര്‍ക്കന്‍ വരികള്‍ എമ്പാടുമുണ്ട്. ഇങ്ങനെ അല്ലാഹുവിന്നു മാത്രം നല്‍കേണ്ട ഇത്തരം പ്രാര്‍ത്ഥന കളും വിശേഷണങ്ങളും നബിമാര്‍ക്കോ മഹാന്‍ മാര്‍ക്കോ കല്ലിനോ മരത്തിനോ എലിക്കോ ആര്‍ക്കു നല്‍കിയാലും അതവരെ ഇലാഹാക്കലാണ്. അത് കൊണ്ടാണ് കേവലം അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശുപാര്‍ശക്കാരോട് ആവശ്യങ്ങള്‍ പറയുകയും അവര്‍ക്ക് നേര്‍ച്ച നടത്തുകയും ചെയ്ത മക്കയിലെ അബൂ ജഹലും അബൂ ലഹബും സന്നിഗ്ധ ഘട്ടത്തില്‍ അല്ലാഹുവോട് മാത്രം ചോദിക്കുന്നവരായിരുന്നിട്ടു പോലും മുഷിരിക്കാണ് എന്ന് അല്ലാഹു പറഞ്ഞത്. അല്ലാതെ,അവര്‍ നമസ്കാരമോ, നോമ്പോ സക്കാത്തോ നല്‍കാതിരുന്നിട്ടായിരുന്നില്ല. കാരണം അല്ലാഹുവിന്‍റെ പ്രവാചകന്‍ ആദ്യമായി അവരോടു തൌഹീദ് പറയുമ്പോള്‍ ഇതൊന്നും മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ ഇന്നത്തെ സമസ്തക്കാര്‍ നമസ്കാരവും നോമ്പും ഒക്കെ അല്ലാഹുവിനു മാത്രം നല്‍കുമെങ്കിലും മക്കത്തെ അബൂ ജഹലും അബൂ ലഹബും അല്ലാഹുവിനോടൊപ്പം നബിമാരെയും മഹാന്‍ മാരെയും വിളിച്ചു തേടിയ പോലെ, മുക്കത്തെ അബൂ ബക്കര്‍ മുസ്ലിയാരും അല്ലാഹുവിനെ കൂടാതെ നിബിയോടും തങ്ങളോടും ബീവിയോടും മാത്രമല്ല, കല്ലിനോടും മരവള്ളിയോടും മരിച്ച തമിഴ്നാട്ടുകാരനായ ഹിന്ദുവായ ഭ്രാന്തനോട് പോലും ആവശ്യ നിര്‍വഹണത്തിന് ദുആ ചെയ്യുകയും നേര്‍ച്ച വഴിപാടുകള്‍ നല്‍കുകയും ചെയ്യുന്നു. കുറച്ചു കൂടി കടന്നു, സന്നിഗ്ധ ഘട്ടത്തില്‍ പോലും അല്ലാഹുവിനെ വിട്ടു മറ്റുള്ളവരെ സമീപിക്കുന്ന ദയനീയ അവസ്ഥയാണ് ഇന്നവര്‍ എത്തി നില്‍ക്കുന്നത്.
പലരും കരുതുന്നത് വിഗ്രഹം പൂജിക്കുകയോ വിഗ്രഹത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുകയോ മുസ്ലിംകള്‍ അല്ലാത്ത മരിച്ചവരെ വിളിച്ചു സഹായം തെടുന്നതോ മാത്രമാണ് ശിര്‍ക്ക് എന്നാണു. എന്നാല്‍ ഇനിയും മരിക്കാത്ത ഈസ നബി (അ ) വിളിച്ചു സഹായം തേടുന്നത് അല്ലാഹു ആക്ഷേപിക്കുന്നത് കാണുക.
وَإِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّـهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ﴿١١٦﴾ مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚوَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿١١٧﴾
അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെമാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍!എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായുംനീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു.പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (5:116-117)
പരലോകത്ത് വെച്ച് ഇന്നും അല്ലാഹുവിന്‍റെ അടുത്തു ജീവിച്ചിരിപ്പുള്ള ഈസ നബി പോലും അദ്ദേഹത്തോട് ചോദിക്കുന്നത് കേള്‍ക്കുകയോ അറിയുകയോ ഇല്ല എങ്കില്‍ പിന്നെ മരിച്ചു പോയവര്‍ കേള്‍ക്കുമെന്ന് വിശ്വസിച്ചു അവരോടു ചോദിക്കുന്നത് ശിര്‍ക്കാകുമെന്നതിനു ബുദ്ധിയുള്ളവര്‍ക്ക് വേറെ തെളിവ് ആവശ്യമുണ്ടോ?. മക്കയിലെ മുശിരിക്കുകള്‍ അല്ലാഹുവിന്‍റെ പ്രവാചകനോട് പരസ്പരം ആരാധ്യന്‍ മാരെ ബഹുമാനിക്കാന്‍ അഥവാ അല്ലാഹുവേ അവര്‍ ആരാധിക്കുന്നത് പോലെ അവരുടെ മഹാന്‍മാരായ ആളുകളെ കേവലം ഒന്ന് ബഹുമാനിക്കാന്‍ മാത്രം പറഞ്ഞപ്പോളാണ് സൂറത്തുല്‍ കാഫിറൂനിലൂടെ അല്ലാഹു അത്തരം അല്ലാഹു അല്ലാത്തവരെ ആ അര്‍ത്ഥത്തിലുള്ള ബഹുമാനം പോലും ആരാധനയാകും എന്നതിനാല്‍ അത് വിലക്കി കൊണ്ട് പ്രഖ്യാപനം നടത്തിയത് എങ്കില്‍ ഇന്ന് ഖബറുകളും മരവള്ളിയും മറ്റും ചന്ദന തിരിയും നിലവിളക്കും നേര്‍ച്ചയും വലം വെക്കലും തൊട്ടു മുത്തലും സുജൂദ് ചെയ്യലും വരെ നടത്തുന്നവരെ ഏതു ഗണത്തിലാണ് പെടുത്തെണ്ടത് എന്ന് വിവേകമുള്ളവര്‍ മനസ്സിലാക്കട്ടെ എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു. മുഹിയുദ്ധീന്‍ ഷെയ്ഖ് പറഞ്ഞ വാചകം ഇവിടെ വളരെ പ്രസക്തമാകുന്നു. ''ഹൃദയത്തില്‍ അനേകം ആരാധ്യരെ വെച്ച് കൊണ്ട് നീ എങ്ങിനെയാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക?''
അല്ലാഹു ഏകനാണ്, സൃഷ്ടികളുടെ കഴിവിനപ്പുറത്തെ ഒരു കാര്യവും അവനോടു അല്ലാതെ ചോദിച്ചു കൂട. കാര്യ കാരണ ബന്ധത്തിനപ്പുറം നമ്മെ സഹായിക്കാന്‍ അവന്നു മാത്രമേ കഴിയൂ. അതിനാല്‍ കീഴ്വണക്കം പരിപൂര്‍ണമായി അല്ലാഹുവിനാക്കുക. അവനോടൊപ്പം മറ്റാരെയും ചേര്‍ക്കാതിരിക്കുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചേക്കാം...അല്ലാഹു നമുക്കെല്ലാം തൌഫീക്ക് ചെയ്യട്ടെ...ആമീന്‍..
6:50 ആയത്തും തെറ്റിച്ചെഴുതുകയോ
ReplyDelete