യുക്തിക്ക് അമിത പ്രാധാന്യം നല്കി, സ്വേച്ചക്കനുസരിച്ച് കാര്യങ്ങളെ നോക്കിക്കാണുന്നവര് പലപ്പോഴും ഖുര്ആനിക വചനങ്ങളെ ദുര്വ്യാഖ്യാനിച്ചു കൂട്ട് പിടിച്ചും യുക്തിവാദം നിരത്തിയുമാണ് തങ്ങളുടെ ദുര്ന്യായം സ്ഥാപിക്കാന് ശ്രമിക്കാറുള്ളത്. അടുത്ത കാലത്തായി സ്വഹീഹായ ഹദീസുകളെ തള്ളാനും ഹദീസ് നിവേദകാരായ സ്വഹാബികള് അടക്കമുള്ളവരെ അധിക്ഷേപിക്കാനും മുസ്ലിം നാമധാരികളായ ചിലര് സ്വീകരിച്ച നയവും ഇത് തന്നെയാണ്. ഇതിനായി ഖുര്ആന് യാതൊരു വിധ കൈകടത്തലും നടത്താന് കഴിയാത്ത ഗ്രന്ഥമാണെന്നു പ്രഖ്യാപിക്കുകയും അതിന്റെ ബാധ്യത അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട് എന്ന പരമാര്ത്ഥം മുന്കൂട്ടി പറഞ്ഞു വെക്കുകയും ചെയ്ത ശേഷം, അത് കൊണ്ട് ഖുര്ആന് മാത്രമാണ് ആധികാരികമായി സ്വീകരിക്കാന് കഴിയുന്നതെന്നും ഹദീസുകള് സ്വഹീഹായാലും പ്രവാചകന് മരിച്ചു വര്ഷങ്ങള് കഴിഞ്ഞു എഴുതിയതു കൊണ്ട് അത് സ്വീകാര്യമല്ല എന്നുമാണ്. അതിന്നു വേണ്ടി പരിശുദ്ധ ഖുറാനിലെ ചില ആയത്തുകള് സ്വന്തം യുക്തിയുടെയും നിഘണ്ടുവിന്റെയും അടിസ്ഥാനത്തില് വ്യാഖ്യാനിച്ചു, ഹദീസ് ഖുര്ആനിനു എതിരാണ്, അത് കൊണ്ട് തന്നെ അത് സ്വീകാര്യമല്ല എന്നാണു ഇവര് വാദിക്കാറുള്ളത്. ഇവരില് ഹദീസ് പൂര്ണമായി തള്ളണമെന്ന് പറയുന്നവരും തങ്ങളുടെ യുക്തിക്ക് (?) നിരക്കാത്ത ഹദീസുകള് മാത്രം തള്ളിയാല് മതിയാകുന്നവരും ഉണ്ട്. എന്നാല് യുക്തി, ശരിയായി ഉപയോഗിക്കുകയും ഖുര്ആന് ദുര്വ്യാഖ്യാനം നടത്താതെ നേരാം വണ്ണം മനസ്സിലാക്കുകയും ചെയ്താല് ഇത്തരക്കാരുടെ വാദങ്ങള് തീര്ത്തും ബാലിശമാണ് എന്നു എളുപ്പം മനസ്സിലാക്കാനും കഴിയും.
ഹദീസ് നിഷേധികള് സാധാരണയായി ഖുര്ആനിക വിരുദ്ധമെന്നും ജൂത സൃഷ്ടിയെന്നും സ്വഹീഹായ ഹദീസുകളെ ചാപ്പ കുത്താന് ഉപയോഗിക്കുന്ന ചില ഹദീസുകളെ നമുക്ക് പരിശോധിക്കാം. പലപ്പോഴും ഇവര് പൊക്കി കൊണ്ടുവരുന്ന അത്തരം ഹദീസുകളിലെ ഒന്നാമാത്തെതായി പരിഗണിക്കാവുന്നതാണ് റജ്മിന്റെ ഹദീസ്, അഥവാ വ്യെഭിചാരികള് വിവാഹിതരാണെങ്കില് അവര്ക്കുള്ള ശിക്ഷ എറിഞ്ഞു കൊല്ലല് ആണെന്ന ഹദീസ്. ഇത് സൂറത്ത് നജുമിലെ 2 ആമത്തെ ആയതിനു എതിരാണ് എന്നിക്കൂട്ടര് ജല്പിക്കുന്നു. മാത്രമല്ല, ഇതോടൊപ്പം തന്നെ ബുഖാരി (റ) എറിഞ്ഞു കൊല്ലുന്നതിനെ പ്രതിപാദിക്കുന്ന ആയത്ത് ഖുര്ആന് ക്രോഡീകരണ സമയത്ത് വിട്ടു പോയതാണ് എന്ന് രേഖപെടുത്തിയിട്ടുണ്ട് എന്നു പറഞ്ഞിട്ടുണ്ട്, പക്ഷെ, അതിനെ തകര്ക്കാന് പറ്റുന്ന വജ്രായുധം ഖുര്ആനില് തന്നെയുണ്ട് എന്നും ഈ വിഭാഗം സാധാരണ പറഞ്ഞു വെക്കാറുണ്ട്. അത് കൂടാതെ പ്രവാചകന്റെ മിഎറാജ് യാത്രയെയും സിഹിര് ഹദീസും അടക്കം വേറെയും ചില ഹദീസുകള് എടുത്തു, അതിനെയൊക്കെ സ്വന്തം യുക്തി കൊണ്ട് ഖണ്ഡിച്ചും പരിഹസിച്ചും ഹദീസുകളെ മുഴുവന് തള്ളപ്പെടേണ്ടതാണ് എന്നാണു ഇവരെല്ലാഴ്പ്പോഴും വാദിക്കാറുള്ളത്.
മേല് ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കും മുന്പ് ആരാണ് മുസ്ലിം എന്നത് ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. കാനേഷുമാരി കണക്കില്, മന്സൂര്, സലാം, റാഫി എന്നീ പേരുള്ള ആളുകളെ പൊതുവില് മുസ്ലിം എന്ന് പറയുമെങ്കിലും, നമ്മള് ചര്ച്ച ചെയ്യുന്നത്, ഞാന് മുസ്ലിമാണ് എന്ന് ആത്മാര്ഥമായി പ്രഖ്യാപിക്കാന് തയ്യാറുള്ളവരെ കുറിച്ചാണ്. അങ്ങിനെ ഒരാള് പ്രഖ്യാപിക്കാന് തയ്യാറായാല് ഏറ്റു പറയുന്ന ശഹാദത്തിനു നമുക്കറിയാവുന്ന പോലെ 2 ഭാഗമുണ്ട്, അതിലൊന്ന്, അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹും ഇല്ല, എന്ന 'അശ്ഹദു അന് ലാ ഇലാഹ ഇല്ലല്ലാഹ്' എന്നും രണ്ടാമത്തെ ഭാഗം മുഹമ്മദ് (സ) അവന്റെ ദൂതനാണ് എന്ന 'അശ്ഹദു അന്ന മുഹമ്മദന് റസൂലുല്ലാഹ്' എന്നുമാണ്. എന്നാല് ഇവിടെയാണ്, മേല് പറഞ്ഞ വിഭാഗങ്ങള്ക്ക് പിഴച്ചത്. കേവലം അദ്ദേഹം പ്രവാചകനാണ് എന്ന് പറയുക എന്നതല്ല, ശഹാദയുടെ രണ്ടാം ഭാഗം കൊണ്ട് ഉദ്ദേശം, മറിച്ചു ആ പ്രവാചകന് നമ്മോടു പറഞ്ഞത് മുഴുവന് ഞങ്ങള് കേട്ടു, അനുസരിച്ചു എന്ന് സാക്ഷ്യപ്പെടുത്തലാണ് അത് കോണ്ടുദ്ദേശിക്കുന്നത്. അല്ലാഹു സൂറത്ത് ന്നിസാഇലെ 64 ആം വചനത്തില് അത് കൃത്യമായി പറയുന്നത് കാണുക.
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ
(''അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന് വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല'').
ഒരാള് മുസ്ലിമായി ജീവിക്കാന് അറബി അറിയാവുന്നവര്ക്കോ അറബി അറിയാത്തവര്ക്ക് നിഘണ്ടുവിന്റെ സഹായത്തോടെയോ കേവലം ഖുര്ആന് വായിച്ചു അര്ത്ഥം പഠിച്ചത് കൊണ്ട് കഴിയില്ല, മറിച്ചു മുസ്ലിമാണെന്ന് പ്രഖ്യാപിച്ച ഒരാള് വെച്ച് പുലര്ത്തേണ്ട വിശ്വാസവും അനുഷ്ടിക്കേണ്ട കര്മങ്ങളും, പ്രവാചകന് വാക്കിലൂടെയോ, പ്രവര്ത്തിയിലൂടെയോ, സമ്മതത്തിലൂടെയോ എങ്ങിനെ കാണിച്ചുവോ, അതനുസരിച്ചെങ്കില് മാത്രമേ കഴിയൂ. കാരണം, അല്ലാഹു മാനവരാശിക്ക് മുഴുവന് മാര്ഗ ദീപകമായി അവതരിപ്പിച്ച ഖുര്ആന് ഇറക്കപ്പെട്ടത് നമുക്കാര്ക്കുമല്ല, പ്രവാചകനു മാത്രമാണ്. അല്ലാഹു അത് പ്രവാചകന് വിശദീകരിക്കുകയും, അദ്ദേഹം ജനങ്ങള്ക്ക് വിവരിച്ചു കൊടുക്കുകയുമാണ് ചെയ്തത്. അല്ലാഹു തന്നെ അത് പറയുന്നത് കാണുക:
﴾وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ﴿٤٤
(നിനക്ക് നാം ഉല്ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്ക്ക് വിവരിച്ചുകൊടുക്കാന് വേണ്ടിയും, അവര് ചിന്തിക്കാന് വേണ്ടിയും.---അന്നഹ്ല് :44) മറ്റൊരിടത്ത് അല്ലാഹു വീണ്ടും ആവര്ത്തിക്കുന്നു:
﴾وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙوَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ﴿٦٤
(അവര് ഏതൊരു കാര്യത്തില് ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്ക്ക് വ്യക്തമാക്കികൊടുക്കുവാന് വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്ക്ക് മാര്ഗദര്ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്...അന്നഹ്ല് :64)
മേല് പറഞ്ഞ വിവരിച്ചു കൊടുക്കപ്പെടേണ്ടവരില് അവസാന മനുഷ്യര് വരെ പെടുമെല്ലോ?, ഇല്ലെങ്കില്, സല്കര്മങ്ങള് അനുഷ്ടിക്കാതെ, തെറ്റുകള് ചെയ്തു കൂട്ടുന്നവര്ക്ക് അല്ലാഹുവിന്റെ ശിക്ഷയില് നിന്ന് രക്ഷപ്പെടാന് അത് മാത്രം ഒരു ഒഴിവു കഴിവാകുമെല്ലോ? എങ്കില് എങ്ങിനെയാണ് ആ വിവരിച്ചു കൊടുക്കല് അല്ലാഹു നിര്വഹിച്ചത്?. ഖുര്ആനില് പ്രവാചകന് ചെയ്ത കര്മങ്ങളുടെ വിവരണമോ, വിശ്വാസവും അനുഷ്ടാനങ്ങളും സംബന്ധമായി പ്രവാചകന്റെ വിശദീകരണമോ ഒന്നുമില്ലാ എന്നിരിക്കെ പിന്നെങ്ങിനെയാകും പ്രവാചകന് വിവരിച്ചതും കാണിച്ചതും അവസാനത്തെ മനുഷ്യനടക്കം ലഭിക്കുക?. ഖുര്ആനില് അത് കൂട്ടിച്ചേര്ക്കുക അസാധ്യമാണ് എന്നിരിക്കെ, പ്രവാചകന്റെ പ്രവര്ത്തികളും നിര്ദ്ദേശങ്ങളും അന്ത്യ നാള് വരെയുള്ളവര്ക്ക് ഏതെങ്കിലും രൂപത്തില് ലഭ്യമാകുക എന്നത് മാത്രമാണ് അവശേഷിക്കുന്നത്. അതാണ് ഹദീസ് എന്ന രൂപത്തില് അല്ലാഹു നമുക്ക് മുന്നില് അവശേഷിപ്പിച്ചിരിക്കുന്നത്. ആ കൂട്ടത്തില് അല്ലാഹു ഖുര്ആനിലൂടെ നല്കിയ നിര്ദ്ദേശങ്ങള് പ്രാവര്ത്തികമാക്കിയ പ്രവാചകന്റെ മാതൃകയും, അവിടുത്തോട്, ഖുര്ആനിലൂടെ അല്ലാതെ, വഹ്യ്യിലൂടെ നല്കിയ നിര്ദ്ദേശത്തിന്റെ അടിസ്ഥാനത്തില് പ്രവര്ത്തിച്ചതും, കല്പിച്ചതും, അനുവദിച്ചതും, വിരോധിച്ചതും എല്ലാം അടങ്ങിയിട്ടുണ്ട്.
മാത്രമല്ല, മുസ്ലിമായി ജീവിക്കാന് കേവലം ഖുര്ആന് മതിയായിരുന്നെങ്കില്, അല്ലാഹു അവസാന കാലം വരെ മാറ്റത്തിരുത്തലുകള്ക്ക് വിധേയമാക്കാതെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത ഖുര്ആന് നിലനില്ക്കെ തന്നെ, ഒരാള് യഥാര്ത്ഥ മുസ്ലിമാകാന് നിബന്ധനയായി പ്രവാചകനെ അനുസരിക്കേണ്ടതാണെന്നും, അഭിപ്രായ വെത്യാസമുണ്ടാകുന്ന വിഷയത്തിലും പ്രവാചകന്റെ വിധിയുള്ള വിഷയത്തിലും പ്രവാചകനെ അനുസരിക്കാതെ വേറിട്ട നിലപാട് സ്വീകരിക്കുന്നവര് വഴികെടിലാണെന്നും പറയുമായിരുന്നില്ല. കാരണം പ്രവാചകനെ അനുസരിക്കണമെങ്കിലും പ്രവാചകന് വിധിച്ചത് എന്താണെന്ന് അറിയണമെങ്കിലും, പ്രവാചകനു ശേഷം വഹ്യ്യ് ഇല്ലാ എന്നിരിക്കെ, സത്യ സന്ധമായ ഒരു രേഖ നിര്ബന്ധമായും ഉണ്ടാകല് അനിവാര്യമാണ്. യഥാര്ഥത്തില് ഹദീസ് നിദാന ശാസ്ത്രത്തിലൂടെ സ്ഫുടം ചെയ്തെടുക്കപ്പെട്ട സ്വഹീഹായ ഹദീസുകള് നിര്വഹിക്കുന്ന ദൌത്യം അതാണ്. അതാകട്ടെ, അല്ലാഹുവിന്റെ ഒരു അനുഗ്രഹവും ഹിക്മത്തുമാണ്. ഇത് മനസ്സാ വാചാ കര്മ്മണാ അംഗീകരിക്കാത്തവര് ശഹാദത്തിന്റെ രണ്ടാം ഭാഗം അമ്ഗീകരിക്കാത്തവരാണ് എന്ന് പറയുന്നത് മേല് വിവരിക്കപെട്ട കാരണങ്ങളാലാണ്. അതിനുള്ള ഖുര്ആനില് നിന്നുള്ള തെളിവ്, അല്ലാഹു തന്നെ പറയുന്നത് കാണുക:
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا
(ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്ക്കിടയില് ഭിന്നതയുണ്ടായ കാര്യത്തില് അവര് നിന്നെ വിധികര്ത്താവാക്കുകയും, നീ വിധികല്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില് ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര് വിശ്വാസികളാവുകയില്ല.) : സൂറത്ത് ന്നിസാഉ -65.
ഒരു വിഷയത്തില് അഭിപ്രായം പറയേണ്ടത് അക്കാര്യത്തില് അല്ലാഹുവും അവന്റെ പ്രവാചകനും എന്ത് വിധിച്ചിരിക്കുന്നു എന്ന് നോക്കിയാകണം, അല്ലാതിരുന്നാല് അത് ഇസ്ലാമിന്റെ വൃത്തത്തിനു പുറത്താണ് എന്നത് ഈ സൂക്തം നമുക്ക് വിവരിച്ചു തരുന്നു. മാത്രമല്ല, ഇസ്ലാമിക വിശ്വാസങ്ങളിലും അനുഷ്ടാന കര്മ്മങ്ങളിലും മാത്രമല്ല, മുസ്ലിമായ ഓരോരുത്തരുടെയും ജീവിത കാര്യങ്ങളിലും മറ്റു മേഖലകളില് പോലും, അല്ലാഹുവോ പ്രവാചകനോ ഒരു തീരുമാനമെടുത്താല് അതിനു വിപരീതമായി, ദേഹേച്ചക്ക് അനുസരിച്ചു തീരുമാനമെടുക്കാന് പാടില്ല എന്ന് കൂടി വിശുദ്ധ ഖുര്ആനിലൂടെ അല്ലാഹു നമ്മെ താക്കീതു ചെയ്യുന്നത് കാണാം.
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ﴿٣٦
(അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില് തീരുമാനമെടുത്ത് കഴിഞ്ഞാല് സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന് വ്യക്തമായ നിലയില് വഴിപിഴച്ചു പോയിരിക്കുന്നു. സൂറത്ത് അഹ്സാബ് :36)
മേല് വിവരിക്കപ്പെട്ട രണ്ടു ആയത്തുകളിലും പ്രതിപാദിച്ച പ്രവാചകനെ അനുസരിക്കുകയും പ്രവാചകന്റെ വിധി സ്വീകരിക്കുകയും ചെയ്യണമെങ്കില് നമ്മുടെ ദൈനം ദിന കാര്യങ്ങളില് അല്ലാഹുവിന്റെ പ്രവാചകന്റെ കല്പന എന്തായിരുന്നു എന്നതിനു ഒരു പ്രമാണം ഉണ്ടാകുക എന്നത് നിര്ബന്ധമാണെന്ന് ഏതൊരു യുക്തിവാദിയും സമ്മതിക്കേണ്ടി വരുമെല്ലോ. ഒരു അനുസരണക്കേടിനോ ധിക്കാരത്തിനോ ഒരാളെ ശിക്ഷിക്കണമെങ്കില് അനുസരിക്കെണ്ടതും, സ്വീകരിക്കേണ്ടതും എന്താണെന്ന് ആദ്യം അയാളെ അറിയിക്കല് എന്ന നീതി നടപ്പാക്കെണ്ടതല്ലേ?. ഖുര്ആനില് അല്ലാഹുവിന്റെ പ്രവാചകനെ അനുസരിക്കണം എന്നല്ലാതെ പ്രവാചകന് വിധിച്ചതോ കല്പിച്ചതോ പൂര്ണമായി വായിച്ചെടുക്കാന് ഒരാള്ക്കും കഴിയില്ല. എന്ന് മാത്രമല്ല, ഇസ്ലാമിക നിര്ബന്ധ കര്മങ്ങളെ കുറിച്ച് പോലും വ്യെക്തമായ തുടക്കം മുതല് ഒടുക്കം വരെയുള്ള വിവരണങ്ങള് ലഭിക്കില്ല. എന്തിനേറെ, ഖുര്ആന് മാത്രം ആധാരമാക്കുന്ന ഒരാള്ക്ക് മത്സ്യ ഭക്ഷണം പോലും ഉപേക്ഷിക്കേണ്ടി വരും. കാരണം ഭക്ഷണത്തിന്നായി നാം ഉപയോഗിക്കുന്ന ജീവികളില് അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു അറുക്കപ്പെട്ടതല്ലാത്തതെല്ലാം നിഷിദ്ധമാണെന്ന്, അല് ബകറ സൂറത്തിലെ 173, സൂറത്ത് മാഇദയിലെ 3 ആമത്തെ ആയത്ത്, സൂറത്ത് അന്നഹ്ലിന്റെ 115 ആമത്തെ ആയത്ത് കട്ടായമായി പറയുന്നു. ഈ ഖുര്ആന് വചനം നിലനില്ക്കെ ജീവനുള്ള ചെറുതും വലുതുമായ മത്സ്യങ്ങളെ ബിസ്മി ചൊല്ലി അറുക്കാതെ ഭക്ഷിക്കാന് പോലും കഴിയില്ലല്ലോ?. അപ്പോള് ഹദീസ് നിഷേധികളായ ഇത്തരക്കാര് എന്തടിസ്ഥാനത്തിലാണ് മത്സ്യ ഭക്ഷണം കഴിക്കുന്നത്?. ഒന്നുകില് അവര് മത്സ്യം ഇതില് നിന്നോഴിവാണ് എന്നതിന് ഹദീസ് സ്വീകരിക്കേണ്ടി വരും. അല്ലെങ്കില് അത്തരം കാര്യങ്ങളില് ഒന്നും അല്ലാഹുവിനോ അവന്റെ കല്പനകള്ക്കോ ഒരു സ്ഥാനവുമില്ല എന്ന് പ്രഖ്യാപിക്കേണ്ടി വരും. സത്യത്തില് പരോക്ഷമായി ഇന്നവര് ചെയ്തു കൊണ്ടിരിക്കുന്നത് അതാണ് താനും.
എന്നാല് അവിടെയാണ് വഹ്യ്യിന്റെ അടിസ്ഥാനത്തില് മാത്രം ദീന് കാര്യങ്ങള് സംസാരിക്കുന്ന പ്രവാചകന്റെ കല്പനയും തീരുമാനങ്ങളും എന്താണെന്ന് സത്യസന്ധമായി നിലനില്ക്കപ്പെടെണ്ടതിന്റെ ആവശ്യകത ഉടലെടുക്കുന്നത്. അതാണ് സ്വഹീഹായ ഹദീസിന്റെ സംരക്ഷണത്തിലൂടെ അല്ലാഹു തന്റെ നീതി നടപ്പാക്കിയെന്ന് സത്യവിശ്വാസികള് ഉറച്ചു വിശ്വസിക്കുന്നത്. അല്ലാഹു ഇങ്ങനെ ചെയ്യുന്നതാകട്ടെ, ഓരോ വിഷയത്തിലും പ്രവാചകന്റെ മാതൃക എങ്ങിനെയായിരുന്നു എന്ന് മുന്നറിയിപ്പ് നല്കി, അതിനെതിരായി വാദിക്കുന്നവരെയും നിലയുറപ്പിച്ചവരെയും നാളെ പരലോകത്ത് ശിക്ഷിക്കുമ്പോള് അല്ലാഹുവിന്റെയടുത്തു അവര്ക്കൊരു ന്യായവും ഇല്ലാതിരിക്കാന് വേണ്ടിയാണ്. അല്ലാഹു തന്നെ അത് പറയുന്നത് കാണുക:
رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّسُلِ ۚ وَكَانَ اللَّـهُ عَزِيزًا حَكِيمًا ﴿١٦٥
(സന്തോഷവാര്ത്ത അറിയിക്കുന്നവരും, താക്കീത് നല്കുന്നവരുമായ ദൂതന്മാരായിരുന്നു അവര്. ആ ദൂതന്മാര്ക്ക് ശേഷം ജനങ്ങള്ക്ക് അല്ലാഹുവിനെതിരില് ഒരു ന്യായവും ഇല്ലാതിരിക്കാന് വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു...അന്നിസാഉ :165)
ചുരുക്കത്തില് പ്രവാചകന്റെ ഇസ്ലാമിക കര്മങ്ങളുടെ പൂര്ണ രൂപവും, ജീവിതത്തിന്റെ വിവധ മേഖലകളില് ഭിന്ന വിഷയങ്ങളിലെ നിലപാടുകളും കല്പനകളും അന്ത്യനാള് വരെ കുറ്റമറ്റ രീതിയില് സത്യസന്ധമായി അന്വേഷിക്കുന്നവര്ക്ക് ലഭ്യമാക്കുക എന്നത് നീതിമാനായ അല്ലാഹുവിന്റെ ഒരു സുന്നത്താണ്. അതാണ് സ്വഹീഹായ ഹദീസുകളിലൂടെ നിര്വഹിക്കപ്പെടുന്നതും. ഇനി പരിശോധിക്കാനുള്ളത് ഹദീസ് നിഷേധികള് ജല്പിക്കുന്ന ഹദീസുകളുടെയും അവരുടെ ആരോപണങ്ങളുടെയും നിച സ്ഥിതിയാണ്.
മേല് വിവരിക്കപ്പെട്ട വസ്തുതകള് മനസ്സില് വെച്ച് കൊണ്ട് സത്യസന്ധമായി പ്രമാണങ്ങളെ പരിശോദിച്ചാല് ഇവരുടെ വാദങ്ങള് ഒന്നും നിലനില്ക്കത്തക്കതല്ല എന്നെളുപ്പം മനസ്സിലാക്കാം. റജ്മിന്റെ ഹദീസ് അനേകം സ്വഹാബാക്കളിലൂടെ സ്വഹീഹായി വന്നതാണ്. പിന്നെ, ശത്രുക്കള് ആരോപിക്കും പോലെ, വിവാഹം കഴിച്ച വ്യെഭിചാരികളെ എറിഞ്ഞു കൊല്ലണം എന്ന ആയത്ത് ഖുര്ആന് ക്രോഡീകരണ സമയത്ത് വിട്ടു പോയതാണ് എന്ന് ബുഖാരി (റ) പറഞ്ഞിട്ടില്ല. മറിച്ചു അതിന്റെ പാരായണം മന്സൂഖ് (ദുര്ബലപ്പെടുക) ചെയ്യപ്പെട്ടു എന്നതാണ് വസ്തുത. അതും എത്രയോ സ്വഹാബികളില് നിന്ന് ഉദ്ധരിക്കപ്പെട്ടതാണ്. ഇനി അല്ലാഹു ഇറക്കിയ ആയത്തുകള് അവന് തന്നെ ദുര്ബലപ്പെടുത്തുമോ എന്നു പൊട്ടയുക്തിയില് നിന്ന് ചോദ്യം ഉയരുന്നെങ്കില് അല്ലാഹു തന്നെ ഖുര്ആനിലൂടെ അതിനു മറുപടി നല്കുന്നുണ്ട്. അതിങ്ങനെയാണ്:
مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا ۗ أَلَمْ تَعْلَمْ أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٠٦
(വല്ല ആയത്തും നാം ദുര്ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില് പകരം അതിനേക്കാള് ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?...അല് ബകറ:106). വികല വാദങ്ങളുമായി വരുന്നവര് ഇനി അല് ബകറ സൂറത്തിലെ പ്രത്യുത ആയത്തും ഖുര്ആനില് കടത്തികൂട്ടിയതാണെന്ന് പറഞ്ഞെക്കുമോ എന്നാണറിയേണ്ടത്. ഒരു നിയമം ഖുര്ആനില് ഇല്ല എന്ന് വെച്ച് അത് നിലനില്ക്കുന്നതല്ല എന്ന വാദം ഇസ്ലാമിലെ രണ്ടാം ശഹാദ അംഗീകരിക്കുന്നവര്ക്ക് യോചിച്ചതല്ല എന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇനി ഖുര്ആനില് ഇല്ലാത്തത് കൊണ്ടാണ് ഹദീസ് തള്ളുന്നത് എങ്കില് ഖുര്ആനില് വ്യെക്തമായി പറഞ്ഞ ശവം ശ്വാസം മുട്ടി ചത്തത്, അല്ലാഹുവിന്റെ പേരില് അല്ലാതെ അറുക്കപ്പെട്ടതു എന്നിവ നിങ്ങള്ക്ക് നിഷിദ്ധമാണ് എന്നതിനാല് ചെറുതും വലുതുമായ മത്സ്യങ്ങളെ ഇത്തരക്കാര് ഭക്ഷിക്കാറില്ലേ?, അല്ലാഹു വളരെ ഗൌവരത്തോട് കൂടി താക്കീത് ചെയ്യുന്നത് കാണുക:
حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّـهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَن تَسْتَقْسِمُوا بِالْأَزْلَامِ ۚ ذَٰلِكُمْ فِسْقٌ ۗ
(ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില് അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു . എന്നാല് (ജീവനോടെ) നിങ്ങള് അറുത്തത് ഇതില് നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്ക്കുമുമ്പില് ബലിയര്പ്പിക്കപ്പെട്ടതും (നിങ്ങള്ക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു .) അതൊക്കെ അധര്മ്മമാകുന്നു. ...അല് മാഇദ:3)
ഈ ആയത്ത് പ്രകാരം മത്സ്യം കഴിക്കല് നമുക്ക് നിഷിദ്ധമാണ് എന്ന് വരില്ലേ?. കാരണം മത്സ്യം ശ്വാസം മുട്ടിയാണ് ചാകുന്നത്, അത് ശവമാണ്, മാത്രമല്ല, പലപ്പോഴും പാചകം ചെയ്യുമ്പോള് രക്തം കലരുകയും ചെയ്യുന്നു. ഭക്ഷിക്കുന്നുവെങ്കില് അതിനു തെളിവായി ഏതു ഖുര്ആനിക വചനങ്ങളാണ് ഉദ്ധരിക്കാനുള്ളത്?. അപ്പോള് മത്സ്യം കഴിക്കുന്ന ഈ പൊട്ട യുക്തിയുടെ ഉടമകള്ക്കടക്കം ഒന്നുകില് അതില് നിന്ന് മത്സ്യം ഒഴിവാണ് എന്ന, ഖുര്ആനിന് എതിരായ (?) ഹദീസ് സ്വീകരിക്കേണ്ടി വരുന്നു, അല്ലെങ്കില് അല്ലാഹുവിന്റെ കല്പനക്ക് നിത്യേന എതിര് പ്രവര്ത്തിക്കുന്നു എന്ന് പറയേണ്ടി വരും. അപ്പോള് സ്വേച്ചക്ക് അനുസരിച്ചാണ് ഹദീസ് എങ്കില് അത് സ്വീകരിക്കുകയും സ്വേച്ചക്ക് എതിരായവ നിരാകരിക്കുകയും ചെയ്യുക എന്ന മിനിമം പരിപാടിയാണ് ഇത്തരം വക്ര ബുദ്ധികള്ക്ക് ഉള്ളത്.
വ്യെഭിചരിച്ച വിവാഹിതര്ക്കും അവിവാഹിതര്ക്കും ഇസ്ലാമില് ഒരേ ശിക്ഷയല്ല ഉള്ളത്, അതാണെല്ലോ നീതിയും. സൂറത്ത് ന്നൂറിലെ രണ്ടാമത്തെ ആയത്തില് പ്രതിപാദിക്കുന്നത് അവിവാഹിതരുടെ വ്യെഭിചാരത്തിനു നല്കേണ്ട ശിക്ഷയെ കുറിച്ചാണ്.
الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ﴿٢
''വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്മാരില് ഓരോരുത്തരെയും നിങ്ങള് നൂറ് അടി അടിക്കുക. നിങ്ങള് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില് അല്ലാഹുവിന്റെ മതനിയമത്തില് (അത് നടപ്പാക്കുന്ന വിഷയത്തില്) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില് നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ..24:2)
ഇതില് വിവാഹിതര് എന്ന് പറഞ്ഞിട്ടില്ല, എന്നാല് വിവാഹിതരായവര്ക്കുള്ള ശിക്ഷ പ്രവാചകന് നടപ്പാക്കിയ എറിഞ്ഞു കൊല്ലല് എണ്ണമറ്റ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതുമാണ്. വിവാഹിതരായ വ്യെഭിചാരികളെ എറിഞ്ഞു കൊല്ലണം എന്ന് പറയുന്ന ഹദീസ് ഖുര്ആനു എതിരാണെന്ന് വരുത്തി തീര്ക്കാന് നടത്തുന്ന ചിത്രമായ മറ്റൊരു കൈക്രിയയാണ്, സൂറത്ത് ന്നിസാഇലെ 25 ആമത്തെ ആയത്ത് സ്വഹീഹായ ഹദീസുകളെ തകര്ക്കുന്ന വജ്രായുധമാണെന്നത്. സത്യത്തില് ഒരിക്കലും സ്വഹീഹായ ഹദീസുകള് ഖുര്ആനിന് എതിരാകുന്ന പ്രശ്നമില്ല. വിഷയം വക്ര ബുദ്ധി കൊണ്ട് ആയത്തുകളെയും ഹദീസുകളെയും സമീപിക്കുന്നത് മാത്രമാണ്. മേല് പറഞ്ഞ സൂറത്ത് ന്നിസാഇലെ 25 ആമത്തെ ആയത്ത് ഇതാണ്.:
وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ الْمُحْصَنَاتِ الْمُؤْمِنَاتِ فَمِن مَّا مَلَكَتْ أَيْمَانُكُم مِّن فَتَيَاتِكُمُ الْمُؤْمِنَاتِ ۚ وَاللَّـهُ أَعْلَمُ بِإِيمَانِكُم ۚبَعْضُكُم مِّن بَعْضٍ ۚ فَانكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِالْمَعْرُوفِ مُحْصَنَاتٍ غَيْرَ مُسَافِحَاتٍ وَلَا مُتَّخِذَاتِ أَخْدَانٍ ۚ فَإِذَا أُحْصِنَّ فَإِنْ أَتَيْنَ بِفَاحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى الْمُحْصَنَاتِ مِنَ الْعَذَابِ ۚ ذَٰلِكَ لِمَنْ خَشِيَ الْعَنَتَ مِنكُمْ ۚ وَأَن تَصْبِرُوا خَيْرٌ لَّكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٢٥
(നിങ്ങളിലാര്ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന് സാമ്പത്തിക ശേഷിയില്ലെങ്കില് നിങ്ങളുടെ കൈകള് ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില് ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്. നിങ്ങളില് ചിലര് ചിലരില് നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള് വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്ക്ക് നിങ്ങള് നല്കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില് ഏര്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്. അങ്ങനെ അവര് വൈവാഹിക ജീവിതത്തിന്റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര് മ്ലേച്ഛവൃത്തിയില് ഏര്പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്ക്കുള്ളതിന് റെ പകുതി ശിക്ഷ അവര്ക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തില് (വിവാഹം കഴിച്ചില്ലെങ്കില്) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്ക്കാകുന്നു അത്. (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല് നിങ്ങള് ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്ക്ക് കൂടുതല് ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.)
ഈ ആയത്തിന്റെ അടിസ്ഥാനത്തില് ഇസ്ലാമിക നിയമ പ്രകാരം വിവാഹിതരായ അടിമകള് വ്യെഭിചാരിച്ചാല് അവര്ക്കുള്ള ശിക്ഷ അവിവാഹിതകളായ സ്വതന്ത്രകളുടെ ശിക്ഷയുടെ പകുതിയാണ്. അഥവാ 50 അടിയാണ്. ഇവിടെ ഹദീസ് നിഷേധിക്കാനും യുക്തി സ്ഥാപിക്കാനും ഇവര് ഉപയോഗിച്ച വക്ര ബുദ്ധി 'മുഹ്സനാത്ത്' എന്ന അറബി പദത്തിന്, സ്വതന്ത്രസ്ത്രീകള്, പതിവ്രതകള്' എന്നീ യഥാര്ത്ഥ അര്ത്ഥത്തിനു പകരം. അസ്ഥാനത്ത് 'വിവാഹിതര്' എന്ന് കൊടുക്കുകയാണ് ചെയ്തത്. ആ പദത്തിന് അങ്ങിനെ വിവാഹിതര് എന്നര്ത്ഥം ഉണ്ടെങ്കിലും സന്ദര്ഭത്തിന് ചേരാത്ത, പ്രവാചകന് മനസ്സിലാക്കാത്ത അര്ത്ഥകല്പന നല്കി അല്ലാഹുവിനോടും പ്രവാചകനോടും അതിക്രമം കാണിക്കുകയാണിവര് ചെയ്തിരിക്കുന്നത്. അടിമകള്ക്ക്, വസ്ത്ര ധാരണ യുടെ വിഷയത്തില് അടക്കം ഇസ്ലാം പല വിഷയങ്ങളിലും ഇളവ് നല്കിയത് ശ്രദ്ധേയമാണ്. അതിനു കാരണം അവര് സ്വതന്ത്രരല്ല എന്നത് തന്നെയാണ് കാരണം. അത് തന്നെയാണ് വ്യെഭിചാര വിഷയത്തിലും അവര്ക്ക് ശിക്ഷായിളവ് അല്ലാഹു നല്കിയത്. അത് പോലെ തന്നെ വിവാഹിതര്ക്കും അവിവാഹിതര്ക്കും വ്യെഭിചാരത്തിനു ഒരേ ശിക്ഷയെന്നതും നീതിയല്ലെല്ലോ?. വിശക്കുന്നവന് വിശപ്പടക്കാന് മാത്രം അന്യരുടെ തോട്ടത്തില് നിന്നെടുത്ത് ഭക്ഷിച്ചാല് അതില് ശിക്ഷയില്ല എന്നത് എല്ലാത്തിലും അല്ലാഹു തന്റെ നീതി പൂര്ത്തിയക്കുന്നുണ്ട് എന്നത് തെളിയിക്കുകയാണ്. അത് തന്നെയാണ് വിവാഹിതരുടെയും അവിവാഹിതരുടെയും വ്യെഭിചാരത്തിനു ശിക്ഷയില് വെത്യാസം ഉണ്ടാകാനുള്ള കാരണവും. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച ഈ ഖുര്ആന് അവതരിപ്പിക്കപ്പെട്ട പ്രവാചകന് മനസ്സിലാക്കിയതിനപ്പുറം വ്യാഖ്യാനിച്ചു, പ്രവാചകന് ചെയ്തെന്നു, ഉറപ്പായ ഒരു കാര്യത്തെ ഖുര്ആനിക വിരുദ്ധമാക്കുക വഴി പ്രവാചകത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതില് ഇവരെത്തി നില്കുന്നു എന്നത് നമ്മള് തിരിച്ചറിയേണ്ടത്.
അത് പോലെ മിഅറാജ് നിഷേധിക്കുന്നവര് ആ രാത്രിയിലെ മൂസാ നബി (അ) യുമായി നിസ്കാര വിഷയത്തില് നടന്ന സംഭവം എടുത്തു കാണിച്ചു, സ്വഹീഹായ ഹദീസ് സ്വീകരിച്ചാല്, അല്ലാഹുവിനെയും പ്രവാചകനെയും ബുദ്ധിയില്ലാത്തവരെന്നു വിശ്വസിക്കേണ്ടി വരുമെന്ന് (അല്ലാഹുവില് അഭയം!) ആരോപിക്കുന്നവര്, പ്രസ്തുത ആരോപണത്തിനു ,അവര്ക്ക് അയുക്തി എന്ന് തോന്നിയത് മാത്രമാണ് മാനദണ്ഡമാക്കുന്നത്. അത്തരം വീക്ഷണ കോണിലൂടെ നോക്കുകയാണെങ്കില് ഖുര്ആനിലെ എത്രയോ ആയത്തുകള് ഇവര് തള്ളേണ്ടതായി വരും. സൂറത്ത് ഇസ്രാഇലെ ആദ്യ വചനം തന്നെ ഒരു രാത്രിയില് മക്കയില് നിന്ന് ഫലസ്തീനിലേക്ക് അഥവാ 2000 കിലോ മീറ്റര് അങ്ങോട്ടും തിരിച്ചും യാത്ര ചെയ്യിച്ചു എന്ന പരാമര്ശം ഇവര് എവിടെയൊളിപ്പിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അവിടെയും തീരുന്നില്ല, ഈസ (അ) യെ അവര് (യഹൂദര്) ക്രൂശിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല, മറിച്ചു നമ്മിലേക്ക് ഉയര്ത്തുകയാണ് ഉണ്ടായത് എന്ന സൂറത്ത് ന്നിസാഇലെ 158 ആമത്തെ ആയത്തും ഇവര് അബൂ ഹുറൈറ (ര) യും ഇമാം ബുഖാരി (റ)യും കടത്തി കൂട്ടിയതാണ് എന്ന് പറഞ്ഞെക്കുമോ?. അതിലെല്ലാം അടങ്ങിയ യുക്തി സമ്മതിക്കുന്ന ഒരാള്ക്ക്, ഒരു ജനതയോട് മുന്പ് പ്രബോധനം ചെയ്ത പ്രവാചകന് അഥവാ മൂസ (അ)മിന് ജനങ്ങള്ക്ക് എന്തൊക്കെ ഇടുക്കമുണ്ടാകും എന്ന് മറ്റൊരു പ്രവാചകനോട് സൂചിപ്പിക്കുന്നതില് അപാകത ദര്ശിക്കാനാകില്ല. അല്ലാഹു അതിലുദ്ധേശിച്ച യുക്തിയെന്തെന്നു അറിയുന്നവന് അല്ലാഹു മാത്രമാണ്.
ഇതേ അവസ്ഥയാണ് സിഹിറിന്റെ ഹദീസിന്റെ വിഷയത്തിലുമുള്ളത്. പ്രവാചകന്റെ ദഅവത്തു, വിശിഷ്യാ ഖുര്ആനിന്റെ മാസ്മരികതയില് മുഷിരിക്കുകളായ പലരും ആകൃഷ്ടരാകുന്നു എന്ന് തിരിച്ചറിഞ്ഞ മക്കാ മുഷിരിക്കുകള് പ്രവാചകന്റെ അധ്യാപനങ്ങള്ക്ക് ജനങ്ങള് ചെവി കൊടുക്കാതിരിക്കാന് പ്രവാചകന് ഭ്രാന്തനാണ് എന്നും മാരണം ബാധിച്ചത് കൊണ്ടാണ് ഇങ്ങനെ വശ്യമായ പാരായണം ചെയ്യുന്നതെന്നും കെട്ടിച്ചമച്ചു പറഞ്ഞതിനെ, ഖുര്ആനിലൂടെ പ്രവാചകന്റെ മക്കാ കാലഘട്ടത്തില് അല്ലാഹു വിമര്ശിച്ചതിനെ, വര്ഷങ്ങള്ക്ക് ശേഷം മദീനത്ത് വെച്ച് ഒരു ജൂതന് ചെയ്ത സിഹിര് മുഖേനയുണ്ടായ കേവല ഉപദ്രവത്തെ കുറിച്ചാണ് എന്ന് പറയുന്നത്. മക്കയിലെ അബൂ ജഹലിനും കൂട്ടര്ക്കും പ്രവാചകന് വര്ഷങ്ങള് കഴിഞ്ഞു സംഭവിക്കാനിരിക്കുന്ന ഉപദ്രവം മുന്കൂട്ടി അറിയാനുള്ള കഴിവ് ഉണ്ടായത് കൊണ്ടാണെന്ന് പറയുന്നതിനു തുല്യമാണ്.
അത് പോലെ മൂസാ (അ) യെ പ്രവാച്ചകനെക്കാള് ഉല്കൃഷ്ടനാക്കിയ ഹദീസ് ജൂത സൃഷ്ടിയാണെന്ന് പറയുന്നവര് സൂറത്ത് ബകറ ജൂത സൃഷ്ടിയാണെന്ന് പറയേണ്ടിവരും. കാരണം, അബൂ ഹുറൈറ (റ) യുടെ ഹദീസില് മൂസ (അ) എന്ന പ്രവാചകനെയാണ് ഉല്കൃഷ്ടനാക്കിയതെങ്കില് അല് ബകറ 47 ആമത്തെ ആയത്തില് ഇസ്രായേല് സന്തതികളെ ലോകത്തെ മറ്റെല്ലാവരെക്കാളും ഉല്കൃഷ്ടരാക്കി എന്ന് പറയുന്നു.!..അതിങ്ങനെ വായിക്കാം....
﴾يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ﴿٤٧
(ഇസ്രായീല് സന്തതികളേ, നിങ്ങള്ക്ക് ഞാന് ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാള് നിങ്ങള്ക്ക് ഞാന് ശ്രേഷ്ഠത നല്കിയതും നിങ്ങള് ഓര്ക്കുക.)
ഹദീസ് നിഷേധികള് പിടി കൂടുന്ന മറ്റൊരു ഹദീസ് മൂസാ (അ) അടുത്തു മനുഷ്യരൂപത്തില് വന്ന മലക്കുല് മൌത്തിന്റെ കണ്ണടിച്ചു പൊട്ടിച്ചു എന്ന ഹദീസ് ആണ്. പൂര്ണ ആരോഗ്യത്തോടെ വീട്ടിനുള്ളില് ഇരിക്കുന്ന ഒരാളോട്, അനുവാദം ചോദിക്കാതെ ഉള്ളില് കടന്നു കയറി, നിങ്ങളെ മരിപ്പിക്കാന് ആണ് ഞാന് വന്നതെന്ന് പറഞ്ഞാല് ഏതൊരു മനുഷ്യനും നടത്തുന്ന സ്വാഭാവിക പ്രതികരണം, മനുഷ്യ രൂപത്തില് വന്ന മലക്കിനെ തിരിച്ചറിയാതെ, മൂസാ (അ) എന്ന മനുഷ്യനായ പ്രവാചകന് നടത്തിയെന്നത് കൊണ്ട് ഹദീസ് സ്വീകരിക്കാന് വൈമുഖ്യം കാണിക്കുന്നവരും, പ്രവാചകന് മരിച്ചു 200 വര്ഷം കഴിഞ്ഞു ഖുറാസാനില് ഇരുന്നു ഹദീസുകള് പടച്ചുണ്ടാക്കി എന്നാരോപിക്കുന്നവരും സൂറത്തു ബകറ യിലെ 73 ആമത്തെ വചനത്തില് പശുവിനെ അറുത്തു അതിന്റെ അല്പ ഭാഗം കൊണ്ട് മൃതദേഹത്തില് അടിച്ചപ്പോള് മരിച്ചയാള്ക്ക് ജീവന് തിരിച്ചു കിട്ടിയതിനെ എങ്ങിനെയാണ് ഉള്ക്കൊള്ളുക?. ഇനി ഈ ഖുര്ആനും അങ്ങിനെ ഖുറാസാനില് ഇരുന്നു പടച്ചുണ്ടാക്കിയതാണ് എന്ന് പറഞ്ഞെക്കുമോ?, അല്ലാഹുവില് അഭയം!.
മറ്റൊരു വലിയ കണ്ടു പിടുത്തം ജൂതന് മാരുടെ ശത്രുവായിരുന്ന ഈസ (അ) എല്ലാ നമസ്കാരത്തിലും പെരുങ്കള്ളനായ ഈസ എന്ന് പറയിപ്പിക്കുന്നു, അതും ജൂതന്മാരുടെ കെണിയില് പെട്ടത് കൊണ്ടാണ് എന്നാണു. സത്യത്തില് മസീഹ് എന്നല്ല, ഈസ എന്നാണു നബിയുടെ പേര്. മസീഹ് എന്നത് ചേര്ത്തു പറയുന്നത്, വ്യാപിപ്പിക്കുന്നവന് തുടച്ചു നീക്കുന്നവന് എന്നിങ്ങനെ വിവിധ അര്ത്ഥ തലങ്ങളിലാണ്. എന്നാല് അത്തഹിയ്യാത്തിലെ പ്രാര്ത്ഥനയുടെ അര്ത്ഥമാകട്ടെ, ളലാലത്തിന്റെ മസീഹായ ദജ്ജാലിന്റെ പരീക്ഷണങ്ങളില് നിന്നും അല്ലാഹുവിനോട് കാവല് ചോദിക്കുന്നു എന്നാണു. ഇവിടെ ദജ്ജാല് എന്ന് മാത്രം പറയാതെ, അല് ദജ്ജാല്, അഥവാ ഇംഗ്ലീഷില് വിശേഷണസൂചക പദമായ 'ദി' എന്ന് ചേര്ത്തി ദജ്ജാലിനെ പറയുകയും, അതിന്റെ വ്യാപ്തി സൂചിപ്പിക്കാന് മസീഹ് എന്ന് ചേര്ക്കുകയുമാണ് ചെയ്തത് എന്ന് ഭാഷാ ശാസ്ത്രം അറിയാവുന്ന ഏതൊരാള്ക്കും എളുപ്പം മനസ്സിലാക്കാം. ഇവര് കൊടുക്കുന്ന അര്ത്ഥം അഥവാ പെരുങ്കള്ളനായ മസീഹ് എന്നര്ത്ഥം കിട്ടണമെങ്കില് 'ദാജ്ജാലുല് മസീഹ്' എന്നോ 'അല് മസീഹു ദജ്ജാലുന്' എന്നോ ആണ് അറബിയില് പറയേണ്ടത്. എന്നാല്, പെരുങ്കള്ളന് എന്നര്ത്ഥം ഉള്ള 'ദജ്ജാല്' എന്ന നാമത്തോടു വിശേഷണമായി ചേര്ത്ത 'മസീഹ്' എന്നതിനെ നാമമാക്കി, നാമമായ ദജ്ജാലിനെ പെരുങ്കള്ളന് എന്ന വിശേഷണമാക്കി കോട്ടി മാട്ടിയാണ് ഈ ദജ്ജാലുകള് ഹദീസിനെ തള്ളാനും സ്വഹാബികളെയും ബുഖാരി ഇമാമിനെ പോലുള്ള സ്വാലിഹീങ്ങളെയും അപഹസിക്കാനും ആക്രമിക്കാനും തുനിയുന്നത്. സ്വാദിഖ് എന്ന പദത്തിന് സത്യവാന് എന്നര്ത്ഥം ഉണ്ടെന്നു കരുതി, കള്ളനായ സ്വാദിഖ് എന്ന് പേരുള്ളവനെ കുറിച്ച്, കളവു നടത്തിയ സ്വാദിഖെന്നു പറയുന്നതിന് പകരം കളവു നടത്തിയ സത്യവാന് എന്ന് പറയുമ്പോലെ ബാലിശമാണത്. ഇത്തരം ആളുകളുടെ ശര്റില് നിന്ന് അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ...
ചുരുക്കത്തില് പ്രമാനങ്ങളോടുള്ള സമീപനത്തില് മുസ്ലിംകള് എന്ന് അറിയപ്പെടുന്നവര് മൂന്ന് വിധത്തിലാണ്. ഒന്ന് ഖുര്ആനും സ്വഹീഹായ ഹദീസുകളിലും വന്നത് സലഫുകള് എങ്ങിനെ മനസ്സിലാക്കിയോ അതെ രൂപത്തില് മനസ്സിലാക്കുകയും ശാസ്ത്രത്തിനോ തന്റെ യുക്തിക്കോ എതിരായാലും അതിനെ സത്യപ്പെടുത്തുകയും ചെയ്യുന്ന ഫിര്ക്കത്ത് ന്നാജിയ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യഥാര്ത്ഥ അഹല് സ്സുന്നയുടെ ആളുകള്. അവരെ സംബന്ധിച്ച് സ്വഹീഹായി പ്രമാണങ്ങള് കിട്ടിയാല് മറുത്തു ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. രണ്ടാമത്തെ വിഭാഗം പ്രമാണങ്ങള് സ്വഹീഹായി കിട്ടിയാലും, ലോകത്ത് ആരുടെയെങ്കിലും യുക്തിക്ക് അത് നിരക്കാത്തതായി ഉണ്ടോ എന്ന് നോക്കി, പ്രമാണങ്ങളെ തള്ളുന്നവര്. ഇവര് തങ്ങളുടെ ദേഹേച്ചക്കും യുക്തിക്കും എതിരാവാത്ത ഹദീസുകളെ സ്വീകരിക്കുന്നവരും ചിലപ്പോള് ദുര്ബലമായ ഹദീസുകള് പോലും ഇവരുടെ വാദം സ്ഥാപിക്കാനായി കൊണ്ട് വരുന്നതും കാണാം. മൂന്നാമത്തെ വിഭാഗമാകട്ടെ, ഖുര്ആന് അല്ലാതെ മറ്റൊരു പ്രമാണം സ്വീകാര്യമേ അല്ല എന്ന് വാദിക്കുന്നവരാണ്. അവസാനത്തെ രണ്ടു വിഭാഗവും സത്യത്തില് അവരുടെ ഹദീസുകളോട് വെച്ച് പുലര്ത്തുന്ന നിലപാട് അനുസരിച്ച്, ഒന്നുകില് പേരിന്നെങ്കിലും അംഗീകരിക്കുമെന്ന് പറയുന്ന ഖുര്ആന് തള്ളേണ്ടി വരും, അല്ലെങ്കില് അവരുടെ വിതണ്ഡവാദം കയ്യൊഴിക്കേണ്ടി വരും. കാരണം ഖുര്ആന് ഇവര് പൂര്ണമായി സ്വീകരിക്കുമെന്ന് പറയുമ്പോള് പ്രവാചകനെ അനുസരിക്കാനും പിന്തുടരാനും പറയുകയും അല്ലാഹുവേ കണ്ടുമുട്ടാനും പരലോക വിജയവും ആഗ്രഹിക്കുന്നവര്ക്ക് പ്രവാചകനിലാണ് ഉത്തമ മാതൃക എന്നതും അല്ലാഹു അതേ ഖുര്ആനില് വ്യെക്തമാക്കിയത് ഇവര് അംഗീകരിക്കേണ്ടി വരും. അപ്പോള് പ്രവാചകന്റെ ആ മാതൃകയും നിര്ദ്ദേശവും ഇന്ന് ലഭിക്കാന് സ്വഹീഹായ ഹദീസുകളെ സ്വീകരിക്കാതെ മാര്ഗമില്ലല്ലോ?. അങ്ങിനെ വരുമ്പോള് ഒന്നുകില് ഖുര്ആന് അംഗീകരിക്കുമെന്നു ഇക്കൂട്ടര് പറയുന്നത് ആത്മാര്ത്ഥമായി ആണെങ്കില് സ്വഹീഹായ ഹദീസുകള് സ്വീകരിക്കല് നിര്ബന്ധമായി വരുന്നു. ഇനി, ഹദീസുകളോടുള്ള പുച്ഛം അതിനു സമ്മതിക്കുന്നില്ല എങ്കില് ഖുര്ആനും ഞങ്ങള് പൂര്ണമായി സ്വീകരിക്കില്ല എന്ന് അവര് തുറന്നു പറയേണ്ടി വരും.
ചൊറി പിടിച്ച തങ്ങളുടെ അല്പ ബുദ്ധിയില് തോന്നുന്നതിനനുസരിച്ചു ഇസ്ലാമിക പ്രമാണങ്ങളെ വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില് കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യാന് തുനിയുന്നതു. മുറി വൈദ്യന് ആളെ കൊല്ലുമെന്നു പറയുന്നത് പോലെ അപകടകാരമാണ്. അറബി ഭാഷാ പ്രയോഗം പോലും ശരിയാം വണ്ണം മനസ്സിലാക്കാത്ത പലരും ഇന്ന് ഖുര്ആന് വ്യാഖ്യാനിക്കാനും ഹദീസുകളെ വിമര്ശിക്കാനും ഒരുമ്പെടുന്നത് കാണുമ്പോള് 'അവസാന കാലത്ത് വയറു നിറയെ ഭക്ഷണം കഴിച്ചു, നിവര്ത്തിയിട്ട സോഫകളില് ചാരിയിരുന്നു, ഈ ഹദീസ് സ്വീകാര്യമല്ല, ഈ ഹദീസ് ഞാന് തള്ളുന്നു എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ടാകുമെന്ന പ്രവാചകന്റെ പ്രവചനം പുലര്ന്നതിന്റെ നേര്കാഴ്ചയാണ് സത്യവിശ്വാസികള്ക്ക് നല്കുന്നത്. സംഗീതോപകരണങ്ങള് ഉപയോഗിക്കല് അനുവദനീയമാണ് എന്നതിന് ഖുര്ആനില് തെളിവുണ്ട് എന്നും, ജാഹിലിയ്യ കാലത്തെ മക്കാ മുഷ്രിക്കുകളെ കുറിച്ച് വന്ന ഹദീസ് എടുത്തു സ്വഹാബാക്കള് അതിഥികള് വന്നാല് ഹാര്മോണിയം വായിക്കാറുണ്ടായിരുന്നു എന്നൊക്കെ ഒരു സുല്ലമി തട്ടി വിട്ടത് ഈയടുത്ത ദിവസങ്ങളിലാണെന്നത് കൂടി ഇതോടു കൂടി ചേര്ത്തു വായിക്കേണ്ടതാണ്. മസ്ജിദുല് ഹറമിന്റെ പുനര് നിര്മ്മാണ വേളയില് അബൂ ജാഹിലും കൂട്ടരും പഴയ അതിന്റെ അസ്ഥിവാരത്തില് പൂര്ണമായി പടുത്തുയര്ത്താന്, ഹലാലായ പണം തികയാതെ വന്നപ്പോള് 'ഹിജ്ര് ഇസ്മായില്' എന്ന് ഇന്ന് ആളുകള് പറയുന്ന സ്ഥലം ഇന്ന് കാണുന്നത് പോലെ പുറത്താകുന്ന വിധം പണിതതിനെ പരാമര്ശിക്കുന്ന ഹദീസില് 'ഹിജ്ര് ഇസ്മായില് പുറത്താക്കി' എന്നതിന് അറബിയില് 'വ അഖ്രജ അല് ഹിജ്റ' എന്നു വന്നതിനെ 'വ അഖ്രജ അല് ഹജറ' എന്ന് മനസ്സിലാക്കി, ഒരു 'കല്ലെടുത്ത് പുറത്തിട്ടു'(!) എന്ന് മലയാളത്തില് അര്ത്ഥം കൊടുത്ത 'മഹാ പണ്ഡിതന്'(!) ആണ് ഇദ്ധേഹമെന്നു കൂടി അറിയുമ്പോഴാണ്, ഹദീസ് തള്ളാനും നിഷേധിക്കാനും നടക്കുന്ന ആളുകളുടെ പാണ്ഡിത്യം പോയിട്ട്, ഭാഷാ പരിജ്ഞാനം എത്രയാണെന്ന് നമുക്ക് ബോധ്യപ്പെടുക. ഇത് കൂടാതെ പ്രവാചകന്റെ ജനാസ കുളിപ്പിച്ചത് അവിടുത്തെ ഭാര്യമാരാണ് എന്ന പരമാബദ്ധം കൂടി ഇദ്ദേഹം തന്റെ ഹദീസ് പരിഭാഷയില്, സ്വഹീഹായ ഹദീസിനെ തള്ളി, തട്ടി വിട്ടിട്ടുണ്ട്. അതിനു കാരണം ഹദീസില് വന്ന 'ലവ് ഇസ്തക്ബല്ത്തു മിന് അമ്രീ മസ്തദ്ബര്ത്തു, മാ ഗസിലഹു ഇല്ലാ നിസാഅഹു' എന്ന അറബി പ്രയോഗത്തിന്റെ അര്ത്ഥം പിടികിട്ടാത്തത് കൊണ്ട് 'പ്രവാചകനെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിചിട്ടില്ലാ' (!) എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. യഥാര്ത്ഥത്തില് അതിന്റെ അര്ത്ഥം 'എനിക്ക് ഇപ്പോള് മനസ്സിലായ കാര്യം അപ്പോള് കിട്ടിയിരുന്നെങ്കില്, പ്രവാചകനെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിക്കുമായിരുന്നില്ല' എന്നാണു. ഇതൊക്കെ ഇങ്ങനെ ഇവിടെ എടുത്തു കൊടുക്കാനുള്ള കാരണം 'മഹാ ഹദീസ് പണ്ഡിതന് എന്നും മുഹദ്ദിസ് എന്നും കൊട്ടി ഘോഷിച്ചു ആളുകള് പേറി നടക്കുന്ന ഒരാളിന്റെ അറിവ് എത്രത്തോളമാണെന്ന് നിഷ്പക്ഷ മതികള് മനസ്സിലാക്കാനും അദ്ദേഹത്തിന്റെ ജഹാലത്തില് പെട്ട് പരലോകം നഷ്ടപ്പെടാതിരിക്കാനും മാത്രമാണ്. അല്ലാഹു നമുക്കെല്ലാവര്ക്കും സത്യം മനസ്സിലാക്കി, യഥാര്ത്ഥ അഹല് സ്സുന്നയുടെ കൂടെ എന്നും നിലയുറപ്പിച്ചു വിജയിക്കുന്ന വിഭാഗത്തില് ഉള്പ്പെടാന് തൌഫീക്ക് നല്കട്ടെ... ഇസ്ലാമിക പ്രമാണങ്ങളെ സ്വന്തം യുക്തിക്കനുസരിച്ച് തള്ളുകയും കൊള്ളുകയും ചെയ്യുന്നത് ദേഹേച്ചക്ക് വഴിപ്പെടുകയും, തികഞ്ഞ അഹങ്കാരവും ധിക്കാരവും കൈമുതലായത് കൊണ്ടുമാണ്.
ഒരു സത്യാന്വേഷിക്ക് ഒരു തെളിവ് തന്നെ ധാരാളമാണെങ്കില്, സത്യ നിഷേധികള്ക്ക് ഒരു തെളിവ് നല്കിയാല് അവര് അടുത്തതിലേക്ക് നീങ്ങും. ഒരു വിശദീകരണവും ആവശ്യമില്ലാത്ത വിധം ഖുര്ആനിക വചനങ്ങള് കൊണ്ടും സാമാന്യ ബുദ്ധി കൊണ്ടും, ഹദീസിനെ തള്ളാനും പരിഹസിക്കാനും വ്യെതിയാന കക്ഷികള് കൊണ്ട് വന്ന വാദങ്ങള് ഒന്നും തന്നെ നിലനില്ക്കത്തക്കതല്ല എന്ന് നമുക്ക് മേല് വിവരണത്തില് നിന്ന് മനസ്സിലാകുന്നു. ഇനിയും ദുര്ന്യായങ്ങള് നിരത്തിയും സത്യത്തെ വളച്ചൊടിച്ചും തങ്ങളുടെ വികല വാദത്തില് ഉറച്ചു നില്ക്കാനാണ് താല്പര്യമെങ്കില് സത്യവിശ്വാസികള്ക്ക് കരണീയം സൂറത്ത് അന് ആമിലെ 70 ആം വചനത്തിന്റെ ആദ്യ ഭാഗമാണ്.
وَذَرِ الَّذِينَ اتَّخَذُوا دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ الْحَيَاةُ الدُّنْيَا ۚ
''തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക''. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കി, സത്യത്തോടൊപ്പം എന്നെന്നും നിലയുറപ്പിക്കാന് തൌഫീക്ക് നല്കട്ടെ..ആമീന്.
No comments:
Post a Comment