ഒരു പ്രൊഡക്ട് ഉപയോഗിക്കുന്നതിനു മുന്‍പ് അതിന്‍റെ ഗുണമേന്‍മ പരിശോധിക്കുക എന്നത് തര്‍ക്കമില്ലാത്ത കാര്യമാണു. പക്ഷെ അധികപേരും ഇത് ഗൌനിക്കാറില്ല എന്നത് വേറേ കാര്യം. ഇത്തരക്കാര്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചോ, മറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായോ ആണു പലതും സ്വീകരിക്കാറു. അത്തരത്തില്‍ നമ്മളറിയാതെ,മാതാപിതാക്കള്‍ വഴി നമ്മോടൊപ്പം കൂടിയെത്തിയതാണ്‍ നമ്മുടെ മതവിശ്വാസവും. അത് കൊണ്ട് തന്നെ, മതമെന്നത് കൊണ്ടുദ്ദേശിക്കുന്നതെന്തെന്നോ, അതില്‍ ഇസ്‌ലാമിന്‍റെ പ്രത്യേകത എന്തെന്നോ, പലര്‍ക്കും തിരിച്ചറിവില്ല. നമുക്കു ചുറ്റും ഉള്ള മറ്റ് ജനവിഭാഗങ്ങളെ പോലെ മതമെന്നത് തിരക്കൊഴിഞ്ഞ വേളകളിലെ ഉപദ്രവമില്ലാത്ത ചില അനുഷ്ടാനങ്ങളിലൊതുക്കി അലസമാക്കി മാറ്റി ഭൌതിക ലോകത്തിന്‍റെ ഉപഭോഗങ്ങള്‍ക്കായി സമയത്തിന്‍റെ എറിയകൂറും മാറ്റിവെച്ചവരാണു നമ്മിലധികവും.
സത്യത്തില്‍ ഇങ്ങിനെയാണോ ഇസ്‌ലാമിനെ കാണേണ്ടത്?. ഇതിനുത്തരം കിട്ടണമെങ്കില്‍, നാം നമ്മുടെ അസ്ഥിത്തത്തെക്കുറിച്ചറിയണം. മതത്തെക്കുറിച്ചും സ്ര്‍ഷ്ടാവിനെക്കുറിച്ചും നമ്മുടെ നാളെയെക്കുറിച്ചും ചിന്തിച്ച് തുടങ്ങണം. ഭൌമോപരിതലത്തിലെത്തില്‍ പതിക്കുമ്പോള്‍ ഉപഗ്രഹശേഷിപ്പുകളുണ്ടാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് നാസയൊ, മറ്റേതെങ്കിലും ശാസ്ത്ര സ്രോതസ്സുകളോ നല്‍കുന്ന അറിയിപ്പുകള്‍ യാതൊരു മുന്‍ വിധിയുമില്ലാതെ സ്വീകരിക്കുന്ന നമ്മള്‍, ഇതിനെക്കാളൊക്കെ ഭയാനകമായ നരകത്തെക്കുറിച്ച് മുന്നറിയിപ്പും, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവും നല്‍കിയ സര്‍വ്വശക്തണ്റ്റെ വാക്കിനു എന്ത് വിലയാണ്‍ നല്‍കിയതെന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ. അതല്ല, ഈ ജീവിതത്തിനപ്പുറം മറ്റൊരു ലോകവും ജീവിതവുമില്ല എന്ന് ഉറപ്പാക്കിയവരാണോ നമ്മള്‍? അതൊ, ചിലപ്പോള്‍ മാത്രം സംഭവിച്ചേക്കാവുന്നതും രക്ഷപ്പെടാനും രക്ഷപ്പെടുത്താനും ഒരുപാട് എളുപ്പവുമാണെന്ന് ആരെങ്കിലും ഉറപ്പ് നല്‍കിയൊ. അതുമല്ലെങ്കില്‍ നമ്മളില്‍ ചിലരെങ്കിലും ഈ ലോകത്ത് നേരിട്ട കഷ്ടതകള്‍ പോലെ നിസ്സാരമെന്ന് ധരിച്ചുവോ?. അല്ല എന്നാണു ഉത്തരമെങ്കില്‍ ദേഹേച്ചക്ക് അനുസരിച്ച് ജീവിച്ചു അലസമായി മതത്തെ പാര്‍ശ്വവല്‍ക്കരിക്കാന്‍ ബുദ്ധിയുള്ളവര്‍ തയാറാകില്ല എന്നുറപ്പാണു.
അപ്പോള്‍ എന്താണു മതമെന്ന് അറിയാനും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും തയ്യാറാകും. അങ്ങിനെ വരുമ്പോള്‍, അല്ലാഹുവിന്‍റെ ഇഷ്ടത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ നമുക്ക് ധൈര്യമില്ലാതാവുകയും, അവന്‍റെ പ്രീതിക്കായുള്ള അന്വേഷണത്തിലും, അതിന്നായുള്ള പ്രവര്‍ത്തികള്‍ക്ക് നമ്മുടെ ജീവിതത്തില്‍ പ്രാധാന്യം വരികയും ചെയ്യുന്നു. അതോടെ, അവധിക്ക് വെക്കാതെ നന്‍മകള്‍ അധികരിപ്പിക്കാനും, തിന്‍മകളെ ഉഛാടനം ചെയ്യാനും ധ്രിതി കൂട്ടുന്ന അവസ്ഥ കൈവരുന്നു. സത്യത്തില്‍ നരകത്തില്‍ പോകാന്‍ ഇഷ്ടപ്പെടാത്ത, സ്വര്‍ഗ്ഗത്തിലെത്തിച്ചേരാന്‍ ആഗ്ഗ്രഹിക്കുന്ന ബുദ്ധിമാനായ മനുഷ്യന്‍റെ ലക്ഷണമത്രെ ഇത്. ലോകത്തില്‍ ഭൌതിക സുങ്ങളാവോളമാസ്വദിച്ച ഒരാള്‍ പോലും എന്നന്നേക്കുമായി അതാസ്വദിച്ച് ഈ ലോകത്ത് തന്നെ സ്ഥിരവാസമാക്കിയിട്ടുണ്ടോ?. എന്നാല്‍ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് എല്ലാ സു സൌഭാഗ്ഗ്യങ്ങളും ഇട്ടേച്ച്, ഒരിക്കലും അവസാനിക്കാത്ത യഥാര്‍ത്ഥ ജീവിതലോകത്തിലേക്ക്, തന്‍റെ പ്രവര്‍ത്തന ഫലമനുസരിച്ച സ്വര്‍ഗ്ഗ നരകങ്ങളിലേതെങ്കിലൊമൊന്ന് തന്‍റെ നിത്യവാസസ്ഥലമായി ലഭിക്കുന്നത് കാത്ത് ബര്‍സഖിയായ ലോകത്ത് അനുയോജ്യമായ ശിക്ഷാരക്ഷയേറ്റ് കാത്ത് കിടക്കുന്നുവെന്നത് സ്ഥിരപ്പെട്ട ഹദീഥുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണല്ലൊ.
എന്ന് വെച്ചാല്‍ ക്ഷണികമായ ഈ സമയത്തിലെ ആസ്വാദനം കൊണ്ട്, അന്തമില്ലാത്ത സുഘസൌഭാഗ്യങ്ങള്‍ വേണ്ടെന്ന് വെച്ച്, അതിഭയങ്കരമായ നരകശിക്ഷയെ പുല്‍കാന്‍ മാത്രം പമ്പര വിഢ്ഢികളായി അധഃപതിക്കുക ഒാര്‍ക്കാന്‍ കഴിയുന്നതാണൊ. വിശുദ്ധ ഖുര്‍-ആന്‍ വ്യക്തമാക്കിയത് പോലെ, "(അതായത്) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്. അതിനാല്‍ അവരുടേതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞതു പോലെ , നമ്മുടെ ദ്ര്‍ഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത്പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു"(7-51). ഈ ലോകത്തെ നശ്വരമായ ജീവിതം കളിയും ക്ഷണികവുമല്ലാതെ ഒന്നല്ല, എന്നാല്‍ പരലോകമോ, അതാകുന്നു ശാശ്വതം. അപ്പോള്‍ എതാനും മണിക്കൂറുകളിലെ സുഖത്തിനു പകരം അനന്തമായ സൌഭാഗ്ഗ്യങ്ങളെ ഒഴിവാക്കുന്നവനെക്കാള്‍ വിവരദോഷി ആരാണു?. ഇനി ഇതെവിടെ തുടങ്ങണം?, ഇത്തരം ചിന്തകള്‍ പലപ്പോഴായി നമ്മുടെയൊക്കെ മനസ്സില്‍ മിന്നിത്തെളിയാറുണ്ട്, അപ്പോഴൊക്കെ പരലോക മോക്ഷത്തിനനുസൃതമായി ജീവിതം ചിട്ടപ്പെടുത്തുന്നതിനു വീണ്ടും വീണ്ടും അവധിക്കു വെക്കുന്നതില്‍ ഒരു മടിയും കാണിക്കാറില്ല എന്നതും യാഥാര്‍ത്ഥ്യമാണു. പക്ഷെ നമുക്കിഷ്ടപ്പെട്ട ഒരു കാര്‍ വാങ്ങുന്നത് മാറ്റിവെച്ചാല്‍ എന്തെങ്കിലും കാരണം കൊണ്ട് അത് നടക്കാതിരിക്കുന്ന പോലെ ആണോ ഇത്?. ഒരിക്കലുമല്ല, കാരണം നമ്മുടെയൊക്കെ ജീവിതം അവസാനിക്കുന്നത് എപ്പോഴെന്ന് പ്രവചിക്കുക ലോകത്തിലൊരു ശക്തിക്കും സാധ്യമല്ലെന്നിരിക്കെ, ഒരു നല്ല യാത്രക്കാരന്‍ തന്‍റെ പാഥേയം തയാറാക്കി നില്‍ക്കുകയാണു വേണ്ടത്. തനിക്ക് പോകാനുള്ള വാഹനമെത്തിയാല്‍ അയാള്‍ പരിഭ്രമിക്കാതെ അതില്‍ കയറുന്നു. എന്നാല്‍ യാത്രക്കായി കാത്ത് നില്‍ക്കവെ സത്രത്തിന്‍റെ സുഖാഡംബരങ്ങളില്‍ പാഥേയം മറന്നവന്‍, യാത്രാ വാഹനത്തില്‍ നഷ്ടബോധത്തോടെയല്ലാതെ സഞ്ചരിക്കാനാവില്ല. പിന്നീടൊരിക്കലും സ്വരൂപിക്കാന്‍ കഴിയാത്ത പാഥേയമില്ലാതെ, നഷ്ടക്കാരില്‍ പെട്ട് അന്ത്യമില്ലാത്ത ദുരിതങ്ങളും പേറി, ആര്‍ത്തനാദത്തോടെ നരക ശിക്ഷയേറ്റ് വാങ്ങിക്കുമ്പോള്‍ നിന്ദ്യതയോര്‍ത്ത് വിലപിച്ചിട്ട് ഒരു കാര്യവുമില്ല.
അല്ലെങ്കിലും സഹോദരാ, ഭൌതിക സുഖാഡംബരങ്ങളുടെ പിറകെ ഓടി ഓടി, മെഴുകുതിരി വെളിച്ചത്തില്‍ ജീവിതം നഷ്ടപ്പെടുത്തുന്ന ഈയ്യാം പാറ്റകളെ പോലെ, റോഡിലൊ, വെള്ളത്തിലൊ, വായുവിലൊ, ഈ പരക്കം പാച്ചിലിനിടക്ക്, ഒരായിരം പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങള്‍ ബാക്കിയാക്കി, ഒരു യാത്രാമൊഴി പോലും പറയാതെ, നാഥന്‍റെ സന്നിധിയിലേക്ക് യാത്രപോകുമ്പോള്‍, എന്തുണ്ട് കാഴ്ചയായി നമ്മുടെ കയ്യില്‍?. ചിന്തിക്കുക. തീരുമാനിക്കുക, വിധി സ്വയം തീരുമാനിക്കുക. എന്നാല്‍ നാഥണ്റ്റെ കല്‍പനയനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയവരുടെ അവസ്ഥ നോക്കൂ. ഭൂമിയിലെ സുഖസൌകര്യങ്ങളില്‍ നല്ലതിലൊന്നും അവന്ന് ഉപേക്ഷിക്കാതെ തന്നെ, പരലോകത്തെ അത്യുന്നതമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍, എത്രയോ അവസരങ്ങള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. ഇതിന്നായി ഉപേക്ഷിക്കേണ്ട എത് കാര്യമെടുത്താലും, അതിലൊക്കെയും തന്നെ, പൊതുവെ ചീത്തയായി അറിയപ്പെടുന്നതും, മാനവികതക്ക് പൊതുവില്‍ യോജിക്കാന്‍ കഴിയാത്തതും, ധാര്‍മികതയുടെ എതളവുകോലു വെച്ച് നോക്കിയാലും തള്ളപ്പെടേണ്ടതുമായിരിക്കും. ഇനി ഒരാള്‍ യാതൊരു വിലക്കുകളും വകവെക്കാതെ തനിക്കു തോന്നിയ പോലെ ജീവിക്കുന്നുവെന്നാലും, എത്രകാലം അയാള്‍ക്ക് അതെല്ലാം ആസ്വദിക്കാനാകും?. അതില്‍ ഒരിക്കലും മതിയായ നിലക്ക് ത്രിപ്തനായിക്കൊണ്ടല്ല അവന്‍ ലോകത്ത് നിന്ന് വിടപറയുന്നത്, മറിച്ച്, ഇതെല്ലാം വിട്ടേച്ച് പോകേണ്ടുന്ന തികഞ്ഞ നിരാശയിലായിക്കൊണ്ടായിരിക്കും. ഇനി അവനെ എതിരേല്‍ക്കുന്നതോ, തികഞ്ഞ അപമാനവും, കടുത്ത ശിക്ഷകളും.
പരലോക മോക്ഷം മുന്നില്‍ കണ്ട് ജീവിതം ക്രമീകരിച്ച സത്യ വിശ്വാസിയാകട്ടെ, ഈ ലോകത്ത് അവന്ന് ലഭിച്ച വിഭവങ്ങളില്‍ ത്രിപ്തനായി കൊണ്ട്, അനുവദനീയമായ എല്ലാ സുഖാസ്വാദനത്തോടൊപ്പവും തന്‍റെ നാഥനെ കണ്ട് മുട്ടാന്‍ ആഗ്ഗ്രഹിക്കുകയും തികഞ്ഞ സംത്രിപ്തിയോടെ നാഥന്‍റെ സന്നിധിയിലേക്കു യാത്രയാകുമ്പോള്‍, വരി വരിയായി നിയോഗിക്കപ്പെട്ട കൂട്ടം കൂട്ടമായ മലക്കുളുടെ അകമ്പടിയോടെ സമാധാനമടഞ്ഞവനായി കൊണ്ട് സ്വര്‍ഗ്ഗത്തിലെത്തുന്നു. "അവര്‍ക്ക് നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ സമാധാനത്തിന്‍റെ ഭവനമുണ്ട്. അവന്‍ അവരുടെ രക്ഷാധികാരിയായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമത്രെ അത്".(6-127). ഇനി എന്താണു ഒരാള്‍ മുസ്‌ലിമാകുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?. അത് കേവലം സെന്‍സസ് കോളത്തില്‍ മുസ്‌ലിമായി ചേര്‍ക്കപ്പെട്ടവരുടെ കൂട്ടമാണൊ?, അതൊ, രാഷ്ട്രീയ പാര്‍ടി അംഗ്ഗങ്ങളെ പൊലെ തനിക്കിഷ്ടപ്പെട്ടതിനൊപ്പം നിന്ന് തനിക്കനുകൂലമായവരോടൊപ്പം കൂടി, ഇഷ്ടമുള്ള പരിപാടികളില്‍ മാത്രം പങ്കെടുത്ത് അങ്ങിനെ പരിഗണിക്കാവുന്നതാണൊ. അറിയുക, അല്ലേ അല്ല. ഒരാള്‍ മുസ്‌ലിമാണെന്നതിനര്‍ത്ഥം, എപ്പൊഴും അയാളുടെ കൂടെ ഒരു ഇസ്‌ലാമിക് ഡിറ്റക്ടറുണ്ടാകുക എന്നാണ്‍. എതൊരു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും അതയാള്‍ ആദ്യം ഈ ഡിറ്റക്ടറിലൂടെ കടത്തിവിട്ട്, അനുവദനീയമായതിനെ മാത്രം സ്വീകരിക്കുകയും അല്ലാത്തത് തള്ളുകയും അച്ചടക്കമുള്ള പട്ടാളക്കാരനെ പോലെ തന്‍റെ നാഥന്‍റെ കല്‍പനകള്‍ യാതൊരു മടിയും കൂടാതെ നിറവേറ്റുകയും ചെയ്യും.
ഈ പ്രക്രിയ സംഭവിക്കുന്ന വ്യക്തികളുടെ അനുഷ്ടാനങ്ങളിലും ഇടപാടുകളിലും പൊതു സമൂഹത്തിനു വ്യത്യസ്ഥത അനുഭവപ്പെടും. അവര്‍ നിരന്തരം തന്‍റെ കര്‍മ്മങ്ങളില്‍ മുഹാസബത്ത് നടത്തുന്നവനും, എതവസ്ഥയിലും നാഥനെ കണ്ടുമുട്ടാന്‍ തയ്യാറുമായിരിക്കും. അത്തരക്കാര്‍ക്കുള്ള അല്ലാഹുവിന്‍റെ സ്വാഗതവചനം ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം."ഹേ സമാധാനമടഞ്ഞ ആത്മാവേ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് ത്രിപ്തിപ്പെട്ടുകൊണ്ടും ത്രിപ്തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകാള്ളുക"(89-27-30).
No comments:
Post a Comment