Thursday, November 20, 2014

സംഗീതവും ചില അകലാനി വാദങ്ങളും


                  ഈയടുത്ത ദിവസം സംഗീതത്തെ കുറിച്ച് വന്ന ഒരു ഫത് വയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. സംഗീതത്തെ കുറിച്ച് മടവൂര്‍ വിഭാഗം മുജാഹിദുകളില്‍ പെട്ട ചിലര്‍ അനുവദനീയമെന്ന നിലക്ക് വാദിച്ചതും നന്തി സംവാദത്തില്‍ അവരുടെ പണ്ഡിതന്‍മാര്‍ തെളിവ് നല്‍കാനാകാതെ ഇളിഭ്യരായതും ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ഇപ്പോള്‍ രാഷ്ട്രീയ ഇസ്ലാമിന്‍റെ ആളുകള്‍ തങ്ങളുടെ ചാനല്‍ നടത്തുന്ന കോപ്രായങ്ങള്‍ക്ക്‌ ഇസ്ലാമിക മാനം നല്‍കാനാകണം പുതിയ ചില ബാലിശമായ വാദങ്ങളും ഹദീസ് ദുര്‍വ്യാഖ്യാനവും കൊണ്ടാണ് സംഗീതം ഹലാലാക്കാന്‍ മേനെക്കെടുന്നത്. "ഹൈന്ദവ ക്രൈസ്തവ മതങ്ങളില്‍ സംഗീതം മതത്തിന്റെ ഭാഗമായി തന്നെ ആസ്വദിക്കപ്പെടുകയും മത പ്രചാരണത്തിന് വരെ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യനെ ശക്തിയായി സ്വാധീനിക്കുകയും ഹൃദയത്തെ തരളിതമാക്കുകയും ചെയ്യുന്നതാണ് സംഗീതം. മനുഷ്യന്റെ പ്രകൃതിയെയും നൈസര്‍ഗിക വാസനകളെയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമില്‍ സംഗീതം ഹറാമാണെന്ന് പറയുന്നത് എത്ര കണ്ട് ശരിയാണ്?" എന്ന  ഒരു ചോദ്യവും അതിനുത്തരവുമായി വന്നതില്‍    സ്വന്തം യുക്തിക്കനുസരിച്ച് ദീനിലെ ഹലാല്‍ ഹറാമുകള്‍ വ്യാഖ്യാനിക്കുകയും ഖുര്‍ആനും ഹദീസുകളും സ്വന്തം ദേഹേച്ചക്ക് അനുസൃതമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതും വ്യെക്തമായി കാണാവുന്നതാണ്. 
         ഹൈന്ദവ ക്രിസ്തീയ മതങ്ങളില്‍ സംഗീതം മാത്രമല്ല, മദ്യവും വിലക്കപെട്ടതായി കണ്ടെന്നു വരില്ല, അത് പക്ഷെ ഇസ്ലാമില്‍ ഒരു വിലക്ക് അനുവദനീയമാക്കാന്‍ തെളിവല്ല എന്ന് ആദ്യമായി മനസ്സിലാക്കുക. മനുഷ്യനെയും മനുഷ്യ ഹൃദയത്തെയും സംഗീതം ശക്തമായി സ്വാധീനിക്കുന്നു എന്നത് ശരിയാണ്. അത് തന്നെയാണ് സംഗീതം വിലക്കാനുള്ള ഒരു കാരണവും. സംഗീതത്തിന് അടിമപ്പെട്ടവന്‍ ഖുര്‍ആനില്‍ നിന്ന് ബഹുദൂരം അകന്നു പോകുമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഒരാളുടെ ഹൃദയത്തില്‍ സംഗീതത്തിന് (വാദ്യോപകരണങ്ങളുടെ നിമ്നോന്നതയില്‍ ) ആനന്ദം കണ്ടെത്താന്‍ കഴിയുന്നുവെങ്കില്‍ അത്രകണ്ട് അയാളുടെ ഹൃദയത്തില്‍ നിന്ന് ഖുര്‍ആന്‍ അകലത്തായിരിക്കും. സംഗീതത്തിന് ചില ഗുണങ്ങളുണ്ട് എന്ന് വന്നാല്‍ തന്നെയും അത് അനുവദനീയമാക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ല. അപ്രകാരം ചില ഗുണങ്ങള്‍ മദ്യത്തിനുമുണ്ട് എന്ന് ചില ആധുനിക പഠനങ്ങള്‍ ചൂണ്ടിക്കാട്ടി, ഒരു പരിധിക്കുള്ളില്‍ മദ്യപാനവും ആകാമെന്നും ഇത്തരക്കാര്‍ ഒരു പക്ഷെ മത വിധി പറഞ്ഞേക്കാം. 

            പ്രവാചകന്‍ അനുവദിച്ചതായി ഹദീസുകളില്‍ വന്ന സംഗീതം എന്നത് കേവലം കല്യാണ വേളയിലും പെരുന്നാള്‍ ദിനത്തിലും ചെറിയ പെണ്‍കുട്ടികള്‍ക്ക് ദഫ് മുട്ടും കൈമുട്ടും വായ്പാട്ടും മാത്രമാണ്. ദഫ് എന്നതിനെ വാദ്യോപകരണങ്ങളാക്കി പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്‌ തങ്ങളുടെ പേക്കൂത്തുകള്‍ക്ക് ഇസ്ലാമിക മാനം നല്‍കാനുള്ള കോപ്രായവും നബി വചനങ്ങളോടുള്ള അതിക്രമാവുമാണ്. അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത് തന്നെ മനുഷ്യന് സന്‍മാര്‍ഗ ദര്‍ശനവും ഹൃദയങ്ങള്‍ക്ക്‌ ശമനവുമായാണ്. അല്ലാഹു പറയുന്നത് കാണുക:

 يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ

''മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.) യൂനുസ് :57. അല്ലാഹു വീണ്ടും പറയുന്നു:

قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى


(നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവുമാകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്‌. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു. : ഫുസ്സിലത്ത് 44 )

അഥവാ അല്ലാഹു മനസ്സിന്‍റെ റിലാക്സിനും മറ്റു രോഗങ്ങള്‍ക്കും ഖുര്‍ആന്‍ ഔഷധ മെന്നു പറയുമ്പോള്‍ അതല്ല, അല്ലാഹു വിലക്കിയ സംഗീതമാണ് മനസ്സിന് റിലാക്സിനു നല്ലതെന്ന് പറഞ്ഞു ചില പണ്ഡിത വേഷധാരികള്‍ അല്ലാഹുവിനെ ദീന്‍ പഠിപ്പിക്കുന്നു. മ ആദല്ലാഹ്....

രസകരമായ മറ്റൊരു വാദം ഹലാലായ ആവശ്യങ്ങള്‍ക്ക് വേണ്ടി വാദ്യോപകാരങ്ങള്‍ ഉപയോഗിക്കാം എന്നതാണ്. സംഗീതത്തിന് ഏറെ പ്രാമുഖ്യം നല്‍കിയിരുന്ന ഒരു സമൂഹത്തിനു മുന്‍പില്‍ ഇസ്ലാമിനെ അവതരിപ്പിച്ച പ്രവാചകനോ സഹാബത്തോ അവരെ ആകര്‍ഷിക്കാന്‍ വേണ്ടി പോലും ഒരിക്കലെങ്കിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചില്ല എന്നത് പ്രവാചകന് ഇവരുടെ അത്ര ചിന്താ ശക്തിയില്ലാഞ്ഞത് കൊണ്ടായിരുന്നുവെന്നാണോ ഇവര്‍ ജല്‍പിക്കാന്‍ ശ്രമിക്കുന്നത്?...അല്ലാഹുവില്‍ അഭയം....ഇത്തരം പണ്ഡിത വേഷധാരികളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ...
അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: 

وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَـٰئِكَ لَهُمْ عَذَابٌ مُّهِينٌ  

യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌. (31:6)

ഇതില്‍ പറഞ്ഞ 'ലഹ് വല്‍ ഹദീസ് '' എന്നത് സംഗീതത്തെ കുറിച്ചാണ് എന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചു പറഞ്ഞിട്ടുണ്ട്. ഇബ്‌ന്‍ അബ്ബാസ് ഈ ആയത്തിലെ ലഹവു എന്നത് കൊണ്ടുദ്ധേശം സംഗീതം ആണ് എന്ന് വ്യെക്തമാക്കിയിട്ടുണ്ട്. അബ്ദുല്ലാഹിബ്നു മസ്ഊദി നോടു ചോദിച്ചു: `ഈ സൂക്തത്തിലെ ലഹ്വുല്‍ഹദീസിന്റെ താല്‍പര്യമെന്താണ്?` അദ്ദേഹം മൂന്നുവട്ടം അസന്ദിഗ്ധമായി പറഞ്ഞു: هو والله الغناء(അല്ലാഹുവാണ, അതിന്റെ താല്‍പര്യം സംഗീതമാണ്.) അദ്ദേഹം പറയുന്നു, സംഗീതം മനസ്സില്‍ നിഫാഖ് മുളപ്പിക്കും. ഇതില്‍ പ്രതിപാതിക്കപ്പെട്ടത്‌ അക്കാലത്ത് അല്ലാഹു വിന്‍റെ വചനങ്ങളില്‍ നിന്ന് ആളുകളെ തെറ്റിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ശത്രുക്കള്‍ ഏര്‍പ്പാട് ചെയ്ത മദ്യത്തെയും യുദ്ധത്തെയും സ്ത്രീകളെയും വര്‍ണ്ണിച്ചു താള ക്കൊഴുപ്പോടെ പാടുന്ന ഗായിക മാരുടെ ഗാനങ്ങളാണ് എങ്കിലും, എല്ലാ തരാം വാദ്യോപകരണങ്ങളും, വാദ്യോപകരണത്തിന്‍റെ അകമ്പടിയില്ലെങ്കില്‍ പോലും അത്തരം നിഷിദ്ധമായ, വിഷയങ്ങളും വാചകങ്ങളും അടങ്ങിയ എല്ലാതരം ഗാനങ്ങളും കവിതകളും രചിക്കലും ആലപിക്കലും കൂടി നിഷിദ്ധമാണ് എന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചു പറഞ്ഞിട്ടുണ്ട്. വാദ്യോപകരണങ്ങളില്‍ ഇളവു നല്‍കപ്പെട്ടത്‌ വിവാഹ വേളകളില്‍ ദഫ് മുട്ടുന്നത് മാത്രമാണ്. അബ്ദുല്ലാഹ് ബിന്‍ മസ് ഊദ് രിവായത് ചെയ്യുന്ന ബുഖാരി ഉദ്ധരിച്ച സഹീഹായ ഒരു ഹദീസില്‍ ഇങ്ങനെ കൂടി വന്നത് ശ്രദ്ധേയമാണ്.

ليكونن من أمتي أقوامًا يستحلون الحر والحرير والمعازف 


(അവസാന കാലത്ത് എന്‍റെ ഉമ്മത്തില്‍ നിന്നുള്ള ഒരു വിഭാഗം വ്യെഭിചാരവും പട്ടും സംഗീതവും ഹലാലാക്കുന്നവരായി വരും.)

                            അഹല്സ്സുന്നയുടെ പണ്ഡിതരില്‍ ഹിജറ 456 ഇല്‍ മരണപ്പെട്ട സ്പെയിനിലെ ഖുര്‍തുബയില്‍ ജീവിച്ചഇബ്ന്‍ ഹസം (റ) മാത്രമാണ് സംഗീതത്തിന്‍റെ വിഷയത്തില്‍ ഒറ്റപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയത്. അത് പക്ഷെ, അദ്ദേഹം സംഗീത ത്തിന്‍റെ വിഷയത്തില്‍ വന്ന ഹദീസുകള്‍സ്വഹീഹായി മനസ്സിലാക്കാതിരുന്നത് കൊണ്ടാണ്, മുഹല്ലിയില്‍ ഈണത്തില്‍ പാട്ട് പാടുക എന്നര്‍ത്ഥത്തില്‍സംഗീതം ആലപിക്കുന്നത് അനുവദനീയമാണ് എന്ന് പറയുന്നത്. എന്നാല്‍ ഹദീസ് സ്വഹീഹായി ആവിഷയത്തില്‍ വരികയും ഇബ്ന്‍ അബ്ബാസ് (റ) യുടെ സൂറത്ത് ലുക്മാനിലെ 6 ആം ആയത്തിലെ ലഹ് വ്എന്നത് കൊണ്ട് ഉദ്ദേശം സംഗീതം ആണ് എന്ന വ്യാഖ്യാനം സ്ഥിരപ്പെട്ടു വരികയും ചെയ്‌താല്‍, ഹദീസ്സ്വഹീഹായാല്‍ അതാണ്‌ എന്‍റെ മദ് ഹബ് എന്ന് മദ് ഹബിന്‍റെ ഇമാമുകള്‍ പോലും പറഞ്ഞിരിക്കെഇബ്ന്‍ ഹസം ഇവരുടെ ജല്‍പനങ്ങളില്‍ നിന്ന് സംശുദ്ധനാണ്. ഖുര്‍ആന്‍ തഫ്സീര്‍ സ്വഹാബാക്കളില്‍ നിന്നാണെല്ലോ നമ്മള്‍ സ്വീകരിക്കേണ്ടത്. മാത്രമല്ല, ഇബന്‍ ഹസം ഇന്നത്തെ രീതിയിലുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ഗാനമേള അല്ല ഉദ്ദേശിച്ചത് എന്നും, പണ്ഡിതന്‍മാര്‍സംഗീതാലാപാനം (വായ്പാട്ട്) എന്നതില്‍ ഇളവു നല്‍കിയ നിഷിദ്ധമായ വിഷയങ്ങള്‍ ഇല്ലാത്തഗാനാലാപനം ആണ് എന്ന് കൂടി എളുപ്പം മനസ്സിലാക്കാം. കാരണം അദ്ദേഹം തെളിവ് പിടിക്കുന്ന ഹദീസ്പ്രവാചകന്‍റെ അടുത്ത് നിന്ന് ആയിഷ(റ) സന്നിധിയിലായിരിക്കെ രണ്ടു കൊച്ചു അന്‍സാരിപെണ്‍കുട്ടികള്‍യുദ്ധത്തെ കുറിച്ച് ഗാനമാലപിച്ചതിനെ , ദേഷ്യപ്പെട്ടു പ്രതികരിച്ച അബൂബക്കര്‍ (റ) യോട്, അവരെ വിട്ടേ ക്കാന്‍ പ്രവാചകന്‍ പറഞ്ഞ ഹദീസ് ആണ്. അവിടെ അവര്‍ വാദ്യോപകരണങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അന്സാരികളായ ചെറിയ പെണ്‍കുട്ടികള്‍ ബുആസ് യുദ്ധത്തെ കുറിച്ച് ആയിഷ (റ) യുടെഅടുക്കല്‍ വെച്ചു പാട്ട് പാടവെ അങ്ങോട്ട്‌ കടന്നു വന്ന അബൂബക്കര്‍ (റ), അവര്‍ക്ക് എതിരെ മുഖംതിരിച്ചു കിടക്കുന്ന പ്രവാചകനെ കാണുകയും അവരോടു പ്രവാചകന്‍റെ അടുത്താണോ പിശാചിന്‍റെ വീണവായന എന്ന് ചോദിച്ചതില്‍ നിന്ന് സ്വഹാബികളുടെ വെറും ഗാനാലാപനത്തോട് പോലുമുള്ള സമീപനം വ്യെക്തമാണ്.

             ومن الناس من يشتري لهو الحديث ليضل عن سبيل الله എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇബ്ന്‍ അബ്ബാസ്‌ (റ)പറയുന്നു ലഹ് വ് എന്നത് കൊണ്ടുദ്ധേശം സംഗീതമാണ്. കൂടാതെ, മുജാഹിദ് (റ) (തഫ്സീര്‍ ത്വബരി 21 /40 ), ഹസനുല്‍ ബസ്വരി (റ) (തഫ്സീര്‍ ഇബ്ന്‍ കസീര്‍ 3/451), സഅദി (റ) (തഫ്സീര്‍ സഅദി : 6/150) തുടങ്ങി ഇബ്ന്‍ മസ്ഊദ്, ഇബ്ന്‍ ഉമര്‍ (റ) തുടങ്ങി അനേകം സലഫുകള്‍ ഏകോപിച്ചു പറഞ്ഞവിഷയമാണ് ഈ ആയത്തിലെ പ്രതിപാദ്യം സംഗീതമാണ് എന്ന്. ജാഹിലിയ്യ കാലത്ത് സ്ത്രീകള്‍ മദ്യത്തെയുംസ്ത്രീ സൌന്ദ ര്യത്തെയും യുദ്ധത്തെയും കുറിച്ച് വര്‍ണ്ണിച്ചു പാടുകയും ആടുകയും ചെയ്യുന്നത്പതിവായിരുന്നു. അതിന്നായി പ്രത്യേകം അടിമ പെണ്ണു ങ്ങളെ ഒരുക്കുകയും അത്തരം കഴിവുകളുള്ളഅടിമകളെ വില്‍പന നടത്തുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു അതെല്ലാം നിഷിദ്ധമാക്കി.ഈ ആയത്തിന്‍റെ തഫ്സീറില്‍ അമാനി മൌലവി (റ) അടക്കം എല്ലാവരും എടുത്തു പറഞ്ഞതാണ് ഈവിഷയം. പ്രവാചക സന്നിധിയില്‍ വെച്ചു പെണ്‍കുട്ടികള്‍ ഗാനമാലപിക്കുന്നത് കണ്ടു അബൂബക്കര്‍ (റ)കോപിഷ്ടനാവാന്‍ കാരണം അതാണ്‌. എന്നാല്‍ ചെറിയ ബുലൂഗ് എത്താത്ത പെണ്‍കുട്ടികള്‍ ആയതിനാലുംഅല്ലാഹു വിലക്കിയ വിഷയങ്ങള്‍ ഗാനത്തില്‍ ഇല്ലാത്തത്രു കൊണ്ടും പ്രവാചകന്‍ അവരെ വിട്ടേക്കൂഎന്ന്ന്നു പറഞ്ഞു എന്ന് മാത്രം. മാത്രമല്ല, ചില തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ ആയിഷ (റ) അത് കേള്‍ക്കുന്നകാലത്ത് ചെറിയ കുട്ടിയായിരുന്നു എന്നും അത് കൊണ്ടാണ് പ്രവാചകന്‍ എതിര്‍ത്തു പറയാതിരുന്നത് എന്ന്കൂടി പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ അത്തരം നിഷിദ്ധങ്ങള്‍ അടങ്ങിയ ഗാനാലാപനം കേള്‍ക്കുമ്പോള്‍ ചെവിയില്‍ വിരല്‍ തിരുകിയതായും വഴി മാറി യാത്ര ചെയ്തതായും, നാഫിഉ നോടൊപ്പം സഞ്ചരിക്കവേ ഒരിക്കല്‍ അത്തരം അവസരത്തില്‍ അത് പോലെ ചെയ്തു കൊണ്ട് ഇങ്ങനെ പ്രവാചകന്‍ ചെയ്തിരുന്നു എന്ന് ഇബ്ന്‍ ഉമര്‍ (റ) പറഞ്ഞു എന്നും ഹദീസില്‍ വനിട്ടുണ്ട്.

              സൂറത്ത് ശുഅറാഇലെ കവികളെ പറ്റി ''നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു. അവര്‍ചെവികൊടുത്ത് കേള്‍ക്കുന്നു അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു. കവികളാകട്ടെ,ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.‌ അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന്നീ കണ്ടില്ലേ?. പ്രവര്‍ത്തിക്കാത്തത് പറയുന്നവരാണ് അവരെന്നും. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍പ്രവര്‍ത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും, അക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന്ആത്മരക്ഷയ്ക്ക് നടപടി എടുക്കുകയും ചെയ്തവര്‍ ഇതില്‍നിന്ന് ഒഴിവാകുന്നു അക്രമകാരികള്‍ അറിഞ്ഞുകൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്. (ശുഅറാ : 221-227) എന്ന് പറഞ്ഞതില്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിച്ച് പ്രവാചകന് വേണ്ടിയും ഇസ്ലാമിനെപ്രതിരോധിക്കാനും കവിത ഉണ്ടാകുകയും പാടുകയും ചെയ്തവര്‍ ഒഴിവാണ് എന്ന് പറഞ്ഞത്,വാദ്യോപകരണങ്ങളും അതിന്‍റെ അകമ്പടിയോടെയുള്ള സംഗീതാലാപനവും അനുവദനീയമാക്കാന്‍ ചിലര്‍ ഇക്കാലത്ത് തെളിവായി പറയാറുണ്ട്‌ എങ്കിലും അത് നീതീകരിക്കാന്‍ കഴിയാത്ത ബാലിശമായ വാദമാണ്. ഇതില്‍ പ്രതിപതിക്കപ്പെട്ട വിഷയം കാഫിറുകളും മുശ്രിക്കുകളുമായ കവികള്‍ മുസ്ലിംകള്‍ക്കും നബി(സ)ക്കും എതിരായി ശത്രുതയുടെയും വിദ്വേഷത്തിന്റെയും വിഷം വമിക്കുന്ന ആരോപണങ്ങളുടെകൊടുങ്കാറ്റുയര്‍ത്തിയപ്പോള്‍ അവയ്ക്കു മറുപടി നല്‍കുവാന്‍ നബി(സ) തന്നെ മുസ്ലിം കവികളെഉത്സാഹിപ്പിക്കുകയുണ്ടായി. ഹസ്സാന് ബിന്‍ സാബിത് (റ) അബ്ദുല്ലാഹ് ബിന്‍ റവാഹ (റ) കഅബു ബിന്‍മാലിക് (റ) തുടങ്ങിയവര്‍ പ്രവാചകനെയും ഇസ്ലാമിനെയും പ്രതിരോധിച്ചു കൊണ്ട് കവിതകള്‍ രചിക്കുകയും അത് ആളുകള്‍ കൂടുന്നിടത്ത്‌ വെച്ച് ആലപിക്കുകയും ചെയ്തിരുന്നു. അത് അല്ലാഹുവിന്‍റെ പ്രവാചകന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേല്‍ ആയത്തുകളിലെ ആദ്യഭാഗത്തെ കവികളെ കുറിച്ച് പറഞ്ഞത് ഇവര്‍ തങ്ങളെ കുറിച്ചാണ് എന്ന് ആകുലപ്പെടുകയും, എന്നാല്‍ അവസാനത്തെ ആയത്തിന്‍റെ അവതരണത്തോടെ അത്തരം പിഴച്ച കവികളില്‍ മേല്‍പറഞ്ഞ സ്വഹാബാക്കള്‍ പെടില്ല എന്നും വ്യെക്തമാക്കുകയാണ്. കാരണം മുഷിരിക്കുകളിലെ കവിതകളില്‍ ശിര്‍ക്കും,നിഷിദ്ധമായ വിഷയങ്ങളും അകമ്പടിയായി വാദ്യോപകരണങ്ങളും ഉണ്ടാകുമായിരുന്നു എങ്കില്‍ സ്വഹാബാക്കള്‍ അത്തരം നിഷിദ്ധമായ ഒന്നിന്‍റെയും അകമ്പടി യില്ലാതെ അവര്‍ ചെയ്തത് ശത്രുക്കള്‍നബിയെ പഴിച്ചും പുച്ചിച്ചും ചൊല്ലിയ പാടിയ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും മറുപടിയായി കവിതയുംഗാനവും രചിക്കുകയും ആലപിക്കുകയും ചെയ്ത സംഭവമാണ് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്.

        ജാഹിലിയ്യാ കാലത്ത് അനിസ്ലാമിക രീതിയില്‍ ഗാനാലാപനം നടത്തുകയും പാട്ടുകാരികളെഉപയോഗിക്കുകയും ആസ്വദിക്കുകയും കച്ചവടം നടത്തുകയും ചെയ്ത ശേഷം ഇസ്ലാം സ്വീകരിച്ചു നിലപാട്നന്നാക്കിയവര്‍ ആണ് അല്ലാഹു ആക്ഷേപത്തില്‍ നിന്ന് ഒഴിവാക്കിയത് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്.എന്നാല്‍ സംഗീതോപകരണം ഉപയോഗിച്ചുള്ള സംഗീതമോ ഗാനാലാപനമോ ഹലാലാക്കാന്‍ അഹല് സ്സുന്നയുടെ ഒരു കാലത്തെയും പണ്ഡിതര്‍ ഇത് തെളിവാകിയിട്ടില്ല. മര്‍ഹൂം അമാനി മൌലവി സൂറത്ത്ലുഖ്മാന്‍ ആറാം ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ സംഗീതോപകരണം നിഷിദ്ധമാണ് എന്ന് വ്യെക്തമായിപറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഇസ്ലാമിക മര്യാദകള്‍ പാലിച്ചു കൊണ്ടുള്ള കേവല കവിതാ രചനയുംഗാനാലാപനവും അനുവദനീയമാണ് എന്നെ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്.

No comments:

Post a Comment