സസ്നേഹം എന്‍റെ സുഹൃത്തിന് ..,
ഞാനിങ്ങനെ ഒരു എഴുത്ത് എഴുതാന്‍ കാരണം മനസ്സില്‍ കുറെ നാളായി കൊണ്ട്
നടക്കുന്ന, താങ്കളോട് പറയണം എന്ന് കരുതുന്ന, എന്നാല്‍ നേരിട്ട് പറയാന്‍ പലപ്പോഴും ശ്രമിച്ചിട്ടും എന്‍റെ സ്വാഭാവിക
പ്രകൃതം കൊണ്ട് നടക്കാതെ പോയ ഒരു വിഷയം അറിയിക്കാനാണ്. ഇനിയും താങ്കളെ അറിയിക്കാന്‍ വൈകിയാല്‍ പിന്നീട് എനിക്ക് ഖേദിക്കേണ്ടി
വന്നേക്കാം എന്ന് കരുതിയാണ്, ഈ ഉദ്യമത്തിന് മുതിരുന്നത്. ആദ്യമായി മുന്‍ വിധിയില്ലാതെ താങ്കള്‍ ഇതവസാനം വരെ വായിക്കണം എന്ന്
അപേക്ഷിക്കുന്നു. അത് പറയാന്‍ കാരണം അല്‍പ സമയം കൊണ്ട് സംഭിക്കാവുന്ന, റിക്ടര്‍
സ്കെയിലിലെ 9 കടന്നെക്കാവുന്ന മാരക ശേഷിയുള്ള ഭൂമി
കുലുക്കത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ഫ്ലാഷ് ന്യൂസിലൂടെയോ മറ്റോ,അറിഞ്ഞിട്ടും അതെകുറിച്ച് താങ്കളോട് പറയാതെ ഞാന്‍ മാത്രം സുരക്ഷിതമായ
ഇടത്തേക്ക് രക്ഷപ്പെട്ടുവെങ്കില്‍, ആ ഭൂമി കുലുക്കത്തില്‍ സാരമായ പരിക്ക്
പറ്റി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍, താങ്കള്‍ എന്നെ കുറിച്ച് എങ്ങിനെയാവും
ചിന്തിക്കുക, എന്ന് എന്‍റെ മനസ്സിനെ അലട്ടുന്നത് കൊണ്ടും
സൃഷ്ടാവ് എന്നെ ഏല്‍പിച്ച എന്‍റെ ഉത്തരവാദിത്വം നിറവേറ്റാതിരുന്നാല്‍ എനിക്കു നാളെ അതെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ല എന്ന തിരിച്ചറിവുമാണ് എന്‍റെ മനസ്സിന്‍റെ പിന്നാക്കം വലിക്കല്‍
ഭേദിച്ച് കൊണ്ട് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.
ഞാനും നിങ്ങളും എല്ലാം ഇവിടെ പ്രവാസിയാണ്
എന്നത് പോലെ തന്നെ, ഈ ഭൂമി ലോകത്തും
നമ്മള്‍ അടക്കം എല്ലാ മനുഷ്യരും പ്രവാസികള്‍ തന്നെയാണ്. ഈ ജീവിതം കൊണ്ട് എല്ലാം അവസാനിക്കില്ല എന്ന് ദൈവത്തില്‍
വിശ്വസിക്കുന്നവര്‍ മാത്രമല്ല,
യുക്തി സഹാമായി ചിന്തിക്കുന്ന ഏതൊരാളും മനസ്സിലാക്കും. കാരണം ഒരു മൊട്ടു സൂചി പോലും സ്വയം ഉണ്ടാകുക എന്നത് സംഭവ്യമല്ലല്ലോ.
എന്നിരിക്കെ കോടാനുകോടി നക്ഷത്രങ്ങളും നമുക്ക് ചുറ്റുമുള്ള സര്‍വ ചരാചരങ്ങളും
സൃഷ്ടിച്ചതിനു പിന്നിലെ ശക്തി, അത്
ജനിച്ചവരോ മരിച്ചവരോ ആയിരിക്കില്ല,
ആദിയും അന്ത്യവും ഇല്ലാത്ത എല്ലാറ്റിനും കഴിയുവുള്ള, ഏകനായ ഒരു സൃഷ്ടാവ് തന്നെയാകണം, എല്ലാറ്റിനും കഴിവുള്ള ഒരാളാണ് എങ്കില്‍ അവനെ സഹായിക്കാന്‍ മറ്റ്
ദൈവങ്ങള്‍ ഉണ്ടാകുക എന്നത് ദൈവം എന്ന പദത്തിന്‍റെ അന്ത:സത്തക്കു യോജിക്കില്ലല്ലോ?
അതിനാല്‍ അവനോടൊപ്പം അവനെപ്പോലെയോ,
അവനെ സഹായിക്കാന്‍ അവന്‍റെ കീഴിലുള്ള കുറെ പേരോ ഉണ്ടാകുക എന്നത് ദൈവത്തിനു ചെരാവതല്ലല്ലോ?. അവന്‍ സൃഷ്ടിച്ച സൂര്യ ചന്ദ്ര നക്ഷത്രങ്ങളും
മറ്റു ജീവജാലങ്ങളുമെല്ലാം അവന്‍ നിശ്ചയിച്ചു കൊടുത്ത ഒരു പരിധി ക്കുള്ളില്‍
ചലിക്കുകയും അത് അതിലംഘിക്കാതെ തന്നെ അവയുടെ ഒക്കെ നിര്‍ണ്ണയിക്കപ്പെട്ട ജീവചക്രം, പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന്‍ മാത്രമാണ് ഇതിനപവാദമായി,
തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടത് എങ്കിലും, എല്ലാ വസ്തുക്കള്‍ക്കും നിര്‍ണ്ണയിക്കപ്പെട്ട,
അലംഘനീയമായ മാര്‍ഗം നല്‍കിയ സൃഷ്ടാവ് മനുഷ്യനെയും കൃത്യമായ മാര്‍ഗ
നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരിക്കുക എന്നത് യുക്തിയാവില്ലല്ലോ?.
മനുഷ്യനൊഴികെ ഈ പ്രപഞ്ചത്തിലെ മറ്റെല്ലാ
വസ്തുക്കളും ഒരവധിയെത്തിയാല്‍ നശിക്കുകയും അതോടെ അവസാനിക്കുകയും ചെയ്യുമെങ്കിലും
തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇഷ്ടമനുസരിച്ച് എന്തും പ്രവര്‍ത്തികാനുള്ള
കഴിവും നല്‍കപ്പെട്ട മനുഷ്യനെ,
അവന്‍റെ കര്‍മങ്ങള്‍ ക്കനുസരിച്ച് രക്ഷാ ശിക്ഷകള്‍ നല്‍കാന്‍ വേണ്ടി വീണ്ടും
ഒരുമിച്ചു കൂട്ടുക എന്നത് നീതിയുടെ തേട്ടമാണ്. കാരണം, ഈ ജീവിതത്തോടെ എല്ലാം അവസാനിക്കുമായിരുന്നുവെങ്കില്‍ അവന്‍റെ കോടാനു കോടി
സൃഷ്ടികളില്‍ അതിക്രമം കാണിക്കുന്ന മനുഷ്യനെ സര്‍വ്വ തന്ത്ര
സ്വതന്ത്രനാക്കിയാതിനാല്‍, അവരിലെ
ബലഹീനര്‍ക്ക് മേല്‍ ബലവാന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത
ക്രൂരതകളും അതിക്രമങ്ങളും, അതോടെ അവസാനിക്കുന്നുവെങ്കില്‍ അവിടെ ദൈവം പൂര്‍ണ നീതി
നടപ്പാക്കി എന്ന് പറയാന്‍ കഴിയില്ലല്ലോ?. യഥേഷ്ടം കുറ്റ കൃത്യങ്ങള്‍ ഇന്ന് നമ്മുടെ മുന്നില്‍
നടമാടിക്കൊന്ടെയിരിക്കുന്നു.
അവയില്‍ പലതിനും ലോകത്ത് നിലവിലുള്ള നിയമ സംവിദാനത്തിന്‍റെ കണ്ണില്‍ പെടാത്തതും,
ഇനി പിടിക്കപെട്ടതിന് പോലും ചെയ്ത അക്രമത്തിനനുസരിച്ച പൂര്‍ണമായ ശിക്ഷ നല്‍കാനോ, ഇരയാക്കപെട്ടവര്‍ക്ക് അര്‍ഹമായ നീതി
നല്‍കാനോ കഴിയാത്ത, നൂറു സംഭവങ്ങള്‍
നമുക്കോരോരുത്തര്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിയുമെല്ലോ. എങ്കില്‍ അത്തരം ക്രൂര കൃത്യങ്ങളും അതിക്രമങ്ങളും ചെയ്തവര്‍
നിയമത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയും അധികാരത്തിന്‍റെയും പണത്തിന്‍റെയും സ്വാധീനം
കൊണ്ടും ശിക്ഷിക്കപ്പെടാതെയോ,
അര്‍ഹമായ ശിക്ഷ നേരിടാതെയോ ഈ ലോകത്ത് നിന്ന് മറ്റുള്ളവരെ പോലെ തന്നെ ജീവിച്ചു
മരണപ്പെട്ടു പോകുകയും അതോടെ എല്ലാം അവസാനിക്കുകയും ചെയ്യുന്നുവെങ്കില്‍ ദൈവം
നീതിമാനാകുന്നതെങ്ങിനെ? ഏതൊരു
പ്രവര്‍ത്തിക്കും തത്തുല്യമായ പ്രതി പ്രവര്‍ത്തനം ഉണ്ടാകുക എന്നത് ഭൌതിക
ശാസ്ത്രത്തില്‍ പോലും അറിയപ്പെടുന്ന നിയമാമാണ് എങ്കില്‍, ദ്രോഹിക്കപ്പെട്ട ഇരകള്‍ക്കും അക്രമികള്‍ക്കും ഇടയില്‍ നീതി നടപ്പാകുക
എന്നത്, ഈ ലോകത്ത് വെച്ച് ലഭിക്കാതെ പോയ നീതി ലഭിക്കാന്‍ അക്രമത്തിനു ഇരയായവര്‍
യോഗ്യരാണ് എന്നതിനാല്‍ തന്നെ ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതത്തിന്‍റെ
അനിവാര്യത തെളിയിക്കുന്നു. അത്
കൊണ്ടാണ് ഈ ലോകത്ത് കൊമ്പുള്ള ആട് അതില്ലാത്ത ആടിനെ കുത്തിയെങ്കില്‍ പരലോകത്ത്
കൊമ്പില്ലാതിരുന്ന ആടിന് കൊമ്പു കൊടുത്ത് തന്നെ കുത്തിയ കൊമ്പുണ്ടായിരുന്ന ആടിനെ
തിരിച്ചു കുത്തി നീതി നടപ്പാക്കുന്ന ഒരു ദിവസം വരാനിരിക്കുന്നു.
ഇനി
ചിന്തികാനുള്ളത്, ഈ ലോകത്തെ സര്‍വ്വ
തന്ത്ര സ്വന്തന്ത്രമായ ജീവിത ശേഷം വരുന്ന നമ്മുടെയൊക്കെ രണ്ടാം ജന്‍മം, അഥവാ ഈ ലോകത്തെ പരീക്ഷണത്തിന് ശേഷം വരുന്ന
ഫലപ്രഖ്യാപനത്തിനു നമ്മളൊക്കെ തയ്യാറാ കേണ്ടതുണ്ട് എങ്കില്‍ ആ പരീക്ഷ വിജയിക്കാന്‍
നമുക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കേണ്ടതും ആ സൃഷ്ടാവ് തന്നെയാകണമെല്ലോ?. ഈ കാണുന്ന സൃഷ്ടി പ്രപന്ജത്തിനു മുഴുവന്‍ ഒരു
സൃഷ്ടാവ് ഉണ്ടെന്നും മരണത്തിനു ശേഷം നമ്മുടെ ചെയ്തികള്‍ അവനാല്‍ ചോദ്യം
ചെയ്യപ്പെടും എന്നും വിശ്വസിക്കുന്നവര്‍ പോലും പക്ഷെ, അങ്ങിനെ ചോദ്യം ചെയ്യുന്നവന്‍, അഥവാ സൃഷ്ടാവ്, പരലോക മോക്ഷമെന്ന
നമ്മുടെയൊക്കെ പരമാമായ ലക്‌ഷ്യം നേടാന്‍ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടാകണമെന്നത് ഗൌരവത്തിലെടുത്തോ എന്നത് സംശയമാണ്. കാരണം ഈ അഖിലാണ്ഡ മണ്ഡലങ്ങളും പലര്‍ ചേര്‍ന്ന്
സൃഷ്ടിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ല എങ്കില്‍ താന്തോന്നിയായ മനുഷ്യനെ
പരലോകമോക്ഷം കൈവരിക്കാന്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതും ഏകനായ സൃഷ്ടാവ്
തന്നെയായിരുക്കുമെല്ലോ?
ഞാനും
നിങ്ങളും ജന്‍മം കൊണ്ട് അനന്തരമായി കിട്ടിയ മതത്തില്‍ പ്രത്യേകിച്ച് ഒരു പുന:പരിശോധനയും നടത്താതെ നീങ്ങുന്നവരാണ്. അപ്പോള്‍ ഈ
കാണുന്ന സൃഷ്ടിപ്രപന്ജം മുഴുവന്‍ സൃഷ്ടിച്ചത് വേറെ വേറെ ശക്തികള്‍ അല്ല എങ്കില്‍
അവയെ നിയന്ത്രിക്കുന്നത് അനേകം ദൈവങ്ങളല്ല എങ്കില്‍, നിശ്ചയം
മനുഷ്യര്‍ക്കൊന്നടങ്കം മോക്ഷ പ്രാപ്തിക്കു ഒരേ മാര്‍ഗമാല്ലാതെ ഉണ്ടാവുക സാധ്യമല്ല!. അത് ഏതാണെന്ന് തിരിച്ചറിയാതെ എനിക്കു എന്‍റെ
മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം എന്ന് കരുതി ഞാനും നിങ്ങളും ജനിച്ചുവീണ മതത്തില്‍
തുടരുന്നുവെങ്കില്‍ നമ്മളില്‍ ഒരാള്‍ തീര്‍ച്ചയായും ദൈവ മാര്‍ഗത്തിലല്ല എന്ന് മരണ
ശേഷമെങ്കിലും ബോധ്യമാകുമെന്നത് ഉറപ്പാണ്. ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങള്‍ പോലും വളരെ ചിന്തിച്ചും പഠിച്ചും
മാത്രം തീരുമാനിക്കുന്ന നമ്മള്‍ പരമമായ ലക്ഷ്യമായ മോക്ഷപ്രാപ്തിക്ക്
നിര്‍ബന്ധമായും സ്വീകരിക്കേണ്ട ദൈവീകമായ മാര്‍ഗം തെരഞ്ഞെടുക്കുന്നതില്‍ എങ്ങിനെ
ഉദാസീനനാകുന്നു?.
ഇസ്ലാം കേവലം അറബികള്‍ക്കോ മുഹമ്മദ് എന്ന പ്രവാചകന്‍റെ അനുയായികള്‍ക്കോ
അല്ല, ഈ ലോകം സൃഷ്ടിച്ച പരിപാലിക്കുന്ന
സൃഷ്ടാവില്‍ നിന്ന് ആദ്യത്തെ മനുഷ്യന്‍ മുതല്‍ അവസാനത്തെ മനുഷ്യന് വരെ ദൈവമാര്‍ഗം
വിവരിക്കുന്ന മതമാണ്. ഇത് പറയുമ്പോള്‍ താങ്കള്‍ മതത്തെ ഗൌരവമായി
എടുക്കാതെ, ജീവിച്ചിരിക്കുന്ന കാലം, മറ്റുള്ളവര്‍ക്ക് ഉപദ്രവം ഒന്നും ചെയ്യാതെ നല്ല നിലയില്‍ ജീവിക്കുക, മരണത്തിനു ശേഷം വരുന്നത് വരട്ടെ എന്ന് അലസമായി ഈ ജീവിതത്തിനു ശേഷമുള്ള
അവസ്ഥയെ കുറിച്ച് വിലയിരുത്തുന്ന മാനസികാവസ്ഥയാണ് എങ്കില്‍ കേവലം ഇത്
അവസാനിക്കുന്നിടത്ത് ഇതിനെ കുറിച്ചുള്ള താങ്കളുടെ ചിന്തയും അവസാനിക്കുകയും
താങ്കള്‍ പഴയ പടി തുടരുകയും ചെയ്യും. അതല്ല, ഇന്ന് നിലകൊള്ളുന്നതാണ് ശരിയെന്നും മോക്ഷമാര്‍ഗമെന്നും ഉറച്ചു
വിശ്വസിക്കുന്ന ഒരാളാണ് താങ്കള്‍ എങ്കില്‍ ഞാന്‍ ഈ പറഞ്ഞതില്‍ ശക്തമായ
വിയോജിപ്പുണ്ടാകാം, നേരിട്ടല്ലെങ്കില്‍ പോലും ഞാന്‍ പറഞ്ഞതിനെ
ഖണ്ഡിക്കാന്‍ താങ്കളുടെ മനസ്സ് അതിയായി ആഗ്രഹിച്ചേക്കാം.
അത് പോലെ, നൈമിഷികമായ ഈ ജീവിതത്തെക്കാളുപരി
പ്രയപ്പെട്ടവരെയെല്ലാം വിട്ടേച്ചു, ഒരു ജന്‍മം കൊണ്ട്
നേടിയതും സ്വപനം കണ്ടതും എല്ലാം ബാക്കിയാക്കി ഏതു നിമിഷവും യാത്ര
തിരിക്കെണ്ടാവനാണ് എന്നും, ശേഷം സൃഷ്ടാവിന്‍റെ വിധിയനുസരിച്ച്
സ്വര്‍ഗ്ഗ നരക ങ്ങളി ലൊന്നില്‍ മറ്റൊരു മരണമില്ലാതെ അനന്തമായി കഴിയെണ്ടാവനാണ്
എന്ന് തിരിച്ചരിയുന്നുവെങ്കില്‍, ഇത്
അവസാനിക്കുന്നെടത്തു നിങ്ങള്‍ തുടങ്ങും, സൃഷ്ടാവിനെ
അറിയാന്‍. ആ യാത്ര നിങ്ങളെ കൊണ്ടെത്തിക്കുക നിത്യ
വിജയത്തിലെക്കായിരിക്കും. കാരണം ഇന്ന് ലോകത്ത് നിലവിലെ മതഗ്രന്ഥ ങ്ങളില്‍
സൃഷ്ടാവില്‍ നിന്നുള്ളത് എന്നു പൂര്‍ണമായി ഉറപ്പിക്കാന്‍ കഴിയുന്നത് വിശുദ്ധ
ഖുര്‍ആന്‍ മാത്രമാണ്. 114 അധ്യായങ്ങളിലായി
ആറായിരത്തില്‍ പരം വചനങ്ങള്‍. അതില്‍
മനുഷ്യന്‍റെ ബുദ്ധിയുമായി നേരിട്ട് സംവദിക്കുന്ന, ഭൂത ഭാവി
കാല ചരിത്ര സംഭവങ്ങളിലൂടെ, അന്ന് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണമായ
ശാസ്ത്ര പരാമര്‍ശങ്ങിലൂടെ, അത് ഗോള ശാസ്തത്തിലും ഭ്രൂണ ശാസ്ത്രത്തിലും ജീവ
ശാസ്ത്രത്തിലും അടക്കം വിവിധ ശാസ്ത്ര ശാഖകളിലും മറ്റും നടത്തിയ കൃത്യമായ
പരാമര്‍ശങ്ങളിലൂടെ, ധര്‍മ്മാധര്‍മ വിവക്ഷയിലൂടെ ഏതൊരു സത്യാന്വേഷിക്കും
അത്ഭുതത്തോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവാത്ത, സൃഷ്ടാവിങ്കല്‍
നിന്നുള്ളതെന്ന വ്യെക്തമായ സൂചനകള്‍ എമ്പാടുമുള്ള തെറ്റുകളോ അബദ്ധങ്ങ ളോ ഇല്ലാത്ത
വൈരുദ്ധ്യങ്ങളേതുമില്ലാത്ത ഒരേ ഒരു ദൈവീക ഗ്രന്ഥം. ഇത് കേവലം മുസ്ലിംകളുടെ ഒരവകാശവാദമായി കാണാതെ
പരിശോധിക്കാന്‍ മേനെക്കെടുക. ഏതാനും ഖുര്‍ആനിക വചനങ്ങള്‍ കാണുക:
''നബിയെ, പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള
അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം. (7:158)
''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (49:13)
''ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. (2:21)
''മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. (22:5)
''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍
ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (22:73)
''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ.''
(31:33)
മേല്‍
വചനങ്ങള്‍ ഖുര്‍ആനില്‍ നിന്നുള്ളതാണ്. ഏക ദൈവ വിശ്വാസത്തിന്‍റെ ചില പരാമര്‍ശങ്ങള്‍ ഇന്ന് നിലവിലെ മത
ഗ്രന്ഥങ്ങളില്‍ എല്ലാം കാണാമെങ്കിലും കാലാന്തരങ്ങള്‍ക്കിടെ ഖുര്‍ആന്‍ ഒഴികെയുള്ള
എല്ലാ ഗ്രന്ഥങ്ങളിലും കടത്തി കൂട്ടലുകള്‍ നടന്നു എന്നത് കൊണ്ടാണ് ഖുര്‍ആന്‍
ഒഴികെയുള്ള മതഗ്രന്ഥ ങ്ങളുടെയൊക്കെ അനുയായികളില്‍ ബഹു ദൈവ ചിന്തയും ആരാധാനയും
കടന്നു വന്നതും, ആ
ഗ്രന്ധങ്ങളിലോക്കെയും പരസ്പര വൈരുദ്ധ്യങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നത്. എന്നാല്‍ ഖുര്‍ആനില്‍ എന്തെങ്കിലും വൈരുദ്ധ്യമോ, തെളിയിക്കപെട്ട ഏതെങ്കിലും ചരിത്ര
വസ്തുതകള്‍ക്കോ ശാസ്ത്ര സത്യങ്ങള്‍ക്ക് എതിരായ പരാമാര്‍ശമോ കണ്ടെത്താന്‍ കഴിയില്ല. 1400 വര്‍ഷം മുന്‍പ് അറേബ്യ യിലെ മനല്‍ക്കാടുകളിലോന്നില്‍ ജനിച്ച എഴുത്തും
വായനയും വശമില്ലാത്ത ഒരാള്‍ക്ക് സങ്കീര്‍ണങ്ങളായ ആധുനികരായ ശാസ്ത്രഞ്ജര്‍ മാത്രം
കണ്ടെത്തിയ സത്യങ്ങള്‍ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്താന്‍ കഴിയില്ല, അതിനാല്‍ തന്നെ ഈ ഖുര്‍ആന്‍ സൃഷ്ടാവില്‍ നിന്ന്
ചിന്തിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയുള്ള വ്യെക്തമായ ദൈവിക വചനങ്ങളാണ്. ഖുര്‍ആന്‍
പറയുന്നത് കാണുക..
''അവര്‍
ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു
അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം
കണ്ടെത്തുമായിരുന്നു.'' (4:82)
ഇതോടു
കൂടി എന്‍റെ ബാധ്യത, അവസാനിക്കുന്നു, മനുഷ്യര്‍ ഒരൊറ്റ സമൂഹമായിരുന്നു, അവന്നു ആരാധനക്കായി ഒരേ ഒരു സൃഷ്ടാവും. കാലങ്ങള്‍ കടന്നു പോയപ്പോള്‍ ജനങ്ങള്‍
ഭിന്നിക്കുകയും അവര്‍ക്ക് തോന്നിയതിന്‍റെ പിറകെ പോകുകയും ചെയ്തു. അപ്പോഴൊക്കെ സത്യത്തിലേക്ക് തിരിച്ചു
വിളിക്കാന്‍ അവന്‍ എല്ലാ സമൂഹത്തിലെക്കും, ഒരു ലക്ഷത്തില്‍ പരം ദൈവ ദൂതന്‍മാരെ
അയക്കുകയുണ്ടായി. ഇന്ത്യയടക്കം
ലോകത്തിന്‍റെ എല്ലാ കോണുകളിലും അവന്‍റെ ദൂതന്‍മാര്‍ കാലത്തിന്‍റെ വിവധ
ഘട്ടങ്ങളില്‍ അത്തരം ഏക ദൈവാരാധനയുടെ സന്ദേശം എത്തിയെന്ന് തന്നെയാണ്, ഇപ്പോഴും ഹൈന്ദവ ഗ്രന്ധങ്ങളിലടക്കം ബാക്കിയായ
വിഗ്രഹാരാധന എതിര്‍ത്തും ഏക ദൈവ പ്രോക്തമായ ശ്ലോകങ്ങളും സൂചിപ്പിക്കുന്നത്.
വേദഗ്രന്ഥങ്ങളില്‍ ഇന്നും അന്തര്‍ ലീനമായി
കിടക്കുന്ന യഥാര്‍ത്ഥ ഏക ദൈവ സങ്കല്‍പ്പത്തിന്‍റെ ചില ശേഷിപ്പുകള്‍ കൂടി കാണുക;
"ന തസ്യ പ്രതിമാ
അസ്തി യസ്മ നാമ മഹദ് യശ:" അവന്റെ യശസ് എല്ലായിടത്തും
വ്യാപിച്ചിരിക്കുന്നു. അവനെ മറ്റൊന്നിനോടും ഉപമിക്കാന്‍ കഴിയുകയില്ല (യജുര്‍വേദം 32:3-4, )
"അന്ധാ തമാ പ്രവിഷന്തി യെ അസംഭുതി മുപാസ്തെ" (യജുര്‍വേദം 40:9 ) ''യാതൊരുവന്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്നുവോ അവന്‍ അന്ധകാരത്തില്‍
പ്രവേശിക്കും.'' (വെള്ളം, വായു, തീ, സൂര്യ നക്ഷത്രാദികള്‍ ).
''യാതൊരുവന്‍ സംഭുതിയെ ഉപാസിക്കുന്നുവോ അവര്‍ അന്ധകാരത്തില്‍ ആണ്ടുപോകും ..(സംഭുതി
എന്നാല്‍ മനുഷ്യ കരങ്ങളാല്‍ സൃഷ്ടിക്കപ്പെടത് , അഥവാ മേശ കസേര, ചിത്രങ്ങള്‍, പ്രതിമ തുടങ്ങിയവ.).
ദൈവത്തെ കുറിച്ചുള്ള ഉപനിഷത്തിലെ ഒരു ശ്ലോകം
കാണുക " ഏകം എവദ്വിതിയം "
" അവന്‍ ഏകനാണ് രണ്ടാമതൊന്നില്ലാത്ത" (ചന്ദഗ്യോപനിഷത് 6:2:1)
ഇനി
ബ്രഹ്മ സൂത്രത്തില്‍ പറയുന്നത് കാണുക : 'ഏകം ബ്രഹ്മം ദ്വിതിയ നസ്തെ'' ദൈവം ഏകനാണ്, രണ്ടാമത് ഇല്ലാത്ത".' വേറെയും ഏക ദൈവ സങ്കല്‍പത്തെ സൂചിപ്പിക്കുന്ന
നിരവധി പരാമര്‍ശങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും.
അത്
പോലെ ക്രിസ്തുമത വേദ പുസ്തകങ്ങളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏക ദൈവത്തെ
കുറിച്ച പരാമര്‍ശങ്ങള്‍ നിരവധിയാണ്.
''ആകയാല്‍ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ
ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണ
ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ സേവിക്കയും ഞാന്‍ ഇന്ന് നിന്നോട്
ആജ്ഞാപിക്കുന്ന യഹോവയുടെ കല്‍പനകളും ചട്ടങ്ങളും നിന്‍റെ നന്‍മക്കായി പ്രമാണിക്കയും
വേണം എന്നല്ലാതെ
നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത് എന്ത്?'' (ആവര്‍ത്തന പുസ്തകം10:12-13)
ആകയാല്‍ ഇന്നുള്ളതു പോലെ നിങ്ങള്‍ അവന്‍റെ ചട്ടങ്ങള്‍
അനുസരിച്ചു നടപ്പാനും അവന്‍റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ
യഹോവയിങ്കല്‍ എകാഗ്രമായിരിക്കട്ടെ.'' (ഒന്ന് രാജാക്കന്‍മാര്‍ 8:61)
''അടിമ
വീടായ മിസ്രയിം ദേശത്തു നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ
അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ
സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍
എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുതു. അവയെ നമ്സ്കരിക്കുകയോ
സേവിക്കയോ ചെയ്യരുത്. (പുറപ്പാട് 20:2 -4)
''യിസ്രായേലേ
കേള്‍ക്ക ! യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നേ, നിന്‍റെ ദൈവമായ
യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ
സ്നേഹിക്കേണം. '(ആവര്‍ത്തന പുസ്തകം 6:4-5)
മേല്‍പറഞ്ഞ ക്രിസ്തുമതത്തിലെയും ഹിന്ദുമതത്തിലെയും
ഗ്രന്ഥങ്ങളില്‍ ഏക ദൈവ വിശ്വാസത്തെ കുറിച്ചുള്ള വ്യെക്തമായ സൂചനകള്‍ ഉണ്ടായിരിക്കെ, കാലക്രമേണ പ്രവാചകന്‍മാരോടും മഹാ പുരുഷന്‍മാരോടുമുള്ള ബഹുമാനം
ക്രമേണ ആരാധനയില്‍ എത്തുകയും ഏക ദൈവമെന്ന അവര്‍ പഠിപ്പിച്ച യഥാര്‍ത്ഥ
വിശ്വാസം തന്നെ അന്യം നിന്ന് മനുഷ്യര്‍ വിഗ്രാഹാരാധനയിലേക്കും അവന്‍ ഭയക്കുന്ന
അവനു അപ്രാപ്യമായ പ്രാപഞ്ചിക ശക്തികളെയും ദൈവത്തിന്‍റെ സ്ഥാനത്തു
പ്രതിഷ്ടിക്കുകയുമാണ് ഉണ്ടായതു. ത്രിയേകത്വവും
ബഹുദൈവ സങ്കല്‍പവും ക്രമേണ കടന്നു കൂടുകയും അതിനനുസരിച്ച് ദൈവീക വേദ
ഗ്രന്ഥങ്ങളില്‍ മനുഷ്യര്‍ കൈകടത്തുലുകള്‍ നടത്തുകയും ചെയ്തത് കൊണ്ടാണ്, മറ്റു മുന്‍കടന്ന എല്ലാ പ്രവാചകരെയും അവര്‍ക്ക് നല്‍കപ്പെട്ട വേദ
ഗ്രന്ഥങ്ങളുടെ അസ്ഥിത്വത്തെയും ശരിവെച്ചു കൊണ്ട് അന്തിമ പ്രവാചകനെയും
അദ്ദേഹത്തിലൂടെ യഥാര്‍ത്ഥ ദൈവീക സന്ദേശമായ, മനുഷ്യ കൈകടത്തുലകള്‍ അസാധ്യമായ അന്തിമ
ഗ്രന്ഥമായ ഖുര്‍ആനിനെ അവതരിപ്പിച്ചത്.
ഇനി യേശു വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് അഥവാ മുഹമ്മദ് (സ)യെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ബൈബിളില്‍ ഇങ്ങനെ
വായിക്കാം.
അദ്ദേഹം പറഞ്ഞു: "ഞാന് പോകുന്നത് നിങ്ങളുടെ നന്മയ്ക്കാണ്. ഞാന്‍ പോകാതിരുന്നാല്‍ സഹായകന്‍ (പാരക്ളിറ്റോസ്) നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന് പോയാല്‍ അവനെ
നിങ്ങളുടെ അടുത്തേക്ക് ഞാന് അയക്കും. അവന് വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തും''. (യോഹന്നാന്‍ 16:7,8)
യേശു വീണ്ടും പറഞ്ഞു:
"ഇനിയും പല കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല് ഇപ്പോള്‍ നിങ്ങള്‍ക്ക് അത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ്
വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല.
എന്നാല്‍ താന്‍
കേള്ക്കുന്നതെന്തും അവന് പറയും. വരാനിരിക്കുന്ന കാര്യങ്ങള് അവന് നിങ്ങളോട് പ്രഖ്യാപിക്കും''. (യോഹന്നാന്‍ 16:12-14)
മാത്രമല്ല
അന്തിമ പ്രവാചകനായ മുഹമ്മദ് (സ)
യുടെ ആഗമനത്തെ കുറിച്ച് ഹിന്ദു പുരാണത്തിലും വ്യെക്തമായ പരാമര്‍ശങ്ങള്‍ കാണാം.. അത്തരം ഏതാനും വചനങ്ങള്‍ കാണുക.
''ഏത സ്മിന്നന്തരേ മ്ളേഛ ആചാരേണ്യ സമന്വിത; മഹാമദ ഇതിഖ്യാദഃ ശിഷ്യശാഖാ സമന്വിതം" (ഭവിഷ്യല് പുരാണം 3:3:3:5 ) (അപ്പോള്‍ മഹാമദ് എന്ന പേരുള്ള വിദേശിയായ ലോകാചാര്യന് തന്‍റെ ശിഷ്യഗണങ്ങളോടുകൂടി പ്രത്യക്ഷപ്പെടും).
ആ മഹാനായ പ്രവാചകന്‍റെ
അനുയായികളെക്കുറിച്ചും സാംസ്ക്കാരിക ചിഹ്നങ്ങളെക്കുറിച്ചും കൂടി വിവരിക്കുന്നുണ്ട് ഭവിഷ്യല് പുരാണത്തില്‍. "അദ്ദേഹത്തിന്‍റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടുമവെക്കുകയില്ല.അവര്‍ താടി വളര്‍ത്തും. അവര്‍
വിപ്ളവകാരികളായിരിക്കും.പ്രാര്‍ത്ഥനക്ക് വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റ് മിക്ക മൃഗങ്ങളെയും അവര്‍
ഭക്ഷിക്കും. ശുദ്ധിചെയ്യാന് ദര്‍ഭ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല് മുസൈലവന്‍മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍
നിന്നായിരിക്കും''. (ഭവിഷ്യല്‍ പുരാണം 3:3:3: 25-28)
ഇതൊക്കെ, വേദ ഗ്രന്ഥങ്ങളില്‍ ഇതൊന്നും കേവലം
യാദൃശ്ചിക മായി വന്നതല്ല ലോക
സൃഷ്ടാവ് മതമാമായി ഒന്നേ നിശ്ചയിച്ചിട്ടുള്ളൂ എന്നും കാലങ്ങള്‍ കടന്നു പോകവേ, മനുഷ്യര്‍ അതില്‍ കടത്തി കൂട്ടലുകള്‍ നടത്തുകയാണ് ഉണ്ടായത് എന്നും
വ്യെക്തമാക്കുന്നതാണ്. അങ്ങിനെ മനുഷ്യര്‍ ദൈവത്തിന്‍റെ
മാര്‍ഗത്തില്‍ നിന്ന് അകന്നു പോകുമ്പോള്‍ ലോകത്തിന്‍റെ നാനാ ദിക്കുകളിലേക്ക് അവന്‍
മനുഷ്യരില്‍ പെട്ട ചിലരെ തെരഞ്ഞെടുത്തു അവന്‍റെ ദൂതനായി അയക്കുകയും മനുഷ്യരെ
നേര്‍മാര്‍ഗത്തി ലേക്ക് തിരിച്ചു വിളിക്കാന്‍ അവരിലൂടെ വേദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു പോന്നു, എന്നാല്‍ മുഹമ്മദ് (സ) എന്ന
പ്രവാചകനിലൂടെ ആ ശൃംഖല അവസാനിക്കുകയും, വേദ
ഗ്രന്ഥങ്ങളില്‍ അവസാനത്തേതായ വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക്
മാര്‍ഗ ദര്‍ശനമായി , മുന്‍പ് കഴിഞ്ഞു പോയ വേദങ്ങളില്‍ നിന്ന് ഭിന്നമായി യാതൊരു
മാറ്റ തിരുത്തലും നടത്താന്‍ കഴിയാത്ത വിധം സര്‍വ ശക്തനാല്‍ സംരക്ഷിക്കപെടുകയും
ചെയ്യും. അത് കൊണ്ട് മറ്റേതു വേദ ഗ്രന്ഥത്തിന്‍റെ
അനുയായികളും മോക്ഷമാഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെയൊക്കെ സൃഷ്ടാവിനാല്‍ നമുക്കായി
അവതരിപ്പിക്കപെട്ട, ഒരു കൈ കടത്തലും നടത്താന്‍
സാധ്യമല്ലാത്തവിധം ഇന്നും അജയ്യമായി നിലകൊള്ളുന്ന ഖുര്‍ആനിലെ സന്ദേശങ്ങള്‍
അറിയുകയും നമ്മുടെ സൃഷ്ടാവിന്‍റെ യഥാര്‍ത്ഥ പാതയില്‍ എത്തുകയും നിര്‍ബന്ധമാണ്.
''മനുഷ്യര്‍ ഒരൊറ്റ
സമുദായമായിരുന്നു. അനന്തരം (അവര്‍
ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത
അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച
വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍
അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ
വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള
മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു
സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ
താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.'' (2:213)
''പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്‍റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്‍റെ ദോഷവും അവന് തന്നെയാണ്. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല.'' (10:108)
''അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോള്‍ നാം (മുമ്പ്) വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്. ഈ കൂട്ടരിലും അതില്‍ വിശ്വസിക്കുന്നവരുണ്ട്. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.'' (29:47)
''(നബിയേ,) പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവന്‍ അറിയുന്നു. അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. ''(29:52)
അവസാനിപ്പിക്കുകയാണ്, ഞാന്‍ ഇത് കൊണ്ട് ഉദ്ദേശിച്ചത് ആദ്യം
സൂചിപ്പിച്ച, എനിക്കു ബോധ്യപ്പെട്ട, വരാനുള്ള ഘോരമായ അപകടം, അതിനെ കുറിച്ച് അശ്രദ്ധനായ താങ്കളെ അറിയിക്കുക
എന്നത് മാത്രമാണ്. അല്ലാതെ, കേവലം
ഒരാളെ കൂടി എന്‍റെ മതത്തില്‍ ചേര്‍ത്തു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഭൌതിക
നേട്ടം ഞാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ചു, നിങ്ങളെ പോലെയുള്ള സുമനുസ്സുള്ള ഒരാളോടു, കേവലം നല്ല മൊബൈല്‍ ഫോണിനെ
കുറിച്ചും വാഹനത്തെ കുറിച്ചും മറ്റു ഭൌതിക വിഷയങ്ങള്‍ മാത്രം പറഞ്ഞു, നാളെയെ കുറിച്ചുള്ള മുന്നറിയിപ്പ് മറച്ചു വെക്കുകയും ചെയ്യുക എന്നത്
താങ്കളോട് കാണിക്കുന്ന വഞ്ചനയായിരിക്കും എന്ന് ആത്മാര്‍ഥമായി കരുതുന്നത് കൊണ്ടാണ്. കേവലം നൈമിഷികമായ ഈ ലോകത്ത് ആഹാരമോ മരുന്നോ പാര്‍പ്പിടമോ നല്‍കുക
എന്നതിനെക്കാളേറെ, ശാശ്വതമായ നാളെയുടെ ലോകത്ത് സൌഭാഗ്യത്തിലും സന്തോഷത്തിലും
കഴിയുന്ന ഒരയല്‍കാരനായി താങ്കളെ ഒരുക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഞാന്‍ ഏറ്റവും വലിയ
മനുഷ്യസേവനമായി കാണുന്നത്. അത് തന്നെയാണ് എന്‍റെ സഹോദരനായി ഞാന്‍
കരുതുന്ന താങ്കള്‍ക്കുള്ള എന്‍റെ ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നതും. സര്‍വ്വ ശക്തന്‍ തുണക്കട്ടെ.....
അസ്സലാമു അലൈക്കും.
ReplyDeleteഇതു എനിക്ക് കോപ്പി ചെയ്യാമോ?
ReplyDeleteവ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു
Deleteതീർച്ചയായും മറ്റൊരു ഉപാധിയുമില്ലാതെ ....സന്തോഷത്തോടെ ....
വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു
Deleteതീർച്ചയായും മറ്റൊരു ഉപാധിയുമില്ലാതെ ....സന്തോഷത്തോടെ ....
വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു
Deleteതീർച്ചയായും മറ്റൊരു ഉപാധിയുമില്ലാതെ ....സന്തോഷത്തോടെ ....
جزاك اللهُ خيراً
ReplyDeleteഅസ്സലാമു അലൈക്കും ... ഇത് ഞാന്‍ എന്‍റെ facebook-ല്‍ പോസ്റ്റ് ചെയ്യുന്നുണ്ട് ....
ReplyDeleteവ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു
Deleteതീർച്ചയായും മറ്റൊരു ഉപാധിയുമില്ലാതെ ....സന്തോഷത്തോടെ ....