Saturday, July 19, 2014

ദഅവത്തു ചിലരുടെ മാത്രം ബാധ്യതയെന്നോ?

ദഅവത്തു ചിലരുടെ മാത്രം ബാധ്യതയെന്നോ?
(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(

             പിശാചു ആദമിനെ സുജൂദ് ചെയ്യാന്‍ അല്ലാഹു നല്‍കിയ കല്‍പന ധിക്കരിച്ച കാരണത്താല്‍ പുറത്താക്കപ്പെട്ടപ്പോള്‍ അല്ലാഹുവിനോട് അന്ത്യനാള്‍ വരെ സമയം നീട്ടി വാങ്ങുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മനുഷ്യര്‍ കടന്നു വരാതിരിക്കാന്‍, അവരുടെ മുന്നിലൂടെയും പിന്നിലൂടെയും പാര്‍ശങ്ങളിലൂടെയും സമീപിച്ചു, പിഴപ്പിക്കാന്‍ ശ്രമിക്കും സ്വിറാത്തുല്‍ മുസ്ത്വഖീമില്‍ ഒരു തടസ്സമായി നില്‍ക്കും എന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. ഇന്ന് ചിലയാളുകളുടെ ഇസ്ലാമിക ദഅവത്തിനെ കുറിച്ചുള്ള സമീപനം കാണുമ്പോള്‍ വീണ്ടും മനസ്സില്‍ ഓര്‍മ വരുന്നതും ഇത് തന്നെയാണ്. സൂറത്ത് അസ്വര്‍ പഠിപ്പിക്കുന്ന നഷ്ടത്തില്‍ പെടാതെ രക്ഷപ്പെട്ടവരുടെ 4 ഗുണങ്ങളില്‍ മൂന്നാമത്തേത് ഹഖു കൊണ്ടുള്ള ഉപദേശം ആണ്. ഹഖില്‍ പ്രഥമ പ്രധാനമായതാകട്ടെ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാഹ് അഥവാ തൌഹീദു ആണ്. ഇവിടെ ലോകത്തെല്ലായിടത്തും കേരളത്തിലും തൌഹീദ് പ്രചരിപ്പിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അവരൊക്കെ മതിയാക്കി പിന്‍വാങ്ങ ണ മെന്നും, അവര്‍ക്കൊന്നും അതിനു അര്‍ഹതയില്ല അതിനു ലൈസന്‍സ് നല്‍കാനും അത് പറയാനും ഞമ്മന്റെ ആളുകളായ ചിലര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ എന്നും വാദിച്ചു ചിലര്‍ ചിലയിടത്തൊക്കെ തകൃതിയായി 'ദഅവത്തു ' നടത്തുന്നുണ്ട്. ഈ ദഅവത്തിനാകട്ടെ, പ്രത്യേകിച്ച് ഇല്‍മിന്‍റെ പിന്തുണയില്ലെങ്കിലും ചില ശൈഖു മാരോടുള്ള സാമീപ്യം മാത്രം മതിയാകും എന്നാണു ഇവരുടെ ഈ വിഷയത്തിലെ വിധി പ്രസ്താവനകളില്‍ നിന്ന് മനസ്സിലാകുന്നത്‌.

            ഹജ്ജത്തുല്‍ വിദാ ഇല്‍ പ്രവാചകനോടൊപ്പം പങ്കെടുത്ത ലക്ഷത്തോളം വരുന്ന സ്വഹാബികളില്‍ ഏറിയ ഭാഗവും തങ്ങള്‍ വാഹന മൃഗ ത്തെ തിരിച്ചു നിര്‍ത്തിയ ഭാഗത്തേക്ക് പോയത് ഏതെങ്കിലും ശൈഖുമാരുടെ ദര്‍സില്‍ പങ്കെടുത്തു മറിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയ പണ്ഡിതന്‍മാര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ മന:പാഠം പഠിക്കാനോ, തന്‍റെ കൂടെ ഹജ്ജത്തുല്‍ വിദാഇല്‍ പങ്കെടുത്ത മറ്റുള്ളവര്‍ നടത്തുന്ന ദഅവത്തില്‍ എന്തെങ്കിലും കുറവ് കണ്ടുപിടിക്കാനാകുമോ എന്ന് അന്വേഷിച്ചു അത് പൊതു സമൂഹത്തില്‍ ചര്‍ച്ചക്കിട്ടും ശത്രുക്കള്‍ക്ക് ഒറ്റി കൊടുത്തും, ഇതാണ് ദഅവത്തു എന്ന് കരുതി സ്വയം സ്വായൂജ്യമടയാനോ ആയിരുന്നില്ല. മറിച്ചു, ബല്ലിഗൂ അന്നീ വലൌ ആയ (എന്നില്‍ നിന്ന് ഒരു ആയത്ത് എങ്കിലും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കൂ ) എന്നത് ഉള്‍ക്കൊണ്ടു, തങ്ങള്‍ മനസ്സിലാക്കിയ തൌഹീദ് തങ്ങള്‍ക്കാവും വിധം അതറിയാത്ത ജനങ്ങളില്‍ എത്തിക്കാനായിരുന്നു. അത് ഒഴിവാക്കാന്‍ ആവാത്തത്ര പ്രാധാന്യമുള്ളതാണ് എന്നത് കൊണ്ടാണ് ലക്ഷം മടങ്ങ്‌ കൂലി കിട്ടുന്ന മക്കയിലെ ഹറമും, അവരുടെ കരളിനേക്കാള്‍ സ്നേഹമുള്ള പ്രവാചകനെയും വിട്ടു, ആയിരമായിരം കാതങ്ങള്‍ താണ്ടിയും, ഉറ്റവരും ഉടയവരുമില്ലാത്ത, കൂടുതല്‍ പഠിക്കാന്‍ പ്രവാചകനോ അനുചരന്‍ മാരോ ഇല്ലാത്ത നാട്ടില്‍ പോയി, അവിടെ ഉള്ളവരെ അവര്‍ മനസ്സിലാക്കിയ തൌഹീദ് പഠിപ്പിക്കാന്‍ കഷ്ടപ്പെട്ടത്. അബൂ ദര്‍റുല്‍ ഗിഫാരി (റ) മക്കയിലെത്തി ഇസ്ലാം ആശ്ലേഷിച്ച ശേഷം, പ്രവാചകനെ വിട്ടു സ്വന്തം ഗോത്രത്തിലേക്ക് പോകുമ്പോള്‍ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാഹ് എന്നതല്ലാതെ കയ്യില്‍ മറ്റൊരു കിതാബും ദര്‍സിലെ നോട്ടും ഉണ്ടായിരുന്നില്ല. പിന്നീട് തന്‍റെ ഗോത്രത്തെ മുഴുവന്‍ നയിച്ചു പ്രവാചക സന്നിധിയില്‍ എത്തിയ സ്വഹാബിയോടു, ഇത് നിന്‍റെ പണിയായിരുന്നില്ല അബൂ ദര്‍റെ അതിനു ഇവിടെ അബൂബക്കറും ഉമറും അലിയും ഒക്കെ ഉണ്ട് എന്നും പറഞ്ഞിട്ടില്ല.

ഇനി ഇവര്‍ ജല്‍പിക്കുന്ന ഇല്‍മുള്ളവര്‍ ആരാണ്?. തികഞ്ഞ ഇല്‍ മുള്ളവര്‍ക്കെ ദഅവത്തു പാടുള്ളൂ എന്നതിനു ഉദാഹരണമായി സ്വന്തം ചിലവിനു വകയുള്ളവന്‍ അഥവാ അറിവില്‍ സ്വയം പര്യാപ്തത കൈവരിച്ചവരാണോ ഇവരും ഇവരുടെ ശൈഖുമാരും?   മൂസാ നബി (അ) തന്‍റെ സമൂഹത്തിലെ ഒരാളുടെ ചോദ്യത്തിന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ അറിവുള്ളവന്‍ ഞാനാണ് എന്ന് മേനി നടിക്കാനല്ലാതെ, പറഞ്ഞത് പോലും അല്ലാഹു തിരുത്തി. പക്ഷെ, ഇവര്‍ അറിവില്‍ സ്വയം പര്യാപ്തത വന്നു എന്ന രീതിയില്‍ ചിലരെ മനസ്സില്‍ ബിംബങ്ങളായി അവരോധിക്കുന്നു, അത് പ്രചരിപ്പിക്കുന്നു. അല്ലാഹുല്‍ മുസ്തആന്‍.  ഷെയ്ഖ്‌ ഇബ്ന്‍ ബാസ് (റ) തൊട്ടു സലഫി ലോകത്തെ ഉലമാക്കള്‍ ഏകോപിച്ചു പറയുന്ന അഭിപ്രായമാണ്  ത്വലബുല്‍ ഇല്‍മും ദഅവത്തും വേര്‍തിരിക്കാന്‍ കഴിയില്ല, രണ്ടും ഒരുമിച്ചു കൊണ്ട് പോകണമെന്നതു. ഒരു കാര്യത്തെ കുറിച്ച് ദഅവത്തു നടത്തും മുന്‍പ് അതിനെ കുറിച്ച് പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും വേണം എന്നും മേല്‍ പറഞ്ഞ സൂറത്തുല്‍ അസ്വര്‍ വിശദീകരിക്കവേ പണ്ഡിതന്‍മാര്‍ പറഞ്ഞത് കാണാം. 10 ആയത്ത് പഠിച്ചു ജീവിതത്തില്‍ പകര്‍ത്തിയ ശേഷമേ ഞങ്ങള്‍ അടുത്ത ആയത്തുകള്‍ പഠിച്ചിരുന്നുള്ളൂ എന്ന് സ്വഹാബി മാര്‍ പറഞ്ഞത് ഓര്‍ക്കുക. അങ്ങിനെ ജീവിതത്തില്‍ പകര്‍ത്തുക എന്നത് അത് കൊണ്ടുള്ള അമല്‍ ചെയ്യുക എന്നതില്‍ അത് മറ്റുള്ളവര്‍ക്ക് എത്തിക്കുക എന്നതും പെടുമെന്ന് സ്വഹാബികളുടെ ചരിത്രം വായിച്ച പഠിച്ച ആളുകളെ ഉണര്‍ത്തേണ്ടാതില്ലല്ലോ? ഭൂമിക്കു ചുവട്ടിലെ എല്ലാ വിഷയങ്ങളെ കുറിച്ചും പഠിച്ച ശേഷമേ ദഅവത്തു പാടുള്ളൂ എന്നത്, തൌഹീദ് വ്യാപനം തടയാനും സുന്നത് പ്രചാരണം ഇല്ലാതാക്കാനും പിശാചു കൊടുക്കുന്ന വഹ് യില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. പ്രവാചകനില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ അതിനു മാതൃക കിട്ടില്ല.

                  അതെ പോലെ തന്നെയാണ്, ഓരോന്നിനും അതിന്‍റെതായ ആളുകളുണ്ട് എന്ന് പറഞ്ഞു കുബൂരികളും ശിയാക്കളും പൌരോഹിത്യം അടിച്ചേല്‍പ്പിക്കാന്‍ വാദിക്കുന്ന അതെ വാദം ദഅവത്തിനു പ്രത്യേകം ആളുകള്‍ ഉണ്ട് എന്നതിനായി  കൊണ്ടു വരുന്നത്. ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്‍റെ മേല്‍ നിര്‍ബന്ധമായി എണ്ണിയ ആറു ബാധ്യതകളില്‍ ഒന്നാണ്, ഉപദേശം തേടിയാല്‍ നല്‍കുക എന്നത്. സത്യ വിശ്വാസികളുടെ ബാധ്യതയായി ഖുര്‍ആനില്‍ പലേടത്തും എടുത്തു പറഞ്ഞതാണ് അമ്രും ബില്‍ മഅറൂഫ് വനന്‍ഹൈ അനില്‍ മുന്‍കര്‍, നന്‍മ കൊണ്ട് കല്‍പിക്കുകയും തിന്‍മ വിലക്കുകയും ചെയ്യുക എന്നത്. ഇതൊക്കെ ഇത്ര വ്യെക്തമായിട്ടും അതിനൊക്കെ പ്രത്യേകം ആളുകള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ക്കുന്നത് ഏതു ഇല്‍മി ന്‍റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ്‌ റസൂലുള്ള അവന്‍റെ അന്ത്യ പ്രവാചകനാണ്‌ എന്ന് ഹൃദയത്തില്‍ രൂഡമൂലമായി വിശ്വസിക്കുന്ന ഒരാള്‍ പലകോടി ദൈവങ്ങളെ ആരാധിക്കുന്ന ഒരാളെ കണ്ടു മുട്ടിയാല്‍, അവനോടു, സഹോദരാ, പല ദൈവങ്ങള്‍ ഇല്ല, ദൈവം, അല്ലാഹു ഏകനാണ്, മുഹമ്മദ്‌ (റ) അവന്‍റെ പ്രവാചകനാണ്‌ എന്ന് പറയാതെ ഏതെങ്കിലും ഹാളുകളിലോ ഒറ്റപ്പെട്ട പള്ളി ചെരുവിലോ നടക്കുന്ന ദര്‍സില്‍ വന്നു ശൈഖിനെ കൂട്ടി തിരിച്ചു ചെല്ലും വരെ കെട്ടിയിടാനോ ഹോട്ടല്‍ മുറിയെടുത്തു താമസിപ്പിക്കാനോ ആണോ ഇവര്‍ മനസ്സിലാക്കിയ ദീന്‍ പറയുന്നത്? ഇനി അതല്ല, അങ്ങിനെ അല്ലാഹു ശിക്ഷിക്കാന്‍ തീരുമാനിച്ച ഒരു വിഭാഗത്തിനോട് എന്തിനാണ് നിങ്ങള്‍ വഅള് പറയുന്നത് എന്ന ഖുര്‍ആന്‍ ആക്ഷേപിച്ച വിഭാഗത്തിന്‍റെ മനോ നിലയിലാണോ ഈ സലഫീയതിനു പുതിയ മാനം നല്‍കാന്‍ പണിയെടുക്കുന്നവര്‍ ശ്രമിക്കുന്നത്?.  മആദല്ലാഹ്..

              പറയുന്ന വിഷയത്തില്‍ അറിവ് ഉണ്ടാകുക എന്നത് പണ്ഡിതന്‍ മാര്‍ ദഅവത്തിനു നിശ്ചയിച്ച നിബന്ധനയാണ്. പക്ഷെ, അതിനര്‍ത്ഥം ആ വിഷയത്തിന്‍റെ അത്യഗാധമായ അറിവ് ഉണ്ടാകുക എന്നതല്ല. അറിവില്‍ ഏറ്റവും ശ്രേഷ്ടമായ അല്ലാഹുവിനെ കുറിച്ച്, അവന്‍റെ എകത്വത്തെയും നാമ വിശേഷണങ്ങളെയും കുറിച്ച് എത്ര പഠിച്ചാലാണ് പൂര്‍ണമാകുക?. അപ്പോള്‍, ഇവരുടെ വീക്ഷണത്തില്‍ ദഅവത്തു പ്രഥമമായി നടത്തേണ്ട തൌഹീദ് പോലും പ്രബോധനം ചെയ്യാന്‍ ലോകത്ത് വിരലില്‍ എണ്ണാവുന്നവരേ ഉണ്ടാകൂ. അവര്‍ എത്ര പേര്‍ക്ക് തൌഹീദ് എത്തിക്കും? ചുരുക്കത്തില്‍ വലിയൊരു വിഭാഗത്തിനു ഏക ദൈവ സന്ദേശം, തൌഹീദ് എത്താതെ നോക്കാന്‍ പിശാചു തോന്നിക്കുന്ന കുഴിയില്‍ ഇറങ്ങി വിളിച്ചു കൂവുന്ന ആളുകളായി ഇവര്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഏറെ രസകരം, ഇവര്‍ അടിച്ചു വിടുന്ന പല വിഷയങ്ങളും ആ വിഷയത്തിലെ ഇവരുടെ ഇല്‍മിന്‍റെ അഭാവം നന്നായി വിളിച്ചോതുന്നു എന്നതാണ്. പ്രബോധനത്തിന്‍റെ മുന്‍ ഗണനാ ക്രമം പോലും തെറ്റിച്ചു കേവലം വ്യെക്തികളെ യും കൂട്ടായ്മയെയും ഇകഴ്ത്തുകയോ അഹ് ലുല്‍ ഹവയും അഹ്ലുല്‍ ബിദ്അയുമായി ചാപ്പ കുത്തുകയോ ചെയ്യുക എന്നിടത്തേക്ക് തരം താണ ഇവരുടെ പ്രബോഥന ശൈലി  ചിലപ്പോഴൊക്കെ, എതിരാളികളെ തക്ഫീര്‍ ചെയ്യുന്നത് വരെ എത്തുന്നു.

                     സലഫുകള്‍ ദഅവത്തു നടത്തിയ രീതിയില്‍, ദഅവത്തു നടത്തുക എന്നത് കൊണ്ട് ഉദ്ദേശിച്ചത്, ദഅ വത്തിനുള്ള മാര്‍ഗങ്ങള്‍ ആധുനികമായ മാധ്യമങ്ങളും മറ്റു സംവിദാനങ്ങളും ഉപയോഗിക്കുന്നതിനെ കുറിച്ചാണ് എങ്കില്‍, തബലീഗ് കാരാണ് സലഫുകളുടെ പാതയില്‍ എന്ന് പറയേണ്ടി വരും, കാരണം ഇന്നും അവര്‍, നിങ്ങള്‍ അടക്കം ഉപയോഗിക്കുന്ന, എന്നാല്‍ സലഫുകള്‍ ഒരിക്കലും സ്വീകരിചിട്ടില്ലാത്ത ശൈലി,യായ ഉച്ച ഭാഷിണിയോ, നോട്ടീസോ, ഫൈസ് ബുക്കോ അത് പോലെ മറ്റൊരു ആധുനിക ശൈലിയും സ്വീകരിക്കുന്നില്ല. അതല്ല ഉദ്ദേശം എങ്കില്‍ ആളുകള്‍ കൂടുന്നതിനനുസരിച്ച് സൌണ്ട് സിസ്റ്റവും കൂടുതല്‍ ആളുകളില്‍ എത്തികാനും എളുപ്പം കൂടുതല്‍ പേരുടെ ശ്രദ്ധ ആകര്‍ഷിക്കാനും വിവധ വര്‍ണ്ണങ്ങളിലെ നോട്ടീസും ഏറിയും കുറഞ്ഞും ഇരിക്കും. പ്രൊഫ്‌ കോണ്‍, വിസ്ഡം തുടങ്ങിയ ദഅവ സംരംഭങ്ങളെ എതിര്‍ക്കാന്‍ സലഫുകള്‍ക്ക് പരിചയമില്ലാത്ത പുതിയ രീതികള്‍ ഗവേഷണം ചെയ്യുന്നത് ഇത്തിബാഇനു എതിരാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍, അത് പൊതു ജനങ്ങളോട് പറയാന്‍ ഉപയോഗിക്കുന്ന ആഡിറ്റോറിയത്തിലെ ബിരിയാണി യോടെയുള്ള യോഗങ്ങള്‍ക്കും, ഫൈസ് ബുക്കിലൂടെയും വാട്ട് സപ്പിലൂടെയും ഇന്‍റെര്‍ നെറ്റ് റേഡിയോയില്‍ കൂടെയുമുള്ള ഫിത്ന പ്രചാരണങ്ങള്‍ക്കും എവിടുന്നാണ് മാതൃക ഒപ്പിക്കുക?. ഇനി തങ്ങള്‍ ചെയ്യുന്ന കാരണത്താല്‍ അത് ഇത്തിബാഇനു എതിരാകില്ല എന്നും തങ്ങള്‍ക്ക്  ചെയ്യാന്‍ ആള്‍ ബലമില്ലാത്തത് കൊണ്ട് പ്രോഫ്കോണും വിസ്ഡവും ഇത്തിബാ ഇനു എതിരും ആകുമോ എന്ന് കൂടി ഇവര്‍ വിശദീകരിക്കേണ്ടതുണ്ട്‌. സംഘടനാ സംവിദാനം ബിദ് അത്താണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ കൂട്ടം പിരിഞ്ഞു രണ്ടു ചേരിയില്‍ കിടന്നു പരസ്പരം നടത്തുന്ന പോര്‍വിളികള്‍ തക്ഫീര്‍ വരെ എത്തിയതും നമ്മള്‍ കണ്ടു.

                 മുജാഹിദുകളെ സലഫി മന്‍ഹജില്‍ നിന്ന് പുറത്താക്കാന്‍ ഇവര്‍ പടച്ചു വിടുന്ന മറ്റൊരു ആരോപണമാണ് ജമാഅത്തുകാരെ അനുകരിച്ചു അടിസ്ഥാന വിഷയങ്ങള്‍ വിട്ടു റിലീഫും പരിസ്ഥിതി സംരക്ഷണവുമായി കറങ്ങി തിരിയുകയാണ് എന്നത്. അസത്യ പ്രചാരണത്തിന് പ്രത്യേകം ഇല്‍മു ആവശ്യമില്ലാത്തത് കൊണ്ടാകും ഈ കളവും ഇവര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത് എങ്കിലും കേരളത്തിലെ മുജാഹിദുകളെ അടുത്തറിയുന്ന ഒരാളും ഇതെറ്റെടുക്കില്ല എന്നുറപ്പാണ്. ഒരു ഭാഗത്ത് തൌഹീദ് പ്രബോധനം നടത്താന്‍ ഇല്‍മുള്ള ആളുകളാണ് എന്ന് പറയുക, മറ്റൊരിടത്ത് അടിസ്ഥാന വിഷയങ്ങള്‍ പ്രബോധനം നടത്തുന്നില്ല എന്ന് പറയുക. ഇതെങ്ങിനെയാണ് യോജിക്കുക എന്ന് ഇവര്‍ തന്നെ വ്യെക്തമാക്കട്ടെ. ഏതെങ്കിലും ഹാളിലും പള്ളി മൂലയിലും വല്ലപ്പോഴും  ഇരുന്നു, ആധുനികരായ പണ്ഡിതരുടെ ചില കിതാബുകള്‍ മാത്രം മന:പാഠം പഠിച്ചു മറ്റുള്ളവരെല്ലാം തങ്ങളേക്കാള്‍ അധമരാണ് എന്ന ഭാവത്തില്‍ നടക്കുന്നവര്‍ക്ക് കേരളത്തിലെ മുക്ക് മൂലകളില്‍ നടക്കുന്ന തൌഹീദി പ്രചാരണം അറിയുവാനോ, അറിഞ്ഞെങ്കില്‍ തന്നെ അംഗീകരിക്കാനോ ആകില്ല. പിന്നെ പരിസ്ഥിതി സംരക്ഷണവും ദുരിതാ ശ്വാസവും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് എന്ന്, യുദ്ധരംഗത്ത് പോലും വൃക്ഷങ്ങള്‍ നശിപ്പിക്കരുതെന്നും, വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന്‍റെ പുണ്യം വിവരിക്കുന്ന ഹദീസുകളും വ്യെക്തമാകുന്നതാണ്. അബൂ ഹുറൈറ (റ) കടം വാങ്ങി പോലും പ്രവാചകന്‍റെ നിര്‍ദേശ പ്രകാരം ആവശ്യക്കാരുടെ ആവശ്യ പൂര്‍തീകരിച്ചതിനും ഹദീസ് തെളിവ് നല്‍കുന്നു. അമീറുല്‍ മുഎമിനീന്‍ ആയിരിക്കെ പോലും അബൂബക്കര്‍ (റ) യും ഉമര്‍ (റ) യും നടത്തിയ വ്യെക്തി എന്ന നിലക്ക് നടത്തിയ  സാമൂഹ്യ സേവനങ്ങളും മനസ്സിലാക്കണമെങ്കില്‍ ആധുനികരായ ചിലരുടെ കിത്താബില്‍ ചര്‍വ്വിത ചര്‍വ്വണം നടത്തിയും പണ്ഡിതന്‍മാരുടെ സിഫത്തു വര്‍ണ്ണിച്ചും കളയുന്ന സമയം കൊണ്ട് സ്വഹാബത്തിന്‍റെ ചരിത്രം പഠിക്കാന്‍ മേനെക്കെട്ടാല്‍ മതിയാകും.


                      ചുരുക്കത്തില്‍ ഒരു വിശ്വാസിക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്ത കാര്യങ്ങളാണ് പരിസ്ഥിതി സംരക്ഷണവും സാമൂഹിക സേവനവും എന്ന് പ്രവാചകാധ്യാപനങ്ങള്‍ വളച്ചു കെട്ടില്ലാതെ പഠിക്കാന്‍ തയ്യാറായാല്‍ മനസ്സിലാകും. എന്നാല്‍ ജമാ അത്തുകാരും മടവൂര്‍ വിഭാഗം മുജാഹിദുകളും ഇത് രണ്ടും ദഅവത്തിനുള്ള ഒരു പാലമായി കണക്കാക്കുകയും, തൌഹീദ് പറയാതെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനെയുമാണ് മുജാഹിദുകള്‍ എതിര്‍ത്തത്, അതിനു കാരണം അത് നബി ചര്യക്ക്‌ എതിരായത് കൊണ്ടാണ്. അല്ലാതെ, പ്രവാചകന്‍ ഇതൊന്നും ചെയ്യാത്തത് കൊണ്ടല്ല. അങ്ങിനെ പ്രവാചകനും സ്വഹാബത്തും പരിസ്ഥിതി സംരക്ഷണവും ദുരിതാശ്വാസവും ചെയ്തിട്ടില്ല എന്ന് തെറ്റിധരിച്ചാണ് അതിനെ എതിര്‍ക്കുന്നതെങ്കില്‍ ഇവരുടെ അറിവ് കേടോര്‍ത്തു സഹതപിക്കുകയെ നിര്‍വാഹമുള്ളൂ. വുളു എടുക്കുന്ന സ്വഹാബിയോടു 'മാ ഹാദല്‍ ഇസ്രാഫ്' എന്ന് ചോദിച്ച,  ഒഴുകുന്ന നദിയില്‍ നിന്നാണെങ്കില്‍ പോലും അനാവശ്യമായി വെള്ളം ഉപയോഗിക്കരുത് എന്ന് പഠിപ്പിച്ച ഹദീസില്‍ നിന്ന് ജല സംരക്ഷണം ദീനീ ബാധ്യതയാണ് എന്ന് മനസ്സിലാകാതെ, അതിനെ പരിഹസിച്ചും, ഇതൊന്നും നാളെ പരലോകത്ത് വിചാരണ ചെയ്യപ്പെടും എന്ന് രേഖയില്ലെന്നും തട്ടി വിടുന്നത്, തനി ജാഹിലിയ്യത്തും ഒരു വിഭാഗത്തോടുള്ള അന്ധമായ വിദ്വേഷവും കൊണ്ട് മാത്രമാണ്. നബിയുടെ ചര്യ നന്‍മയും അതിനെതിരാകുന്നത് തിന്‍മയും ആകുന്നതു ദീനിലാണ്. അല്ലാതെ ഭൌതിക സംവിദാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനല്ല. അങ്ങിനെയാകുമ്പോള്‍ ഇസ്ലാമിക ഭരണകൂടത്തില്‍ നടപ്പാക്കുന്ന പാസ്പോര്‍ട്ട് അടക്കം പല ആധുനിക സംവിദാനങ്ങളും തിന്‍മയാണ് എന്ന് പറയേണ്ടി വരും. അല്ലാഹു ഇത്തരം ഇല്‍മില്ലാ ആലിമുകളുടെ ശര്‍റില്‍ നിന്ന് മുസ്ലിം സമൂഹത്തെ രക്ഷിക്കട്ടെ. അതി പ്രധാനമായ കൊച്ചു കുട്ടികള്‍ക്ക് പോലും എളുപ്പം മനസ്സിലാകുന്ന തൌഹീദ് പ്രചരിപ്പിക്കുന്നതിന് പ്രത്യേകം ആലിമുകള്‍ തന്നെ വേണം എന്ന് പറഞ്ഞു തൌഹീദ് വ്യാപനം തടയാന്‍ പണിയെടുക്കുന്നവര്‍, ശാഖാ പരവും സലഫി ഉലമാക്കള്‍ ക്കിടയില്‍ ഭിന്ന വീക്ഷണവുമുള്ള വിഷയങ്ങള്‍ ആധികാരികമായി ഏകപക്ഷീയമായി തട്ടി വിട്ടു സ്വന്തം വാദം സ്ഥാപിക്കാന്‍ മേനക്കെടുന്നിതിനിടക്ക്, ആ വിഷയത്തില്‍ എന്താണ് പ്രവാചക മാതൃക എന്ന് പോലും പഠിക്കാന്‍ തയ്യാറാകാത്തത് അത്ഭുതം തന്നെ. ഇത്തരം തല തിരിഞ്ഞ അപക്വ മനസ്സിന്‍റെ ഉടമകളില്‍ നിന്നുള്ള ഫത്‌വകളുടെ ഉപോല്‍പന്നമാണ് കുരുടന്‍ ആനയ കണ്ടപോലെ ഹാകിമിയ്യത്തും ഖിലാഫത്തും കുത്തിവെച്ചു ഇന്ന് മുസ്ലിം ലോകത്ത് തന്നെ അന്യോന്യം ചാവേറുകളായി പൊട്ടി ത്തെറിച്ചും കൂട്ടക്കൊല നടത്തിയും ദീന്‍ സ്ഥാപിക്കാന്‍ എന്ന പേരില്‍ തീവ്ര വാദത്തിലേക്ക് തള്ളി വിടുന്നത്. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും അറിയാത്തവര്‍ക്ക് എത്തിക്കാനും തൌഫീക്ക് നല്‍കട്ടെ...

യഥാര്‍ത്ഥ ശത്രുക്കള്‍ ജൂതനോ ??

 യഥാര്‍ത്ഥ ശത്രുക്കള്‍ ജൂതനോ  ??.....
                                                                          ******************************
                                                                          ******************************

ലോക മുസ്ലിംമത വിശ്വാസികളുടെ മനസ്സിനു കുളിര്‍മയും പ്രതീക്ഷയും നല്‍കികൊണ്ട് ആത്മ വിശുദ്ധിയുടെയും പുണ്യങ്ങളുടെയും പൂക്കാലമായ മറ്റൊരു റമദാന്‍ വ്രതമാസം കൂടി കടന്നു പോയിക്കൊണ്ടിരിക്കുന്നു.. കേവലം അന്ന പാനീയങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക എന്നതില്‍ കവിഞ്ഞു വ്രതം കൊണ്ട് ഇസ്ലാം, വിശ്വാസികളില്‍ നിന്ന് ആവശ്യപ്പെടുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. അത് സമ്പന്നതയുടെ കളിത്തൊട്ടിലില്‍ വളര്‍ന്നവര്‍ക്കു വിശപ്പിന്‍റെ വിഹ്വലത ബോധ്യപ്പെടുത്തുക മാത്രമല്ല, സ്വന്തം ദേഹേച്ചയുടെ മേല്‍ ഓരോരുത്തരും നേടിയെടുക്കേണ്ട ആധിപത്യത്തിനാണ് അത് ഏറെ ഊന്നല്‍ നല്‍കുന്നത്. തനിക്കു അനുവദിക്കപ്പെട്ട അന്നപാനീയങ്ങളും മറ്റു സുഖാനുഭൂതികളും പ്രഭാതം മുതല്‍ പ്രദോഷം വരെ മാറ്റി വെക്കുക വഴി ദൈവത്തിനു വേണ്ടി ഒരു മനുഷ്യനെ തനിക്കേറ്റവും പ്രിയപ്പെട്ട തെല്ലാം ത്യജിക്കാന്‍ സന്നദ്ധനാക്കുകയാണ് വ്രതത്തിലൂടെ ചെയ്യുന്നത്. അന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കാമ ക്രോധ മദ ലോഭങ്ങള്‍ കൂടി അകറ്റുമ്പോഴേ ഒരാളില്‍ നിന്ന് വ്രതം സ്വീകരിക്കപെടുകയുള്ളൂ.

ലോകമെമ്പാടും ഒന്നുകില്‍ ഇസ്ലാമിന്‍റെ പ്രത്യക്ഷ ശത്രുക്കളാല്‍, അല്ലെങ്കില്‍ മുസ്ലിമായി പൊതു സമൂഹം കരുതുന്ന മുസ്ലിം നാമ ധാരികളാല്‍ നിരപരാധികളായ മുസ്ലിംകള്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നത് വളരെ ദുഃഖകരമാണ്. ഇസ്രായേല്‍ എന്ന അറബികളുടെ ഔദാര്യം കൊണ്ട് മാത്രം പടുത്തുയര്‍ത്തപ്പെട്ട ജൂത രാഷ്ട്രം, അതിന്‍റെ പിറവി തൊട്ടു, ആ മണ്ണിന്‍റെ യഥാര്‍ത്ഥ അവകാശികളെ വേട്ടയാടി കൊണ്ടിരിക്കുന്നത്, ലോക രാഷ്ട്രങ്ങള്‍ കണ്ടിലെന്ന് നടിക്കുന്നതും, ജൂതന്‍റെ കൈത്തരിപ്പു തീരുകയും രക്തദാഹം ശമിക്കുകയും ചെയ്യുമ്പോള്‍ മാത്രം വന്‍ ശക്തികള്‍ ഔപചാരികമായി ഇടപെട്ടു, നിരപരാധികളുടെ കശാപ്പിനു ഒരു ഇടവേള നിശ്ചയിക്കുകയും ചെയ്യുന്ന നാടകം കാണാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ലോകത്തിലെ വന്‍ ശക്തികളും കുരിശു യുദ്ധത്തിന്‍റെ പിന്‍മുറക്കാരായവരുമായവരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നുവെങ്കില്‍, അത് നമ്മുടെ വിവരക്കേട് മാത്രമാണ്. ഇസ്രായേല്‍ എന്ന ജാര സന്തതിക്ക് എല്ലാത്തിനും കുട പിടിക്കുന്ന, യാങ്കികളും അമേരിക്കയും ഫലസ്തീനിലെ അവസാനത്തെ കുഞ്ഞും വെടിയേറ്റ്‌ വീണാല്‍ പോലും ഇസ്രായേലിനെ ഒരു മൊട്ടു സൂചി കൊണ്ട് പോലും വേദനിപ്പിക്കില്ല.

കേവലം ഗള്‍ഫ് രാജ്യങ്ങളിലെ രണ്ടോ മൂന്നോ ഭരണാധികാരികള്‍ ഇസ്രായെലിനേയോ അമേരിക്കയേയോ എതിര്‍ത്തത് കൊണ്ടോ, സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടോ മാറ്റം വരാവുന്ന ഒരു ബന്ധമല്ല, ഇസ്രായേലും മേല്‍ പറഞ്ഞ വന്‍ ശക്തികളും തമ്മിലുള്ളത്. അത് ഇന്ന് ലോകം നിയന്ത്രിക്കുന്ന കുത്തക വാര്‍ത്തക ബന്ധങ്ങളിലൂടെ ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയാത്തത്ര ആഴത്തില്‍ അന്തര്‍ലീനമായ പരസ്പര ലാഭ വീതം വെപ്പിന്‍റെ ബന്ധമാണ്. അതിന്‍റെ ഊര്‍ജസ്രോതസ്സ് ആയുധ കച്ചവടമടക്കമുള്ള ബിസിനസ്സ് കൂട്ട് കേട്ടാണ്. ആയുധങ്ങള്‍ വാങ്ങി കൂട്ടി അവരുടെ ലാഭം കൊഴുപ്പിക്കുന്നതില്‍ വലിയൊരു പങ്കു നല്‍കുന്നത് ഇന്ന് ഇസ്ലാമിന്‍റെ പേരില്‍ അന്യോന്യം കഴുത്തറക്കുന്ന തീവ്ര വാദികളും, സ്വന്തം ജനതയെ തന്നെ കശാപ്പ് ചെയ്യുന്ന ലോകത്തെ ചില മുസ്ലിം രാഷ്ട്ര നേതാക്കളും തന്നെയാണ്. അങ്ങിനെ മുസ്ലിംകളായി അറിയപ്പെടുന്നവര്‍ തന്നെ, തങ്ങളെ കൊന്നൊടുക്കാന്‍ ജൂത അമേരിക്കന്‍ ലോബിക്ക് വീണ്ടും വീണ്ടും ലാഭം വര്‍ദ്ധിപ്പിച്ചും, കമ്പോളങ്ങള്‍ പുതുതായി നല്‍കിയും സഹായിച്ചു കൊണ്ടേയിരിക്കുന്നു.

ഇസ്രായേലില്‍ ജൂതന്‍മാര്‍ കൊന്നു തള്ളുന്നതിന്‍റെ എത്രയോ ഇരട്ടി മുസ്ലിം നിരപരാധികളെ ചില മുസ്ലിം രാഷ്ട്രങ്ങളില്‍ ഭരണ കൂടവും ഇസ്ലാമിക ജിഹാദ് നടത്തി ഹാകിമിയ്യത്തിനു എന്ന പേരില്‍, തീവ്ര വാദികളും മത്സരിച്ചു കൊന്നു തള്ളുന്നതും കൊള്ളയടിക്കുന്നതും നിരാലംബരാക്കുന്നതും നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു. ഇസ്ലാമിനന്യമായ ചാവേര്‍ ആക്രമണത്തിലൂടെ ഏതാനും നിരപരാധികളായ അമുസ്ലിംകളെ കൊലപ്പെടുത്തി, ലക്ഷക്കണക്കായ നിരപരാധികളായ മുസ്ലിംകളെ കശാപ്പ് ചെയ്യാന്‍, അഫ്ഗാനിലും ഇറാക്കിലും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുത്ത അല്‍ ഖായിദക്കാരുടെ 'ജിഹാദ്' അല്‍പം മന്ദഗതിയിലായതിന്‍റെ കുറവ് പരിഹരിക്കാന്‍ ജൂതന്‍മാര്‍ ശിയാക്കളെ കച്ചകെട്ടിച്ച് ഒരുക്കിയ സുന്നി ശിയ പോരാട്ടത്തിലൂടെ ലോകത്തിന്‍റെ വിവധ ഭാഗത്ത് ദിനേന നടക്കുന്ന കൂട്ട ക്കൊലകളിലും പൊട്ടി ത്തെറികളിലും കുരുതി കൊടുക്കപ്പെടുന്ന നിരപരാധികള്‍ക്ക് കയ്യും കണക്കുമില്ല.
 
 സിറിയയിലും ഇറാക്കിലും ഈജിപ്തിലും അഫ്ഗാനിലും പാകിസ്ഥാനിലും ലിബിയയിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കൊന്നോടുക്കപ്പെട്ട ലക്ഷക്കണക്കിന്‌ മുസ്ലിംകളുടെ ചോരക്കു ഉത്തരവാദികള്‍ മുസ്ലിംകള്‍ തന്നെയാണ്. ഇതാണ് നേരിട്ട് ഇസ്രായേലില്‍ നടത്തുന്ന മനുഷ്യക്കുരുതിയെക്കാള്‍  ജൂതന്‍മാര്‍ ശ്രദ്ദ കേന്ദ്രീകരിച്ചു ചെയ്യിക്കുന്നത്. പക്ഷെ അത് തിരിച്ചറിയാന്‍ മുസ്ലിം നാമ ധാരികള്‍ക്കായില്ല എന്നത് മാത്രമല്ല, പുതിയ പുതിയ രാജ്യങ്ങളിലേക്ക് തങ്ങളുടെ തീവ്രവാദം കയറ്റി അയച്ചു, ജൂതന്‍റെ അജണ്ട സ്വന്തം ചെലവില്‍ നടപ്പാക്കാനുള്ള അത്യാവേശത്തില്‍ കൂടിയാണ് മുസ്ലിം വേഷധാരികളായ ഇത്തരക്കാര്‍. സലഫികള്‍ എന്ന് അറിയപ്പെടാന്‍ വ്യെഗ്രതപ്പെടുന്നവര്‍ പോലും തൌഹീദും സുന്നത്തും പറയുന്നത് പിന്തള്ളി പോലും ഹാകിമിയത്തിന്‍റെ സംസ്ഥാപനത്തെ കുറിച്ചും, ജനാധിപത്യത്തിന്‍റെ അനിസ്ലാമികതയെ കുറിച്ചും വേവലാതിപ്പെടുന്നത് കാണുമ്പോള്‍ പ്രതിലോമ മുസ്ലിം മനസ്സിനെക്കുറിച്ച് ഗൃഹ പാഠം നടത്തി പഴുതടക്കപ്പെട്ട ജൂതന്‍റെ പ്ലാനിംഗ് എത്ര ഭംഗിയായി വിജയിക്കുന്നു എന്നോര്‍ത്തു സങ്കടം തോന്നുന്നു.

 ഒരു സമൂഹത്തില്‍ അല്ലാഹുവിന്നു നേരാംവണ്ണം ഇബാദത്ത് ചെയ്യുന്നതില്‍ വിമുഖത കാണിക്കുകയും, അല്ലാഹുവിന്‍റെ കല്‍പനകള്‍ ധിക്കരിക്കുകയും ദുര്‍വൃത്തികള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ മോശം ഭരണാധികാരികളെ കൊണ്ട് അല്ലാഹു ആ സമൂഹത്തെ പരീക്ഷിക്കും. ഇന്ന് മുസ്ലിംകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും ബിദ് അത്തുകളും നിഷിദ്ധങ്ങളും ഒഴിവാക്കുകയും ചെയ്തു കൊണ്ട് ജീവിതം ശുദ്ധീകരിക്കുകയും മാത്രമാണ്. എങ്കിലേ അല്ലാഹു നമ്മുടെ ദുആകള്‍ സ്വീകരിക്കുകയും ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് സമുദായത്തെ രക്ഷിക്കുകയുമുള്ളൂ. ഹാകിമിയ്യത്തു തലയ്ക്കു പിടിച്ച ഇഖ്വാനികള്‍ തൊട്ടു, മറക്കു പിന്നിലിരുന്നു ജൂത താല്‍പര്യം നടപ്പിലാക്കുന്ന അതി തീവ്ര കൂട്ടു കെട്ടുകള്‍ വരെ, അല്ലാഹു ആദ്യം ബാധ്യതയായി നിശ്ചയിച്ച, പ്രവാചകന്‍മാര്‍ അഖിലവും മാതൃക കാണിച്ച, തൌഹീദിന്‍റെ ,വ്യാപനവും ബിദ്അത്ത് നിപാടനം ചെയ്തു  സുന്നത്ത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാനും, അത് പ്രചരിപ്പിക്കാനും അത് വഴി ഇസ്ലാമിന്‍റെ വെള്ളി വെളിച്ചം കൂടുതല്‍ ചക്രവാളങ്ങളിലേക്കു വ്യാപിപ്പിക്കാനും മെനെക്കെടാതെ, ഭ്രാന്തമായ മനസ്സിന്‍റെ അപക്വമായ രസകൂട്ടില്‍ നിന്നുടലെടുക്കുന്ന രക്ത പങ്കിലമായ ജിഹാദ് എന്ന ഏക തീരുമാനത്തിലെടുത്തു ചാടി, ഇസ്ലാമിനും മുസ്ലിംകള്‍ക്കും വരുത്തി വെക്കുന്ന ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ലാതായിരിക്കുന്നു.


 ഇന്ന് ലോകത്താകമാനം നിരപരാധികള്‍ അക്രമിക്കപെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. മനസ്സിന്‍റെ മേല്‍ പൈശാചിക പ്രേരണകള്‍ അധീശത്വം നേടിയുണ്ടാക്കുന്ന കൊടും ക്രൂരത, കേവലം കൊച്ചു കുഞ്ഞുങ്ങളെ പോലും ലൈംഗിക ദാഹത്തിനു വേണ്ടിയും സമ്പത്തിനു വേണ്ടിയും ഉപയോഗിച്ചു അധമത്വത്തിന്‍റെ പുതിയ പുതിയ സാമ്പിളുകള്‍ ദിനേന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഇവിടെയാണ്‌ ഇസ്ലാമിന്‍റെ, ഖുര്‍ആനിന്‍റെ പ്രസക്തി. തന്നെ ആക്രമിക്കാനോ ഭേദ്യം ചെയ്യാനോ വരുന്നവനോട് പോലും 'ഞാന്‍ നോമ്പുകാരനാണ് എന്ന് രണ്ടു വട്ടം പറഞ്ഞു അവനില്‍ നിന്ന് അകന്നു പോകാന്‍ കല്‍പിക്കുന്ന ഇസ്ലാമിന്‍റെ യഥാര്‍ത്ഥ അനുയായികള്‍ക്ക് ഒരിക്കലും ഒരിക്കലും എന്തിന്‍റെ പേരിലായാലും ഒരു ചാവേറായി പൊട്ടി തെറിച്ചു നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്‍മാരുമടങ്ങിയ നിരപരാധികളെ കൊല്ലാന്‍ കഴിയില്ല. യുദ്ധത്തില്‍ പോലും അതിക്രമം പാടില്ല, വൃക്ഷങ്ങളും ജല സ്രോതസ്സുകളും നശിപ്പിക്കരുത്, സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്‍ മാരെയും മറ്റു മതസ്ഥര്‍ ഭജനമിരിക്കുന്ന മടങ്ങളിലെ സന്യാസിമാരെയും, കൊല്ലരുത് എന്ന് പഠിപ്പിക്കപ്പെടുന്ന ഒരു മുസ്ലിമിന്, നിരപരാധികളെ, അവര്‍ സുന്നിയായാലും ശിയ ആയാലും മറ്റു ഏതു മതക്കാരനായാലും ആക്രമിക്കാനോ കൊല്ലാനോ കഴിയില്ല. ഇസ്ലാമിന്‍റെ ബാഹ്യ ചിഹ്നമായ തലപ്പാവും താടിയും വെച്ച് നിഗൂഡ കേന്ദ്രങ്ങളില്‍ ഒളിച്ചിരുന്ന് ആധുനിക മാധ്യമങ്ങളിലൂടെ മുസ്ലിംകളുടെ ലേബലില്‍ ഭീകരവാദം കയറ്റി അയക്കുന്നവരും, അത് കേട്ട്, അതാണ് ഇസ്ലാമിലെ ജിഹാദ് എന്ന് തെറ്റിദ്ധരിച്ചു മനുഷ്യരുടെ സ്വസ്ഥ ജീവിതം നശിപ്പിക്കുന്നവരും, മനുഷ്യ കുലത്തിന്‍റെ ശാശ്വത സമാധാനത്തിനായി, സൃഷ്ടാവ് നല്‍കിയ ഈ ഖുര്‍ആന്‍ അതവതരിപ്പിക്കപെട്ട വ്രത ശുദ്ധിയുടെ മാസത്തിലെങ്കിലും ഒന്ന് മനസ്സിരുത്തി പഠിച്ചിരുന്നെങ്കില്‍ അല്ലാഹു വ്രതത്തിലൂടെ മനുഷ്യന്‍റെ ഇത്തരം പൈശാചികതയെ നിഷ്കാസനം ചെയ്യാന്‍ പ്രത്യേകമായി ഒരുക്കിയ അവസരം അവര്‍ക്കും ലഭിച്ചേനെ. ലോകത്ത് ശത്രുക്കളെക്കാള്‍ ഇസ്ലാമിന് ദ്രോഹം ചെയ്യുന്ന ഇത്തരക്കാരില്‍ നിന്ന് മുസ്ലിം പൊതു സമൂഹം രക്ഷപ്പെട്ടേനെ. നമുക്ക് ആശിക്കാം കേവലം പേരിലല്ല, മറിച്ചു കര്‍മങ്ങളില്‍ മുസ്ലിംകളായി ഇസ്ലാമിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങളായി എല്ലാവര്‍ക്കും മാറാന്‍ സന്‍മനസ്സ് ഉണ്ടാകട്ടെ...

Tuesday, June 3, 2014

അബൂ ജഹലും അബൂ ബക്കറും : ചില സുന്നത്ത് ജമാഅത്ത് നിലപാടുകള്‍


                    ഇന്ന് മുസ്ലിംകള്‍ എന്ന് അവകാശപ്പെടുന്നവരില്‍ പല വിഭാഗങ്ങളും നമുക്ക് കാണാം. പ്രധാനമായും ഷിയാ സുന്നി വിഭാഗങ്ങളും അവരിലെ അനേകം അവാന്തര വിഭാഗങ്ങളും ഞങ്ങളാണ് യഥാര്‍ത്ഥ മുസ്ലിംകള്‍ എന്ന് പറയാറുണ്ട്‌ എങ്കിലും. ശിയാക്കളെ അഹല് സ്സുന്നയുടെ ഒരാളും അംഗീകരിക്കുകയോ അവരുടെ വാദങ്ങള്‍ സത്യപ്പെടുത്തുകയോ ചെയ്യാറില്ല. എന്നാല്‍ അഹല് സുന്ന എന്ന് അവകാശപ്പെടുന്നവരിലാകട്ടെ, പലരും അതിര് കടന്നു ശിയാക്കളുടെ രീതികള്‍ പിന്‍പറ്റുന്നതും നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അവര്‍ ഒരിക്കലും അത് സമ്മതിക്കാന്‍ തയ്യാറാവാറില്ല എന്നത് വേറെ കാര്യം. കേരളത്തില്‍ ഇന്ന് മുസ്ലിംകളില്‍ ഭൂരിപക്ഷവും അഹല്സ്സുന്നയാണ് എന്ന് അവകാശപ്പെടുകയും എന്നാല്‍ ജീവിതത്തില്‍ അവര്‍ തികഞ്ഞ ഷിയാ വിശ്വാസവും അതിലപ്പുറവും പേറി, പലപ്പോഴും ഇസ്ലാമിന്‍റെ അടിത്തറയായ തൌഹീദ് കയ്യൊഴിക്കുന്നതും കാണാവുന്നതാണ്. കേരളത്തിലെ സുന്നികള്‍ എന്നറിയപെടുന്ന, അഹല്സ്സുന്നയുടെ ആദര്‍ശമാണ് ഞങ്ങളുടെ ആദര്‍ശം എന്ന് പറയുന്നവര്‍, അറിവില്ലായ്മ കൊണ്ടോ, സമൂഹത്തിലെ പണ്ഡിത വേഷധാരികളെ കണ്ണടച്ച് വിശ്വസിച്ചു അവരുടെ ചൂഷണത്തിന് പാത്രമായി മാറിയത് കൊണ്ടോ തികഞ്ഞ ശിര്‍ക്കന്‍ വിശ്വാസം കൊണ്ട് നടക്കുകയും അതനുസരിച്ച അഹല്സ്സുന്നക്ക് അന്യമായ പല കര്‍മങ്ങളും അനുഷ്ടിക്കുകയും ചെയ്തു വരുന്നു. അല്ലാഹുവിനു പുറമേ പ്രവാചകനെയും മഹാന്‍മാരെയും മാത്രമല്ല, കല്ലിനും മരത്തിനും വരെ ആരാധനകള്‍ അര്‍പ്പിക്കുന്നിടത്തു എത്തി നില്‍ക്കുന്നു സുന്നികള്‍ എന്ന് പേര് വിളിക്കുന്ന ഈ വിഭാഗം. എന്നാല്‍ അതൊന്നും അവര്‍ക്കുള്ള ആരാധനയാണ് എന്ന് ഒരിക്കല്‍ പോലും ഇവര്‍ സമ്മതിക്കാറില്ല, മാത്രമല്ല, അല്ലാഹുവിനോട് പാപികളായ നമ്മള്‍ നേരിട്ട് ആവശ്യങ്ങള്‍ പറയാതെ അല്ലാഹുവിനോട് സാമീപ്യം സിദ്ധിച്ച നബിമാരോടും മഹാന്‍മാരോടും പറയുകയും അവര്‍ അല്ലാഹുവിനോട് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറയുകയും അങ്ങിനെ എളുപ്പം കാര്യങ്ങള്‍ സാധിച്ചു കിട്ടും എന്നു കരുതുന്നവരും, ഈ നബിമാരും ഔലിയാക്കളും നമ്മുടെ ആവശ്യങ്ങള്‍ സ്വന്തം നിലക്ക് തന്നെ നിവര്‍ത്തിച്ചു തരും എന്ന് കരുതുന്നവരും ഈ വിഭാഗത്തിലുണ്ട്. അതും പോരാതെ, സമനില തെറ്റിയവരെയും, യാതൊരു മേല്‍വിലാസം ഇല്ലാത്തവരെയും, എന്തിനു,  അന്യ മതക്കാരേ പോലും ദിവ്യത്തം ഉള്ളവരാണ് എന്ന് കരുതി, ഔലിയാക്കളായി സങ്കല്‍പിച്ചു അവരുടെ ഖബറിങ്കല്‍ ആവലാതികളും ആവശ്യങ്ങളും കരഞ്ഞു പറഞ്ഞു, അവര്‍ക്ക് വിവിധങ്ങളായ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ സുന്നത് ജമാഅത്ത് എന്ന് തെറ്റിദ്ധരിച്ചു അതിനു വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുകയും തങ്ങളുടെ സമയവും സമ്പത്തും ചിലവഴിക്കുകയും ചെയ്യുന്നവരാണ് ഇതിലധികവും. ഇതിനുള്ള പ്രധാന കാരണമാകട്ടെ, അല്ലാഹുവിനെ കണക്കാക്കേണ്ട പോലെ കണക്കാക്കാന്‍ തയ്യാറാകാത്തതും പ്രവാചകനെയും സ്വഹാബത്തിനെയും  മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാത്തതും, പ്രമാണങ്ങള്‍ പഠിക്കാന്‍ തയ്യാറാകാത്തതുമാണ്.

              അഹല് സ്സുന്നക്ക് നിരക്കാത്ത പല വിശ്വാസങ്ങളും ഇത്തരക്കാരില്‍ നമുക്ക് കാണാം. അതില്‍ പ്രധാനമായതാണ്, പ്രവാചകന്‍ (സ) എല്ലാറ്റിനും കഴിവുള്ള ആളാണ്‌, ഇപ്പോഴും നബി (സ) ഖബറില്‍ വെച്ച് ലോകത്ത് നടക്കുന്നതൊക്കെ അറിയുന്നു, സ്വലാത്തിന്‍റെയും മൌലൂദിന്‍റെയും സദസ്സുകളില്‍ ഹാജരാകുന്നു, അദ്ദേഹം എല്ലാം അറിയുന്ന ആളാണ്‌ എന്നീ വിശ്വാസങ്ങള്‍. സത്യത്തില്‍, ചില പ്രത്യേക അവസരങ്ങളില്‍ അല്ലാഹു വെളിപ്പെടുത്തിയ മുഅജിസാത്തുകള്‍ അല്ലാതെ, പ്രവാചകന് ഒരു ശരാശരി മനുഷ്യനുള്ളതില്‍ കവിഞ്ഞ ഒരു കഴിവും അല്ലാഹു പ്രകൃത്യാ നല്‍കിയിരുന്നില്ല. മുഅജിസാത്തുകളാവട്ടെ, അത് ആരിലൂടെ പ്രകടമാകുന്നോ അവരുടെ കഴിവ് അല്ല, മറിച്ചു അല്ലാഹു ഇഷ്ടപ്പെടുമ്പോള്‍ മാത്രം അവനിഷ്ടപ്പെടുന്നവരിലൂടെ വെളിവാക്കപ്പെടുന്ന അത്ഭുത സംഭവങ്ങളാണ്. ഇത് പ്രവാചകനെ കുറിച്ചാണ് എങ്കില്‍ ഇതേ പോലെയോ ഇതിലപ്പുറമോ മറ്റു മഹാന്‍മാരും ഇവര്‍ ഔലിയാക്കളായി പരിശുദ്ധപ്പെടുത്തിയ അന്യമതക്കാരും സമനില തെറ്റിയവരും ഊരും പേരും അറിയാത്തവരും തുടങ്ങി, കല്ലും കരടും കാഞ്ഞിര വള്ളിയും കവുങ്ങിന്‍ കൂട്ടങ്ങളും അടക്കമുള്ളവരെ കുറിച്ചും ഇവരില്‍ ഭൂരിഭാഗവും വിശ്വസിച്ചു പോരുന്നു. ഇങ്ങനെ വിശ്വസിക്കാത്തവര്‍ സുന്നികള്‍ അല്ല, പിഴച്ചവരാണ് എന്ന് കൂടി ഇവരൊക്കെ കൂട്ടി ചേര്‍ക്കാറുണ്ട്. മത വിജ്ഞാനം ഇല്ലാത്ത പാമര ജനങ്ങള്‍ക്ക് സത്യം പഠിപ്പിക്കാന്‍ ബാധ്യത പ്പട്ട, മതപണ്ഡിത വേഷധാരികള്‍ സത്യം മറച്ചു വെച്ചും അസത്യ പ്രചാരണം നടത്തിയും തങ്ങള്‍ കറവ പശുക്കളായി കരുതുന്ന സാധാരണക്കാന്‍റെ ഈ വികല വിശ്വാസങ്ങള്‍ വളര്‍ത്താനും നില നിര്‍ത്താനും പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചും കള്ളം പ്രചരിപ്പിച്ചും, സത്യത്തെയും സത്യത്തിന്‍റെ ആളുകളെയും ധിക്കരിച്ചു തള്ളുകയും പിഴച്ചവരും പുത്തന്‍ വാദികളുമായി സമൂഹത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. 

പ്രവാചകന്‍ ഒരു മനുഷ്യന്‍ എന്ന നിലക്ക് ഈ ലോകത്ത് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തോട് കള്ളം പറഞ്ഞവരുടെ മനസ്സറിയാനോ, ജൂത പെണ്ണ് ആട്ടിറച്ചിയില്‍ വിഷം പുരട്ടിയത് മനസ്സിലാക്കാനോ, ഉഹുദ് യുദ്ധ വേളയില്‍ ശത്രുക്കള്‍ കുഴിച്ച ചതിക്കുഴി കാണാനോ ഒന്നും കഴിഞ്ഞിട്ടില്ല.  അത് കൊണ്ടാണ്, നിങ്ങളുടെ വാക് സാമര്‍ത്ഥ്യം കൊണ്ട് എന്നോട് വാദിച്ചു, നിങ്ങള്‍ നിങ്ങളുടെ സഹോദരന് അര്‍ഹമായ എന്തെങ്കിലും കൈവശപ്പെടുത്തിയാല്‍ നരകത്തില്‍ നിന്നുള്ള ഒരു കഷ്ണമാണ് സമ്പാ തിക്കുന്നത് എന്ന് പറയേണ്ടിവന്നതും, ആയിഷ (റ) യെ കുറിച്ച് അപവാദം പറഞ്ഞു പറത്തിയപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞു അല്ലാഹു വഹയു മുഖേന അറിയിക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നതും, ഖൈ ബറില്‍ വെച്ച് വിഷം പുരട്ടിയ ഇറച്ചി കാരണം മരണ സമയം പോലും പ്രവാചകന് വേദന അനുഭവിക്കേണ്ടി വന്നതും, ഉഹുദ് രണാങ്കണത്തില്‍ വെച്ച് ചതിക്കുഴിയില്‍ വീണു പല്ല് പൊട്ടിയതും. കൊല്ലണമെന്ന ഉദ്ദേശത്തോടെ, പ്രവാചകന്‍റെ അരികില്‍ വന്നു ഖുര്‍ആന്‍ പഠിക്കാന്‍ സ്വഹാബാക്കളെ കൂടെ അയക്കണം എന്ന് പറഞ്ഞ തൊട്ടു മുന്നിലുള്ളവരുടെ മനസ്സ് അറിയാന്‍  നബി (സ) കഴിഞ്ഞിരുന്നു വെങ്കില്‍, ആ സ്വഹാബാക്കളെ അവരോടൊപ്പം കൊല്ലാന്‍ വിട്ടു കൊടുക്കുമായിരുന്നില്ല. അങ്ങിനെ എത്രയോ സംഭവങ്ങള്‍ പ്രവാചകന് അദൃശ്യം അറിയില്ല കഴിവുകളുടെ കാര്യത്തില്‍ അദ്ദേഹം അതിമാനുഷനല്ല എന്നതിനുള്ള തെളിവാണ്. ഇതിനെല്ലാറ്റിനും പുറമേ, നാളെ മരവള്ളിയുടെയും തമിഴന്‍റെയും ഭ്രാന്തന്‍റെയും കറാമത്തിന്‍റെ കെട്ടു കഥകളുമായി ഇറങ്ങാന്‍ കേരളത്തിലെ പണ്ഡിത വേഷ ധാരികള്‍ ധൈര്യം കാണിച്ചപോലെ പ്രവാചകനെ കുറിച്ചും ഇല്ലാ കഥകള്‍ മേനെഞ്ഞുണ്ടാക്കും എന്നുള്ളത് കൊണ്ട്  അല്ലാഹു പ്രവാചകനെ കൊണ്ട് തന്നെ, ഖുര്‍ആനിലൂടെ അല്ലാഹു പറയിക്കുന്നത് കാണുക. ലോകാവസാനം വരെ പ്രവാചകനെ കുറിച്ച് ഇല്ലാക്കഥ മെനയാന്‍ തടസ്സമായി അല്ലാഹു അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കാന്‍ പറഞ്ഞത് കാണുക. 

 قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ ﴿٥٠﴾ 
(''പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌?'') (6:50)
അല്ലാഹു വീണ്ടും പറയുന്നത് കാണുക:
قُل لَّا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّـهُ ۚ وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ ﴿١٨٨﴾ 
(''നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌. '')(7:188)

നൂഹ് നബിയുടെ ജനത അദ്ദേഹത്തെ കുറിച്ച് `ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനായി മാത്രമേ താങ്കളെ ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂ` എന്നു പറഞ്ഞപ്പോള്‍, അതെ, താന്‍ മലക്കല്ല മനുഷ്യന്‍ തന്നെയാണ്, സാധാരണ മനുഷര്‍ക്ക് ഇല്ലാത്ത ഒരു കഴിവും പ്രത്യേകമായി തനിക്കില്ല എന്നും മറുപടിയായി അവരോടു പറഞ്ഞത് കൂടി കാണുക:

وَلَا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ إِنِّي مَلَكٌ وَلَا أَقُولُ لِلَّذِينَ تَزْدَرِي أَعْيُنُكُمْ لَن يُؤْتِيَهُمُ اللَّـهُ خَيْرًا ۖ اللَّـهُ أَعْلَمُ بِمَا فِي أَنفُسِهِمْ ۖ إِنِّي إِذًا لَّمِنَ الظَّالِمِينَ ﴿٣١﴾

(''അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. ഞാന്‍ മലക്കാണെന്നും വാദമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ് അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച് പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും'') (11:31)

                   നമ്മളെ ക്കാളൊക്കെ പ്രവാചകനുമായി വളരെ അടുപ്പവും സ്നേഹവും ഉണ്ടായിരുന്ന സ്വഹാബാക്കള്‍ ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ വന്നപ്പോഴും, നമ്മുടെ ഉമ്മ ആയിഷ (റ) നബിയുടെ പിതൃവ്യ പുത്രനും പുന്നാര മകള്‍ ഫാത്തിമ (റ) യുടെ പുതിയാപ്ലയുമായി യുദ്ധം ചെയ്യേണ്ടി വന്ന സന്ദര്‍ഭം ഉണ്ടായിട്ടു പോലും സ്വന്തം കിടപ്പറയില്‍ മറമാടിയ പ്രവാചകനോട് ചോദിക്കാന്‍ ആയിഷ (റ) യോ, ചോദിച്ചു നോക്കൂ എന്ന് പറയാന്‍ ഏതെങ്കിലും ഒരു സ്വഹാബിയോ പോലും തയ്യാരാകാഞ്ഞത്, പ്രവാചകന് ആ അവസ്ഥയില്‍ അവരുടെ ആവശ്യം കേള്‍ക്കാനോ സഹായിക്കാനോ കഴിയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും, അത് ശിര്‍ക്കാകുന്നത് കൊണ്ടുമാണ്. റസൂല്‍ (സ) കരളിന്‍റെ കഷ്ണം എന്ന് വിശേഷിപ്പിച്ച ഫാത്തിമ (റ) യുടെ പൊന്നോമന മകന്‍, പ്രവാചകന്‍റെ കയ്യിലും ദേഹത്തും കിടന്നു കളിച്ചു വളര്‍ന്ന ഹുസൈന്‍ (റ) യെ ഇറാക്കിലേക്ക് പോകാന്‍ തുനിഞ്ഞപ്പോള്‍ സ്വഹാബാക്കള്‍ ഒന്നടങ്കം വിലക്കിയിട്ടും കര്‍ബലയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ച അദ്ദേഹത്തെ സ്വപ്നത്തിലെങ്കിലും വന്നു തടയാന്‍ നബിക്ക് കഴിയെണ്ടാതായിരുന്നില്ലേ?. കേവലം ഏതോ അടിച്ചു തെളിക്കാരിയുടെ മുടി കാന്ത പുരത്തിന് കൊടുക്കാന്‍ സ്വപനത്തില്‍ വന്നു പറഞ്ഞു എന്ന് കള്ളക്കഥ മെനയുന്നവര്‍ ചിന്തിച്ചില്ലെങ്കിലും അത് വിശ്വസിച്ചു പരലോകം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്ന സമൂഹമേ ചിന്തിക്കുക.  അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഉത്തമരായ പ്രവാചകന്‍മാരുടെ അവസ്ഥ ഇതാണ് എങ്കില്‍ മറ്റുള്ളവര്‍ അദൃശ്യം അറിയും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയും എന്നൊക്കെ വിശ്വസിക്കുന്നതില്‍ പരം വിഡ്ഢിത്തം വേറെയുണ്ടോ?. ജീവിച്ചിരിക്കുന്ന കാലത്ത് പോലും അദൃശ്യം അറിയാത്ത പ്രവാചകന്‍ മാരടക്കമുള്ളവര്‍ മരണ ശേഷം ലോകത്തിന്‍റെ ഏതു ഭാഗത്ത് വെച്ചും നടക്കുന്ന മാല മൌലീദ് സദസ്സുകളില്‍ ഹാളിറാകും അവിടെ വെച്ച് ചോദിക്കുന്ന ആവശ്യങ്ങള്‍ കേള്‍ക്കും സഹായിക്കും എന്ന വിശ്വാസങ്ങളെല്ലാം പിഴച്ചതും തൌഹീദില്‍ നിന്ന് പുറത്തേക്ക് തെറിപ്പിക്കുന്നതുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ പിന്നെ ഊരും പേരും അറിയാത്തവരും അന്യ മതക്കാരും മാനസിക നില തെറ്റിയവരും എന്ന് വേണ്ട കണ്ട മരത്തിനെയും കല്ലിനെ പോലും സഹായിക്കാന്‍ കഴിവുള്ളതായി കരുതി അവരോടൊക്കെ സഹായം ചോദിക്കുകയും അവര്‍ക്ക് നേര്‍ച്ചയും ദുആയും നല്‍കുകയും ചെയ്യുന്നത്, അല്ലാഹുവിനു മാത്രം നല്‍കാന്‍ ബാധ്യത പെട്ട അവകാശം മറ്റുള്ളവര്‍ക്ക് ഭാഗിച്ചു നല്‍കുന്ന കൊടിയ പാതകമാണ്, ശിര്‍ക്കാണ്‌.

            മഹാനായ രണ്ടാം ഖലീഫ ഉമര്‍ (റ) പറഞ്ഞ കാര്യം ഇവിടെ വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞത്, ജാഹിലിയ്യത് അഥവാ ഇസ്ലാമിന് തൊട്ടു മുന്‍പുള്ള ആളുകളുടെ വിശ്വാസം എന്തായിരുന്നു എന്ന് മനസ്സിലാക്കാത്തവര്‍ ഇസ്ലാമില്‍ വന്നാല്‍  ഇസ്ലാമിന്‍റെ ഇഴകള്‍ ഓരോന്നായി അഴിഞ്ഞു പോകും എന്നാണു. അതായത് പ്രവാചകന്‍ (സ) തൌഹീദ് പരിചയപ്പെടുത്തുമ്പോള്‍ ആ സമൂഹത്തിലെജനങ്ങളുടെ വിശ്വാസം എന്തായിരുന്നു എന്ന് മനസ്സിലാക്കല്‍ ഓരോ മുസ്ലിമിനും ഇസ്ലാമിനെ അതിന്‍റെ യഥാര്‍ത്ഥ അവസ്ഥയില്‍ മനസ്സിലാക്കാന്‍ അനിവാര്യമാണ്. അത് കൊണ്ടാണ് കേരളത്തിലെ പല മുസ്‌ല്യാക്കന്‍മാരും അബൂജാഹിലിനെ മുജാഹിദുകള്‍ സുന്നികളെ എതിര്‍ക്കാന്‍ വേണ്ടി മുസ്ലിമാക്കുന്നു എന്ന് പരിതപിക്കുന്നത്‌.സത്യത്തില്‍ അബൂജാഹിലിനു ഇല്ലാത്ത ഒരു ഗുണവും മുജാഹിദുകള്‍ വകവെച്ചു കൊടുത്തിട്ടില്ല, മറിച്ചു, അല്ലാഹു അബൂജാഹില്‍ അടക്കമുള്ള അന്നത്തെ പ്രവാചകന്‍ തൌഹീദ് പ്രബോധനം ചെയ്ത സമൂഹം വിശ്വസിച്ചതും ചെയ്തതും ഖുര്‍ആനിലൂടെ പറഞ്ഞത് എടുത്തു പറയുക മാത്രമാണ് ചെയ്യുന്നത്. പക്ഷെ, അത് കേള്‍ക്കുന്ന മുസ്‌ല്യാ ക്കന്‍ മാര്‍,അബൂജാഹിലിനും കൂട്ടര്‍ക്കും ഉണ്ടായിരുന്നു എന്ന് അല്ലാഹു പറഞ്ഞ വിശ്വാസം ഒരു മുസ്ലിമാകാന്‍, ഒരു സുന്നിയാകാന്‍ മതിയാകും എന്ന് തെറ്റിദ്ധരിച്ചോ അല്ലെങ്കില്‍ മന:പൂര്‍വ്വം മറച്ചു വെച്ചോ കേരളത്തിലെ സാധാരണക്കാരായ ജനനം കൊണ്ട് മാത്രം 'സുന്നികള്‍' എന്ന് വിളിക്കപ്പെടുന്ന മതത്തെ കുറിച്ച് ആഴത്തില്‍ അറിയാത്ത ലക്ഷങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.അത് കൊണ്ട് തന്നെ അവരുടെ വിശ്വാസം  അബൂജാഹിലും കൂട്ടരും അല്ലാഹുവിനെ അറിഞ്ഞിട്ടേ ഇല്ല, നമ്മുടെ നാട്ടിലെ ഹിന്ദുക്കളെ പോലെ കേവലം വിഗ്രഹാരാധകര്‍ മാത്രമായിരുന്നു എന്നാണു.

എന്നാല്‍ അല്ലാഹു അബൂജാഹിലിനും കൂട്ടര്‍ക്കും അല്ലാഹുവിനെ കുറിച്ച് ഉണ്ടായിരുന്ന വിശ്വാസങ്ങളെ ഖുര്‍ആനില്‍ പലേടത്തും എടുത്തു പറഞ്ഞിട്ടുണ്ട്.
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّـهُ ۖ فَأَنَّىٰ يُؤْفَكُونَ ﴿٦١﴾

 ''ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട്(ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?'' (അന്കബൂത്ത് :61).
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ قُلِ الْحَمْدُ لِلَّـهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴿٢٥﴾

 ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. പറയുക:അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.'' (ലുഖ്മാന്‍: 25) .
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ 

 ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌.'' (സൂറത്ത് സുമര്‍:38).
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ خَلَقَهُنَّ الْعَزِيزُ الْعَلِيمُ ﴿٩﴾

''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്‌.'' (സുഖ്റുഫ്:9).

وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّـهُ ۖ فَأَنَّىٰ يُؤْفَكُونَ ﴿٨٧﴾ 
''ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌? (സുഖ്റുഫ്:87).

قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّـهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴿٣١﴾

''പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (സൂറത്ത് യൂനുസ്:31).

قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ ﴿٨٤﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَذَكَّرُونَ ﴿٨٥﴾

 ''(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.). അവര്‍ പറയും;അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?'' (23: 84-85 ).
 قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ ﴿٨٦﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَتَّقُونَ ﴿٨٧﴾

''നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?. അവര്‍ പറയും:അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (മുഎമിനൂന്‍: 86-87).
 قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴿٨٨﴾ سَيَقُولُونَ لِلَّـهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ﴿٨٩﴾
 ''നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു.അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.). അവര്‍പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍പെട്ടുപോകുന്നത്‌?'' (മുഎമിനൂന്‍: 87-89).

നോക്കൂ മുകളില്‍ കൊടുത്ത ഖുര്‍ആനിലെ ആയത്തുകളില്‍ മുഴുവന്‍ അല്ലാഹു ചോദിക്കുന്നതും അവര്‍ പറഞ്ഞ മറുപടിയും  മുസ്ലിംകളായ ഏതെങ്കിലും വിഭാഗത്തോട് അല്ല, മക്കയില്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ മുസ്ലിമാകുക എന്ന് പറഞ്ഞ, 'മുഷിരിക്കുകള്‍' (അല്ലാഹു അല്ലാത്തവര്‍ക്ക് അല്ലാഹുവിന്നു കൊടുക്കേണ്ട ദുആ, നേര്‍ച്ചകള്‍ കൊടുത്ത) എന്ന് അല്ലാഹു വിളിച്ച, എന്നാല്‍ പല കാര്യങ്ങളും അല്ലാഹു തന്നെയാണ് ചെയ്യുന്നത് എന്ന് സമ്മതിച്ച വിഭാഗത്തോട് ആണ്. ആകാശവും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനേയും കീഴ്പ്പെടുത്തുകയും ആഹാരം നല്‍കുന്നതും, കാഴ്ചയും കേള്‍വിയും അധീനപ്പെടുത്തുന്നതും, മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും, കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും അഭയം നല്കുന്നതുമെല്ലാം അല്ലാഹുവാണ് എന്ന് സമ്മതിച്ച മക്കയിലെ ആളുകളോട് മുഹമ്മദ്‌ റസൂല്‍ (സ) ലാ ഇലാഹ ഇല്ലാല്ലാഹ് അംഗീകരിക്കാന്‍ പറഞ്ഞതും മേല്പറഞ്ഞതെല്ലാം അല്ലാഹുവാണ് ചെയ്യുന്നത് എന്നഗീകരിച്ചാല്‍ മാത്രം പോര, മറിച്ചു അങ്ങിനെയുള്ള അല്ലാഹുവിനു മാത്രമേ ഇബാദത്തിന്‍റെ എല്ലാ ഇനങ്ങളും പാടുള്ളൂ എന്നത് കൊണ്ടാണ്. അത് നേര്‍ച്ചയായാലും ദുആ ആയാലും ആ അര്‍ത്ഥത്തിലുള്ള ബഹുമാനവും വണക്കവും പോലും അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. മക്കയിലെ അബൂജാഹിലും അബൂ ലഹബും അല്ലാഹുവിനോടൊപ്പം മഹാന്‍മാരും പ്രവാചകന്‍ മാരുമായിരുന്നവരെ ബഹുമാനിച്ചു ബഹുമാനിച്ചു അല്ലാഹുവിന്നു മാത്രം കൊടുക്കേണ്ട കീഴ്വണക്കം, നേര്‍ച്ച തുടങ്ങിയവ ഇബ്രാഹീം നബിക്കും ഇസ്മായില്‍ നബിക്കും ലാത്ത, ഉസ്സ, മനാത്ത എന്നിവര്‍ക്കും നല്‍കിയതാണ് പ്രവാചകന്‍ അവരോടു ഒഴിവാക്കാന്‍ പറഞ്ഞത്. മേല്‍പറഞ്ഞ ആരും അല്ലാഹുവിനു പകരം ആണ് എന്നോ,സര്‍വ്വ രക്ഷിതാവായ റബ്ബ് ആണെന്നോ മക്കയിലെ മുഷിരിക്കുകള്‍ വാദിചിരുന്നില്ല. മറിച്ചു പാപികളായ അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടാന്‍ അല്ലാഹുവിന്‍റെ അടുത്തു ശുപാര്‍ശക്കാരായി ആയിരുന്നു ഈ മഹാന്‍മാരെയൊക്കെ  അവര്‍ കണക്കാക്കിയത്. അത് അല്ലാഹു തന്നെ, ഖുര്‍ആനിലൂടെ മരിച്ചു പോയ നബിമാരെയും മഹാന്‍ മാരെയും അല്ലാഹുവിന്‍റെ അടുത്തു ശിപാര്‍ശക്കാരായി സങ്കല്‍പിച്ചു അവരോടു ഇങ്ങനെ  സഹായം തേടുന്നവര്‍ക്ക് എല്ലാ കാലത്തെക്കും മുന്നറിയിപ്പായി പറയുന്നത് കാണുക.
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍(ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (10:18).

വീണ്ടും അവര്‍,  അല്ലാഹുവിനു പുറമേ സഹായം ചോദിക്കുകയും നേര്‍ച്ച വഴിപാടു നടത്തുകയും ചെയ്ത മഹാന്‍ മാരെ കുറിച്ച് മക്കാ മുശ്രിക്കുകള്‍ തന്നെ പറയുന്നതായി അല്ലാഹു ഖുര്‍ആനില്‍ പറയുന്നത് കാണുക:

 وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ
(അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. '' 39:3)

അവര്‍ ഹജ്ജു സമയത്ത്
لبيك اللهم لبيك ، لبيك لا شريك لك إلا شريكا هو لك تملكه و ما ملك 

എന്ന് തല്‍ബിയത്തു  ചൊല്ലിയിരുന്നതായി സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. ഇതില്‍ നമ്മളിന്നും ചൊല്ലുന്ന തല്‍ ബിയത്തി ന്‍റെ ആദ്യഭാഗം കഴിഞ്ഞു പറയുന്നത് നിനക്കു പങ്കുകാരനില്ല, ഒരു പങ്കുകാരനോഴികെ, അവന്‍ ഉടപ്പെടുത്തിയതിന്‍റെയും ഉടമ നീയാണ് എന്നാണു.

اللهم انصر أعلى الجندين، وأهْدَى الفئتين، وأكرم الحزبين، وأفضل الدينين. 
(അല്ലാഹുവേ ഈ രണ്ടു സൈന്യങ്ങളില്‍ നിന്ന് ഉത്തമ സൈന്യത്തെയും, രണ്ടു വിഭാഗത്തില്‍ നിന്ന് നേരി ന്‍റെ വിഭാഗത്തെയും, രണ്ടു സംഘത്തില്‍ നിന്ന് ഉന്നതരായ സംഘത്തെയും രണ്ടു മതങ്ങളില്‍ നിന്ന് ഉല്‍കൃഷ്ട മതത്തെയും നീ സഹായിക്കണേ...)

ഈ പ്രാര്‍ത്ഥന ഏതെങ്കിലും മാര്‍ക്കസിലെ മുസ്ല്യാരുട്ടിയോ മറ്റോ ചെയ്ത ദുആ അല്ല, മറിച്ചു ബദറില്‍ പോകവേ അബൂജഹല്‍ അല്ലാഹുവിനോട് നടത്തിയ ദുആ, സ്വഹീഹായ ഹദീസുകളില്‍ രേഖപ്പെട്ടവയാണ്. മാത്രമല്ല, അബൂ ജഹലിന്‍റെ പൊന്നോമന മകന്‍ ഇക്രിമ മക്കം ഫതഹിനോട്‌ കൂടി മക്കയില്‍ നിന്ന് രക്ഷപ്പെടാന്‍ കപ്പലില്‍ കയറുകയും, കപ്പല്‍ കുറെ ദൂരം പിന്നിട്ടപ്പോള്‍ ശക്തിയായ കാറ്റും കോളും തിരമാലകളും കപ്പലിനെ പൊതിയുകയും ചെയ്തു. അപ്പോള്‍ കപ്പലിലെ കപ്പിത്താന്‍ യാത്രക്കാരോട്, ഈ അവസ്ഥയില്‍ ഇനി നമ്മെ രക്ഷിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ, അതിനാല്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക എന്ന് പറയുകയുണ്ടായി. അപ്പോള്‍ ഇക്രിമ ചിന്തിച്ചത്, ഈ കടലിലെ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ എങ്കില്‍ കരയിലും അവനോടു മാത്രമല്ലേ ദുആ പാടുള്ളൂ എന്നാണു.അങ്ങിനെ അവിടെ വെച്ച് ഇക്രിമ (റ) താന്‍ രക്ഷപ്പെട്ടാല്‍ പ്രവാചകന്‍റെ അടുത്തെത്തി ഇസ്ലാം സ്വീകരിക്കും എന്നുറപ്പിക്കുകയും അല്ലാഹു അദ്ദേഹത്തെ രക്ഷിക്കുകയും അദ്ദേഹം പ്രവാചക സന്നിധിയിലെത്തി മുസ്ലിമാവുകയും തുടര്‍ന്ന് നിരവധി യുദ്ധങ്ങളില്‍ ഇസ്ലാമിന് വേണ്ടി ത്യാഗം ചെയ്തു രക്ത സാക്ഷിയാവുകയുമുണ്ടായി. അപ്പോള്‍ ഈ വിധം ദുരിതം നേരിടുന്ന സമയത്ത് അല്ലാഹുവിനെ വിളിക്കാന്‍ പറഞ്ഞ കപ്പിത്താന്‍ മുസ്ലിമായിട്ടല്ല, മറിച്ചു അന്നത്തെ മക്കാ മുഷിരിക്കുകള്‍ സന്നിഗ്ദ്ധ ഘട്ടങ്ങളില്‍  അല്ലാഹുവിനെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. അബൂ ലഹബ് അടക്കമുള്ള ഖുറൈഷി കുടുംബത്തെ വിളിച്ചു പ്രവാചകന്‍ പറഞ്ഞത് അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യരുത്, നേര്‍ച്ച കൊടുക്കരുത് എന്നായിരുന്നു. അത് കേട്ടപ്പോള്‍ അബൂ ലഹബ് പറഞ്ഞത് നീ ഇതിനാണോ ഞങ്ങളെ വിളിച്ചു കൂട്ടിയത്, നീ ഞങ്ങളുടെ നേര്‍ച്ചക്കാരെ (ആരാധ്യരെ) മുഴുവന്‍ ഒന്നാക്കുകയാണോ എന്നാണു.

ചുരുക്കത്തില്‍ അല്ലാഹുവിന്‍റെ പ്രവാചകനും അല്ലാഹുവും മുഷിരിക്ക് എന്ന് വിളിച്ചത്, അല്ലാഹുവിനെ പാടെ നിഷേധിക്കുന്നവരെ ആയിരുന്നില്ല. അങ്ങിനെയുള്ള ഒരു വിഭാഗവും മക്കയിലുണ്ടായിരുന്നു എന്നത് ശരിയാണ് എങ്കിലും ഈ പറയുന്നത് സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ അല്ലാഹുവിനെ മാത്രം വിളിച്ചു ദുആ ചെയ്ത എന്നാല്‍ ഇടയ്ക്കിടെ അല്ലാഹുവിനോട് അവരുടെ ആവശ്യങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ മഹാന്മാരോടും സഹായം തെടിയവരെയാണ്.

ഇനി നമുക്ക് ഇന്ന് കേരളത്തിലെ സുന്നികള്‍ എന്ന് പറയുന്നവരുടെ നടപടികളും വിശ്വാസങ്ങളും ഒന്ന് നോക്കാം. കേരളത്തിലെ സുന്നികള്‍ എന്ന് പറയുന്ന സമസ്തക്കാര്‍ എല്ലാ വിഭാഗവും വേറെ 'അല്ലാഹു' ഉണ്ട് എന്ന് വിശ്വസിക്കുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ പ്രവാചകനെ കുറിച്ചും മഹാന്‍മാരെ കുറിച്ചും, എന്തിനു അവിടെ നിന്നും വിട്ടു ചില മരവള്ളി, കല്ല്‌,തുടങ്ങി ഊരും പേരും അറിയാത്ത പെണ്ണും, മല മൂത്ര വിസര്‍ജനം ചെയ്‌താല്‍ ശൌച്യം പോലും ചെയ്യാത്ത സമനില തെറ്റിയ ഭ്രാന്തന്മാരും ഹിന്ദുവായ അണ്ണാച്ചിവരെ ഇവര്‍ക്ക് അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശുപാര്‍ശക്കാരോ പലപ്പോഴും അല്ലാഹുവേ പോലെയോ ചിലപ്പോള്‍ അല്ലാഹുവിനെക്കാള്‍ മീതെയോ ആണ്. ഇത് കേവലം ഒരു ആരോപണമല്ല. മങ്ക്കൂസ് മൌലിദില്‍ നബി (സ) യെ കുറിച്ച് ഇവര്‍ പാടാറുള്ളത് കാണുക:

ارتكبت على الخطأ غير حصر وعدد  لك أشكو فيه يا سيدي خير النبي

 (കയ്യും കണക്കമുല്ലാതെ ഞാന്‍ തെറ്റ് ചെയ്തു പോയി എന്‍റെ നേതാവായ നബിയെ അങ്ങയോടു ഞാന്‍ ആക്ഷേപം ബോധിപ്പിക്കുന്നു..)

അല്ലാഹുവിനോട് ചോദിക്കേണ്ട മാപ്പപേക്ഷ മരിച്ച നബിയിലേക്ക് തിരിക്കുന്നു. ഇനി മുഹിയുദ്ധീന്‍ മാലയിലെ വരികള്‍ കാണുക.

''കുപ്പിയകത്തുള്ള വസ്തുവിനെ പ്പോലെ കാണ്മാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര്‍.''
''ചത്ത ചകത്തിനു ജീവന്‍ ഇടീച്ചോവര്‍ ചാകും കിലശത്തെ നന്നാക്കി വിട്ടോവര്‍.''
''വല്ല നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ് കൂടാതുത്തിരം നല്‍കും ഞാനെന്നോവര്‍''

ഈ വരികളില്‍ പറയുന്ന ഹൃദയത്തിലുള്ളത്‌ അറിയുക, മരിച്ചവരെ ജീവിപ്പിക്കുക എവിടെ നിന്ന് വിളിച്ചാലും ആ ദുആ കേള്‍ക്കുക എന്നതൊക്കെ അല്ലാഹു വിന്‍റെ മാത്രം വിശേഷണങ്ങള്‍ ആണ്. അത് മുഹിയുദ്ധീന്‍ ശൈഖിനോ നബിമാര്‍ക്കോ നല്‍കുക എന്നത് മക്കയിലെ മുശിരിക്കുകള്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് എന്നോര്‍ക്കുക. 

ദാഹം മൌത്തത് കൂട്ടിടും ഇബെലീസ് കൂസിനെ കാട്ടിടും
നേരം ലഈനവനാട്ടുവാന്‍  ബദ് രീങ്ങളാല്‍ തുണ റബ്ബനാ...

മരണ സമയത്ത് ഇബ്ലീസിനെ ആട്ടുവാന്‍ പോലും ബദ് രീങ്ങളുടെ സഹായം ചോദിക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ സമസ്ത ക്കാരില്‍ നിന്ന് ദീന്‍ പഠിക്കുന്ന പാവങ്ങള്‍ എന്നത് എന്ത് മാത്രം പരിതാപകരമാണ്. ഈയടുത്ത് നൌഷാദ് അഹ്സനി പറഞ്ഞത് മരിക്കാന്‍ നേരം മുഹിയുദ്ധീന്‍ ശൈഖിനെ വിളിച്ചാല്‍ മതി എന്നാണു. അങ്ങിനെ മരണ സമയം പോലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലാതെ കാഫിറായി മരിക്കാന്‍ വേണ്ട എല്ലാ ഉപദേശങ്ങളും ഇവര്‍ തങ്ങള്‍ക്കു ചോറും കൈമടക്കും നല്‍കി ബഹുമാനിച്ചു തലയില്‍ കേറ്റിയ പാവം ജനങ്ങളെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്.

ഇത് മാത്രമല്ല, കുട്ടികളുണ്ടാകാനും രോഗം മാറാനും അപകടത്തില്‍ നിന്ന് രക്ഷപ്പെടാനും മൊയ്തീന്‍ ശൈഖെ കാക്കണേ,ബദ്രീങ്ങളെ രക്ഷിക്കണേ, ഉള്ളാളം തങ്ങളെ കുട്ടിയെ തരണേ, മമ്പുറത്തെ തങ്ങളെ മഴ തരണേ മുനമ്പത്തെ ബീവിയെ മീന്‍ തരണേ എന്നൊക്കെ പറയുന്നതും തനിച്ച ശിര്‍ക്കാണ്‌. സമസ്തക്കാര്‍ വീടുകളില്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുന്ന പല വിധ മാല മൌലൂദ് പാട്ടുകളില്‍ ഇത്തരം ശിര്‍ക്കന്‍ വരികള്‍ എമ്പാടുമുണ്ട്. ഇങ്ങനെ അല്ലാഹുവിന്നു മാത്രം നല്‍കേണ്ട ഇത്തരം പ്രാര്‍ത്ഥന കളും വിശേഷണങ്ങളും നബിമാര്‍ക്കോ മഹാന്‍ മാര്‍ക്കോ കല്ലിനോ മരത്തിനോ എലിക്കോ ആര്‍ക്കു നല്‍കിയാലും അതവരെ ഇലാഹാക്കലാണ്. അത് കൊണ്ടാണ് കേവലം അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശുപാര്‍ശക്കാരോട് ആവശ്യങ്ങള്‍ പറയുകയും അവര്‍ക്ക് നേര്‍ച്ച നടത്തുകയും ചെയ്ത മക്കയിലെ അബൂ ജഹലും അബൂ ലഹബും സന്നിഗ്ധ ഘട്ടത്തില്‍ അല്ലാഹുവോട് മാത്രം ചോദിക്കുന്നവരായിരുന്നിട്ടു പോലും മുഷിരിക്കാണ് എന്ന് അല്ലാഹു പറഞ്ഞത്. അല്ലാതെ,അവര്‍ നമസ്കാരമോ, നോമ്പോ സക്കാത്തോ നല്‍കാതിരുന്നിട്ടായിരുന്നില്ല. കാരണം അല്ലാഹുവിന്‍റെ പ്രവാചകന്‍ ആദ്യമായി അവരോടു തൌഹീദ് പറയുമ്പോള്‍ ഇതൊന്നും മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ ഇന്നത്തെ സമസ്തക്കാര്‍  നമസ്കാരവും നോമ്പും ഒക്കെ അല്ലാഹുവിനു മാത്രം നല്‍കുമെങ്കിലും മക്കത്തെ അബൂ ജഹലും അബൂ ലഹബും അല്ലാഹുവിനോടൊപ്പം നബിമാരെയും മഹാന്‍ മാരെയും വിളിച്ചു തേടിയ പോലെ, മുക്കത്തെ അബൂ ബക്കര്‍ മുസ്ലിയാരും അല്ലാഹുവിനെ കൂടാതെ നിബിയോടും തങ്ങളോടും ബീവിയോടും മാത്രമല്ല, കല്ലിനോടും മരവള്ളിയോടും മരിച്ച തമിഴ്നാട്ടുകാരനായ ഹിന്ദുവായ ഭ്രാന്തനോട് പോലും ആവശ്യ നിര്‍വഹണത്തിന് ദുആ ചെയ്യുകയും നേര്‍ച്ച വഴിപാടുകള്‍ നല്‍കുകയും ചെയ്യുന്നു. കുറച്ചു കൂടി കടന്നു, സന്നിഗ്ധ ഘട്ടത്തില്‍ പോലും അല്ലാഹുവിനെ വിട്ടു മറ്റുള്ളവരെ സമീപിക്കുന്ന ദയനീയ അവസ്ഥയാണ് ഇന്നവര്‍ എത്തി നില്‍ക്കുന്നത്.

പലരും കരുതുന്നത് വിഗ്രഹം പൂജിക്കുകയോ വിഗ്രഹത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുകയോ മുസ്ലിംകള്‍ അല്ലാത്ത മരിച്ചവരെ വിളിച്ചു സഹായം തെടുന്നതോ മാത്രമാണ് ശിര്‍ക്ക് എന്നാണു. എന്നാല്‍ ഇനിയും മരിക്കാത്ത ഈസ നബി (അ ) വിളിച്ചു സഹായം തേടുന്നത് അല്ലാഹു ആക്ഷേപിക്കുന്നത് കാണുക.
وَإِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّـهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ﴿١١٦﴾ مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚوَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿١١٧﴾

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെമാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍!എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായുംനീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു.പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (5:116-117)

പരലോകത്ത് വെച്ച് ഇന്നും അല്ലാഹുവിന്‍റെ അടുത്തു ജീവിച്ചിരിപ്പുള്ള ഈസ നബി പോലും അദ്ദേഹത്തോട് ചോദിക്കുന്നത് കേള്‍ക്കുകയോ അറിയുകയോ ഇല്ല എങ്കില്‍ പിന്നെ മരിച്ചു പോയവര്‍ കേള്‍ക്കുമെന്ന് വിശ്വസിച്ചു അവരോടു ചോദിക്കുന്നത് ശിര്‍ക്കാകുമെന്നതിനു ബുദ്ധിയുള്ളവര്‍ക്ക് വേറെ തെളിവ് ആവശ്യമുണ്ടോ?. മക്കയിലെ മുശിരിക്കുകള്‍ അല്ലാഹുവിന്‍റെ പ്രവാചകനോട് പരസ്പരം ആരാധ്യന്‍ മാരെ ബഹുമാനിക്കാന്‍ അഥവാ അല്ലാഹുവേ അവര്‍ ആരാധിക്കുന്നത് പോലെ അവരുടെ മഹാന്‍മാരായ ആളുകളെ കേവലം ഒന്ന് ബഹുമാനിക്കാന്‍ മാത്രം പറഞ്ഞപ്പോളാണ് സൂറത്തുല്‍ കാഫിറൂനിലൂടെ അല്ലാഹു അത്തരം അല്ലാഹു അല്ലാത്തവരെ ആ അര്‍ത്ഥത്തിലുള്ള ബഹുമാനം പോലും ആരാധനയാകും എന്നതിനാല്‍ അത് വിലക്കി കൊണ്ട് പ്രഖ്യാപനം നടത്തിയത് എങ്കില്‍ ഇന്ന് ഖബറുകളും മരവള്ളിയും മറ്റും ചന്ദന തിരിയും നിലവിളക്കും നേര്‍ച്ചയും വലം വെക്കലും തൊട്ടു മുത്തലും സുജൂദ് ചെയ്യലും വരെ നടത്തുന്നവരെ ഏതു ഗണത്തിലാണ് പെടുത്തെണ്ടത് എന്ന് വിവേകമുള്ളവര്‍ മനസ്സിലാക്കട്ടെ എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു. മുഹിയുദ്ധീന്‍ ഷെയ്ഖ്‌ പറഞ്ഞ വാചകം ഇവിടെ വളരെ പ്രസക്തമാകുന്നു. ''ഹൃദയത്തില്‍ അനേകം ആരാധ്യരെ വെച്ച് കൊണ്ട് നീ എങ്ങിനെയാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക?''

അല്ലാഹു ഏകനാണ്, സൃഷ്ടികളുടെ കഴിവിനപ്പുറത്തെ ഒരു കാര്യവും അവനോടു അല്ലാതെ ചോദിച്ചു കൂട. കാര്യ കാരണ ബന്ധത്തിനപ്പുറം നമ്മെ സഹായിക്കാന്‍ അവന്നു മാത്രമേ കഴിയൂ. അതിനാല്‍ കീഴ്വണക്കം പരിപൂര്‍ണമായി അല്ലാഹുവിനാക്കുക. അവനോടൊപ്പം മറ്റാരെയും ചേര്‍ക്കാതിരിക്കുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചേക്കാം...അല്ലാഹു നമുക്കെല്ലാം തൌഫീക്ക് ചെയ്യട്ടെ...ആമീന്‍..