Sunday, November 16, 2014

സസ്നേഹം എന്‍റെ സുഹൃത്തിന് ..,



സസ്നേഹം എന്‍റെ സുഹൃത്തിന് ..,

              ഞാനിങ്ങനെ ഒരു എഴുത്ത് എഴുതാന്‍ കാരണം മനസ്സില്‍ കുറെ നാളായി കൊണ്ട് നടക്കുന്ന, താങ്കളോട് പറയണം എന്ന് കരുതുന്ന, എന്നാല്‍ നേരിട്ട് പറയാന്‍ പലപ്പോഴും ശ്രമിച്ചിട്ടും എന്‍റെ സ്വാഭാവിക പ്രകൃതം കൊണ്ട് നടക്കാതെ പോയ ഒരു വിഷയം അറിയിക്കാനാണ്. ഇനിയും താങ്കളെ അറിയിക്കാന്‍ വൈകിയാല്‍ പിന്നീട് എനിക്ക് ഖേദിക്കേണ്ടി വന്നേക്കാം എന്ന് കരുതിയാണ്, ഈ ഉദ്യമത്തിന് മുതിരുന്നത്. ആദ്യമായി മുന്‍ വിധിയില്ലാതെ താങ്കള്‍ ഇതവസാനം വരെ വായിക്കണം എന്ന് അപേക്ഷിക്കുന്നു. അത് പറയാന്‍ കാരണം  അല്‍പ സമയം കൊണ്ട് സംഭിക്കാവുന്ന, റിക്ടര്‍ സ്കെയിലിലെ 9 കടന്നെക്കാവുന്ന മാരക ശേഷിയുള്ള ഭൂമി കുലുക്കത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ഫ്ലാഷ് ന്യൂസിലൂടെയോ മറ്റോ,അറിഞ്ഞിട്ടും അതെകുറിച്ച് താങ്കളോട് പറയാതെ ഞാന്‍ മാത്രം സുരക്ഷിതമായ ഇടത്തേക്ക് രക്ഷപ്പെട്ടുവെങ്കില്‍, ആ ഭൂമി കുലുക്കത്തില്‍ സാരമായ പരിക്ക് പറ്റി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍, താങ്കള്‍ എന്നെ കുറിച്ച് എങ്ങിനെയാവും ചിന്തിക്കുക, എന്ന് എന്‍റെ മനസ്സിനെ അലട്ടുന്നത് കൊണ്ടും സൃഷ്ടാവ് എന്നെ ഏല്‍പിച്ച എന്‍റെ ഉത്തരവാദിത്വം നിറവേറ്റാതിരുന്നാല്‍ എനിക്കു നാളെ അതെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ല എന്ന തിരിച്ചറിവുമാണ്  എന്‍റെ മനസ്സിന്‍റെ പിന്നാക്കം വലിക്കല്‍ ഭേദിച്ച് കൊണ്ട് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

                   ഞാനും നിങ്ങളും എല്ലാം ഇവിടെ പ്രവാസിയാണ് എന്നത് പോലെ തന്നെ, ഈ ഭൂമി ലോകത്തും നമ്മള്‍ അടക്കം എല്ലാ മനുഷ്യരും പ്രവാസികള്‍ തന്നെയാണ്. ഈ ജീവിതം കൊണ്ട് എല്ലാം അവസാനിക്കില്ല എന്ന് ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല, യുക്തി സഹാമായി ചിന്തിക്കുന്ന ഏതൊരാളും മനസ്സിലാക്കും. കാരണം ഒരു മൊട്ടു സൂചി പോലും സ്വയം ഉണ്ടാകുക എന്നത് സംഭവ്യമല്ലല്ലോ. എന്നിരിക്കെ കോടാനുകോടി നക്ഷത്രങ്ങളും നമുക്ക് ചുറ്റുമുള്ള സര്‍വ ചരാചരങ്ങളും സൃഷ്ടിച്ചതിനു പിന്നിലെ ശക്തി, അത് ജനിച്ചവരോ മരിച്ചവരോ ആയിരിക്കില്ല, ആദിയും അന്ത്യവും ഇല്ലാത്ത എല്ലാറ്റിനും കഴിയുവുള്ള, ഏകനായ ഒരു സൃഷ്ടാവ് തന്നെയാകണം, എല്ലാറ്റിനും കഴിവുള്ള ഒരാളാണ് എങ്കില്‍ അവനെ സഹായിക്കാന്‍ മറ്റ് ദൈവങ്ങള്‍ ഉണ്ടാകുക എന്നത് ദൈവം എന്ന പദത്തിന്‍റെ അന്ത:സത്തക്കു യോജിക്കില്ലല്ലോ? അതിനാല്‍ അവനോടൊപ്പം അവനെപ്പോലെയോ, അവനെ സഹായിക്കാന്‍ അവന്‍റെ കീഴിലുള്ള കുറെ പേരോ ഉണ്ടാകുക എന്നത്  ദൈവത്തിനു ചെരാവതല്ലല്ലോ?. അവന്‍ സൃഷ്ടിച്ച സൂര്യ ചന്ദ്ര നക്ഷത്രങ്ങളും മറ്റു ജീവജാലങ്ങളുമെല്ലാം അവന്‍ നിശ്ചയിച്ചു കൊടുത്ത ഒരു പരിധി ക്കുള്ളില്‍ ചലിക്കുകയും അത് അതിലംഘിക്കാതെ തന്നെ അവയുടെ ഒക്കെ നിര്‍ണ്ണയിക്കപ്പെട്ട ജീവചക്രം, പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന്‍ മാത്രമാണ് ഇതിനപവാദമായി, തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടത്‌ എങ്കിലും, എല്ലാ വസ്തുക്കള്‍ക്കും നിര്‍ണ്ണയിക്കപ്പെട്ട, അലംഘനീയമായ മാര്‍ഗം നല്‍കിയ സൃഷ്ടാവ് മനുഷ്യനെയും കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരിക്കുക എന്നത് യുക്തിയാവില്ലല്ലോ?. 

        മനുഷ്യനൊഴികെ ഈ പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും ഒരവധിയെത്തിയാല്‍ നശിക്കുകയും അതോടെ അവസാനിക്കുകയും ചെയ്യുമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇഷ്ടമനുസരിച്ച് എന്തും പ്രവര്‍ത്തികാനുള്ള കഴിവും നല്‍കപ്പെട്ട മനുഷ്യനെ, അവന്‍റെ കര്‍മങ്ങള്‍ ക്കനുസരിച്ച് രക്ഷാ ശിക്ഷകള്‍ നല്‍കാന്‍ വേണ്ടി വീണ്ടും ഒരുമിച്ചു കൂട്ടുക എന്നത് നീതിയുടെ തേട്ടമാണ്. കാരണം, ഈ ജീവിതത്തോടെ എല്ലാം അവസാനിക്കുമായിരുന്നുവെങ്കില്‍ അവന്‍റെ കോടാനു കോടി സൃഷ്ടികളില്‍ അതിക്രമം കാണിക്കുന്ന മനുഷ്യനെ സര്‍വ്വ തന്ത്ര സ്വതന്ത്രനാക്കിയാതിനാല്‍, അവരിലെ ബലഹീനര്‍ക്ക് മേല്‍ ബലവാന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത ക്രൂരതകളും അതിക്രമങ്ങളും, അതോടെ അവസാനിക്കുന്നുവെങ്കില്‍ അവിടെ ദൈവം പൂര്‍ണ നീതി നടപ്പാക്കി എന്ന് പറയാന്‍ കഴിയില്ലല്ലോ?. യഥേഷ്ടം കുറ്റ കൃത്യങ്ങള്‍ ഇന്ന് നമ്മുടെ മുന്നില്‍ നടമാടിക്കൊന്ടെയിരിക്കുന്നു. അവയില്‍ പലതിനും ലോകത്ത് നിലവിലുള്ള നിയമ സംവിദാനത്തിന്‍റെ കണ്ണില്‍ പെടാത്തതും, ഇനി പിടിക്കപെട്ടതിന് പോലും ചെയ്ത അക്രമത്തിനനുസരിച്ച പൂര്‍ണമായ ശിക്ഷ നല്‍കാനോ, ഇരയാക്കപെട്ടവര്‍ക്ക് അര്‍ഹമായ നീതി നല്‍കാനോ  കഴിയാത്ത, നൂറു സംഭവങ്ങള്‍ നമുക്കോരോരുത്തര്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിയുമെല്ലോ. എങ്കില്‍ അത്തരം ക്രൂര കൃത്യങ്ങളും അതിക്രമങ്ങളും ചെയ്തവര്‍ നിയമത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയും അധികാരത്തിന്‍റെയും പണത്തിന്‍റെയും സ്വാധീനം കൊണ്ടും ശിക്ഷിക്കപ്പെടാതെയോ, അര്‍ഹമായ ശിക്ഷ നേരിടാതെയോ ഈ ലോകത്ത് നിന്ന് മറ്റുള്ളവരെ പോലെ തന്നെ ജീവിച്ചു മരണപ്പെട്ടു പോകുകയും അതോടെ എല്ലാം അവസാനിക്കുകയും ചെയ്യുന്നുവെങ്കില്‍ ദൈവം നീതിമാനാകുന്നതെങ്ങിനെ? ഏതൊരു പ്രവര്‍ത്തിക്കും തത്തുല്യമായ പ്രതി പ്രവര്‍ത്തനം ഉണ്ടാകുക എന്നത് ഭൌതിക ശാസ്ത്രത്തില്‍ പോലും അറിയപ്പെടുന്ന നിയമാമാണ് എങ്കില്‍, ദ്രോഹിക്കപ്പെട്ട ഇരകള്‍ക്കും അക്രമികള്‍ക്കും ഇടയില്‍ നീതി നടപ്പാകുക എന്നത്, ഈ ലോകത്ത് വെച്ച് ലഭിക്കാതെ പോയ നീതി ലഭിക്കാന്‍ അക്രമത്തിനു ഇരയായവര്‍ യോഗ്യരാണ്‌ എന്നതിനാല്‍ തന്നെ ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതത്തിന്‍റെ അനിവാര്യത തെളിയിക്കുന്നു. അത് കൊണ്ടാണ് ഈ ലോകത്ത് കൊമ്പുള്ള ആട് അതില്ലാത്ത ആടിനെ കുത്തിയെങ്കില്‍ പരലോകത്ത് കൊമ്പില്ലാതിരുന്ന ആടിന് കൊമ്പു കൊടുത്ത് തന്നെ കുത്തിയ കൊമ്പുണ്ടായിരുന്ന ആടിനെ തിരിച്ചു കുത്തി നീതി നടപ്പാക്കുന്ന ഒരു ദിവസം വരാനിരിക്കുന്നു.

                ഇനി ചിന്തികാനുള്ളത്, ഈ ലോകത്തെ സര്‍വ്വ തന്ത്ര സ്വന്തന്ത്രമായ ജീവിത ശേഷം വരുന്ന നമ്മുടെയൊക്കെ രണ്ടാം ജന്‍മം, അഥവാ ഈ ലോകത്തെ പരീക്ഷണത്തിന് ശേഷം വരുന്ന ഫലപ്രഖ്യാപനത്തിനു നമ്മളൊക്കെ തയ്യാറാ കേണ്ടതുണ്ട് എങ്കില്‍ ആ പരീക്ഷ വിജയിക്കാന്‍ നമുക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കേണ്ടതും ആ സൃഷ്ടാവ് തന്നെയാകണമെല്ലോ?. ഈ കാണുന്ന സൃഷ്ടി പ്രപന്ജത്തിനു മുഴുവന്‍ ഒരു സൃഷ്ടാവ് ഉണ്ടെന്നും മരണത്തിനു ശേഷം നമ്മുടെ ചെയ്തികള്‍ അവനാല്‍ ചോദ്യം ചെയ്യപ്പെടും എന്നും വിശ്വസിക്കുന്നവര്‍ പോലും പക്ഷെ, അങ്ങിനെ ചോദ്യം ചെയ്യുന്നവന്‍, അഥവാ സൃഷ്ടാവ്, പരലോക മോക്ഷമെന്ന നമ്മുടെയൊക്കെ പരമാമായ ലക്‌ഷ്യം നേടാന്‍ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാകണമെന്നത് ഗൌരവത്തിലെടുത്തോ എന്നത് സംശയമാണ്. കാരണം ഈ അഖിലാണ്ഡ മണ്ഡലങ്ങളും പലര്‍ ചേര്‍ന്ന് സൃഷ്ടിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ല എങ്കില്‍ താന്തോന്നിയായ മനുഷ്യനെ പരലോകമോക്ഷം കൈവരിക്കാന്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതും ഏകനായ സൃഷ്ടാവ് തന്നെയായിരുക്കുമെല്ലോ? 

          ഞാനും നിങ്ങളും ജന്‍മം കൊണ്ട് അനന്തരമായി കിട്ടിയ മതത്തില്‍ പ്രത്യേകിച്ച് ഒരു പുന:പരിശോധനയും നടത്താതെ നീങ്ങുന്നവരാണ്. അപ്പോള്‍ ഈ കാണുന്ന സൃഷ്ടിപ്രപന്ജം മുഴുവന്‍ സൃഷ്ടിച്ചത് വേറെ വേറെ ശക്തികള്‍ അല്ല എങ്കില്‍ അവയെ നിയന്ത്രിക്കുന്നത്‌ അനേകം ദൈവങ്ങളല്ല എങ്കില്‍, നിശ്ചയം മനുഷ്യര്‍ക്കൊന്നടങ്കം മോക്ഷ പ്രാപ്തിക്കു ഒരേ മാര്‍ഗമാല്ലാതെ ഉണ്ടാവുക സാധ്യമല്ല!. അത് ഏതാണെന്ന് തിരിച്ചറിയാതെ എനിക്കു എന്‍റെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം എന്ന് കരുതി ഞാനും നിങ്ങളും ജനിച്ചുവീണ മതത്തില്‍ തുടരുന്നുവെങ്കില്‍ നമ്മളില്‍ ഒരാള്‍ തീര്‍ച്ചയായും ദൈവ മാര്‍ഗത്തിലല്ല എന്ന് മരണ ശേഷമെങ്കിലും ബോധ്യമാകുമെന്നത് ഉറപ്പാണ്. ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങള്‍ പോലും വളരെ ചിന്തിച്ചും പഠിച്ചും മാത്രം തീരുമാനിക്കുന്ന നമ്മള്‍ പരമമായ ലക്ഷ്യമായ മോക്ഷപ്രാപ്തിക്ക് നിര്‍ബന്ധമായും സ്വീകരിക്കേണ്ട ദൈവീകമായ മാര്‍ഗം തെരഞ്ഞെടുക്കുന്നതില്‍ എങ്ങിനെ ഉദാസീനനാകുന്നു?.

                 ഇസ്ലാം കേവലം അറബികള്‍ക്കോ മുഹമ്മദ്‌ എന്ന പ്രവാചകന്‍റെ അനുയായികള്‍ക്കോ അല്ല, ഈ ലോകം സൃഷ്ടിച്ച പരിപാലിക്കുന്ന സൃഷ്ടാവില്‍ നിന്ന് ആദ്യത്തെ മനുഷ്യന്‍ മുതല്‍ അവസാനത്തെ മനുഷ്യന് വരെ ദൈവമാര്‍ഗം വിവരിക്കുന്ന മതമാണ്‌. ഇത് പറയുമ്പോള്‍ താങ്കള്‍ മതത്തെ ഗൌരവമായി എടുക്കാതെ, ജീവിച്ചിരിക്കുന്ന കാലം, മറ്റുള്ളവര്‍ക്ക് ഉപദ്രവം ഒന്നും ചെയ്യാതെ നല്ല നിലയില്‍ ജീവിക്കുക, മരണത്തിനു ശേഷം വരുന്നത് വരട്ടെ എന്ന് അലസമായി ഈ ജീവിതത്തിനു ശേഷമുള്ള അവസ്ഥയെ കുറിച്ച് വിലയിരുത്തുന്ന മാനസികാവസ്ഥയാണ് എങ്കില്‍ കേവലം ഇത് അവസാനിക്കുന്നിടത്ത് ഇതിനെ കുറിച്ചുള്ള താങ്കളുടെ ചിന്തയും അവസാനിക്കുകയും താങ്കള്‍ പഴയ പടി തുടരുകയും ചെയ്യും. അതല്ല, ഇന്ന് നിലകൊള്ളുന്നതാണ് ശരിയെന്നും മോക്ഷമാര്‍ഗമെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് താങ്കള്‍ എങ്കില്‍ ഞാന്‍ ഈ പറഞ്ഞതില്‍ ശക്തമായ വിയോജിപ്പുണ്ടാകാം, നേരിട്ടല്ലെങ്കില്‍ പോലും ഞാന്‍ പറഞ്ഞതിനെ ഖണ്ഡിക്കാന്‍ താങ്കളുടെ മനസ്സ് അതിയായി ആഗ്രഹിച്ചേക്കാം. 

    അത് പോലെ, നൈമിഷികമായ ഈ ജീവിതത്തെക്കാളുപരി പ്രയപ്പെട്ടവരെയെല്ലാം വിട്ടേച്ചു, ഒരു ജന്‍മം കൊണ്ട് നേടിയതും സ്വപനം കണ്ടതും എല്ലാം ബാക്കിയാക്കി ഏതു നിമിഷവും യാത്ര തിരിക്കെണ്ടാവനാണ് എന്നും, ശേഷം സൃഷ്ടാവിന്‍റെ വിധിയനുസരിച്ച് സ്വര്‍ഗ്ഗ നരക ങ്ങളി ലൊന്നില്‍ മറ്റൊരു മരണമില്ലാതെ അനന്തമായി കഴിയെണ്ടാവനാണ് എന്ന് തിരിച്ചരിയുന്നുവെങ്കില്‍, ഇത് അവസാനിക്കുന്നെടത്തു നിങ്ങള്‍ തുടങ്ങും, സൃഷ്ടാവിനെ അറിയാന്‍. ആ യാത്ര നിങ്ങളെ കൊണ്ടെത്തിക്കുക നിത്യ വിജയത്തിലെക്കായിരിക്കും. കാരണം ഇന്ന് ലോകത്ത് നിലവിലെ മതഗ്രന്ഥ ങ്ങളില്‍ സൃഷ്ടാവില്‍ നിന്നുള്ളത് എന്നു പൂര്‍ണമായി ഉറപ്പിക്കാന്‍ കഴിയുന്നത്‌ വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. 114 അധ്യായങ്ങളിലായി ആറായിരത്തില്‍ പരം വചനങ്ങള്‍. അതില്‍ മനുഷ്യന്‍റെ ബുദ്ധിയുമായി നേരിട്ട് സംവദിക്കുന്ന, ഭൂത ഭാവി കാല ചരിത്ര സംഭവങ്ങളിലൂടെ, അന്ന് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണമായ ശാസ്ത്ര പരാമര്‍ശങ്ങിലൂടെ, അത് ഗോള ശാസ്തത്തിലും ഭ്രൂണ ശാസ്ത്രത്തിലും ജീവ ശാസ്ത്രത്തിലും അടക്കം വിവിധ ശാസ്ത്ര ശാഖകളിലും മറ്റും നടത്തിയ കൃത്യമായ പരാമര്‍ശങ്ങളിലൂടെ, ധര്‍മ്മാധര്‍മ വിവക്ഷയിലൂടെ ഏതൊരു സത്യാന്വേഷിക്കും അത്ഭുതത്തോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവാത്ത, സൃഷ്ടാവിങ്കല്‍ നിന്നുള്ളതെന്ന വ്യെക്തമായ സൂചനകള്‍ എമ്പാടുമുള്ള തെറ്റുകളോ അബദ്ധങ്ങ ളോ ഇല്ലാത്ത വൈരുദ്ധ്യങ്ങളേതുമില്ലാത്ത ഒരേ ഒരു ദൈവീക ഗ്രന്ഥം.  ഇത് കേവലം മുസ്ലിംകളുടെ ഒരവകാശവാദമായി കാണാതെ പരിശോധിക്കാന്‍ മേനെക്കെടുക. ഏതാനും ഖുര്‍ആനിക വചനങ്ങള്‍ കാണുക:

''നബിയെ, പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം. (7:158)

''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (49:13)

''ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. (2:21)

''മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. (22:5)

''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (22:73)

''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ.'' (31:33)

മേല്‍ വചനങ്ങള്‍ ഖുര്‍ആനില്‍ നിന്നുള്ളതാണ്. ഏക ദൈവ വിശ്വാസത്തിന്‍റെ ചില പരാമര്‍ശങ്ങള്‍ ഇന്ന് നിലവിലെ മത ഗ്രന്ഥങ്ങളില്‍ എല്ലാം കാണാമെങ്കിലും കാലാന്തരങ്ങള്‍ക്കിടെ ഖുര്‍ആന്‍ ഒഴികെയുള്ള എല്ലാ ഗ്രന്ഥങ്ങളിലും കടത്തി കൂട്ടലുകള്‍ നടന്നു എന്നത് കൊണ്ടാണ് ഖുര്‍ആന്‍ ഒഴികെയുള്ള മതഗ്രന്ഥ ങ്ങളുടെയൊക്കെ അനുയായികളില്‍ ബഹു ദൈവ ചിന്തയും ആരാധാനയും കടന്നു വന്നതും, ആ ഗ്രന്ധങ്ങളിലോക്കെയും പരസ്പര വൈരുദ്ധ്യങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നത്. എന്നാല്‍ ഖുര്‍ആനില്‍ എന്തെങ്കിലും വൈരുദ്ധ്യമോ, തെളിയിക്കപെട്ട ഏതെങ്കിലും ചരിത്ര വസ്തുതകള്‍ക്കോ ശാസ്ത്ര സത്യങ്ങള്‍ക്ക് എതിരായ പരാമാര്‍ശമോ കണ്ടെത്താന്‍ കഴിയില്ല. 1400 വര്‍ഷം മുന്‍പ് അറേബ്യ യിലെ മനല്‍ക്കാടുകളിലോന്നില്‍ ജനിച്ച എഴുത്തും വായനയും വശമില്ലാത്ത ഒരാള്‍ക്ക് സങ്കീര്‍ണങ്ങളായ ആധുനികരായ ശാസ്ത്രഞ്ജര്‍ മാത്രം കണ്ടെത്തിയ സത്യങ്ങള്‍ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്താന്‍ കഴിയില്ല, അതിനാല്‍ തന്നെ ഈ ഖുര്‍ആന്‍ സൃഷ്ടാവില്‍ നിന്ന് ചിന്തിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയുള്ള വ്യെക്തമായ ദൈവിക വചനങ്ങളാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക..

''അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.'' (4:82)

ഇതോടു കൂടി എന്‍റെ ബാധ്യത, അവസാനിക്കുന്നു, മനുഷ്യര്‍ ഒരൊറ്റ സമൂഹമായിരുന്നു, അവന്നു ആരാധനക്കായി ഒരേ ഒരു സൃഷ്ടാവും. കാലങ്ങള്‍ കടന്നു പോയപ്പോള്‍ ജനങ്ങള്‍ ഭിന്നിക്കുകയും അവര്‍ക്ക് തോന്നിയതിന്‍റെ പിറകെ പോകുകയും ചെയ്തു. അപ്പോഴൊക്കെ സത്യത്തിലേക്ക് തിരിച്ചു വിളിക്കാന്‍ അവന്‍ എല്ലാ സമൂഹത്തിലെക്കും, ഒരു ലക്ഷത്തില്‍ പരം ദൈവ ദൂതന്‍മാരെ അയക്കുകയുണ്ടായി. ഇന്ത്യയടക്കം ലോകത്തിന്‍റെ എല്ലാ കോണുകളിലും അവന്‍റെ ദൂതന്‍മാര്‍ കാലത്തിന്‍റെ വിവധ ഘട്ടങ്ങളില്‍ അത്തരം ഏക ദൈവാരാധനയുടെ സന്ദേശം എത്തിയെന്ന് തന്നെയാണ്, ഇപ്പോഴും ഹൈന്ദവ ഗ്രന്ധങ്ങളിലടക്കം ബാക്കിയായ വിഗ്രഹാരാധന എതിര്‍ത്തും ഏക ദൈവ പ്രോക്തമായ ശ്ലോകങ്ങളും സൂചിപ്പിക്കുന്നത്.

 വേദഗ്രന്ഥങ്ങളില്‍ ഇന്നും അന്തര്‍ ലീനമായി കിടക്കുന്ന യഥാര്‍ത്ഥ ഏക ദൈവ സങ്കല്‍പ്പത്തിന്‍റെ ചില ശേഷിപ്പുകള്‍ കൂടി കാണുക;
"ന തസ്യ പ്രതിമാ അസ്തി യസ്മ നാമ മഹദ് യശ:" അവന്റെ യശസ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അവനെ മറ്റൊന്നിനോടും  ഉപമിക്കാന്‍ കഴിയുകയില്ല (യജുര്‍വേദം 32:3-4, )

     "അന്ധാ തമാ പ്രവിഷന്തി യെ അസംഭുതി മുപാസ്തെ" (യജുര്‍വേദം 40:9 ) ''യാതൊരുവന്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്നുവോ അവന്‍ അന്ധകാരത്തില്‍ പ്രവേശിക്കും.'' (വെള്ളം, വായു, തീ, സൂര്യ നക്ഷത്രാദികള്‍ ). ''യാതൊരുവന്‍ സംഭുതിയെ ഉപാസിക്കുന്നുവോ അവര്‍ അന്ധകാരത്തില്‍ ആണ്ടുപോകും ..(സംഭുതി എന്നാല്‍ മനുഷ്യ കരങ്ങളാല്‍ സൃഷ്ടിക്കപ്പെടത് , അഥവാ മേശ കസേര, ചിത്രങ്ങള്‍, പ്രതിമ തുടങ്ങിയവ.). 

 ദൈവത്തെ കുറിച്ചുള്ള ഉപനിഷത്തിലെ ഒരു ശ്ലോകം കാണുക " ഏകം എവദ്വിതിയം "  " അവന്‍ ഏകനാണ് രണ്ടാമതൊന്നില്ലാത്ത"  (ചന്ദഗ്യോപനിഷത് 6:2:1)

              ഇനി ബ്രഹ്മ സൂത്രത്തില്‍ പറയുന്നത് കാണുക : 'ഏകം ബ്രഹ്മം ദ്വിതിയ നസ്തെ'' ദൈവം ഏകനാണ്, രണ്ടാമത് ഇല്ലാത്ത".' വേറെയും ഏക ദൈവ സങ്കല്‍പത്തെ സൂചിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും.

            അത് പോലെ ക്രിസ്തുമത വേദ പുസ്തകങ്ങളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏക ദൈവത്തെ കുറിച്ച പരാമര്‍ശങ്ങള്‍ നിരവധിയാണ്.

''ആകയാല്‍ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ സേവിക്കയും ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്‍പനകളും ചട്ടങ്ങളും നിന്‍റെ നന്‍മക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത് എന്ത്?'' (ആവര്‍ത്തന പുസ്തകം10:12-13)

ആകയാല്‍ ഇന്നുള്ളതു  പോലെ നിങ്ങള്‍ അവന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടപ്പാനും അവന്‍റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കല്‍ എകാഗ്രമായിരിക്കട്ടെ.'' (ഒന്ന് രാജാക്കന്‍മാര്‍ 8:61)

''അടിമ വീടായ മിസ്രയിം ദേശത്തു നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുതു. അവയെ നമ്സ്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. (പുറപ്പാട് 20:2 -4)

''യിസ്രായേലേ കേള്‍ക്ക ! യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നേ, നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം. '(ആവര്‍ത്തന പുസ്തകം 6:4-5)

              മേല്‍പറഞ്ഞ ക്രിസ്തുമതത്തിലെയും ഹിന്ദുമതത്തിലെയും ഗ്രന്ഥങ്ങളില്‍ ഏക ദൈവ വിശ്വാസത്തെ കുറിച്ചുള്ള വ്യെക്തമായ സൂചനകള്‍ ഉണ്ടായിരിക്കെ, കാലക്രമേണ പ്രവാചകന്‍മാരോടും മഹാ പുരുഷന്‍മാരോടുമുള്ള  ബഹുമാനം  ക്രമേണ ആരാധനയില്‍ എത്തുകയും ഏക ദൈവമെന്ന അവര്‍ പഠിപ്പിച്ച യഥാര്‍ത്ഥ വിശ്വാസം തന്നെ അന്യം നിന്ന് മനുഷ്യര്‍ വിഗ്രാഹാരാധനയിലേക്കും അവന്‍ ഭയക്കുന്ന അവനു അപ്രാപ്യമായ പ്രാപഞ്ചിക ശക്തികളെയും ദൈവത്തിന്‍റെ സ്ഥാനത്തു പ്രതിഷ്ടിക്കുകയുമാണ് ഉണ്ടായതു. ത്രിയേകത്വവും ബഹുദൈവ സങ്കല്‍പവും ക്രമേണ കടന്നു കൂടുകയും അതിനനുസരിച്ച് ദൈവീക വേദ ഗ്രന്ഥങ്ങളില്‍ മനുഷ്യര്‍ കൈകടത്തുലുകള്‍ നടത്തുകയും ചെയ്തത് കൊണ്ടാണ്, മറ്റു മുന്‍കടന്ന എല്ലാ പ്രവാചകരെയും അവര്‍ക്ക് നല്‍കപ്പെട്ട വേദ ഗ്രന്ഥങ്ങളുടെ അസ്ഥിത്വത്തെയും ശരിവെച്ചു കൊണ്ട് അന്തിമ പ്രവാചകനെയും അദ്ദേഹത്തിലൂടെ യഥാര്‍ത്ഥ ദൈവീക സന്ദേശമായ, മനുഷ്യ കൈകടത്തുലകള്‍ അസാധ്യമായ അന്തിമ ഗ്രന്ഥമായ ഖുര്‍ആനിനെ അവതരിപ്പിച്ചത്.

                ഇനി യേശു വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് അഥവാ മുഹമ്മദ്‌ (സ)യെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ബൈബിളില്‍ ഇങ്ങനെ വായിക്കാം.

            അദ്ദേഹം പറഞ്ഞു: "ഞാന് പോകുന്നത് നിങ്ങളുടെ നന്മയ്ക്കാണ്. ഞാന്‍ പോകാതിരുന്നാല്‍ സഹായകന്‍  (പാരക്ളിറ്റോസ്) നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന് പോയാല്‍ അവനെ നിങ്ങളുടെ അടുത്തേക്ക് ഞാന് അയക്കും. അവന് വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തും''. (യോഹന്നാന്‍ 16:7,8) 

യേശു വീണ്ടും പറഞ്ഞു: 
"ഇനിയും പല കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല് ഇപ്പോള്‍ നിങ്ങള്‍ക്ക് അത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല. എന്നാല്‍ താന്‍ കേള്ക്കുന്നതെന്തും അവന് പറയും. വരാനിരിക്കുന്ന കാര്യങ്ങള് അവന് നിങ്ങളോട് പ്രഖ്യാപിക്കും''. (യോഹന്നാന്‍ 16:12-14)

                 മാത്രമല്ല അന്തിമ പ്രവാചകനായ മുഹമ്മദ്‌ (സ) യുടെ ആഗമനത്തെ കുറിച്ച് ഹിന്ദു പുരാണത്തിലും വ്യെക്തമായ പരാമര്‍ശങ്ങള്‍ കാണാം.. അത്തരം ഏതാനും വചനങ്ങള്‍ കാണുക.

''ഏത സ്മിന്നന്തരേ മ്ളേഛ ആചാരേണ്യ സമന്വിത; മഹാമദ ഇതിഖ്യാദഃ ശിഷ്യശാഖാ സമന്വിതം" (ഭവിഷ്യല് പുരാണം 3:3:3:5 ) (അപ്പോള്‍ മഹാമദ് എന്ന പേരുള്ള വിദേശിയായ ലോകാചാര്യന് തന്‍റെ ശിഷ്യഗണങ്ങളോടുകൂടി പ്രത്യക്ഷപ്പെടും).

         ആ മഹാനായ പ്രവാചകന്‍റെ അനുയായികളെക്കുറിച്ചും സാംസ്ക്കാരിക ചിഹ്നങ്ങളെക്കുറിച്ചും കൂടി വിവരിക്കുന്നുണ്ട് ഭവിഷ്യല് പുരാണത്തില്‍. "അദ്ദേഹത്തിന്‍റെ അനുയായികള്‍  ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടുമവെക്കുകയില്ല.അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളായിരിക്കും.പ്രാര്‍ത്ഥനക്ക് വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റ് മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. ശുദ്ധിചെയ്യാന് ദര്‍ഭ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല് മുസൈലവന്‍മാര്‍ എന്നവര്‍  അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും''. (ഭവിഷ്യല്‍  പുരാണം 3:3:3: 25-28)

                ഇതൊക്കെ, വേദ ഗ്രന്ഥങ്ങളില്‍ ഇതൊന്നും കേവലം യാദൃശ്ചിക മായി വന്നതല്ല ലോക സൃഷ്ടാവ് മതമാമായി ഒന്നേ നിശ്ചയിച്ചിട്ടുള്ളൂ എന്നും കാലങ്ങള്‍ കടന്നു പോകവേ, മനുഷ്യര്‍ അതില്‍ കടത്തി കൂട്ടലുകള്‍ നടത്തുകയാണ് ഉണ്ടായത് എന്നും വ്യെക്തമാക്കുന്നതാണ്. അങ്ങിനെ മനുഷ്യര്‍ ദൈവത്തിന്‍റെ മാര്‍ഗത്തില്‍ നിന്ന് അകന്നു പോകുമ്പോള്‍ ലോകത്തിന്‍റെ നാനാ ദിക്കുകളിലേക്ക് അവന്‍ മനുഷ്യരില്‍ പെട്ട ചിലരെ തെരഞ്ഞെടുത്തു അവന്‍റെ ദൂതനായി അയക്കുകയും മനുഷ്യരെ നേര്‍മാര്‍ഗത്തി ലേക്ക് തിരിച്ചു വിളിക്കാന്‍ അവരിലൂടെ  വേദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു പോന്നു, എന്നാല്‍ മുഹമ്മദ്‌ (സ) എന്ന പ്രവാചകനിലൂടെ ആ ശൃംഖല അവസാനിക്കുകയും, വേദ ഗ്രന്ഥങ്ങളില്‍ അവസാനത്തേതായ വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക്‌ മാര്‍ഗ ദര്‍ശനമായി , മുന്‍പ് കഴിഞ്ഞു പോയ വേദങ്ങളില്‍ നിന്ന് ഭിന്നമായി യാതൊരു മാറ്റ തിരുത്തലും നടത്താന്‍ കഴിയാത്ത വിധം സര്‍വ ശക്തനാല്‍ സംരക്ഷിക്കപെടുകയും ചെയ്യും. അത് കൊണ്ട് മറ്റേതു വേദ ഗ്രന്ഥത്തിന്‍റെ അനുയായികളും മോക്ഷമാഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെയൊക്കെ സൃഷ്ടാവിനാല്‍ നമുക്കായി അവതരിപ്പിക്കപെട്ട, ഒരു കൈ കടത്തലും നടത്താന്‍ സാധ്യമല്ലാത്തവിധം ഇന്നും അജയ്യമായി നിലകൊള്ളുന്ന ഖുര്‍ആനിലെ സന്ദേശങ്ങള്‍ അറിയുകയും നമ്മുടെ സൃഷ്ടാവിന്‍റെ യഥാര്‍ത്ഥ പാതയില്‍ എത്തുകയും നിര്‍ബന്ധമാണ്‌.

''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.'' (2:213)

''പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്‍റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്‍റെ ദോഷവും അവന് തന്നെയാണ്‌. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല.'' (10:108)

''അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോള്‍ നാം (മുമ്പ്‌) വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്‌. ഈ കൂട്ടരിലും അതില്‍ വിശ്വസിക്കുന്നവരുണ്ട്‌. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.'' (29:47)

''(നബിയേ,) പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവന്‍ അറിയുന്നു. അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. ''(29:52)
  

                  അവസാനിപ്പിക്കുകയാണ്, ഞാന്‍ ഇത് കൊണ്ട് ഉദ്ദേശിച്ചത് ആദ്യം സൂചിപ്പിച്ച, എനിക്കു ബോധ്യപ്പെട്ട, വരാനുള്ള ഘോരമായ അപകടം, അതിനെ കുറിച്ച് അശ്രദ്ധനായ താങ്കളെ അറിയിക്കുക എന്നത് മാത്രമാണ്. അല്ലാതെ, കേവലം ഒരാളെ കൂടി എന്‍റെ മതത്തില്‍ ചേര്‍ത്തു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഭൌതിക നേട്ടം ഞാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ചു, നിങ്ങളെ പോലെയുള്ള സുമനുസ്സുള്ള ഒരാളോടു, കേവലം നല്ല മൊബൈല്‍ ഫോണിനെ കുറിച്ചും വാഹനത്തെ കുറിച്ചും മറ്റു ഭൌതിക വിഷയങ്ങള്‍ മാത്രം പറഞ്ഞു, നാളെയെ കുറിച്ചുള്ള മുന്നറിയിപ്പ് മറച്ചു വെക്കുകയും ചെയ്യുക എന്നത് താങ്കളോട് കാണിക്കുന്ന വഞ്ചനയായിരിക്കും എന്ന് ആത്മാര്‍ഥമായി കരുതുന്നത് കൊണ്ടാണ്. കേവലം നൈമിഷികമായ ഈ ലോകത്ത് ആഹാരമോ മരുന്നോ പാര്‍പ്പിടമോ നല്‍കുക എന്നതിനെക്കാളേറെ, ശാശ്വതമായ നാളെയുടെ ലോകത്ത് സൌഭാഗ്യത്തിലും സന്തോഷത്തിലും കഴിയുന്ന ഒരയല്‍കാരനായി താങ്കളെ ഒരുക്കാന്‍ കഴിഞ്ഞാല്‍ അതാണ്‌ ഞാന്‍ ഏറ്റവും വലിയ മനുഷ്യസേവനമായി കാണുന്നത്. അത് തന്നെയാണ് എന്‍റെ സഹോദരനായി ഞാന്‍ കരുതുന്ന താങ്കള്‍ക്കുള്ള എന്‍റെ ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നതും. സര്‍വ്വ ശക്തന്‍ തുണക്കട്ടെ.....

Saturday, July 19, 2014

ദഅവത്തു ചിലരുടെ മാത്രം ബാധ്യതയെന്നോ?

ദഅവത്തു ചിലരുടെ മാത്രം ബാധ്യതയെന്നോ?
(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(

             പിശാചു ആദമിനെ സുജൂദ് ചെയ്യാന്‍ അല്ലാഹു നല്‍കിയ കല്‍പന ധിക്കരിച്ച കാരണത്താല്‍ പുറത്താക്കപ്പെട്ടപ്പോള്‍ അല്ലാഹുവിനോട് അന്ത്യനാള്‍ വരെ സമയം നീട്ടി വാങ്ങുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മനുഷ്യര്‍ കടന്നു വരാതിരിക്കാന്‍, അവരുടെ മുന്നിലൂടെയും പിന്നിലൂടെയും പാര്‍ശങ്ങളിലൂടെയും സമീപിച്ചു, പിഴപ്പിക്കാന്‍ ശ്രമിക്കും സ്വിറാത്തുല്‍ മുസ്ത്വഖീമില്‍ ഒരു തടസ്സമായി നില്‍ക്കും എന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. ഇന്ന് ചിലയാളുകളുടെ ഇസ്ലാമിക ദഅവത്തിനെ കുറിച്ചുള്ള സമീപനം കാണുമ്പോള്‍ വീണ്ടും മനസ്സില്‍ ഓര്‍മ വരുന്നതും ഇത് തന്നെയാണ്. സൂറത്ത് അസ്വര്‍ പഠിപ്പിക്കുന്ന നഷ്ടത്തില്‍ പെടാതെ രക്ഷപ്പെട്ടവരുടെ 4 ഗുണങ്ങളില്‍ മൂന്നാമത്തേത് ഹഖു കൊണ്ടുള്ള ഉപദേശം ആണ്. ഹഖില്‍ പ്രഥമ പ്രധാനമായതാകട്ടെ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാഹ് അഥവാ തൌഹീദു ആണ്. ഇവിടെ ലോകത്തെല്ലായിടത്തും കേരളത്തിലും തൌഹീദ് പ്രചരിപ്പിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അവരൊക്കെ മതിയാക്കി പിന്‍വാങ്ങ ണ മെന്നും, അവര്‍ക്കൊന്നും അതിനു അര്‍ഹതയില്ല അതിനു ലൈസന്‍സ് നല്‍കാനും അത് പറയാനും ഞമ്മന്റെ ആളുകളായ ചിലര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ എന്നും വാദിച്ചു ചിലര്‍ ചിലയിടത്തൊക്കെ തകൃതിയായി 'ദഅവത്തു ' നടത്തുന്നുണ്ട്. ഈ ദഅവത്തിനാകട്ടെ, പ്രത്യേകിച്ച് ഇല്‍മിന്‍റെ പിന്തുണയില്ലെങ്കിലും ചില ശൈഖു മാരോടുള്ള സാമീപ്യം മാത്രം മതിയാകും എന്നാണു ഇവരുടെ ഈ വിഷയത്തിലെ വിധി പ്രസ്താവനകളില്‍ നിന്ന് മനസ്സിലാകുന്നത്‌.

            ഹജ്ജത്തുല്‍ വിദാ ഇല്‍ പ്രവാചകനോടൊപ്പം പങ്കെടുത്ത ലക്ഷത്തോളം വരുന്ന സ്വഹാബികളില്‍ ഏറിയ ഭാഗവും തങ്ങള്‍ വാഹന മൃഗ ത്തെ തിരിച്ചു നിര്‍ത്തിയ ഭാഗത്തേക്ക് പോയത് ഏതെങ്കിലും ശൈഖുമാരുടെ ദര്‍സില്‍ പങ്കെടുത്തു മറിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയ പണ്ഡിതന്‍മാര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ മന:പാഠം പഠിക്കാനോ, തന്‍റെ കൂടെ ഹജ്ജത്തുല്‍ വിദാഇല്‍ പങ്കെടുത്ത മറ്റുള്ളവര്‍ നടത്തുന്ന ദഅവത്തില്‍ എന്തെങ്കിലും കുറവ് കണ്ടുപിടിക്കാനാകുമോ എന്ന് അന്വേഷിച്ചു അത് പൊതു സമൂഹത്തില്‍ ചര്‍ച്ചക്കിട്ടും ശത്രുക്കള്‍ക്ക് ഒറ്റി കൊടുത്തും, ഇതാണ് ദഅവത്തു എന്ന് കരുതി സ്വയം സ്വായൂജ്യമടയാനോ ആയിരുന്നില്ല. മറിച്ചു, ബല്ലിഗൂ അന്നീ വലൌ ആയ (എന്നില്‍ നിന്ന് ഒരു ആയത്ത് എങ്കിലും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കൂ ) എന്നത് ഉള്‍ക്കൊണ്ടു, തങ്ങള്‍ മനസ്സിലാക്കിയ തൌഹീദ് തങ്ങള്‍ക്കാവും വിധം അതറിയാത്ത ജനങ്ങളില്‍ എത്തിക്കാനായിരുന്നു. അത് ഒഴിവാക്കാന്‍ ആവാത്തത്ര പ്രാധാന്യമുള്ളതാണ് എന്നത് കൊണ്ടാണ് ലക്ഷം മടങ്ങ്‌ കൂലി കിട്ടുന്ന മക്കയിലെ ഹറമും, അവരുടെ കരളിനേക്കാള്‍ സ്നേഹമുള്ള പ്രവാചകനെയും വിട്ടു, ആയിരമായിരം കാതങ്ങള്‍ താണ്ടിയും, ഉറ്റവരും ഉടയവരുമില്ലാത്ത, കൂടുതല്‍ പഠിക്കാന്‍ പ്രവാചകനോ അനുചരന്‍ മാരോ ഇല്ലാത്ത നാട്ടില്‍ പോയി, അവിടെ ഉള്ളവരെ അവര്‍ മനസ്സിലാക്കിയ തൌഹീദ് പഠിപ്പിക്കാന്‍ കഷ്ടപ്പെട്ടത്. അബൂ ദര്‍റുല്‍ ഗിഫാരി (റ) മക്കയിലെത്തി ഇസ്ലാം ആശ്ലേഷിച്ച ശേഷം, പ്രവാചകനെ വിട്ടു സ്വന്തം ഗോത്രത്തിലേക്ക് പോകുമ്പോള്‍ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാഹ് എന്നതല്ലാതെ കയ്യില്‍ മറ്റൊരു കിതാബും ദര്‍സിലെ നോട്ടും ഉണ്ടായിരുന്നില്ല. പിന്നീട് തന്‍റെ ഗോത്രത്തെ മുഴുവന്‍ നയിച്ചു പ്രവാചക സന്നിധിയില്‍ എത്തിയ സ്വഹാബിയോടു, ഇത് നിന്‍റെ പണിയായിരുന്നില്ല അബൂ ദര്‍റെ അതിനു ഇവിടെ അബൂബക്കറും ഉമറും അലിയും ഒക്കെ ഉണ്ട് എന്നും പറഞ്ഞിട്ടില്ല.

ഇനി ഇവര്‍ ജല്‍പിക്കുന്ന ഇല്‍മുള്ളവര്‍ ആരാണ്?. തികഞ്ഞ ഇല്‍ മുള്ളവര്‍ക്കെ ദഅവത്തു പാടുള്ളൂ എന്നതിനു ഉദാഹരണമായി സ്വന്തം ചിലവിനു വകയുള്ളവന്‍ അഥവാ അറിവില്‍ സ്വയം പര്യാപ്തത കൈവരിച്ചവരാണോ ഇവരും ഇവരുടെ ശൈഖുമാരും?   മൂസാ നബി (അ) തന്‍റെ സമൂഹത്തിലെ ഒരാളുടെ ചോദ്യത്തിന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ അറിവുള്ളവന്‍ ഞാനാണ് എന്ന് മേനി നടിക്കാനല്ലാതെ, പറഞ്ഞത് പോലും അല്ലാഹു തിരുത്തി. പക്ഷെ, ഇവര്‍ അറിവില്‍ സ്വയം പര്യാപ്തത വന്നു എന്ന രീതിയില്‍ ചിലരെ മനസ്സില്‍ ബിംബങ്ങളായി അവരോധിക്കുന്നു, അത് പ്രചരിപ്പിക്കുന്നു. അല്ലാഹുല്‍ മുസ്തആന്‍.  ഷെയ്ഖ്‌ ഇബ്ന്‍ ബാസ് (റ) തൊട്ടു സലഫി ലോകത്തെ ഉലമാക്കള്‍ ഏകോപിച്ചു പറയുന്ന അഭിപ്രായമാണ്  ത്വലബുല്‍ ഇല്‍മും ദഅവത്തും വേര്‍തിരിക്കാന്‍ കഴിയില്ല, രണ്ടും ഒരുമിച്ചു കൊണ്ട് പോകണമെന്നതു. ഒരു കാര്യത്തെ കുറിച്ച് ദഅവത്തു നടത്തും മുന്‍പ് അതിനെ കുറിച്ച് പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും വേണം എന്നും മേല്‍ പറഞ്ഞ സൂറത്തുല്‍ അസ്വര്‍ വിശദീകരിക്കവേ പണ്ഡിതന്‍മാര്‍ പറഞ്ഞത് കാണാം. 10 ആയത്ത് പഠിച്ചു ജീവിതത്തില്‍ പകര്‍ത്തിയ ശേഷമേ ഞങ്ങള്‍ അടുത്ത ആയത്തുകള്‍ പഠിച്ചിരുന്നുള്ളൂ എന്ന് സ്വഹാബി മാര്‍ പറഞ്ഞത് ഓര്‍ക്കുക. അങ്ങിനെ ജീവിതത്തില്‍ പകര്‍ത്തുക എന്നത് അത് കൊണ്ടുള്ള അമല്‍ ചെയ്യുക എന്നതില്‍ അത് മറ്റുള്ളവര്‍ക്ക് എത്തിക്കുക എന്നതും പെടുമെന്ന് സ്വഹാബികളുടെ ചരിത്രം വായിച്ച പഠിച്ച ആളുകളെ ഉണര്‍ത്തേണ്ടാതില്ലല്ലോ? ഭൂമിക്കു ചുവട്ടിലെ എല്ലാ വിഷയങ്ങളെ കുറിച്ചും പഠിച്ച ശേഷമേ ദഅവത്തു പാടുള്ളൂ എന്നത്, തൌഹീദ് വ്യാപനം തടയാനും സുന്നത് പ്രചാരണം ഇല്ലാതാക്കാനും പിശാചു കൊടുക്കുന്ന വഹ് യില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. പ്രവാചകനില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ അതിനു മാതൃക കിട്ടില്ല.

                  അതെ പോലെ തന്നെയാണ്, ഓരോന്നിനും അതിന്‍റെതായ ആളുകളുണ്ട് എന്ന് പറഞ്ഞു കുബൂരികളും ശിയാക്കളും പൌരോഹിത്യം അടിച്ചേല്‍പ്പിക്കാന്‍ വാദിക്കുന്ന അതെ വാദം ദഅവത്തിനു പ്രത്യേകം ആളുകള്‍ ഉണ്ട് എന്നതിനായി  കൊണ്ടു വരുന്നത്. ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്‍റെ മേല്‍ നിര്‍ബന്ധമായി എണ്ണിയ ആറു ബാധ്യതകളില്‍ ഒന്നാണ്, ഉപദേശം തേടിയാല്‍ നല്‍കുക എന്നത്. സത്യ വിശ്വാസികളുടെ ബാധ്യതയായി ഖുര്‍ആനില്‍ പലേടത്തും എടുത്തു പറഞ്ഞതാണ് അമ്രും ബില്‍ മഅറൂഫ് വനന്‍ഹൈ അനില്‍ മുന്‍കര്‍, നന്‍മ കൊണ്ട് കല്‍പിക്കുകയും തിന്‍മ വിലക്കുകയും ചെയ്യുക എന്നത്. ഇതൊക്കെ ഇത്ര വ്യെക്തമായിട്ടും അതിനൊക്കെ പ്രത്യേകം ആളുകള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ക്കുന്നത് ഏതു ഇല്‍മി ന്‍റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ്‌ റസൂലുള്ള അവന്‍റെ അന്ത്യ പ്രവാചകനാണ്‌ എന്ന് ഹൃദയത്തില്‍ രൂഡമൂലമായി വിശ്വസിക്കുന്ന ഒരാള്‍ പലകോടി ദൈവങ്ങളെ ആരാധിക്കുന്ന ഒരാളെ കണ്ടു മുട്ടിയാല്‍, അവനോടു, സഹോദരാ, പല ദൈവങ്ങള്‍ ഇല്ല, ദൈവം, അല്ലാഹു ഏകനാണ്, മുഹമ്മദ്‌ (റ) അവന്‍റെ പ്രവാചകനാണ്‌ എന്ന് പറയാതെ ഏതെങ്കിലും ഹാളുകളിലോ ഒറ്റപ്പെട്ട പള്ളി ചെരുവിലോ നടക്കുന്ന ദര്‍സില്‍ വന്നു ശൈഖിനെ കൂട്ടി തിരിച്ചു ചെല്ലും വരെ കെട്ടിയിടാനോ ഹോട്ടല്‍ മുറിയെടുത്തു താമസിപ്പിക്കാനോ ആണോ ഇവര്‍ മനസ്സിലാക്കിയ ദീന്‍ പറയുന്നത്? ഇനി അതല്ല, അങ്ങിനെ അല്ലാഹു ശിക്ഷിക്കാന്‍ തീരുമാനിച്ച ഒരു വിഭാഗത്തിനോട് എന്തിനാണ് നിങ്ങള്‍ വഅള് പറയുന്നത് എന്ന ഖുര്‍ആന്‍ ആക്ഷേപിച്ച വിഭാഗത്തിന്‍റെ മനോ നിലയിലാണോ ഈ സലഫീയതിനു പുതിയ മാനം നല്‍കാന്‍ പണിയെടുക്കുന്നവര്‍ ശ്രമിക്കുന്നത്?.  മആദല്ലാഹ്..

              പറയുന്ന വിഷയത്തില്‍ അറിവ് ഉണ്ടാകുക എന്നത് പണ്ഡിതന്‍ മാര്‍ ദഅവത്തിനു നിശ്ചയിച്ച നിബന്ധനയാണ്. പക്ഷെ, അതിനര്‍ത്ഥം ആ വിഷയത്തിന്‍റെ അത്യഗാധമായ അറിവ് ഉണ്ടാകുക എന്നതല്ല. അറിവില്‍ ഏറ്റവും ശ്രേഷ്ടമായ അല്ലാഹുവിനെ കുറിച്ച്, അവന്‍റെ എകത്വത്തെയും നാമ വിശേഷണങ്ങളെയും കുറിച്ച് എത്ര പഠിച്ചാലാണ് പൂര്‍ണമാകുക?. അപ്പോള്‍, ഇവരുടെ വീക്ഷണത്തില്‍ ദഅവത്തു പ്രഥമമായി നടത്തേണ്ട തൌഹീദ് പോലും പ്രബോധനം ചെയ്യാന്‍ ലോകത്ത് വിരലില്‍ എണ്ണാവുന്നവരേ ഉണ്ടാകൂ. അവര്‍ എത്ര പേര്‍ക്ക് തൌഹീദ് എത്തിക്കും? ചുരുക്കത്തില്‍ വലിയൊരു വിഭാഗത്തിനു ഏക ദൈവ സന്ദേശം, തൌഹീദ് എത്താതെ നോക്കാന്‍ പിശാചു തോന്നിക്കുന്ന കുഴിയില്‍ ഇറങ്ങി വിളിച്ചു കൂവുന്ന ആളുകളായി ഇവര്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഏറെ രസകരം, ഇവര്‍ അടിച്ചു വിടുന്ന പല വിഷയങ്ങളും ആ വിഷയത്തിലെ ഇവരുടെ ഇല്‍മിന്‍റെ അഭാവം നന്നായി വിളിച്ചോതുന്നു എന്നതാണ്. പ്രബോധനത്തിന്‍റെ മുന്‍ ഗണനാ ക്രമം പോലും തെറ്റിച്ചു കേവലം വ്യെക്തികളെ യും കൂട്ടായ്മയെയും ഇകഴ്ത്തുകയോ അഹ് ലുല്‍ ഹവയും അഹ്ലുല്‍ ബിദ്അയുമായി ചാപ്പ കുത്തുകയോ ചെയ്യുക എന്നിടത്തേക്ക് തരം താണ ഇവരുടെ പ്രബോഥന ശൈലി  ചിലപ്പോഴൊക്കെ, എതിരാളികളെ തക്ഫീര്‍ ചെയ്യുന്നത് വരെ എത്തുന്നു.

                     സലഫുകള്‍ ദഅവത്തു നടത്തിയ രീതിയില്‍, ദഅവത്തു നടത്തുക എന്നത് കൊണ്ട് ഉദ്ദേശിച്ചത്, ദഅ വത്തിനുള്ള മാര്‍ഗങ്ങള്‍ ആധുനികമായ മാധ്യമങ്ങളും മറ്റു സംവിദാനങ്ങളും ഉപയോഗിക്കുന്നതിനെ കുറിച്ചാണ് എങ്കില്‍, തബലീഗ് കാരാണ് സലഫുകളുടെ പാതയില്‍ എന്ന് പറയേണ്ടി വരും, കാരണം ഇന്നും അവര്‍, നിങ്ങള്‍ അടക്കം ഉപയോഗിക്കുന്ന, എന്നാല്‍ സലഫുകള്‍ ഒരിക്കലും സ്വീകരിചിട്ടില്ലാത്ത ശൈലി,യായ ഉച്ച ഭാഷിണിയോ, നോട്ടീസോ, ഫൈസ് ബുക്കോ അത് പോലെ മറ്റൊരു ആധുനിക ശൈലിയും സ്വീകരിക്കുന്നില്ല. അതല്ല ഉദ്ദേശം എങ്കില്‍ ആളുകള്‍ കൂടുന്നതിനനുസരിച്ച് സൌണ്ട് സിസ്റ്റവും കൂടുതല്‍ ആളുകളില്‍ എത്തികാനും എളുപ്പം കൂടുതല്‍ പേരുടെ ശ്രദ്ധ ആകര്‍ഷിക്കാനും വിവധ വര്‍ണ്ണങ്ങളിലെ നോട്ടീസും ഏറിയും കുറഞ്ഞും ഇരിക്കും. പ്രൊഫ്‌ കോണ്‍, വിസ്ഡം തുടങ്ങിയ ദഅവ സംരംഭങ്ങളെ എതിര്‍ക്കാന്‍ സലഫുകള്‍ക്ക് പരിചയമില്ലാത്ത പുതിയ രീതികള്‍ ഗവേഷണം ചെയ്യുന്നത് ഇത്തിബാഇനു എതിരാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍, അത് പൊതു ജനങ്ങളോട് പറയാന്‍ ഉപയോഗിക്കുന്ന ആഡിറ്റോറിയത്തിലെ ബിരിയാണി യോടെയുള്ള യോഗങ്ങള്‍ക്കും, ഫൈസ് ബുക്കിലൂടെയും വാട്ട് സപ്പിലൂടെയും ഇന്‍റെര്‍ നെറ്റ് റേഡിയോയില്‍ കൂടെയുമുള്ള ഫിത്ന പ്രചാരണങ്ങള്‍ക്കും എവിടുന്നാണ് മാതൃക ഒപ്പിക്കുക?. ഇനി തങ്ങള്‍ ചെയ്യുന്ന കാരണത്താല്‍ അത് ഇത്തിബാഇനു എതിരാകില്ല എന്നും തങ്ങള്‍ക്ക്  ചെയ്യാന്‍ ആള്‍ ബലമില്ലാത്തത് കൊണ്ട് പ്രോഫ്കോണും വിസ്ഡവും ഇത്തിബാ ഇനു എതിരും ആകുമോ എന്ന് കൂടി ഇവര്‍ വിശദീകരിക്കേണ്ടതുണ്ട്‌. സംഘടനാ സംവിദാനം ബിദ് അത്താണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ കൂട്ടം പിരിഞ്ഞു രണ്ടു ചേരിയില്‍ കിടന്നു പരസ്പരം നടത്തുന്ന പോര്‍വിളികള്‍ തക്ഫീര്‍ വരെ എത്തിയതും നമ്മള്‍ കണ്ടു.

                 മുജാഹിദുകളെ സലഫി മന്‍ഹജില്‍ നിന്ന് പുറത്താക്കാന്‍ ഇവര്‍ പടച്ചു വിടുന്ന മറ്റൊരു ആരോപണമാണ് ജമാഅത്തുകാരെ അനുകരിച്ചു അടിസ്ഥാന വിഷയങ്ങള്‍ വിട്ടു റിലീഫും പരിസ്ഥിതി സംരക്ഷണവുമായി കറങ്ങി തിരിയുകയാണ് എന്നത്. അസത്യ പ്രചാരണത്തിന് പ്രത്യേകം ഇല്‍മു ആവശ്യമില്ലാത്തത് കൊണ്ടാകും ഈ കളവും ഇവര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത് എങ്കിലും കേരളത്തിലെ മുജാഹിദുകളെ അടുത്തറിയുന്ന ഒരാളും ഇതെറ്റെടുക്കില്ല എന്നുറപ്പാണ്. ഒരു ഭാഗത്ത് തൌഹീദ് പ്രബോധനം നടത്താന്‍ ഇല്‍മുള്ള ആളുകളാണ് എന്ന് പറയുക, മറ്റൊരിടത്ത് അടിസ്ഥാന വിഷയങ്ങള്‍ പ്രബോധനം നടത്തുന്നില്ല എന്ന് പറയുക. ഇതെങ്ങിനെയാണ് യോജിക്കുക എന്ന് ഇവര്‍ തന്നെ വ്യെക്തമാക്കട്ടെ. ഏതെങ്കിലും ഹാളിലും പള്ളി മൂലയിലും വല്ലപ്പോഴും  ഇരുന്നു, ആധുനികരായ പണ്ഡിതരുടെ ചില കിതാബുകള്‍ മാത്രം മന:പാഠം പഠിച്ചു മറ്റുള്ളവരെല്ലാം തങ്ങളേക്കാള്‍ അധമരാണ് എന്ന ഭാവത്തില്‍ നടക്കുന്നവര്‍ക്ക് കേരളത്തിലെ മുക്ക് മൂലകളില്‍ നടക്കുന്ന തൌഹീദി പ്രചാരണം അറിയുവാനോ, അറിഞ്ഞെങ്കില്‍ തന്നെ അംഗീകരിക്കാനോ ആകില്ല. പിന്നെ പരിസ്ഥിതി സംരക്ഷണവും ദുരിതാ ശ്വാസവും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് എന്ന്, യുദ്ധരംഗത്ത് പോലും വൃക്ഷങ്ങള്‍ നശിപ്പിക്കരുതെന്നും, വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന്‍റെ പുണ്യം വിവരിക്കുന്ന ഹദീസുകളും വ്യെക്തമാകുന്നതാണ്. അബൂ ഹുറൈറ (റ) കടം വാങ്ങി പോലും പ്രവാചകന്‍റെ നിര്‍ദേശ പ്രകാരം ആവശ്യക്കാരുടെ ആവശ്യ പൂര്‍തീകരിച്ചതിനും ഹദീസ് തെളിവ് നല്‍കുന്നു. അമീറുല്‍ മുഎമിനീന്‍ ആയിരിക്കെ പോലും അബൂബക്കര്‍ (റ) യും ഉമര്‍ (റ) യും നടത്തിയ വ്യെക്തി എന്ന നിലക്ക് നടത്തിയ  സാമൂഹ്യ സേവനങ്ങളും മനസ്സിലാക്കണമെങ്കില്‍ ആധുനികരായ ചിലരുടെ കിത്താബില്‍ ചര്‍വ്വിത ചര്‍വ്വണം നടത്തിയും പണ്ഡിതന്‍മാരുടെ സിഫത്തു വര്‍ണ്ണിച്ചും കളയുന്ന സമയം കൊണ്ട് സ്വഹാബത്തിന്‍റെ ചരിത്രം പഠിക്കാന്‍ മേനെക്കെട്ടാല്‍ മതിയാകും.


                      ചുരുക്കത്തില്‍ ഒരു വിശ്വാസിക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്ത കാര്യങ്ങളാണ് പരിസ്ഥിതി സംരക്ഷണവും സാമൂഹിക സേവനവും എന്ന് പ്രവാചകാധ്യാപനങ്ങള്‍ വളച്ചു കെട്ടില്ലാതെ പഠിക്കാന്‍ തയ്യാറായാല്‍ മനസ്സിലാകും. എന്നാല്‍ ജമാ അത്തുകാരും മടവൂര്‍ വിഭാഗം മുജാഹിദുകളും ഇത് രണ്ടും ദഅവത്തിനുള്ള ഒരു പാലമായി കണക്കാക്കുകയും, തൌഹീദ് പറയാതെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനെയുമാണ് മുജാഹിദുകള്‍ എതിര്‍ത്തത്, അതിനു കാരണം അത് നബി ചര്യക്ക്‌ എതിരായത് കൊണ്ടാണ്. അല്ലാതെ, പ്രവാചകന്‍ ഇതൊന്നും ചെയ്യാത്തത് കൊണ്ടല്ല. അങ്ങിനെ പ്രവാചകനും സ്വഹാബത്തും പരിസ്ഥിതി സംരക്ഷണവും ദുരിതാശ്വാസവും ചെയ്തിട്ടില്ല എന്ന് തെറ്റിധരിച്ചാണ് അതിനെ എതിര്‍ക്കുന്നതെങ്കില്‍ ഇവരുടെ അറിവ് കേടോര്‍ത്തു സഹതപിക്കുകയെ നിര്‍വാഹമുള്ളൂ. വുളു എടുക്കുന്ന സ്വഹാബിയോടു 'മാ ഹാദല്‍ ഇസ്രാഫ്' എന്ന് ചോദിച്ച,  ഒഴുകുന്ന നദിയില്‍ നിന്നാണെങ്കില്‍ പോലും അനാവശ്യമായി വെള്ളം ഉപയോഗിക്കരുത് എന്ന് പഠിപ്പിച്ച ഹദീസില്‍ നിന്ന് ജല സംരക്ഷണം ദീനീ ബാധ്യതയാണ് എന്ന് മനസ്സിലാകാതെ, അതിനെ പരിഹസിച്ചും, ഇതൊന്നും നാളെ പരലോകത്ത് വിചാരണ ചെയ്യപ്പെടും എന്ന് രേഖയില്ലെന്നും തട്ടി വിടുന്നത്, തനി ജാഹിലിയ്യത്തും ഒരു വിഭാഗത്തോടുള്ള അന്ധമായ വിദ്വേഷവും കൊണ്ട് മാത്രമാണ്. നബിയുടെ ചര്യ നന്‍മയും അതിനെതിരാകുന്നത് തിന്‍മയും ആകുന്നതു ദീനിലാണ്. അല്ലാതെ ഭൌതിക സംവിദാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനല്ല. അങ്ങിനെയാകുമ്പോള്‍ ഇസ്ലാമിക ഭരണകൂടത്തില്‍ നടപ്പാക്കുന്ന പാസ്പോര്‍ട്ട് അടക്കം പല ആധുനിക സംവിദാനങ്ങളും തിന്‍മയാണ് എന്ന് പറയേണ്ടി വരും. അല്ലാഹു ഇത്തരം ഇല്‍മില്ലാ ആലിമുകളുടെ ശര്‍റില്‍ നിന്ന് മുസ്ലിം സമൂഹത്തെ രക്ഷിക്കട്ടെ. അതി പ്രധാനമായ കൊച്ചു കുട്ടികള്‍ക്ക് പോലും എളുപ്പം മനസ്സിലാകുന്ന തൌഹീദ് പ്രചരിപ്പിക്കുന്നതിന് പ്രത്യേകം ആലിമുകള്‍ തന്നെ വേണം എന്ന് പറഞ്ഞു തൌഹീദ് വ്യാപനം തടയാന്‍ പണിയെടുക്കുന്നവര്‍, ശാഖാ പരവും സലഫി ഉലമാക്കള്‍ ക്കിടയില്‍ ഭിന്ന വീക്ഷണവുമുള്ള വിഷയങ്ങള്‍ ആധികാരികമായി ഏകപക്ഷീയമായി തട്ടി വിട്ടു സ്വന്തം വാദം സ്ഥാപിക്കാന്‍ മേനക്കെടുന്നിതിനിടക്ക്, ആ വിഷയത്തില്‍ എന്താണ് പ്രവാചക മാതൃക എന്ന് പോലും പഠിക്കാന്‍ തയ്യാറാകാത്തത് അത്ഭുതം തന്നെ. ഇത്തരം തല തിരിഞ്ഞ അപക്വ മനസ്സിന്‍റെ ഉടമകളില്‍ നിന്നുള്ള ഫത്‌വകളുടെ ഉപോല്‍പന്നമാണ് കുരുടന്‍ ആനയ കണ്ടപോലെ ഹാകിമിയ്യത്തും ഖിലാഫത്തും കുത്തിവെച്ചു ഇന്ന് മുസ്ലിം ലോകത്ത് തന്നെ അന്യോന്യം ചാവേറുകളായി പൊട്ടി ത്തെറിച്ചും കൂട്ടക്കൊല നടത്തിയും ദീന്‍ സ്ഥാപിക്കാന്‍ എന്ന പേരില്‍ തീവ്ര വാദത്തിലേക്ക് തള്ളി വിടുന്നത്. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും അറിയാത്തവര്‍ക്ക് എത്തിക്കാനും തൌഫീക്ക് നല്‍കട്ടെ...

യഥാര്‍ത്ഥ ശത്രുക്കള്‍ ജൂതനോ ??

 യഥാര്‍ത്ഥ ശത്രുക്കള്‍ ജൂതനോ  ??.....
                                                                          ******************************
                                                                          ******************************

ലോക മുസ്ലിംമത വിശ്വാസികളുടെ മനസ്സിനു കുളിര്‍മയും പ്രതീക്ഷയും നല്‍കികൊണ്ട് ആത്മ വിശുദ്ധിയുടെയും പുണ്യങ്ങളുടെയും പൂക്കാലമായ മറ്റൊരു റമദാന്‍ വ്രതമാസം കൂടി കടന്നു പോയിക്കൊണ്ടിരിക്കുന്നു.. കേവലം അന്ന പാനീയങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക എന്നതില്‍ കവിഞ്ഞു വ്രതം കൊണ്ട് ഇസ്ലാം, വിശ്വാസികളില്‍ നിന്ന് ആവശ്യപ്പെടുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. അത് സമ്പന്നതയുടെ കളിത്തൊട്ടിലില്‍ വളര്‍ന്നവര്‍ക്കു വിശപ്പിന്‍റെ വിഹ്വലത ബോധ്യപ്പെടുത്തുക മാത്രമല്ല, സ്വന്തം ദേഹേച്ചയുടെ മേല്‍ ഓരോരുത്തരും നേടിയെടുക്കേണ്ട ആധിപത്യത്തിനാണ് അത് ഏറെ ഊന്നല്‍ നല്‍കുന്നത്. തനിക്കു അനുവദിക്കപ്പെട്ട അന്നപാനീയങ്ങളും മറ്റു സുഖാനുഭൂതികളും പ്രഭാതം മുതല്‍ പ്രദോഷം വരെ മാറ്റി വെക്കുക വഴി ദൈവത്തിനു വേണ്ടി ഒരു മനുഷ്യനെ തനിക്കേറ്റവും പ്രിയപ്പെട്ട തെല്ലാം ത്യജിക്കാന്‍ സന്നദ്ധനാക്കുകയാണ് വ്രതത്തിലൂടെ ചെയ്യുന്നത്. അന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കാമ ക്രോധ മദ ലോഭങ്ങള്‍ കൂടി അകറ്റുമ്പോഴേ ഒരാളില്‍ നിന്ന് വ്രതം സ്വീകരിക്കപെടുകയുള്ളൂ.

ലോകമെമ്പാടും ഒന്നുകില്‍ ഇസ്ലാമിന്‍റെ പ്രത്യക്ഷ ശത്രുക്കളാല്‍, അല്ലെങ്കില്‍ മുസ്ലിമായി പൊതു സമൂഹം കരുതുന്ന മുസ്ലിം നാമ ധാരികളാല്‍ നിരപരാധികളായ മുസ്ലിംകള്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നത് വളരെ ദുഃഖകരമാണ്. ഇസ്രായേല്‍ എന്ന അറബികളുടെ ഔദാര്യം കൊണ്ട് മാത്രം പടുത്തുയര്‍ത്തപ്പെട്ട ജൂത രാഷ്ട്രം, അതിന്‍റെ പിറവി തൊട്ടു, ആ മണ്ണിന്‍റെ യഥാര്‍ത്ഥ അവകാശികളെ വേട്ടയാടി കൊണ്ടിരിക്കുന്നത്, ലോക രാഷ്ട്രങ്ങള്‍ കണ്ടിലെന്ന് നടിക്കുന്നതും, ജൂതന്‍റെ കൈത്തരിപ്പു തീരുകയും രക്തദാഹം ശമിക്കുകയും ചെയ്യുമ്പോള്‍ മാത്രം വന്‍ ശക്തികള്‍ ഔപചാരികമായി ഇടപെട്ടു, നിരപരാധികളുടെ കശാപ്പിനു ഒരു ഇടവേള നിശ്ചയിക്കുകയും ചെയ്യുന്ന നാടകം കാണാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ലോകത്തിലെ വന്‍ ശക്തികളും കുരിശു യുദ്ധത്തിന്‍റെ പിന്‍മുറക്കാരായവരുമായവരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നുവെങ്കില്‍, അത് നമ്മുടെ വിവരക്കേട് മാത്രമാണ്. ഇസ്രായേല്‍ എന്ന ജാര സന്തതിക്ക് എല്ലാത്തിനും കുട പിടിക്കുന്ന, യാങ്കികളും അമേരിക്കയും ഫലസ്തീനിലെ അവസാനത്തെ കുഞ്ഞും വെടിയേറ്റ്‌ വീണാല്‍ പോലും ഇസ്രായേലിനെ ഒരു മൊട്ടു സൂചി കൊണ്ട് പോലും വേദനിപ്പിക്കില്ല.

കേവലം ഗള്‍ഫ് രാജ്യങ്ങളിലെ രണ്ടോ മൂന്നോ ഭരണാധികാരികള്‍ ഇസ്രായെലിനേയോ അമേരിക്കയേയോ എതിര്‍ത്തത് കൊണ്ടോ, സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടോ മാറ്റം വരാവുന്ന ഒരു ബന്ധമല്ല, ഇസ്രായേലും മേല്‍ പറഞ്ഞ വന്‍ ശക്തികളും തമ്മിലുള്ളത്. അത് ഇന്ന് ലോകം നിയന്ത്രിക്കുന്ന കുത്തക വാര്‍ത്തക ബന്ധങ്ങളിലൂടെ ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയാത്തത്ര ആഴത്തില്‍ അന്തര്‍ലീനമായ പരസ്പര ലാഭ വീതം വെപ്പിന്‍റെ ബന്ധമാണ്. അതിന്‍റെ ഊര്‍ജസ്രോതസ്സ് ആയുധ കച്ചവടമടക്കമുള്ള ബിസിനസ്സ് കൂട്ട് കേട്ടാണ്. ആയുധങ്ങള്‍ വാങ്ങി കൂട്ടി അവരുടെ ലാഭം കൊഴുപ്പിക്കുന്നതില്‍ വലിയൊരു പങ്കു നല്‍കുന്നത് ഇന്ന് ഇസ്ലാമിന്‍റെ പേരില്‍ അന്യോന്യം കഴുത്തറക്കുന്ന തീവ്ര വാദികളും, സ്വന്തം ജനതയെ തന്നെ കശാപ്പ് ചെയ്യുന്ന ലോകത്തെ ചില മുസ്ലിം രാഷ്ട്ര നേതാക്കളും തന്നെയാണ്. അങ്ങിനെ മുസ്ലിംകളായി അറിയപ്പെടുന്നവര്‍ തന്നെ, തങ്ങളെ കൊന്നൊടുക്കാന്‍ ജൂത അമേരിക്കന്‍ ലോബിക്ക് വീണ്ടും വീണ്ടും ലാഭം വര്‍ദ്ധിപ്പിച്ചും, കമ്പോളങ്ങള്‍ പുതുതായി നല്‍കിയും സഹായിച്ചു കൊണ്ടേയിരിക്കുന്നു.

ഇസ്രായേലില്‍ ജൂതന്‍മാര്‍ കൊന്നു തള്ളുന്നതിന്‍റെ എത്രയോ ഇരട്ടി മുസ്ലിം നിരപരാധികളെ ചില മുസ്ലിം രാഷ്ട്രങ്ങളില്‍ ഭരണ കൂടവും ഇസ്ലാമിക ജിഹാദ് നടത്തി ഹാകിമിയ്യത്തിനു എന്ന പേരില്‍, തീവ്ര വാദികളും മത്സരിച്ചു കൊന്നു തള്ളുന്നതും കൊള്ളയടിക്കുന്നതും നിരാലംബരാക്കുന്നതും നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു. ഇസ്ലാമിനന്യമായ ചാവേര്‍ ആക്രമണത്തിലൂടെ ഏതാനും നിരപരാധികളായ അമുസ്ലിംകളെ കൊലപ്പെടുത്തി, ലക്ഷക്കണക്കായ നിരപരാധികളായ മുസ്ലിംകളെ കശാപ്പ് ചെയ്യാന്‍, അഫ്ഗാനിലും ഇറാക്കിലും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുത്ത അല്‍ ഖായിദക്കാരുടെ 'ജിഹാദ്' അല്‍പം മന്ദഗതിയിലായതിന്‍റെ കുറവ് പരിഹരിക്കാന്‍ ജൂതന്‍മാര്‍ ശിയാക്കളെ കച്ചകെട്ടിച്ച് ഒരുക്കിയ സുന്നി ശിയ പോരാട്ടത്തിലൂടെ ലോകത്തിന്‍റെ വിവധ ഭാഗത്ത് ദിനേന നടക്കുന്ന കൂട്ട ക്കൊലകളിലും പൊട്ടി ത്തെറികളിലും കുരുതി കൊടുക്കപ്പെടുന്ന നിരപരാധികള്‍ക്ക് കയ്യും കണക്കുമില്ല.
 
 സിറിയയിലും ഇറാക്കിലും ഈജിപ്തിലും അഫ്ഗാനിലും പാകിസ്ഥാനിലും ലിബിയയിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കൊന്നോടുക്കപ്പെട്ട ലക്ഷക്കണക്കിന്‌ മുസ്ലിംകളുടെ ചോരക്കു ഉത്തരവാദികള്‍ മുസ്ലിംകള്‍ തന്നെയാണ്. ഇതാണ് നേരിട്ട് ഇസ്രായേലില്‍ നടത്തുന്ന മനുഷ്യക്കുരുതിയെക്കാള്‍  ജൂതന്‍മാര്‍ ശ്രദ്ദ കേന്ദ്രീകരിച്ചു ചെയ്യിക്കുന്നത്. പക്ഷെ അത് തിരിച്ചറിയാന്‍ മുസ്ലിം നാമ ധാരികള്‍ക്കായില്ല എന്നത് മാത്രമല്ല, പുതിയ പുതിയ രാജ്യങ്ങളിലേക്ക് തങ്ങളുടെ തീവ്രവാദം കയറ്റി അയച്ചു, ജൂതന്‍റെ അജണ്ട സ്വന്തം ചെലവില്‍ നടപ്പാക്കാനുള്ള അത്യാവേശത്തില്‍ കൂടിയാണ് മുസ്ലിം വേഷധാരികളായ ഇത്തരക്കാര്‍. സലഫികള്‍ എന്ന് അറിയപ്പെടാന്‍ വ്യെഗ്രതപ്പെടുന്നവര്‍ പോലും തൌഹീദും സുന്നത്തും പറയുന്നത് പിന്തള്ളി പോലും ഹാകിമിയത്തിന്‍റെ സംസ്ഥാപനത്തെ കുറിച്ചും, ജനാധിപത്യത്തിന്‍റെ അനിസ്ലാമികതയെ കുറിച്ചും വേവലാതിപ്പെടുന്നത് കാണുമ്പോള്‍ പ്രതിലോമ മുസ്ലിം മനസ്സിനെക്കുറിച്ച് ഗൃഹ പാഠം നടത്തി പഴുതടക്കപ്പെട്ട ജൂതന്‍റെ പ്ലാനിംഗ് എത്ര ഭംഗിയായി വിജയിക്കുന്നു എന്നോര്‍ത്തു സങ്കടം തോന്നുന്നു.

 ഒരു സമൂഹത്തില്‍ അല്ലാഹുവിന്നു നേരാംവണ്ണം ഇബാദത്ത് ചെയ്യുന്നതില്‍ വിമുഖത കാണിക്കുകയും, അല്ലാഹുവിന്‍റെ കല്‍പനകള്‍ ധിക്കരിക്കുകയും ദുര്‍വൃത്തികള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ മോശം ഭരണാധികാരികളെ കൊണ്ട് അല്ലാഹു ആ സമൂഹത്തെ പരീക്ഷിക്കും. ഇന്ന് മുസ്ലിംകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും ബിദ് അത്തുകളും നിഷിദ്ധങ്ങളും ഒഴിവാക്കുകയും ചെയ്തു കൊണ്ട് ജീവിതം ശുദ്ധീകരിക്കുകയും മാത്രമാണ്. എങ്കിലേ അല്ലാഹു നമ്മുടെ ദുആകള്‍ സ്വീകരിക്കുകയും ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് സമുദായത്തെ രക്ഷിക്കുകയുമുള്ളൂ. ഹാകിമിയ്യത്തു തലയ്ക്കു പിടിച്ച ഇഖ്വാനികള്‍ തൊട്ടു, മറക്കു പിന്നിലിരുന്നു ജൂത താല്‍പര്യം നടപ്പിലാക്കുന്ന അതി തീവ്ര കൂട്ടു കെട്ടുകള്‍ വരെ, അല്ലാഹു ആദ്യം ബാധ്യതയായി നിശ്ചയിച്ച, പ്രവാചകന്‍മാര്‍ അഖിലവും മാതൃക കാണിച്ച, തൌഹീദിന്‍റെ ,വ്യാപനവും ബിദ്അത്ത് നിപാടനം ചെയ്തു  സുന്നത്ത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാനും, അത് പ്രചരിപ്പിക്കാനും അത് വഴി ഇസ്ലാമിന്‍റെ വെള്ളി വെളിച്ചം കൂടുതല്‍ ചക്രവാളങ്ങളിലേക്കു വ്യാപിപ്പിക്കാനും മെനെക്കെടാതെ, ഭ്രാന്തമായ മനസ്സിന്‍റെ അപക്വമായ രസകൂട്ടില്‍ നിന്നുടലെടുക്കുന്ന രക്ത പങ്കിലമായ ജിഹാദ് എന്ന ഏക തീരുമാനത്തിലെടുത്തു ചാടി, ഇസ്ലാമിനും മുസ്ലിംകള്‍ക്കും വരുത്തി വെക്കുന്ന ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ലാതായിരിക്കുന്നു.


 ഇന്ന് ലോകത്താകമാനം നിരപരാധികള്‍ അക്രമിക്കപെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. മനസ്സിന്‍റെ മേല്‍ പൈശാചിക പ്രേരണകള്‍ അധീശത്വം നേടിയുണ്ടാക്കുന്ന കൊടും ക്രൂരത, കേവലം കൊച്ചു കുഞ്ഞുങ്ങളെ പോലും ലൈംഗിക ദാഹത്തിനു വേണ്ടിയും സമ്പത്തിനു വേണ്ടിയും ഉപയോഗിച്ചു അധമത്വത്തിന്‍റെ പുതിയ പുതിയ സാമ്പിളുകള്‍ ദിനേന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഇവിടെയാണ്‌ ഇസ്ലാമിന്‍റെ, ഖുര്‍ആനിന്‍റെ പ്രസക്തി. തന്നെ ആക്രമിക്കാനോ ഭേദ്യം ചെയ്യാനോ വരുന്നവനോട് പോലും 'ഞാന്‍ നോമ്പുകാരനാണ് എന്ന് രണ്ടു വട്ടം പറഞ്ഞു അവനില്‍ നിന്ന് അകന്നു പോകാന്‍ കല്‍പിക്കുന്ന ഇസ്ലാമിന്‍റെ യഥാര്‍ത്ഥ അനുയായികള്‍ക്ക് ഒരിക്കലും ഒരിക്കലും എന്തിന്‍റെ പേരിലായാലും ഒരു ചാവേറായി പൊട്ടി തെറിച്ചു നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്‍മാരുമടങ്ങിയ നിരപരാധികളെ കൊല്ലാന്‍ കഴിയില്ല. യുദ്ധത്തില്‍ പോലും അതിക്രമം പാടില്ല, വൃക്ഷങ്ങളും ജല സ്രോതസ്സുകളും നശിപ്പിക്കരുത്, സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്‍ മാരെയും മറ്റു മതസ്ഥര്‍ ഭജനമിരിക്കുന്ന മടങ്ങളിലെ സന്യാസിമാരെയും, കൊല്ലരുത് എന്ന് പഠിപ്പിക്കപ്പെടുന്ന ഒരു മുസ്ലിമിന്, നിരപരാധികളെ, അവര്‍ സുന്നിയായാലും ശിയ ആയാലും മറ്റു ഏതു മതക്കാരനായാലും ആക്രമിക്കാനോ കൊല്ലാനോ കഴിയില്ല. ഇസ്ലാമിന്‍റെ ബാഹ്യ ചിഹ്നമായ തലപ്പാവും താടിയും വെച്ച് നിഗൂഡ കേന്ദ്രങ്ങളില്‍ ഒളിച്ചിരുന്ന് ആധുനിക മാധ്യമങ്ങളിലൂടെ മുസ്ലിംകളുടെ ലേബലില്‍ ഭീകരവാദം കയറ്റി അയക്കുന്നവരും, അത് കേട്ട്, അതാണ് ഇസ്ലാമിലെ ജിഹാദ് എന്ന് തെറ്റിദ്ധരിച്ചു മനുഷ്യരുടെ സ്വസ്ഥ ജീവിതം നശിപ്പിക്കുന്നവരും, മനുഷ്യ കുലത്തിന്‍റെ ശാശ്വത സമാധാനത്തിനായി, സൃഷ്ടാവ് നല്‍കിയ ഈ ഖുര്‍ആന്‍ അതവതരിപ്പിക്കപെട്ട വ്രത ശുദ്ധിയുടെ മാസത്തിലെങ്കിലും ഒന്ന് മനസ്സിരുത്തി പഠിച്ചിരുന്നെങ്കില്‍ അല്ലാഹു വ്രതത്തിലൂടെ മനുഷ്യന്‍റെ ഇത്തരം പൈശാചികതയെ നിഷ്കാസനം ചെയ്യാന്‍ പ്രത്യേകമായി ഒരുക്കിയ അവസരം അവര്‍ക്കും ലഭിച്ചേനെ. ലോകത്ത് ശത്രുക്കളെക്കാള്‍ ഇസ്ലാമിന് ദ്രോഹം ചെയ്യുന്ന ഇത്തരക്കാരില്‍ നിന്ന് മുസ്ലിം പൊതു സമൂഹം രക്ഷപ്പെട്ടേനെ. നമുക്ക് ആശിക്കാം കേവലം പേരിലല്ല, മറിച്ചു കര്‍മങ്ങളില്‍ മുസ്ലിംകളായി ഇസ്ലാമിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങളായി എല്ലാവര്‍ക്കും മാറാന്‍ സന്‍മനസ്സ് ഉണ്ടാകട്ടെ...