Sunday, May 15, 2016

കണ്ണേര്‍ : സുല്ലമി ഖുര്‍ആനിനും ഹദീസിനുമെതിരെ......




''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!'' (സൂറത്തു നിസാ 115 )

''അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' (അഹ്സാബ് 36 )



                               ഗൈബ് എന്ന അറബി പദത്തിന് മലയാളത്തില്‍ മറഞ്ഞ മാര്‍ഗം, അദൃശ്യം അഭൌതികം എന്നൊക്കെ ഭാഷാന്തരം ചെയ്തു വരാറുണ്ട്. എന്നാല്‍ ദീനിയായ അര്‍ത്ഥത്തില്‍ അത് ഉപയോഗിക്കുമ്പോള്‍ അത് കൊണ്ടുള്ള വിവക്ഷ, കാര്യ കാരണ ബന്ധത്തിനപ്പുറം, പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക പ്പുറം എന്നൊക്കെയാണ്. ഇതില്‍ തന്നെ ശിര്‍ക്ക് തൌഹീദ് ചര്‍ച്ച ചെയ്യുന്നിടത്ത് ആകുമ്പോള്‍ കാര്യ ''കാരണ ബന്ധത്തിനപ്പുറത്തു'' എന്നത് മാത്രമാണ് യോജിക്കുക. കാരണം ദൃശ്യരില്‍ നിന്നോ അദൃശ്യരില്‍ നിന്നോ ഏതൊരു സൃഷ്ടിയില്‍ നിന്നുമാകട്ടെ, കാര്യ കാരണ ബന്ധത്തിനപ്പുറം ഒരു ദോഷമോ നന്മയോ വരുത്താന്‍ കഴിയില്ല എന്നിരിക്കെ, ആ അര്‍ത്ഥത്തില്‍ എന്തെങ്കില്‍ ഏതെങ്കിലും സൃഷ്ടികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ഭയക്കുന്നതും അല്ലാഹുവിന്‍റെ മാത്രം കഴിവില്‍ ആ സൃഷ്ടിയെ പങ്ക് ചേര്‍ക്കലാണ്. എന്നാല്‍ ഇന്ന് പലര്‍ക്കും ഗൈബിന്‍റെ ഈ വേര്‍തിരിവ് ശരിയാം വണ്ണം മനസ്സിലാക്കാന്‍ കഴിയാതിരിക്കുകയോ, മനസ്സിലായിട്ടും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും തന്‍റെ യുക്തിവാദം പ്രചരിപ്പിക്കുന്നതിനും വേണ്ടി കൂട്ടി കുഴച്ചു സാധാരനക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയോ ആണ് ചെയ്യുന്നത്. 

                                        മനുഷ്യന്‍ എന്നും അവനറിവില്ലാത്തതിന്‍റെ ശത്രുവാണ് എന്നത് സത്യമാണ്. കണ്ണേറിനെ കുറിച്ച് സലാം സുല്ലമിയുടെ ഇക്കഴിഞ്ഞ ദിവസത്തെ ലേഖനവും ശരിവെക്കുന്നത് മേല്‍ ആപ്ത വാക്യമാണ്. സലാം സുല്ലമി എന്ന് പറയുന്ന കേവലം ഒരു അറബി കോളേജ് വാദ്ധ്യാര്‍ക്ക്  നല്‍കാവുന്നതിലുമപ്പുറം ദീനി വിഷയത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം കല്‍പിച്ചു കൊടുത്ത കേരളത്തിലെ ചിലയാളുകള്‍ക്ക് അദ്ദേഹം അടിച്ചു വിടുന്ന വിഡ്ഢിത്തരങ്ങളും യുക്തി വാദങ്ങളും ആധികാരികവും പ്രാമാണികവുമായി തോന്നുന്നുണ്ടാകാം. എന്നാല്‍ അഹല് സ്സുന്നയുടെ ആളുകള്‍ക്ക് ഇദ്ധേഹത്തിന്‍റെ ഇത്തരം വാചാടോപങ്ങള്‍ ഒട്ടും പരിഗണനീയമല്ല. കാരണം, അഹല് സ്സുന്നയുടെ പ്രമാണങ്ങള്‍ പരിശുദ്ധ ഖുര്‍ആനും സ്വഹീഹായ ഹദീസുകളുമാണ്. പ്രമുഖരായ മദ്ഹബിന്‍റെ ഇമാമീങ്ങള്‍ പോലും പറയുന്നതിനെതിരായി ഹദീസ് സ്വഹീഹായി കണ്ടാല്‍, അവരോടുള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ, ഹദീസിനെതിരായ അവരുടെ അഭിപ്രായങ്ങളെ അവഗണിക്കുക എന്നതാണ് അഹല് സ്സുന്നയുടെ നിലപാട് എന്നിരിക്കെ, എടവണ്ണയിലെ അറബി ഭാഷാ പ്രയോഗം പോലും ശരിക്കറിയാത്ത ഒരു അറബി മുന്‍ഷിയുടെ അഭിപ്രായം സ്വഹീഹായ പ്രമാണങ്ങള്‍ക്ക് എതിരായി സ്വീകരിക്കുക എന്നത് ബുദ്ധിയുള്ളവര്‍ ഒരിക്കലും അമ്ഗീകരിക്കില്ലല്ലോ. കേരളത്തില്‍ സി എന്‍ അഹമദ് മൌലവിക്കും, ചെകനൂരിനും പിന്‍ഗാമിയായി എണ്ണാന്‍ മാത്രം പ്രമാണങ്ങളെ പുച്ചിക്കുകയും തള്ളുകയും നിഷേധിക്കുകയും ചെയ്തു, തലസ്ഥാനത്ത് തന്‍റെ മുക്കാല്‍ ചക്രം ബുദ്ധിയില്‍ തെളിയുന്ന ചില പൊട്ടത്തരങ്ങള്‍ എഴുന്നള്ളിക്കുകയും അതിനു അകമ്പടിയായി, കുറെ കളവുകളും, കോട്ടി മാട്ടലുകളും പിന്നെ കുറച്ചു വിവരക്കേട് കൊണ്ട് സംഭവിച്ച മണ്ടത്തരങ്ങളും എഴുന്നള്ളിക്കുയാണ് ഇപ്പോഴും ടിയാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

                                      കണ്ണേര്‍ എന്നതിനെ ടിയാന്‍റെ ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിയാഞ്ഞതിനാല്‍, അത് സംബന്ധമായി വന്ന പ്രമാണങ്ങളെ അപ്പാടെ ദുര്‍ബലം എന്ന് പറഞ്ഞു തള്ളുകയാണ് ഇദ്ദേഹം ചെയ്തത്. കണ്ണേര്‍ സംബന്ധമായി അനേകം സ്വഹീഹായ ഹദീസുകള്‍, ബുഖാരിയും മുസ്ലിമും അടക്കം റിപ്പോര്‍ട്ട് ചെയ്തത് ഉണ്ടെങ്കിലും കണ്ണേര്‍ നിഷേധിക്കാന്‍ ടിയാന്‍ ഉദ്ധരിക്കുന്നത്, ഹദീസ് പണ്ഡിതന്‍മാര്‍ക്ക് ഇടയില്‍ അഭിപ്രായ വെത്യാസമുള്ള തിര്‍മിദിയും ഇബ്നു മാജയും ഉദ്ധരിച്ച ഒരൊറ്റ റിപ്പോര്‍ട്ടാണ്. എന്നിട്ട് ആ ഹദീസാണ് 'ജിന്നുവാദികള്‍ (?) കണ്ണേറിന് തെളിവായി ഉദ്ധരിക്കുന്നത് എന്നൊരു കള്ള പ്രസ്താവനയും. സ്വാഭാവികമായും ടിയാന്‍റെ മേല്‍ ലേഖനം വായിക്കുന്ന  പാമാരന്മാരായ ആളുകള്‍ തെറ്റിദ്ധരിക്കുകയും, ന്യൂനതകള്‍ പറയപ്പെട്ട ഒരൊറ്റ ഹദീസിന്‍റെ ബലത്തിലാണ്, കണ്ണേര്‍ യാഥാര്‍ത്ഥ്യമാണ് എന്ന് പറയുന്നത് എന്ന നിഗമനത്തിലെത്തി, കണ്ണേറിനെ നിഷേധിക്കാന്‍ ഒരുമ്പെടുകയും ചെയ്തേക്കാം. സത്യത്തില്‍ രാഷ്ട്രീയക്കാര്‍ പോലും അറക്കുന്ന ഇത്തരം നെറികേടാണ് പലവിഷയത്തിലെന്ന പോലെ കണ്ണേര്‍ വിഷയത്തിലും ടിയാന്‍ പ്രയോഗിച്ചിരിക്കുന്നത്. സുല്ലമി ഉദ്ധരിച്ച തിര്‍മിദി യുടെ ഹദീസിനോട് സാമ്യമുള്ള മുസ്ലിമും, അഹമദും ഇബ്ന്‍ അബ്ബാസ് (റ) യെ തൊട്ടു ഉദ്ധരിച്ച   സ്വഹീഹായ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്  ''കണ്ണേര്‍ സത്യമാണ്, അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു....'' എന്നാണു. ബുഖാരിയിലും മുസ്ലിമിലും ആയിഷ (റ) യില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ പറയുന്നത് ''പ്രവാചകന്‍ (സ) കണ്ണേറിന് മന്ത്രിക്കാന്‍ കല്‍പിക്കാറുണ്ടായിരുന്നു എന്നാണു. വേറെയും ഈ വിഷയത്തില്‍ അനേകം സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. അതിനെയെല്ലാം അവഗണിക്കാന്‍ സുല്ലമി അവതരിപ്പുക്കുന്നത്, തന്‍റെ വക മുക്കാല്‍ ചക്രം യുക്തി വാദത്തിലൂന്നിയ നിഗമനങ്ങളാണ് താനും. ഇസ്ലാമില്‍ ഒരു കാര്യം സ്വീകാര്യ യോഗ്യമാകുന്നത്, വഹ്യിന്‍റെ അടിസ്ഥാനത്തില്‍  പ്രവാചകന്‍മാര്‍ പഠിപ്പിച്ച പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ കാലാ കാലങ്ങളില്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വാംശീകരിച്ച പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയല്ല എന്ന കേവലമായ ഒരറിവ്‌ പോലും ഈ സുല്ലമിക്കോ, അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നവര്‍ക്കോ ഇല്ലാതെ പോയി എന്നതില്‍ അത്ഭുതമില്ല.

                                               ഈ പ്രപഞ്ചത്തില്‍ നടക്കുന്ന ഏതൊരു കാര്യങ്ങള്‍ക്കും അതിന്‍റെ പിന്നില്‍ അല്ലാഹു നിശ്ചയിച്ച ഒരു കാരണം ഉണ്ടാകും. ആ കാരണങ്ങളില്‍ ചിലത് മനുഷ്യന് അവന്‍റെ നഗ്നനേത്രങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതും, ചിലത് പരീക്ഷണ ശാലകളിലെ ആധുനിക സാങ്കേതിക വിദ്യകളുടെ മാത്രം മനസ്സിലാക്കാന്‍ കഴിയുന്നതും ചിലത് ഒരിക്കലും മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളുമാകാം. ഇതില്‍ ഒരിക്കലും മനുഷ്യന്‍റെ പരീക്ഷണ നിരീക്ഷണങ്ങള്‍ കൊണ്ട് പോലും കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളാല്‍ ഈ പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്, അല്ലാഹു അവന്‍റെ കലാമായ പരിശുദ്ധ ഖുര്‍ആനിലൂടെയോ, ദീന്‍ കാര്യങ്ങള്‍ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സംസാരിക്കുന്ന പ്രവാചകന്‍മാര്‍ മുഖേനയോ നമുക്കറിയിച്ചു തന്നാലല്ലാതെ മനസ്സിലാക്കാന്‍ കഴിയാത്തതാണ്. കണ്ണേര്‍, സിഹിര്‍ എന്നീ വിഷയങ്ങള്‍ മറ്റു പല വിഷയങ്ങളെയും പോലെ പ്രമാണങ്ങളില്‍ വന്നതില്‍ കവിഞ്ഞു എന്തെങ്കിലും നിഗമനത്തിലെത്താന്‍ ശഹാദത്തു ഉറപ്പിച്ച ഒരു മുസ്ലിമിന് പാടുള്ളതല്ല. കാരണം, കണ്ണേര്‍ ഫലിക്കുമെന്ന്, സൂറത്ത് ഫലക്ക് കൊണ്ടും, സ്വഹീഹായ ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്.  ഈ വിഷയത്തിലും സിഹിറിന്‍റെ വിഷയത്തിലും അഹല് സ്സുന്നയുടെ ഇജ്മാഉ ഉണ്ടെന്നു പണ്ഡിതന്മാര്‍ വിശദീകരിച്ചതാണ്. ഇതൊന്നും അല്ലാഹുവില്‍ നിന്ന് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മയും തിന്മയും വരികയുള്ളൂ എന്ന ഇസ്ലാമിന്‍റെ അടിസ്ഥാന തത്വത്തിനു എതിരല്ല. കാരണം ഇവിടെ അദൃശ്യവും അഭൌതികവും എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്, കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായ നിലക്ക് നന്മയും തിന്മയും വരുത്താന്‍ അല്ലാഹുവിന്നല്ലാതെ കഴിയില്ല എന്നാണു. അല്ലാതെ, ഇയാളടക്കം ചില പോയത്തക്കാര്‍ മനസ്സിലാക്കിയ പോലെ നമ്മുടെ ദൃഷ്ടിക്ക് അഗോചരമായ നിലക്കോ പരീക്ഷണ നിരീക്ഷണ വിധേയമല്ലാത്ത ജീവികള്‍ക്കോ മനുഷ്യന് എന്തെങ്കിലും നിലക്ക് ഉപദ്രവം വരുത്താന്‍ കഴിയില്ല എന്നല്ല. അങ്ങിനെ ഒരു അഹല് സ്സുന്നയുടെ പണ്ഡിതനും വിശദീകരിചിട്ടുമില്ല. അദൃശ്യം അഭൌതികം എന്നതെല്ലാം മലയാള പദങ്ങള്‍ ആണ്. അറബി ഇബാറത്തുകളില്‍ അല്ലാഹുവിന്നല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയാത്തത് എന്നതിന് ഉപയോഗിക്കുന്നത്, ''സബബ് മുസബ്ബബാത്ത്'' നു അപ്പുറം എന്നാണു, അഥവാ, ''കാര്യ കാരണ ബന്ധത്തിനപ്പുറം''. കണ്ണേര്‍ ആയാലും സിഹിര്‍ ആയാലും, അല്ലാഹു ഇവയില്‍ നിന്നുള്ള ദോഷം ഫലിക്കാന്‍ കാരണമാക്കി നിശ്ചയിച്ച അവസ്ഥകള്‍ ഒത്തു വരികയും അല്ലാഹുവിന്‍റെ തീരുമാനം ആ വ്യെക്തിയില്‍ നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍ മാത്രമേ അത് മുഖേന ഉപദ്രവം ഉണ്ടാകുന്നുള്ളൂ. ടെലിപ്പതിക് സന്ദേശകൈമാറ്റം, തീരെ ചെറിയ ന്യൂ ബോണ്‍ ബേബികള്‍ ഉറക്കത്തില്‍ ചിരിക്കുക, ചെറിയ കുട്ടികള്‍ വലിയ വൃദ്ധരുടെയോ മറ്റാരുടെയോ ശബ്ദത്തില്‍ സംസാരിക്കുക, ജീവിതത്തില്‍ ഒരിക്കലും പഠിച്ചിട്ടില്ലാത്ത അന്യഭാഷകളില്‍ സംസാരിക്കുക തുടങ്ങി ഇന്നും ശാസ്ത്രത്തിനു വ്യെക്തമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത പല കാര്യങ്ങള്‍ക്കും കാരണം മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത, അല്ലാഹു നിശ്ചയിച്ച എന്തോ ചില കാരണങ്ങള്‍ ഒത്തു വരുന്നത് കൊണ്ടാണ്, അല്ലാതെ അവര്‍ക്ക് അഭൌതിക കഴിവ് ഉണ്ടായത് കൊണ്ടല്ല എന്നതാണ് സത്യം. 

                                   ജിന്നുകള്‍ക്ക് മനുഷ്യന്‍റെ മനസ്സില്‍ 'വസ്വാസ്' ഉണ്ടാക്കുമെന്ന് ഈ സുല്ലമിക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നത് സൂറത്ത് നാസില്‍ അല്ലാഹു ''മനുഷ്യരിലും ജിന്നുകളിലും പെട്ടവരുടെ ദുര്‍ബോധനത്തില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുന്നു'' എന്ന് പറയാന്‍ പഠിപ്പിച്ചത്   കൊണ്ടാകാം. ഒരു വേള ആ ആയത്തുകള്‍ ഖുര്‍ആനില്‍ ഇല്ലായിരുന്നെങ്കില്‍ എന്നും ടിയാന്‍ ആശിചിട്ടുണ്ടാകാം. എന്തായാലും ജിന്ന് അദൃശ്യവും അഭൌതികവുമാണ് എന്ന് ആണയിടുന്ന സുല്ലമി, സൂറത്ത് നാസില്‍ അല്ലാഹു വ്യെക്തമാക്കിയ മനുഷ്യരുടെ മനസ്സില്‍ നടത്തുന്ന ദുര്‍ബോധനത്തിന്‍റെ പരീക്ഷണ റിസള്‍ട്ട് അല്ലെങ്കില്‍ ശാസ്ത്രീയ മാനം എവിടെയും പറഞ്ഞു കണ്ടില്ല. ഒരാളെ ശാരീരികമായി എന്തെങ്കിലും ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അയാളെ മാനസികമായി സ്വാധീനിക്കുക എന്നത് എന്നത് ഏവരും സമ്മതിക്കുമെന്നിരിക്കെ, ആ ശ്രമകരമായ കാര്യം അനായാസേന ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ബുദ്ധിയുള്ള ഒരാള്‍ക്ക് സ്വഹീഹായ ഹദീസില്‍ വന്ന കണ്ണേറും സിഹിറും വിശ്വസിക്കാന്‍ തടസ്സം അഹങ്കാരമല്ലാതെ മറ്റൊന്നുമല്ല. മറിച്ചു ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇയാളും ഇയാളുടെ ചില വക്ക് പൊട്ടിയ മുരീദുകളും ചെയ്യാറുള്ളത്, ലാട വൈദ്യന്‍മാരെ പോലെ പട്ടാളത്തില്‍ കണ്ണന്‍ മാരെ യോ സാഹിറു മാരേയോ വെച്ചാല്‍ പോരെ, പാലം പൊളിക്കാനും വിമാനം തകര്‍ക്കാനും കഴിയുമോ, എന്നെ ഫലിപ്പിക്കാമോ എന്നൊക്കെയുള്ള വെല്ലു വിളികളാണ്. ദൂരെ നിന്ന് കത്തി എറിഞ്ഞു ഒരാളെ കൊല്ലാന്‍ കഴിവുള്ളവരും ഒരൊറ്റ വെടിക്ക് കഥ കഴിക്കാന്‍ കഴിയുന്നവരും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെല്ലോ?. എങ്കില്‍ ഈ സുല്ലമിയുടെ കയ്യില്‍ ഒരു കത്തിയോ ഒരു തോക്കോ കൊടുത്താല്‍ ഒരൊറ്റ ഏറിനു ഒരാളെ കൊല്ലാന്‍ ആരെങ്കിലും സുല്ലമിയെ വെല്ലു വിളിച്ചാല്‍ അത് സ്വീകരിക്കാന്‍ സുല്ലമി തയ്യാറുകുമോ?. മാത്രമല്ല, ഖുര്‍ആനില്‍ വിവരിച്ച മിഅറാജ്, സ്വര്‍ഗ്ഗ നരകങ്ങള്‍ തുടങ്ങി എണ്ണമറ്റ കാര്യങ്ങള്‍ ഇദ്ദേഹം ചോദിക്കുന്ന അതേ ശൈലിയില്‍ വെല്ലുവിളിക്കുന്ന നിരീശ്വര യുക്തി വാദികളോട് എന്ത് മറുപടിയാകും സുല്ലമിക്ക് പറയാനുണ്ടാകുക എന്നറിയാന്‍ കൌതുകമുണ്ട്.  ഇവിടെ മനസ്സിലാക്കിയിരിക്കേണ്ട പ്രധാന വസ്തുത പ്രമാണങ്ങളില്‍ ഒരു വിഷയം സ്ഥിരപ്പെട്ടാല്‍, തന്‍റെ ബുദ്ധിയുടെ മൂശയില്‍ ഇട്ടു പാകപ്പെടുത്താതെ  അത് പൂര്‍ണ മനസ്സോടെ അംഗീകരിക്കുക എന്നതാണ് ഒരു മുസ്ലിമിന്‍റെ കര്‍ത്തവ്യം എന്നതാണ്. അതാണ്‌ തുടക്കത്തില്‍ കൊടുത്ത ഖുര്‍ആന്‍ ആയത്തുകള്‍ പഠിപ്പിക്കുന്നതും.

                  ചൊറി പിടിച്ച തങ്ങളുടെ അല്‍പ ബുദ്ധിയില്‍ തോന്നുന്നതിനനുസരിച്ചു ഇസ്ലാമിക പ്രമാണങ്ങളെ വിശകലനം ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യാന്‍ തുനിയുന്നതു. മുറി വൈദ്യന്‍ ആളെ കൊല്ലുമെന്നു പറയുന്നത് പോലെ അപകടകാരമാണ്. അറബി ഭാഷാ പ്രയോഗം പോലും ശരിയാം വണ്ണം മനസ്സിലാക്കാത്ത ഇദ്ദേഹത്തെ പോലുള്ളവര്‍ ഇന്ന് ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും ഹദീസുകളെ വിമര്‍ശിക്കാനും ഒരുമ്പെടുന്നത് കാണുമ്പോള്‍ 'അവസാന കാലത്ത് വയറു നിറയെ ഭക്ഷണം കഴിച്ചു, നിവര്‍ത്തിയിട്ട സോഫകളില്‍ ചാരിയിരുന്നു, ഈ ഹദീസ് സ്വീകാര്യമല്ല, ഈ ഹദീസ് ഞാന്‍ തള്ളുന്നു എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ടാകുമെന്ന പ്രവാചകന്‍റെ പ്രവചനം പുലര്‍ന്നതിന്‍റെ നേര്‍കാഴ്ചയാണ് സത്യവിശ്വാസികള്‍ക്ക് നല്‍കുന്നത്. സംഗീതോപകരണങ്ങള്‍ ഉപയോഗിക്കല്‍ അനുവദനീയമാണ് എന്നു സ്ഥാപിക്കാന്‍ ഈ സുല്ലമിയെ തവക്കുല്‍ ചെയ്തു മുജാഹിദുകളോടു സംവാദത്തിനു വന്ന മടവൂരികള്‍, ജാഹിലിയ്യ കാലത്തെ മക്കാ മുഷ്രിക്കുകളെ കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസ് സ്വഹാബികളെ കുറിച്ചാണ് എന്ന് തെറ്റിദ്ധരിച്ചു സുല്ലമി പഠിപ്പിച്ചു വിട്ടതുമായി വന്നു, സ്വഹാബാക്കള്‍ അതിഥികള്‍ വന്നാല്‍ ഹാര്‍മോണിയം വായിക്കാറുണ്ടായിരുന്നു എന്നൊക്കെ തട്ടി വിട്ട് നാണം കെട്ടത് ഇയാളുടെ ഭാഷാ പരിജ്ഞാനത്തെ കുറിച്ച് മടവൂരികള്‍ക്ക് തന്നെ ശരിയായ ബോധം നല്‍കിയിട്ടുണ്ടാവണം. ഇപ്പോഴും ടിയാന്‍ ആ ഹദീസ് ഉദ്ധരിച്ചു സ്വഹാബാക്കള്‍ അതിഥികള്‍ക്ക് വേണ്ടി ഹാര്‍മോണിയം വായിച്ചിരുന്നു എന്ന് പറയുന്ന വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. 

                       മസ്ജിദുല്‍ ഹറമിന്‍റെ പുനര്‍ നിര്‍മ്മാണ വേളയില്‍ അബൂ ജാഹിലും കൂട്ടരും പഴയ അതിന്‍റെ അസ്ഥിവാരത്തില്‍ പൂര്‍ണമായി പടുത്തുയര്‍ത്താന്‍, ഹലാലായ പണം തികയാതെ വന്നപ്പോള്‍ 'ഹിജ്ര്‍ ഇസ്മായില്‍' എന്ന് ഇന്ന്‍ ആളുകള്‍ പറയുന്ന സ്ഥലം ഇന്ന് കാണുന്നത് പോലെ പുറത്താകുന്ന വിധം പണിതതിനെ പരാമര്‍ശിക്കുന്ന ഹദീസില്‍ 'ഹിജ്ര്‍ ഇസ്മായില്‍ പുറത്താക്കി' എന്നതിന് അറബിയില്‍ 'വ അഖ്രജ അല്‍ ഹിജ്റ' എന്നു വന്നതിനെ 'വ അഖ്രജ അല്‍ ഹജറ' എന്ന് മനസ്സിലാക്കി, ഒരു 'കല്ലെടുത്ത് പുറത്തിട്ടു'(!) എന്ന് മലയാളത്തില്‍ അര്‍ത്ഥം കൊടുത്ത 'മഹാ പണ്ഡിതന്‍'(!) ആണ് ഇദ്ധേഹമെന്നു കൂടി അറിയുമ്പോഴാണ്, ഹദീസ് തള്ളാനും നിഷേധിക്കാനും നടക്കുന്ന ആളുകളുടെ പാണ്ഡിത്യം പോയിട്ട്, ഭാഷാ പരിജ്ഞാനം എത്രയാണെന്ന് നമുക്ക് ബോധ്യപ്പെടുക. ഇത് കൂടാതെ പ്രവാചകന്‍റെ ജനാസ കുളിപ്പിച്ചത് അവിടുത്തെ ഭാര്യമാരാണ് എന്ന പരമാബദ്ധം കൂടി ഇദ്ദേഹം തന്‍റെ ഹദീസ് പരിഭാഷയില്‍, സ്വഹീഹായ ഹദീസിനെ തള്ളി, തട്ടി വിട്ടിട്ടുണ്ട്. അതിനു കാരണം ഹദീസില്‍ വന്ന 'ലവ് ഇസ്തക്ബല്‍ത്തു മിന്‍ അമ്രീ മസ്തദ്ബര്‍ത്തു, മാ ഗസിലഹു ഇല്ലാ നിസാഅഹു' എന്ന അറബി പ്രയോഗത്തിന്‍റെ അര്‍ത്ഥം പിടികിട്ടാത്തത് കൊണ്ട് 'പ്രവാചകനെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിചിട്ടില്ലാ' (!) എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ അതിന്‍റെ അര്‍ത്ഥം 'എനിക്ക് ഇപ്പോള്‍ മനസ്സിലായ കാര്യം അപ്പോള്‍ കിട്ടിയിരുന്നെങ്കില്‍, പ്രവാചകനെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിക്കുമായിരുന്നില്ല' എന്നാണു. ഇതൊക്കെ ഇങ്ങനെ ഇവിടെ എടുത്തു കൊടുക്കാനുള്ള കാരണം 'മഹാ ഹദീസ് പണ്ഡിതന്‍ എന്നും മുഹദ്ദിസ് എന്നും കൊട്ടി ഘോഷിച്ചു ആളുകള്‍ പേറി നടക്കുന്ന ഒരാളിന്‍റെ അറിവ് എത്രത്തോളമാണെന്ന് നിഷ്പക്ഷ മതികള്‍ മനസ്സിലാക്കാനും അദ്ദേഹത്തിന്‍റെ ജഹാലത്തില്‍ പെട്ട് പരലോകം നഷ്ടപ്പെടാതിരിക്കാനും മാത്രമാണ്. അല്ലാഹു നമുക്കെല്ലാവര്‍ക്കും സത്യം മനസ്സിലാക്കി, യഥാര്‍ത്ഥ അഹല് സ്സുന്നയുടെ കൂടെ എന്നും നിലയുറപ്പിച്ചു വിജയിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ തൌഫീക്ക് നല്‍കട്ടെ... ഇസ്ലാമിക പ്രമാണങ്ങളെ സ്വന്തം യുക്തിക്കനുസരിച്ച് തള്ളുകയും കൊള്ളുകയും ചെയ്യുന്നത് ദേഹേച്ചക്ക് വഴിപ്പെടുകയും, തികഞ്ഞ അഹങ്കാരവും ധിക്കാരവും കൈമുതലായത് കൊണ്ടുമാണ്.