Wednesday, March 7, 2018

ആധുനിക ഇന്ത്യയുടെ ആകുലതകള്‍



Image result for communal anxiety

                                                   ആധുനിക ഇന്ത്യയുടെ ആകുലതകള്‍ 
                                                     ************************************************
ഇന്ത്യയിപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഒരു വലിയ ദാശാസന്ധിയിലൂടെയാണ്. അതിനുള്ള കാരണം സംഘപരിവാർ കാർമികത്വത്തിൽ ഹിന്ദു ഫാഷിസ്റ്റ്  കക്ഷികളുടെ നയങ്ങളും സമൂഹത്തിലെ ഇടപെടലുകളുമാണ്.  ഇന്ത്യൻ സാഹചര്യത്തിൽ വലിയ അതിക്രമണത്തിന് വിധേയരാവുന്ന വിഭാഗമാണ് മുസ്ലീങ്ങളും ദളിതുകളും.    വിശിഷ്യാ ഈ രണ്ടു വിശേഷണങ്ങള്‍  കൊല്ലപ്പെടാനുള്ള എെഡന്റിറ്റിയായി മാറുന്ന നമ്മുടെ രാജ്യത്ത് അതിജീവനത്തിനായി ശക്തമായ ശബ്ദങ്ങൾ ഉയരുക തന്നെ വേണം. പക്ഷെ അത്   കേവലം വെത്യസ്ഥ സ്വത്വത്തിന്റെ അവകാശികൾ വെവ്വേേറെ ശബ്ദിക്കുന്നതിനു പകരം, മുസ്ലിംകളെ പോലെ അക്രമാടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാകുന്ന ദളിതരും,  അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ക്കായി മുഷ്ടി ചുരുട്ടാന്‍ പ്രത്യയശാസ്ത്രപരമായി കടപ്പെട്ട ഇടതുകളും ചേര്‍ന്ന ഒരു വിശാല ഐക്യത്തിലൂടെയാവണം. പക്ഷെ, ഇത് സാധ്യമാവണമെങ്കില്‍, അഥവാ ഫാഷിസമെന്ന കേവല അധികാര രാഷ്ട്രീയത്തിനുമപ്പുറം ഇന്ത്യയിലെ ഭരണകൂട സംവിദാനങ്ങളില്‍, വിശിഷ്യാ, പോലീസിലും മറ്റു വിവിധ കേന്ദ്ര സംസ്ഥാന കുറ്റാന്വേഷണ, സുരക്ഷാസവിദാനങ്ങളിലും മറ്റും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞ, ദളിത് ന്യൂനപക്ഷ വിരുദ്ധ വര്‍ഗ്ഗവെറിയെ  കാര്യക്ഷമമായി പ്രതിരോധിക്കേണ്ടത്, മുന്‍കാലങ്ങളില്‍ സ്വീകരിച്ച പ്രഖ്യാപിത നയങ്ങളില്‍ ചില വിട്ടു വീഴ്ചകള്‍ വരുത്തി ക്കൊണ്ടാകണം. 

സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം പിന്നിട്ട ഏഴു പതിറ്റാണ്ടുകള്‍ ഇന്ത്യയില്‍ ഭരണ രംഗത്ത് തീവ്ര ഹിന്ദു പക്ഷം വളരെ ചെറിയ ഒരു കാലയളവ്‌ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, ദളിതുകളും ന്യൂനപക്ഷങ്ങളും, വിശിഷ്യാ മുസ്ലിംകള്‍ വെട്ടയാടപ്പെടാത്ത ഇടവേളകള്‍ നന്നേ കുറവാണ്. ചരിത്രപരമായ കാരണങ്ങളാലാണ് ഇന്ത്യയിലെ മുസ്ലിംകളുടക്കമുള്ള ഭൂരിപക്ഷം ജനങ്ങളും പിന്നാക്കവത്കരിക്കപ്പെട്ടത്. അതിനുള്ള പ്രധാന കാരണം  ജന്മം കൊണ്ട് ഹീനരും സാമൂഹിക പദവികള്‍ക്ക് അനര്‍ഹരുമാണെന്ന് ആര്യാധിനിവേശത്തിന്റെ രാഷ്ട്രീയമാണ് ഒരു വശത്തെങ്കില്‍, മറുവശത്ത്‌  ചൂഷണത്തിനായി വിജ്ഞാന വീഥികളില്‍ വേലിക്കെട്ടു പണിതു ബാലിശവും നിരര്‍ത്ഥകങ്ങളുമായ  പരോഹിത്യ വാചാടോപങ്ങളും ആഞ്ജകളും സമുദായത്തിന്‍റെ മേല്‍ കരിനിഴല്‍ വീഴ്ത്തിയതാണ്. അധിനിവേശത്തിനെതിരായ    നൈസര്‍ഗികമായ മുസ്ലിംകളുടെ  വിട്ടു വീഴ്ചയില്ലാത്ത ചെറുത്തു നില്‍പും ഒരു പരിധിവരെ ഈ ദുരവസ്ഥക്ക് കാരണമാകാം.  സ്വാതന്ത്രാനന്തരവും ഈ പ്രതിലോമതയുടെ ദുര്‍ഭൂതങ്ങള്‍ ഭീതിജനകമായി തുടര്‍ന്ന് കൊണ്ടേയിരുന്നു. ഈ ദുര്‍വ്യവസ്ഥിതിയെ മറി കടക്കാനുള്ള സ്വതന്ത്ര ഭാരതത്തിലെ ഏതാനും സുമനസ്സുകളുടെ ഭരണഘടനാപരമായ പരിശ്രമമായിരുന്നു ദേശീയ പിന്നാക്ക കമ്മീഷന്‍ എന്ന ആശയം.  പക്ഷേ അത്, തുടക്കം തൊട്ടേ പരാജയപ്പെടുത്തപ്പെട്ടു. 

ആദ്യമായി 1955ല്‍ നിലവില്‍ വന്ന കാക്കാ കലേക്കര്‍ കമ്മീഷന് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കാക്കാ കലേക്കര്‍ കമ്മീഷനെ ദുര്‍ബലപ്പെടുത്തുകയായിരുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷം  രണ്ടാമത്തെ കമ്മീഷനായി വന്ന  മണ്ഡല്‍ കമ്മീഷന് ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നുവെങ്കിലും ഒടുവില്‍   1980 ഡിസംബര്‍ 31ന് ബി പി മണ്ഡല്‍ രണ്ടാം പിന്നാക്ക ദേശീയ കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. ഭരണഘടന വ്യവസ്ഥ  പ്രകാരമുള്ള നടപടികള്‍ പാലിച്ചുകൊണ്ട് രൂപവത്കരിക്കപ്പെട്ട മണ്ഡല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് രാജ്യത്തെ പിന്നാക്ക സമൂഹത്തിന് രക്ഷയും സമാധാനവുമുണ്ടാക്കുമെന്നാണ്  പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ പരിതാപകരമായ അധഃസ്ഥിതിയുടെ ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരകണക്കുകളുള്‍ക്കൊണ്ട റിപ്പോര്‍ട്ട് അതേകുറിച്ചുള്ള പ്രതീക്ഷയുടെ വിളക്ക് മാടമായിരുന്നു. പക്ഷേ, റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കുകയോ ചര്‍ച്ചക്കെടുക്കുകയോ ചെയ്യാതെ ഇന്ദിരാ  കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1990 ആഗസ്റ്റ് ഏഴിന് വി പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് റിപ്പോര്‍ട്ട് പൊതു ചര്‍ച്ചക്ക് വിധേയമായതും കമ്മീഷന്റെ കണ്ടെത്തലുകള്‍ ലോകമറിഞ്ഞതും. പക്ഷെ, സവര്‍ണ ലോബി അടങ്ങിയിരുന്നില്ല,  1990 നവംബര്‍ ഏഴിന് തനിക്കെതിരെ വന്ന അവിശ്വാസ പ്രമേയത്തെ നേരിട്ട്  വി പി സിംഗ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ദുര്‍ബല വിഭാഗങ്ങളോട് നീതി കാട്ടാന്‍ തുനിഞ്ഞു എന്ന ഏക അപരാധത്തിനാണ് താനിറങ്ങിപ്പോകേണ്ടിവന്നതെന്ന വി പി സിംഗിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. 

വീണ്ടും 26 കൊല്ലങ്ങള്‍ക്ക് ശേഷം  മുസ്‌ലിം സമൂഹത്തെ ആസ്പദിച്ചുള്ള അന്വേഷണ പഠനം എന്ന നിലയില്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ട്  മുസ്‌ലിം സാമൂഹികാവസ്ഥയാണ് അനാവരണം ചെയ്തത്.  ഉദ്യോഗ രംഗത്തും തൊഴില്‍ മേഖലയിലുമുള്ള നാമമാത്ര പങ്കാളിത്തം മാത്രമല്ല, വിദ്യാഭ്യാസ രംഗത്തെ അതിശോചനീയാവസ്ഥയും മുസ്‌ലിം സമൂഹത്തെ വേട്ടയാടുന്നു എന്ന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യെക്തമാക്കുന്നു. കേരളതിന് പുറത്ത് 6 വയസ്സിനും  14 വയസ്സിനുമിടയിലുള്ള കുട്ടികളില്‍ 25 ശതമാനം സ്‌കൂളിന്റെ പടി കാണാന്‍ പോലും ഭാഗ്യമില്ലാത്തവരാണെന്നത് മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ചൂണ്ടു പലകയാണ്  അസമും ഡല്‍ഹിയുമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളേക്കാള്‍ താഴെയും ബംഗാളിലും ഉത്തര്‍ പ്രദേശിലും പട്ടിക ജാതിക്കാര്‍ക്കൊപ്പവുമാണ് മുസ്‌ലിംകളുടെ അവസ്ഥ. സമുദായത്തിനു, പിന്നാക്ക സമൂഹങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന സാമുദായിക രാഷ്ട്രീയ നേതൃത്വങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു ഇത്രയും കാലം എന്ന ചോദ്യമാണ് ഇതു വായിക്കുമ്പോള്‍ ഉയര്‍ന്നു വരേണ്ടത്.  

ഇനി മുസ്ലിംകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളുടെ പിന്നാമ്പുറത്തെ ചരട് വലികള്‍ ഇതിലേറെ ആഴത്തിലുള്ളതാണ്. മുസ്ലിംകള്‍ക്കെതിരെ വ്യെവസ്ഥാപിതമായി തികഞ്ഞ പ്ലാനിങ്ങോട് കൂടിയാണ് 69 ലെ ഗുജറാത്ത് കലാപം തൊട്ടു ഒട്ടു മിക്ക വംശഹത്യകളും നടന്നിട്ടുള്ളത്. എപ്പോഴൊക്കെ ഇത്തരം കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ പ്രാദേശിക നിയമപാലക സംവിദാനങ്ങള്‍ വേട്ടക്കാരോടോപ്പമോ, അല്ലെങ്കില്‍ നിര്‍വികാരമായോ മാത്രമാണ് നിലന്നിട്ടുള്ളതെന്നതാണ് അതിലേറെ വ്യാകുലപ്പെടുത്തുന്നത്. പ്രൊവിന്‍ഷ്യല്‍ ആംഡ് കൊണ്സ്റ്റാബുലറി അഥവാ പി എ സി എന്ന കുപ്രസിദ്ധ മുസ്ലിം വിരുദ്ധ സേനയുടെ ജംഷഡ്പൂര്‍, ഭഗല്‍പൂര്‍ കലാപങ്ങളിലെ റോള്‍ ഇന്ത്യന്‍ മുസ്ലിംകളുടെ മനസ്സില്‍ വീഴ്ത്തിയ കരിനിഴല്‍ ഒരിക്കലും മായാത്തതാണ്.. കഴിഞ്ഞ കാലങ്ങളിലെ മുസ്ലിം വിരുദ്ധ കലാപങ്ങളില്‍ മിക്കതും അരങ്ങേറിയത് സ്വാഭാവികമായും കോണ്ഗ്രസ്സ് ഗവണ്മെന്‍റുകളുടെ കാലത്തായിരുന്നു എന്നത് കേവലം വായിച്ചു തള്ളേണ്ട ഒന്നല്ല, മറിച്ചു, ഇത്തരം കലാപങ്ങളെ ഫലപ്രദമായി തടയുന്നതില്‍ കോണ്ഗ്രസ്സ് തികഞ്ഞ പരാജയമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഇതെടുത്തു പറയാന്‍ കാരണം, ഈയടുത്തകാലത്ത് സംഘപരിവാര്‍ ഭീഷണിക്കെതിരില്‍ രാഹുലെന്ന മില്‍കി ബേബിയെ പ്രതിഷ്ടിച്ചു, ടിയാന്റെ അപദാനങ്ങള്‍ വാഴ്ത്തി പലരും വിശിഷ്യാ കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയ മേലാളന്മാര്‍ വരെ രംഗത്തുണ്ട്. കൊണ്ഗ്രസ്സിനെ ഭരണത്തിലേക്ക് കൈപിടിച്ചെത്തിക്കാന്‍ അല്‍ഫാത്തിഹ ഓതി ദുആ ചെയ്യുന്ന തങ്ങപ്പാര്‍ട്ടിക്കാര്‍ പക്ഷെ, നിലാകുറുക്കന്‍ മാരെ പോലെ അറിയാത്ത, അല്ലെങ്കില്‍ ബോധപൂര്‍വ്വം തിരസ്കരിക്കുന്ന പലതുമുണ്ട്. അത് നടെ സൂചിപ്പിച്ച കലാപങ്ങളിലെ,തീവ്ര ഹിന്ദുത്വ പക്ഷപാതിത്വനിലപാടുകളോ, പി എ സിയെ പോലുള്ള വര്‍ഗീയ സേനയെക്കൊണ്ട് മുസ്ലിംകളെ ചിത്രവധം ചെയ്തതിലും മാത്രം തീരുന്നതല്ല.. മറിച്ചു, ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്തതിലും, കാലാകാലങ്ങളില്‍ വിവിധ പേരുകളില്‍  മുസ്ലിം യുവാക്കളെ വിചാരണ ചെയ്യാതെ അനന്തമായി ജയിലിലടച്ചും നടപ്പാക്കി കൊണ്ടിരിക്കുന്ന, സംഘ പരിവാര്‍  മസ്തിഷ്കങ്ങളുടെ  കേന്ദ്ര സംസ്ഥാന  സുരക്ഷാ ഏജന്‍സികളെ ഉപയോഗിച്ചുള്ള മുസ്ലിമ്കള്‍ക്കെതിരായ ആസൂത്രിത നീക്കങ്ങളോട് രാജിയാകലും അടങ്ങുന്നതാണ്. എന്തിനേറെ, മുസ്ലിംകള്‍ക്കും ദളിതുകള്‍ക്കും ഇന്നേറെ ഭീഷണിയായ യു എ പി എ പോലും കോണ്‍ഗ്രസ് സംഭാവനയായിരുന്നു എന്ന് ബോധപൂര്‍വ്വം മറച്ചു പിടിച്ചു സമുദായ പാര്‍ടി ഘോര ഘോരം മുസ്ലിം വിരുദ്ധതക്കെതിരെ കോണ്‍ഗ്രസ്സിനെ പുന:പ്രതിഷ്ഠിക്കാന്‍ നോമ്പെടുക്കുന്ന തിരക്കിലാണ്. സത്യത്തില്‍ സോഷ്യല്‍ മീഡിയയുടെ വ്യാപനം കൊണ്ട് മുന്‍കാലങ്ങളെ അപേക്ഷിച്ച് ദൈനം ദിന സംഭവങ്ങളുടെ റീച്ച് കൂടുതലായി എന്നതിനപ്പുറം, കോണ്‍ഗ്രസ്സ് ഭരണത്തില്‍ ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്ക്   സുവര്‍ണ കാലമായിരുന്നു എന്നും ഇപ്പോള്‍  മോഡി ഭരണത്തില്‍ മാത്രമാണ് മുസ്ലിംകള്‍ അതിക്രമത്തിനിരയാവുന്നതെന്നും  തോന്നുന്ന തരത്തിലാണ് രാഹുലിന്‍റെ അപദാനങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത്.

ചരിത്രപരായി ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥ നാല് വിഭാഗമായി തിരിക്കാവുന്നതാണ്. അതില്‍ കേരളത്തിലെ മുസ്ലിംകളുടെ അവസ്ഥ സാമൂഹികമായി ഏറെ സുരക്ഷിതവും സാമ്പത്തികമായും സാമൂഹികമായും ഏറെ മുന്പന്തിയിലുമാണ്. ഇതിനു പ്രചോദനം കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ ഒരു പൊട്ടിത്തെറിയായി പല വിദ്യാഭ്യാസ സാമൂഹിക പരിഷ്കാരങ്ങള്‍ക്കും വഴി കാണിച്ച മുജാഹിദ് പ്രസ്ഥാനവും, കേരളത്തിലെ രാഷ്ട്രീയ ഭാഗദേയത്തില്‍ മുസ്ലിം ലീഗിന് ലഭിച്ച അനല്‍പമാല്ലാത്ത പ്രാതിനിധ്യവും, ഒപ്പം , പൊതു സമൂഹത്തില്‍ പ്രകടമായ  ഇടതു പക്ഷ ചിന്താഗതിയുടെ വ്യാപനവുമാണ്. രണ്ടാമത്തെ വിഭാഗം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്ലിംകള്‍ ആണ്. ഇവര്‍ക്ക് പ്രത്യക്ഷമായ സാമൂഹിക ഭീഷണി ഇല്ലാത്തതും എന്നാല്‍ സാമ്പത്തികമായും സാമൂഹികമായും രാജ്യ ശരാശരിയോടു തൊട്ടു കിടക്കുന്നവരുമാണ്. ഈ മേഖലകളിലെ കൊണ്ഗ്രസ്സിതര പ്രാദേശിക കക്ഷികളുടെ സാന്നിധ്യവും സവര്‍ണ രാഷ്ട്രീയത്തിന്‍റെ മേല്‍ക്കോയ്മ ഒരു പരിധിവരെ മേല്‍ പറഞ്ഞ പ്രാദേശിക കക്ഷികള്‍ക്ക് പിടിച്ചു നിര്‍ത്താനായതും ഈ സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ സുരക്ഷിതാവസ്ഥക്കും സാമൂഹിക അവഗണന ഒരു പരിധിവരെ തടയുന്നതിനും ഉപകരിച്ചിട്ടുണ്ട്.  മൂന്നാമത്തെ വിഭാഗം ഉത്തരേന്ത്യന്‍ മുസ്ലിംകളാണ്. മുന്‍കാല പ്രതാപത്തിന്‍റെ ആലസ്യത്തില്‍ മയങ്ങി, എന്നാല്‍ വര്‍ത്തമാന കാലത്തെ ഏറെ അരക്ഷിതാവസ്ഥയിലും സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയും അനുഭവിക്കുന്ന വിഭാഗമാണിവര്‍. ഒരു ഭാഗത്ത് സവര്‍ണ ഹിന്ദുത്വത്തിന്റെയും മറുവശത്ത്‌ തീവ്ര ഹിന്ദു വര്‍ഗീയതെയുടെയും പീഡനങ്ങള്‍ ഒരേ സമയം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തതാണ് ഇവരുടെ ഈ അവസ്ഥക്കുള്ള ഒരു കാരണം. അതോടൊപ്പം, വിഭജനാനന്തര ഭാരതത്തില്‍ സര്‍ സയ്യിദിന്റെയും അബുല്‍ കലാം ആസാദിന്‍റെയും പിന്മുറക്കാരായി ഉത്തരേന്ത്യന്‍ മുസ്ലിംകളെ സാമൂഹികമായി മുന്നേറ്റത്തിനു പ്രേരിപ്പിക്കാന്‍ പോന്ന നേതാക്കളോ കേരളത്തിലെ പോലെ കെട്ടുറപ്പുള്ള ഒരു സാമുദായിക പ്രസ്ഥാനമോ ഇല്ലാതിരുന്നത് വലിയ ഒരു കുറവ് തന്നെയായി. ഒരു പക്ഷെ, ഇന്ത്യാ വിഭജനത്തിന്‍റെ പാപ ഭാരം കോണ്ഗ്രസ് അടക്കം മുസ്ലിം ലീഗിന് മാത്രമായി പതിച്ചു നല്‍കിയതായിരിക്കണം, ലീഗിന് കീഴില്‍ ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ അണിനിരക്കാതിരിക്കാനുള്ള ഒരു പ്രധാന കാരണം. കൂടാതെ ദര്‍ഗകളും സൂഫികളും തെളിച്ചു കൊണ്ട് പോയിരുന്ന, ഗതകാല മുഗള്‍ രാജ ഭരണത്തിന്‍റെ പ്രതാപകഥകള്‍ അയവിറക്കി സായൂജ്യമടഞ്ഞിരുന്ന അവര്‍ക്ക് രാഷ്ട്രീയമായി സംഘടിക്കേണ്ട ആവശ്യകത ഇന്നും തിരിച്ചറിയാനായില്ല എന്നത് തന്നെയാണ് അവരുടെ ദുരവസ്ഥയുടെ പ്രധാന കാരണവും.  നാലാമത്തെ വിഭാഗം കാശ്മീര്‍ മുസ്ലിംകളാണ്. ഭരണകൂട ഭീകരത ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ഒരു വിഭാഗമാണിവര്‍. പട്ടാളത്തിനു കല്‍പിച്ചു നല്‍കിയ പ്രത്യേകാധികാരം ഒരു വിഭാഗത്തെ എത്രത്തോളം ദുരതത്തിലും, അത് മുഖേന രാജ്യ വിരുദ്ധ മനോവിചാരത്തിന്റെ ഉടമകളുമാക്കും എന്നതിന്‍റെ ഉത്തമോദാഹരണമാണ് കാശ്മീര്‍.

എന്നാല്‍ ഇന്ത്യന്‍ മുസ്ലിംകളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും  ഈ ദുരവസ്ഥക്കുള്ള ഫലപ്രദമായ പരിഹാരം കേരളത്തിലെ ഭരണ പങ്കാളിത്തമോ ഒന്നോ രണ്ടോ എം പി മാരെ പാര്‍ലിമെന്റില്‍  എത്തിക്കുന്നതോടെയോ മതിയാകുന്നതല്ല. മറിച്ചു അത് കഴിഞ്ഞ കാലങ്ങളുടെ തനിയാവര്‍ത്തനം മാത്രമായിരിക്കും സമ്മാനിക്കുക.    വര്‍ഗീയ ഫാഷിസ്റ്റു ശക്തികളെ പരാജയപ്പെടുത്താനും പിന്നാക്ക വിഭാഗങ്ങളുടെ ഐക്യത്തിനും സാധിക്കുന്ന, വിവിധ സമൂഹങ്ങളുടെ മതനിരപേക്ഷ പരിസരങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന ഐക്യം ജനാധിപത്യ മതേതര സാമൂഹികതക്ക് വലിയ പിന്‍ബലമായി മാറും. വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനാധിപത്യ വിഭാഗങ്ങള്‍ക്ക് അത് ശക്തി പകരും. പൊതു തിരഞ്ഞെടുപ്പോടെ കൂടുതല്‍ സജീവപ്പെടുന്ന സാമൂഹിക പരിസരങ്ങളില്‍ സഗൗരവം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്. ദളിത് ന്യൂനപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാകുകയും ഇടതു കക്ഷികള്‍ കൂടി ഈ സംഘത്തിലേക്ക് വരികയും ചെയ്യുന്നതോടെ മാത്രമേ ഫാസിസത്തിനെ ഫലപ്രദമായി തടയാന്‍ കഴിയൂ. പക്ഷെ, പലതു കൊണ്ടും, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദളിതുകളും ഇടതു രാഷ്ട്രീയത്തെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല. തങ്ങളുടെ സ്വത്വത്തെ അംഗീകരിക്കുന്നതില്‍ ഇടതു സംഘടനകള്‍ കാണിക്കുന്ന വൈമുഖ്യമാണ് ഇതിനു പ്രധാന കാരണം. ജന്മസിദ്ധമായ ജാതി, മത, വംശ, ലിംഗ സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെട്ട് പോരുന്നവരുടെ അനുഭവങ്ങളെ അവരുടെ സ്വത്വമണ്ഡലത്തിന് പുറത്ത് നിന്നുകൊണ്ടുള്ള ഒരു സൈദ്ധാന്തിക ഇടപെടലിനും പൂർണ്ണമായി പ്രതിനിധാനം ചെയ്യാനാവില്ല. ഇടതു രാഷ്ട്രീയം പലേടത്തും ഒരു പരാജയമാകാനുള്ള മൂല കാരണവും ഇത് തന്നെയാണ്. ഭക്ഷണവും പാര്‍പ്പിടവുമെന്ന മനുഷ്യന്‍റെ അടിസ്ഥാന വിഷയങ്ങള്‍ പോലെ തന്നെ പ്രാധാന്യമുള്ളതാണ് അവന്‍റെ സ്വത്വബോധമെന്ന തിരിച്ചറിവ് മനുഷ്യനെ കേവലം ഭൌതിക പഥാര്‍ത്ഥങ്ങളുടെ മിശ്രിതമായി മാത്രം പരിഗണിച്ചതിലൂടെ ഇടത് സംഘടനകള്‍ക്ക് നഷ്ടമായിരിക്കുന്നു. ഈ അടിസ്ഥാന കാഴ്ചപ്പാട് തിരുത്താതെ ഇന്ത്യയില്‍ ഇടതു പക്ഷത്തിനു തങ്ങളുടെ വളര്‍ച്ചാ ഗ്രാഫ് ഉയര്‍ത്തുക സാധ്യമല്ല.  ഏക ജാലക പ്രത്യയ ശാസ്ത്ര കടും പിടുത്തം ഒഴിവാക്കി, മനുഷ്യ മനസ്സിന്‍റെ പ്രകൃതി പരമായ നൈതിക വിചാരങ്ങളെ സ്വതന്ത്രമായി വിടുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി.

അതേ സമയം ഉവൈസിക്കും  മുസ്ലിം സാമുദായിക പ്രാധിനിധ്യം മികച്ചു നില്‍ക്കുന്ന എസ് ഡി പി ഐ പോലുള്ള  ഇതര രാഷ്ട്രീയ പാര്‍ടികള്‍ക്കും ഹിന്ദി ബെല്‍റ്റില്‍ വര്‍ദ്ധിച്ചു വരുന്ന പിന്തുണ അവരുടെ ആദര്‍ശ മേന്മയോ നയനിലപാടുകളിലെ സാര്‍വജനീയതയോ കൊണ്ടല്ല, മറിച്ചു അടിച്ചമര്‍ത്തലുകളുടെ ആധിക്യവും കാഠിന്യവും സൃഷ്ടിച്ച അന്ധകാരപൂരിതമായ അന്തരീക്ഷത്തിന്‍റെ കറുപ്പില്‍ പ്രകാശമെന്നു തോന്നിക്കുന്ന എന്തിലെക്കും അടുക്കാനുള്ള ജൈവീകമായ എടുത്തു ചാട്ടത്തിന്റെ പ്രതിഫലനം മാത്രമാണത്. ധിഷണാ ശാലികളും ദീര്‍ഘ ദൃഷ്ടികളുമായ നേതൃത്തത്തിന്‍റെ അഭാവം പലപ്പോഴും അപക്വമായ തീരുമാനങ്ങളിലേക്കും ആള്‍ക്കൂട്ട രാഷ്ട്രീയ നിലപാടിലെക്കും പലപ്പോഴും വഴുതി വീണേക്കാവുന്ന വളരെ അപകടം നിറഞ്ഞ ഒരു നീക്കമാണത് എന്ന് കൂടി എടുത്തു പറയാതെ വയ്യ. 



No comments:

Post a Comment