Thursday, April 17, 2014

മനസ്സും പിശാചും



قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ
(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. (27:65)
يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ
കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു. (40:19)
നമ്മുടെ മനസ്സിലുള്ളത് നമുക്കല്ലാത്തവര്‍ക്ക് ഗൈബ് ആണ്,    മനുഷ്യരുടെ മനസ്സിലുള്ളത് ചുണ്ടുകളുടെ ചലനം മൂലമോ പ്രവാചകന്‍മാര്‍ക്ക് അല്ലാഹു അറിയിച്ചു കൊടുക്കുകയോ ചെയ്താലല്ലാതെ മലക്കിനൊ പിശാചിനോ അടക്കം മറ്റൊരു സൃഷ്ടിക്കും അറിയുക സാധ്യമല്ല. എന്നാല്‍ ഇയ്യടുത്ത കാലത്തായി ചിലയാളുകള്‍ തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പലതും പറയുന്ന കൂട്ടത്തില്‍ പിശാചിന് മനസ്സിലെ ഗൈബ് അറിയാമെന്നു വാദിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് അലീമുന്‍ ബി ദാതിസ്സുദൂര്‍, ആലിമുല്‍ ഗൈബ്, തുടങ്ങിയവ അല്ലാഹുവിന്‍റെ മാത്രം സിഫത്തുകളില്‍ പിശാചിനെ പങ്കു ചേര്‍ക്കല്‍ കൂടിയാണ്.

         എങ്കില്‍ നന്‍മ തിന്‍മകള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ എങ്ങിനെയാണ് ഓരോ മനുഷ്യരുടെയും നന്‍മ തിന്‍മകള്‍ രേഖപ്പെടുത്തുന്നതും ഒരു നല്ല കാര്യം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ തന്നെ അത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പോലും അതിന്‍റെ പ്രതിഫലം രേഖപ്പെടുത്തുക എന്നും ചിന്തിക്കുന്നവരുണ്ടാകും. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസില്‍, അല്ലാഹു, ഒരാള്‍ ഒരു നന്‍മ ചെയ്യാന്‍ വിചാരിക്കുകയും എന്നാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും അയാള്‍ക്ക്, ആ നല്ല നിയ്യത്തിനു പകരം ഒരു നന്‍മ രേഖപ്പെടുത്തുകയും, അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ 10 മുതല്‍ 700 ഇരട്ടി വരെ നല്‍കുമെന്നും ഒരു തിന്‍മ ചെയ്യാന്‍ ഉദ്ദേശിക്കുകയും ശേഷം അതില്‍ നിന്ന് പിന്തിരിയുകയും ചെയ്‌താല്‍ ഒരു നന്‍മ മുഴുവനായി നല്‍കുകയും എന്നാല്‍ അതനുസരിച്ച് അവന്‍ ആ തിന്‍മ ചെയ്യുന്നതായാല്‍ അവന്‍റെ മേല്‍ ഒരു തിന്‍മ യായി അത് രേഖപ്പെടുത്തുകയും ചെയ്യും എന്ന് പറയുന്നു. അപ്പോള്‍ ഈ മനുഷ്യന്‍ ചെയ്യാന്‍ വിചാരിക്കുന്ന നന്‍മയും തിന്‍മയും മലക്കുകള്‍ അറിഞ്ഞാലല്ലേ അതിനെ കുറിച്ച് പ്രതിഫലം രേഖപ്പെടുത്താന്‍ കഴിയൂ, അപ്പോള്‍ മലക്കുകള്‍ മനുഷ്യന്‍റെ മനസ്സിലെ ഗൈബ് അറിയുമോ എന്ന് ചിലര്‍ ചോദിക്കാറുണ്ട്.

روى البخاري (6491) ومسلم (131) عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فِيمَا يَرْوِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ : ( إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً ) .
ഇബ്നു ഹജര്‍ ( ) ഫതഹുല്‍ ബാരിയില്‍, ഹദീസ് വിവരിച്ചു കൊണ്ട് ഒന്നാമത്തെ പ്രബലമായ അഭിപ്രായമായി പറയുന്നത് അബീ ഉമ്രാനുല്‍ ജൂനിയില്‍ നിന്ന് ബിന്‍ അബീ അദ്ദുനിയ പറയുന്നു ''അല്ലാഹു മലക്കുകളോട് ഇന്നയാള്‍ക്ക് വേണ്ടി ഇന്നകാര്യത്തിനു ഇങ്ങനെ അജ്ര് എഴുതാന്‍ പറയും, അപ്പോള്‍ മലക്കുകള്‍ ചോദിക്കും, യാ റബ്ബ്, അവന്‍  അങ്ങിനെ ഒന്നും പ്രവര്ത്തിചിട്ടില്ലല്ലോ ?, അപ്പോള്‍ അല്ലാഹു പറയും അവന്‍ മനസ്സില് അത് ചെയ്യാന്‍ കരുതിയിരുന്നു എന്ന്.

(عن أبي عمران الجوني ، قال : ينادى الملك اكتب لفلان كذا وكذا ، فيقول يا رب : إنه لم يعمله ، فيقول : إنه نواه . )  

ഇതില്‍ നിന്ന് മനസ്സിലാകുന്നത്‌ നന്‍മ തിന്‍മകള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ക്ക് പോലും മനുഷ്യന്‍ മനസ്സില്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് അറിയില്ല, അല്ലാഹു വെളിപ്പെടുത്തിയാലല്ലാതെ എന്നാണു.

മറ്റൊരു അഭിപ്രായമായി പറയപ്പെടുന്നു എന്ന് പറഞ്ഞു വീണ്ടും കൊടുക്കുന്നത് ''എന്നാല്‍ തിന്മയായ വിചാരങ്ങള്‍ ചീത്ത ഗന്ധമായും മായും നല്ല വിചാരങ്ങള്‍ സുഗന്ധമായും മനസ്സില് നിന്ന് പുറപ്പെടുകയും അത് മലക്കുകളിലെത്തുകയും ചെയ്യുമെന്നു അബീ മഎശര്‍ അല്‍ മദനിയില്‍ നിന്ന് ത്വബരിയും അത് പോലെ സുഫ് യാനു ബിനു ഉയയ്നയില്‍ നിന്നും വന്നിട്ടുണ്ട് എന്നാണു. ഇപ്രകാരം ഒരു ചീത്ത കാര്യം ചെയ്യാന്‍ മനസ്സില്‍ വിചാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം പിശാചു തിരിച്ചറിഞ്ഞു അതിലേക്ക് അവനെ പ്രേരിപ്പിക്കുകയും അത് ഭംഗിയാക്കാന്‍ ന്യായീകരണങ്ങള്‍ നിരത്തുകയും ചെയ്യും.

 ശൈഖുല്‍ ഇസ്ലാമിനോട് ഇതേ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ മുകളിലെ സുഫിയാനു ബിനു ഉയയ്ന യുടെ വാക്കുകള്‍ കൊടുത്ത ശേഷം അല്ലാഹു തന്‍റെ അടിമയുടെ മനസ്സിലുള്ളത് അവനുദ്ധേശിച്ച പോലെ മലക്കുകളെ അറിയിക്കാന്‍ കഴിവുള്ളവനാണ്‌ എന്നാണു പറയുന്നത് (മജ്മൂഅ അല്‍ഫതാവ). എന്തായാലും മനുഷ്യന്‍റെ മനസ്സിലെ അവന്‍ വാക്കായോ മറ്റോ മറ്റാരോടും പറയാത്ത രഹസ്യങ്ങള്‍ അല്ലാഹു അല്ലാതെ ഒരു സൃഷ്ടിക്കും അറിയാമെന്നതിനു ഒരു പ്രമാണവും ശരിയായി വന്നിട്ടില്ല.

എന്നാല്‍ ഓരോ മനുഷ്യനോടോപ്പവും നന്‍മകള്‍ ഉപദേശിച്ചു കൊണ്ട് മലക്കില്‍ പെട്ട ഒരു കൂട്ടുകാരനും (കരീന്‍ ) തിന്‍മകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ട് ജിന്ന് വര്‍ഗത്തിലെ പിശാചില്‍ പെട്ട ഒരു കൂട്ടുകാരനും മരണം വരെ വേര്‍പിരിയാതെ ഉണ്ടാകുമെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നതാണ്.
മനുഷ്യന്‍റെ മനസ്സ് എന്നത് പ്രകൃത്യാ തന്നെ നിരന്തരം തിന്മ കൊണ്ട് കല്‍പിച്ചു കൊണ്ടേയിരിക്കുന്നു എന്ന് ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കാം...
إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ إِلَّا مَا رَحِمَ رَبِّ

തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ. (12:53) കൂടാതെ ഹദീസില്‍ വന്ന പ്രവാചകന്‍ കല്‍പിച്ച ദുആയിലും പിശാചിനെ കൂടാതെ മനസ്സിന്റെ ശര്റില്‍ നിന്ന് അല്ലാഹുവോട് കാവല്‍ ചോദിക്കുന്നത് കാണാം...

اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ، فَاطِرَ السَّمَوَاتِ وَالأَرْضِ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَنْ لاَ إِلَهَ إِلأَّ أَنْتَ، أَعُوذُ بِكَ مِنْ شَرِّ نَفْسِي، وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أقْتَرِفَ عَلَى نَفْسِي سُوءًا، أَوْ أَجُرَّهُ إِلَى مُسْلِمْ،

ആരെങ്കിലും ആരാധനയിലും പുണ്യ പ്രവര്‍ത്തികളിലും മുഴുകി കൊണ്ടും നിഷിദ്ധങ്ങള്‍ക്ക് നേരെ ക്ഷമ പാലിച്ചു കൊണ്ടും അല്ലാഹുവിന്‍റെ കല്‍പനകള്‍ മുറുകെ പിടിക്കുന്നുവോ, അത്തരം മനസ്സുകള്‍ 'ഖല്‍ബുന്‍ മുതുമഇന്ന്', അഥവാ, സമാധാനമടഞ്ഞ മനസിന്‍റെ ഉടമകളാവുന്നു. അവര്‍ക്ക് അല്ലാഹുവിങ്കല്‍ ഉന്നത പ്രതിഫലവുമുണ്ട്‌. എന്നാല്‍ ഇടയ്ക്കിടയ്ക്ക് ദെഹേച്ചക്ക് വഴങ്ങിയും പിശാചിന്‍റെ പ്രേരണ മൂലവും തെറ്റ് ചെയ്യുന്നവര്‍, അവര്‍ സത്യവിശ്വാസികള്‍ ആണെങ്കില്‍ ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുകയും തെറ്റിലേക്ക് നീങ്ങിയ മനസ്സിനെ സ്വയം  ആക്ഷേപിക്കുകയും ചെയ്യും. ഇതാണ് നഫ്സുല്‍ ലവ്വാമ എന്ന് അല്ലാഹു വിശേഷിപ്പിച്ച, ആക്ഷേപിക്കുന്ന മനസ്സ്. എന്നാല്‍ തെറ്റുകളില്‍ ആണ്ടു പോയി ഒരു വീണ്ടു വിചാരവും നടത്താത്ത കടുത്തു പോയ മനസ്സുകളെ 'ഖല്‍ബുന്‍ മയ്യിത്ത് എന്ന് പറയുന്നു. അല്ലാഹു അത്തരം മനസ്സുകളില്‍ നിന്ന് കാത്തു രക്ഷിക്കട്ടെ.

       ചുരുക്കത്തില്‍ മനുഷ്യനെ തെറ്റിലേക്ക് പ്രേരിപ്പിക്കുന്നതും എപ്പോഴും കൂടെയുള്ള പിശാചില്‍ പെട്ട കരീനും മനസ്സുമാണ്. ഇവിടെ മനസ്സിലാക്കേണ്ടത് എല്ലാ മനുഷ്യന്‍റെയും മനസ്സു, ഒരേ സമയം നല്ലതും ചീത്തയും ആവ്ശ്യപ്പെട്ടുന കൊണ്ടേയിരിക്കും മനുഷ്യന്‍റെ പ്രകൃത്യായുള്ള ആഗ്രഹങ്ങള്‍ക്കും ശീലങ്ങള്‍ക്കും അനുസരിച്ച് സഞ്ചരിക്കുന്ന പ്രകൃതിയിലാണ് മനസ്സിന്‍റെ സൃഷ്ടിപ്പ്. ചെറു പ്രായം തൊട്ടു ഒരാള്‍ വളരുന്ന സാഹചര്യവും കൂട്ടുകെട്ടും അവന്‍റെ ഇത്തരം ശീലങ്ങളെ സ്വാദീനിച്ചു തുടങ്ങും. തിരിച്ചറിവിന്‍റെ പ്രായമെത്തുന്നതോടെ, തെറ്റുകള്‍ ചെയ്യുമ്പോള്‍, അതിനെ കുറിച്ച് മനസ്സ് ചിന്തിച്ചു തുടങ്ങുമ്പോള്‍, ആദ്യമാദ്യം ശക്തിയായി തന്നെ അതിനെതിരായുള്ള ചിന്തകളും മനസ്സില്‍ ഉണ്ടാകും.  അത്തരം തെറ്റായ ചിന്തകള്‍ക്ക് കടിഞ്ഞാണിടുകയും അങ്ങിനെ മനസ്സിന്‍റെ പ്രകൃത്യാ ഉള്ള സ്വാധീന വലയത്തില്‍ നിന്ന് പുറത്തു കടക്കുകയും ചെയ്യുന്നവരെ കുറിച്ചാണ്  ഇച്ചാശക്തിയുള്ളവര്‍ 'വില്‍ പവര്‍' ഉള്ളവര്‍ എന്നൊക്കെ പറയുന്നത്. ഇത് ഒരാളുടെ മനസ്സിന്‍റെ വികാരത്തിന്‍റെ മേല്‍ അയാളുടെ മനസ്സിന്‍റെ വിവേകം നിയന്ത്രണം നേടുന്ന അവസ്ഥയാണ്. ഇത് മുസ്ലിംകളിലും അല്ലാത്തവരിലും ഉള്ളത് കൊണ്ടാണ് അമുസ്ലിംകളിലും തെറ്റുകളില്‍ ആണ്ടു പോകാത്തവരെയും തെറ്റുകളില്‍ നിന്ന് പിന്‍മാറുന്നവരെയും കാണുവാന്‍ കഴിയുന്നത്‌. എന്നാല്‍ ഇത്തരം തെറ്റുകള്‍ ശീലമാക്കിയ ആളുകളെ തന്നോടൊപ്പമുള്ള കരീന്‍ ആ തെറ്റുകളെ മുഴുവന്‍ അലങ്കാരമാക്കിയും നിസ്സാരമാക്കിയും തോന്നിപ്പിക്കുകയും അവനെ അതില്‍ തന്നെ തളച്ചിടാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും.

       പിശാചിനു  മനുഷ്യന്‍റെ മനസ്സിലുള്ള രഹസ്യങ്ങള്‍  അറിയുക സാധ്യമല്ല, പിശാചു നമ്മുടെ മനസ്സില്‍ കരുതിയ ഏതെങ്കിലും നന്‍മകളെ തടയുന്നതോ, ചെയ്യാന്‍ വിചാരിക്കുന്ന തെറ്റിനെ ഭംഗിയാക്കുന്നതോ മനസ്സിലെ ആരോടും വെളിപ്പെടുത്താത്ത രഹസ്യം പിശാചു അറിഞ്ഞിട്ടല്ല, അങ്ങിനെ സൂചന നല്‍കുന്ന ഒരു പ്രമാണവും ഇല്ല തന്നെ. മറിച്ചു, പിശാചു മനുഷ്യന്‍റെ, തിന്‍മയിലേക്ക് പ്രേരിപ്പിച്ചു കൊണ്ടീയിരിക്കുന്ന   സന്തത സഹചാരിയാണ് എന്നത് കൊണ്ട് തന്നെ, അവന്നു ആകെ ചെയ്യാനുള്ളത് എപ്പോഴും ഇയാളെ തെറ്റിലേക്ക് ക്ഷണിച്ചു കൊണ്ടേയിരിക്കുക എന്നത് മാത്രമാണ്.  ഒരാളുടെ കൂടെ ജനനം മുതല്‍ അയാളോടൊപ്പമുള്ള ജിന്നില്‍ പെട്ട കരീനിനു, മറ്റാരേക്കാളും നന്നായി അയാളുടെ പ്രവര്‍ത്തികളും ദേഹേച്ചകളും അറിയാന്‍ കഴിയുന്നു. അത് കൊണ്ട് ഓരോ വ്യെക്തിക്കുമനുസരിച്ചു അവരവര്‍ക്ക് താല്‍പര്യം ഏറെയുള്ള നിഷിദ്ധങ്ങളിലേക്ക് അവരെ പ്രേരിപ്പിക്കുകയും ആ തിന്‍മയെ ഭംഗിയാക്കി തോന്നിക്കുകയും ചെയ്യുക എന്നത് അവന്‍ ഒരിക്കലും ഉപേക്ഷിക്കാത്ത പ്രവര്‍ത്തിയാണ്.

വിശ്വാസിയായ  ഒരാള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ സാധാരണ എന്തൊക്കെ ചെയ്യുമെന്ന് ഈ കരീന്‍ മനസ്സിലാക്കുന്നു. ബാങ്ക് കേട്ടാല്‍ പള്ളിയില്‍ പോകുമെന്നും, വാഹനത്തിലോ വീട്ടിലോ മത പ്രഭാഷണം കേള്‍ക്കുമെന്നും, ഖുര്‍ആന്‍ പഠിക്കും ഹദീസ് പഠിക്കും തുടങ്ങി ഒഴിവു സമയങ്ങള്‍ എങ്ങിനെ വിനിയോഗിക്കുന്നു എന്ന് തുടങ്ങി ഇയാളുടെ ദൌര്‍ബല്യങ്ങള്‍ എന്തൊക്കെയാണ് എന്നുവരെ എല്ലാ കാര്യങ്ങളും കാലങ്ങളായി ഒപ്പമുള്ള   കരീന്‍  അറിയാവുന്നത് കൊണ്ട് തന്നെ, ഇയാളുടെ ദൌര്‍ബല്യങ്ങള്‍ മനസ്സിലാക്കി അതിലൂടെ തെറ്റുകളിലേക്ക് പ്രേരണ നല്‍കും. എന്നാല്‍ പിശാചിന്‍റെ ഈ കുതന്ത്രം മനസ്സിലാക്കി, അല്ലാഹുവില്‍ ശരണം തേടുന്നതോടെ പിശാചു ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിഞ്ഞു, അടുത്ത അവസരം കാത്തിരിക്കും.

           സുബ്ഹി ബാങ്ക് കേട്ട് ഉറക്കത്തില്‍ നിന്ന് ഉണരാന്‍ ശ്രമിക്കുമ്പോള്‍ കുറച്ചു കൂടി ഉറങ്ങാം എന്ന് തോന്നിപ്പിക്കുന്നതും, ഫൈസ് ബുക്കില്‍ ഇരിക്കെ ബാങ്ക് കേള്‍ക്കുമ്പോള്‍ കുറച്ചു കൂടി ഇരുന്നു മറുപടി കൊടുക്കാം, ദഅവത്തല്ലേ എന്നൊക്കെ തോന്നിച്ചു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും, ഏതെങ്കിലും ദീനീ സംരംഭത്തിന് സഹായം ചോദിച്ചു ആരെങ്കിലും വരുമ്പോഴോ അത്തരം ആഹ്വാനം ഉണ്ടാകുമ്പോഴോ, മറ്റു അത്യാവശ്യവും അനാവശ്യവുമായ ചിലവുകളെ കുറിച്ചും, വരുമാനക്കുറവിനെ കുറിച്ചും ഓര്‍മപ്പെടുത്തി പിന്തിര്‍പ്പിക്കാന്‍ ശ്രമിക്കുന്നതും, ഈണമുള്ള പാട്ട് കേള്‍ക്കുമ്പോള്‍ അതിനു മാധുര്യം തോന്നിക്കുന്നതുമെല്ലാം ഇവന്‍റെ തന്ത്രങ്ങളില്‍ പെട്ടതാണ്. ആളുകളുടെ സ്വഭാവത്തിനനുസരിച്ച് പിശാചു തന്‍റെ സൂത്രങ്ങളിലും വെത്യാസം വരുത്തിയാണ് ദുര്‍ബോധനം നടത്തുക. ധര്‍മ്മിഷ്ടനായ ഒരാളോട് പിശാചു ഇപ്പോഴും ചെയ്യുന്ന ദുര്‍ബോധനം ധര്‍മ്മം ചെയ്യുന്നത് തടയുന്നതിന് പറ്റിയ നിലക്കായിരിക്കും.
  അല്ലാഹു പറഞ്ഞല്ലോ പിശാചു ദാരിദ്ര്യത്തെക്കുറിച്ച് നിങ്ങളെ  പേടിപ്പിക്കുമെന്ന്..
(2:268) الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُم بِالْفَحْشَاءِ

എന്നാല്‍ സ്വതവേ പിശുക്കനായ ഒരാളോട് ആ വിഷയത്തിലാവില്ല പിശാചിന്‍റെ പ്രധാന ദുര്‍ബോധനം. ശിര്‍ക്ക് ചെയ്യുന്ന ഒരാളോട് ആ ചെയ്യുന്നത് ഭംഗിയാക്കി തോന്നിക്കുന്നതും, കള്ളുകുടിയനും സംഗീതം ഇഷ്ടപ്പെടുന്നവനും അതിനെ ഒക്കെ സാമന്യവല്‍ക്കരിച്ചും ന്യായീകരണങ്ങള്‍ നിരത്തി അതില്‍ ഉറപ്പിച്ചു നിര്‍ത്താനും പിശാചു പ്രേരിപ്പിക്കും..

            എല്ലാം എല്ലാം ഈ അക്രമിയായ സൂത്രക്കാരന്‍റെ കെണികള്‍ തന്നെ.   സ്വാതികനായ ഒരാളെ വ്യെഭിചാരത്തിലേക്ക് എത്തിക്കാന്‍ തുടക്കം തന്നെ പെണ്ണിനെ കുറിച്ച് മോഹം തോന്നിപ്പിക്കുകയല്ല, മറിച്ചു അവളുമായി ഒറ്റക്കാകാനുള്ള എന്തെങ്കിലും സൂത്രപ്പണിയാകും അവന്‍ ആദ്യം തോന്നിക്കുക. എന്നിട്ട് ക്രമേണ വ്യെഭിചാരത്തില്‍ എത്തിക്കുക എന്നതാകും പിശാചിന്‍റെ സൂത്രം. അത് കൊണ്ടാണ് പ്രായ പൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും ഒറ്റക്കാകുന്നത് ഇസ്ലാം വിലക്കിയത്. ഇമാം ഇബ്ന്‍ ഹജര്‍ (റ)  ഉദ്ദരിച്ച സ്വാതികനായ ഒരാള്‍ ശിര്‍ക്ക് ചെയ്തു മരിക്കാന്‍ ഇടയായ സംഭവം തുടങ്ങിയത്, സഹോദരന്‍മാര്‍ ദൂരേക്ക്‌ പോകുന്ന അവസരത്തില്‍ ശ്രദ്ധിക്കാന്‍ ഏല്‍പിച്ച അയല്‍പക്കത്തെ ഒറ്റക്കായ പെണ്ണിനെ വീട്ടിലേക്കു ക്ഷണിച്ചു അവള്‍ക്ക് ഉപകാരം ചെയ്യാന്‍ തോന്നിച്ചു കൊണ്ടുള്ള രീതിയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. അത്തരം കെണിയില്‍ നിന്ന് മുക്തമാകാന്‍ എപ്പോഴും അല്ലാഹുവേ കുറിച്ചുള്ള സ്മരണകളും അല്ലാഹുവും പ്രവാചകനും അറിയിച്ചു തന്ന മുന്നൊരുക്കങ്ങളും മാത്രമേ വഴിയായുള്ളൂ. 

അല്ലാഹു പറയുന്നത് കാണുക..:


وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّـهِ ۚ إِنَّهُ سَمِيعٌ عَلِيمٌ ﴿٢٠٠ إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ ﴿٢٠١


( പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍കാഴ്ചയുള്ളവരാകുന്നു.: അഎറാഫ് 200- 201) ഈ ശരണം തേടല്‍ 'അഊദ് ബില്ലാഹി മിനശ്ശൈത്താനി റജീം' എന്ന് പറയലാകുന്നു എന്ന് നബി വചനത്തില്‍ കാണാം. നിസ്കാരത്തില്‍ ആയാല്‍ പോലും ഇത് സ്വയം കേള്‍ക്കുന്ന ശബ്ദത്തില്‍ ചൊല്ലുകയും ഇടതു വശം തിരിഞ്ഞു മൂന്നു വട്ടം പാറ്റി തുപ്പുകയും ചെയ്യണം എന്ന് സ്വഹീഹായി ഹദീസുകളില്‍ കാണാം. ഇത് പിശാചിനോടുള്ള വെറുപ്പു പ്രകടിപ്പിക്കലാണ്. കേവലം മനസ്സില്‍ സ്മരിക്കുക എന്നത് കൊണ്ട് പിശാചു പോകുമായിരുന്നെങ്കില്‍ ഇവ്വിദം കല്‍പിക്കുമായിരുന്നില്ല. മാത്രമല്ല, ഇങ്ങനെ മനസ്സിലുള്ളത് പിശാചിന് അറിയാമായിരുന്നെങ്കില്‍ മനസ്സില്‍ കരുതിയാല്‍ മതി എന്ന് അല്ലാഹുവും പ്രവാചകനും ഇസ്തി ആദയെക്കുറിച്ച് പറഞ്ഞു തരികയും ചെയ്തേനെ....
               അല്ലാഹുവേ സ്മരിക്കുന്ന മനസ്സില്‍ ഒരു കാരണവശാലും പിശാചിന് കയറാന്‍ കഴിയില്ല. സ്വാഭാവികമായും ഒരാള്‍ അല്ലാഹുവേ കുറിച്ച് ഓര്‍ക്കുമ്പോള്‍ പിശാചു ദുര്‍ബോധനം നിര്‍ത്തി പോകേണ്ടി വരും. മാത്രമല്ല, ഇസ്ലാമില്‍ അല്ലാഹുവേ സ്മരിക്കുക എന്നത്  കൊണ്ടുദ്ധേശം അല്ലാഹുവേ ഓര്‍ത്തു ധ്യാനത്തില്‍ ഇരിക്കുക എന്നതല്ല, അങ്ങിനെ പ്രവാചക ചര്യയിലോ സ്വഹാബാക്കളുടെ പ്രവര്‍ത്തി കളിലോ കാണാന്‍ കഴിയില്ല. എന്നാല്‍ ദൈവ സ്മരണ നില നിര്‍ത്തുന്ന  ഇസ്ലാമിക രീതി,  ഒരാള്‍ ദിക്റുകളും നിസ്കാരങ്ങളും വര്‍ദ്ധിപ്പിക്കുകയും ഖുര്‍ആന്‍ പാരായണത്തിലും മറ്റു പുണ്യ കര്‍മങ്ങളില്‍ ഒന്നിന് പിറകെ ഒന്നിലായി കൊണ്ട് ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ഒക്കെയും പിശാചിന് ഇടമില്ലാത്ത വിധം തിരക്കിലായിരിക്കും. ഇനി കുടുംബത്തോടും സുഹൃത്തുകളോടും സല്ലപിക്കുന്ന സദസ്സുകള്‍ ആണെങ്കില്‍ പോലും അവിടെ അല്ലാഹുവേ സ്മരിക്കുന്ന കാര്യങ്ങള്‍ ഇടയ്ക്കു ഉണ്ടാകുകയും ചെയ്യും, അങ്ങിനെയാകണം എന്നാ പ്രവാചക കല്‍പന ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

 മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഒരാള്‍ തന്‍റെ വീട്ടിലേക്കു പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവേ സ്മരിച്ചാല്‍ പിശാചു ഇന്നേ ദിവസം ഈ വീട്ടില്‍ താവളമോ ഇവിടെ നിന്ന് ഭക്ഷണമോ ഇല്ല എന്ന് പറഞ്ഞു പോകും എന്ന് പ്രവാചകന്‍ പറഞ്ഞതായി വന്നിട്ടുണ്ട്. ഇവിടെ ഒരാള്‍ ബിസ്മില്ലാഹ് എന്ന് പറയുന്നത് കേള്‍ക്കുന്നതിലൂടെയാണ് പിശാചു അല്ലാഹുവേ സ്മരിച്ചു എന്നതറിയുന്നത്‌.  ചുരുക്കത്തില്‍ പിശാചിനെ അനങ്ങാന്‍ കഴിയാത്ത വിധം അകറ്റി നിര്‍ത്തി കൊണ്ടായിരിക്കും ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ ജീവിതത്തിന്‍റെ നിഖില മേഖലകളിലെയും ദിനചര്യകള്‍ മുഴുവന്‍ എന്നര്‍ത്ഥം. ആരാധനാ കര്‍മങ്ങളില്‍ അല്ലാത്ത, നമ്മള്‍ സാധാരണയായി ചെന്നെത്തുന്നിടത്തോക്കെ പിശാചില്‍ നിന്ന് കാവല്‍ ചോദിച്ചു കൊണ്ടുള്ള വിവിധ പ്രാര്‍ത്ഥ നകള്‍ പഠിപ്പിച്ചതും ഈയൊരു ലക്ഷ്യത്തില്‍ തന്നെയാണെന്ന് മനസ്സിലാക്കാം. മാത്രമല്ല, മനസ്സിലെ രഹസ്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രമാണ് എന്നും അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യെക്തമാകുന്നു.

അത് കൊണ്ട് തന്നെ പിശാചിനെ കുറിച്ച് അല്ലാഹു നല്‍കിയ മുന്നറിയിപ്പുകള്‍ ഗൌരവത്തില്‍ എടുക്കുകയും പിശാചിനെ നിന്ദ്യനും നമ്മുടെ ആജന്മശത്രുവുമാണ് എന്ന് തിരിച്ചറിയുകയും, അവന്‍റെ കെണികളെ പേടിക്കുകയും അതില്‍ നിന്ന് അല്ലാഹുവിനോട് സദാ കാവല്‍ തേടുകയും ചെയ്യുന്നതിന് പകരം, അവന്‍റെ കെണികള്‍ നിസ്സാരവല്‍കരിച്ചും, അവനില്ലാത്ത, മനസ്സിലെ ഗൈബ് അറിയാമെന്നും അഭൌതിക കഴിവിന്‍റെ ഉടമയാണ് എന്നും പറഞ്ഞു അവന്‍റെ ഗര്‍വ് വര്‍ദ്ധിപ്പിക്കുന്ന പ്രവത്തികളില്‍ നിന്ന് മുസ്ലിംകള്‍ വിട്ടു നില്‍ക്കണം എന്നാണു ഓര്‍മിപ്പിക്കാനുള്ളത്. 



അല്ലാഹു തൌഹീദിന്‍റെയും സുന്നത്തിന്‍റെയും വ്യാപനത്തെ തടയുന്ന, മനസ്സുകള്‍ ഭിന്നിപ്പിക്കുന്ന എല്ലാ പിശാചുക്കളില്‍ നിന്നും അവന്‍റെ സഹായികളില്‍ നിന്നും നമ്മെ രക്ഷിക്കട്ടെ....

Wednesday, April 9, 2014

ആദര്‍ശം വിട്ട കോക്കസും വിറളി പിടിക്കുന്ന മുരീദുകളും.....


മുജാഹിദുകള്‍ ലജ്ജിക്കുക !!!
                                           =-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
          നാട്ടിലെ ചില നഗരങ്ങളില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വഴി നടക്കുന്ന ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ വെച്ച് ഔറത്ത് വെളിയില്‍ കാണിക്കുന്ന ചില മനോരോഗികളെ കാണാറുണ്ട്‌. അറപ്പ് തോന്നിക്കുന്ന രീതിയില്‍ ആഭാസം വിശദീകരിച്ചു വഅളു പറയുന്ന ചില ഖുറാഫി മുസ്ല്യാക്കന്‍ മാരുമുണ്ട്. എന്നാല്‍ അത്തരക്കാര്‍ കേരളത്തിലെ ഒരു നൂറ്റാണ്ടു കാലം മലയാളികളെ തൌഹീദും സുന്നത്തും സംസ്കാരവും പഠിപ്പിച്ചിരുന്ന മുജാഹിദ് പ്രസ്ഥാനത്തിലും കടന്നു കൂടി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന്‍റെ ഒന്നാന്തരം തെളിവാണ് ചുവടെ...



              ഒരു മനുഷ്യന്‍റെ സംസ്കാരം രൂപപ്പെടുന്നത് വളര്‍ന്നു വരുന്ന ചുറ്റുപാടില്‍ നിന്നും സ്വീകരിച്ച ആദര്‍ശത്തിനും അനുസരിച്ചാണ്. മകന്‍റെ പ്രായമുള്ള, കൌമാരം കഴിയാത്ത ബാസിലിനു പബ്ലിക്കായി റഹമാന്‍ സായിവ്‌,  എഴുതിയ മുകളിലെ മറുപടിയില്‍ ഒന്നാം ഖണ്ഡികയില്‍ കൊടുത്തത് പോലുള്ള പ്രയോഗം എങ്ങിനെ വന്നു എന്ന്, അബ്ദു റഹിമാന്‍ സലഫി മുന്‍പ് നടത്തിയ ശരീരത്തിലെ ഒരു പ്രത്യേക ഭാഗം നക്കി എന്നതില്‍ നിന്നും, മജീദ്‌ ഡോക്ടര്‍ കടപ്പുറത്ത് വെച്ച് മുന്നിലുള്ള സ്ത്രീകളടങ്ങിയ സദസ്സിലേക്ക് വിളമ്പിയ അസഭ്യങ്ങളില്‍ നിന്നും തിരിച്ചറിവ് കിട്ടിയവര്‍ സംശയിക്കാന്‍ ഇടയില്ല. പക്ഷെ ബാക്കിയാവുന്ന സംശയം ഇത് ക്രമേണ ആസ്വദിക്കുന്ന ഒരു വിഭാഗമായി ഒപ്പമുള്ളവരൊക്കെ എങ്ങിനെ മാറി എന്നതാണ്.

         ബാസില്‍, അബ്ദുല്‍ ഗഫൂര്‍ സലഫിയും അബുല്‍ ഖാദര്‍ മൌലവിയും പറഞ്ഞ, മുജാഹിദ് പ്രസ്ഥാനത്തില്‍ ആരും ശിര്‍ക്ക് ചെയ്യുന്നവരോ പ്രചരിപ്പിക്കുന്നവരോ ഇല്ല, തൌഹീദ് പ്രചരിപ്പിക്കാന്‍ ജീവന്‍ പോലും കണക്കിലെടുക്കാതെ തൌഹീദ് പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുന്നവരാണ് എന്നതും പച്ചയായ യാഥാര്‍ത്ഥ്യം ആണെന്ന് മനസ്സിന് മൂടി വെക്കപ്പെടാത്ത ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നതാണ്. അത് കൊണ്ടാണ് ഇപ്പോഴും ഹെല്‍മെറ്റ്‌ ധരിച്ചു കൊണ്ട് തൌഹീദ് പറയേണ്ടി വരുന്നതും, തൌഹീദ് പറയുന്നതിന്‍റെ പേരില്‍ ബോംബേറ് കൊണ്ട് മാസങ്ങള്‍ ആശുപത്രി കിടക്കയില്‍ കഴിയേണ്ടി വരുന്നതും. ആ ആവേശം അതെ അളവില്‍ നെഞ്ഞിലേറ്റിയതു കൊണ്ടാണ്, ബാസിലിന്‍റെ  ഉപ്പയായ സി പി സലീമും വൈകുന്നേരം വരെ ജീവിക്കാനായി അദ്ധ്വാനിക്കുകയും, അത് കഴിഞ്ഞു പാതിരാത്രി വരെ തൌഹീദും സുന്നത്തും പ്രചരിപ്പിക്കാനും, ശിര്‍ക്കും ബിദ്അത്തും ഹദീസ് നിഷേധവും പ്രതിരോധിക്കാനും കഴിയാവുന്ന എല്ലാ മാര്‍ഗത്തിലൂടെയും പരിശ്രമിക്കുന്നത്. അല്ലാതെ ഏതെങ്കിലും സംഘടനാ സെറ്റപ്പില്‍ പടുത്തുയര്‍ത്തിയ ഷോപ്പിംഗ്‌ മാളുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനോ, അന്യന്‍റെ പണം കൊണ്ട് ചുളുവില്‍ ഒപ്പിച്ച ബഹു നില കെട്ടിടങ്ങളുടെ വരുമാനം അവകാശികള്‍ക്ക് വീതിക്കാതെ കയ്യിട്ടു വാരാന്‍ എന്തൊക്കെ ചെയ്യാം എന്നു യോഗം ചേര്‍ന്ന് ആലോചിക്കാനോ അല്ല. അത് പക്ഷെ, അല്ലാഹു പരീക്ഷണമായി നല്‍കിയ സൌകര്യങ്ങള്‍ ഹലാലാണോ ഹറാമാണോ എന്ന് അന്വേഷിക്കാതെ ആവോളം ആസ്വദിച്ചു, വൈകുന്നേരങ്ങളില്‍ ഫ്ലാറ്റിലും വീട്ടിലും സ്വീകരണ മുറികളിലെ അലങ്കരിച്ച ചുമര്‍ നിറഞ്ഞു നില്‍ക്കുന്ന മേത്തരം എല്‍ ഇ ഡി സ്ക്രീനുകളില്‍ പ്രസ്ഥാന അമരക്കാരന്‍ ആശംസകളും പ്രാര്‍ഥനകളും നിര്‍ലോഭം നല്‍കിയ ചാനലുകള്‍ അടക്കം മാറി മാറി ഒപ്പിയെടുത്തു കുളി മുറിയിലെ നീല കണ്ണാടി  നോക്കി താടി രോമങ്ങള്‍ പേരിനു ബാക്കിയാക്കുന്ന സര്‍ക്കുലര്‍ മുജാഹിദുകള്‍ ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല.

            ഒരു കാര്യം ആദം നബിക്കോ സുലൈമാന്‍ നബിക്കോ ശിര്‍ക്കാണ്‌ എങ്കില്‍ അത് അവസാന മനുഷ്യന് വരെ ശിര്‍ക്കും, തൌഹീദ് ആണെങ്കില്‍ തൌഹീദും ആണ്. എന്നാല്‍ ഓരോ സമുദായത്തിനും ഹറാം ഹലാലുകളില്‍ ചില അന്തരങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ കേരളത്തിലെ ചില അകലാനികള്‍ക്ക്, മൌദൂദികളെ പോലെ  കുറച്ചു കാലം തൌഹീദ് ആയതു ഒരു സി ഡി ടവര്‍ യോഗത്തോടെ ശിര്‍ക്കായി മാറും, മുന്‍പ് ശിര്‍ക്കായി പറഞ്ഞതാണെങ്കിലും സ്വന്തക്കാര്‍ ചെയ്യുമ്പോള്‍ തൌഹീദായി വ്യാഖ്യാനിക്കും എന്നാണു 2012 മുതല്‍ ചിലരുടെ വാദങ്ങളും നടപടികളും തെളിയിക്കുന്നത്. അതിനു തൂക്കമൊപ്പിക്കാന്‍ ഇമാമീങ്ങള്‍ രണ്ടു അഭിപ്രായം പറഞ്ഞതും സ്വലാഹി ആദര്‍ശം മാറ്റിയതും തെളിവായി കൊണ്ട് വരികയും ചെയ്യുന്നു. ശാഫി ഇമാമിന്‍റെ ഖദീമായ കൌലും ജദീദായ കൌലും, ശിര്‍ക്കും തൌഹീദും വ്യാഖ്യാനിക്കുന്നതില്‍ ആയിരുന്നില്ല, മറിച്ചു, ഹദീസുകള്‍ ലഭ്യമായതിനനുസരിച്ചു കര്‍മ വിഷയങ്ങളില്‍ വന്ന വെത്യാസമാണ്. എന്നാല്‍  പ്രസ്തുത വിഷയങ്ങളില്‍ സ്വഹീഹായ ഹദീസ് കിട്ടിയപ്പോള്‍ അവര്‍ സ്വാഭാവികമായും പ്രമാണത്തിലേക്ക് മടങ്ങുകയും മുന്‍പ് ഉന്നയിച്ച വാദങ്ങളില്‍ നിന്ന് ഈ പുതിയതായി കിട്ടിയ പ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ പിന്‍മാറുകയും ചെയ്തു. അതെ പോലെ സക്കരിയ്യ സ്വലാഹി മുന്‍പ് സുല്ലമി വലിയ പണ്ഡിതനാണ് എന്ന് കരുതി നടന്ന കാലത്ത്, ചില ഹദീസുകള്‍ സ്വീകാര്യമല്ല എന്ന ധാരണയില്‍ സംഭവിച്ച അബദ്ധം പിന്നീട് സുല്ലമിയുടെ ജഹാലത്താണ് എന്ന് മനസ്സിലാക്കി, പ്രമാണങ്ങള്‍ ഉദ്ധരിച്ചു തിരുത്തി, പറ്റിയ തെറ്റ് ഏറ്റു പറഞ്ഞിരുന്നു. ഇത് പോലെയാണോ മടവൂരികള്‍ ആവര്‍ത്തിച്ചു ശിര്‍ക്കാണ്‌ എന്ന് പറഞ്ഞിട്ടും അതിനെ ഖണ്ഡിച്ചു വര്‍ഷങ്ങള്‍ പ്രസംഗിച്ചത്, മടവൂരികളുടെ അതേ തെളിവ് ഉദ്ധരിച്ചു ശിര്‍ക്കാക്കുന്നത്?.

                മാത്രമല്ല, 2 0 1 2 ഇല്‍ കൃസ്ത്യാനികളുടെ കുമ്പസാരത്തെ ഓര്‍മപ്പെടുത്തുന്ന തരത്തില്‍ അനസ് നടത്തിയ തൌബ നാടകം അല്ലാതെ. അറിഞ്ഞിടത്തോളം അബ്ദുല്‍ ഗഫൂര്‍ മൌലവിയോ അബ്ദുല്‍ ഖാദര്‍ കൊടയത്തൂരോ അത്തരം ഏറ്റു പറച്ചില്‍ നടത്തിയതായി അറിയില്ല.   മടവൂരികള്‍ മുന്‍പ്  ശിര്‍ക്കാണ്‌ എന്ന് പറഞ്ഞു നമ്മെ എതിര്‍ക്കാന്‍ ഉന്നയിച്ച അതെ ആയത്തുകള്‍ ആണ് ഇപ്പോള്‍ ഈ വിഷയം ശിര്‍ക്കാണ്‌ എന്ന് പറയാന്‍ അനസും  ഹനീഫും അബ്ദു റഹിമാന്‍ സലഫിയും പറയുന്നത്. അന്ന് മടവൂരികള്‍ നമ്മുടെ മേല്‍ ശിര്‍ക്കാരോപിച്ചു കവലകള്‍ തോറും പ്രസംഗിച്ചപ്പോള്‍ ഖുര്‍ആനും ഹദീസും ഉദ്ധരിച്ചു ശിര്‍ക്കല്ല എന്ന് സ്ഥാപിക്കാന്‍ മുന്നിലുണ്ടായവരല്ലേ ഇവരൊക്കെ?. അന്ന് മടവൂരികള്‍ ഉന്നയിച്ച അതേ തെളിവുകള്‍ ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് അതെ കാര്യം ശിര്‍കാക്കാന്‍ തെളിവായി ബോധ്യപ്പെട്ടതെങ്കില്‍ അതെങ്ങിനെ ഷാഫി ഇമാം ചെയ്തതിനും സ്വലാഹി തിരുത്തിയതിനും തെളിവാകുക?. അത് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടത് 2012 ഇല്‍ ആണെന്നത് കൊണ്ട് തന്നെ, നിങ്ങളെക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് ബോധ്യപ്പെട്ട മടവൂരികളും സുല്ലമിയുമല്ലേ, ഇപ്പോള്‍ മാത്രം തൌഹീദും ശിര്‍ക്കും ബോധ്യപ്പെട്ട പണ്ഡിതരെക്കാള്‍ എന്ത് കൊണ്ടും കെ ജെ യു നയിക്കാന്‍ യോഗ്യരായുള്ളവര്‍?,

            പിന്നെ അബ്ദുല്‍ ജബ്ബാര്‍ മൌലവി എഴുതിയത് ശിര്‍ക്കാണ്‌ എന്നോ അത് സ്ഥാപിക്കാനാണ് സ്വലാഹി യാ ഇബാദല്ലാഹ്...എന്ന ഹദീസ് കൊണ്ടുവന്നതെന്നോ ഹുസൈന്‍ സലഫി പറഞ്ഞതായി തെളിയിക്കാന്‍ ഖിയാമം വരെ നിങ്ങള്‍ക്ക് കഴിയില്ല. ആ ഹദീസ് ദുര്‍ബലമാണ് എന്നും അത് വെച്ച് അമല്‍ ചെയ്യാനോ ഒരു ഹുകുമു എടുക്കാനോ കഴിയില്ല എന്നതു കൊണ്ട് അത് വെച്ച് ശിര്‍ക്കാരോപിച്ചു നടക്കുകയോ ആളുകള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ടതില്ല, മുന്‍ കാലങ്ങളില്‍ എന്ത് സമീപനമാണോ സ്വീകരിച്ചത് അതില്‍ ഉറച്ചു നില്‍ക്കുക എന്ന അര്‍ത്ഥത്തില്‍ സലഫി പറഞ്ഞ അഭിപ്രായം തന്നെയാണ് മുജാഹിദുകളായ എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ അതിനു വിപരീതമായി,  ആ ഹദീസ് ശിര്‍ക്കിന് തെളിവായി പറഞ്ഞ, സുല്ലമിയല്ലാത്ത ഒരു പണ്ഡിതനെ കാണിക്കാന്‍ കോക്കസ് തല കുത്തി നിന്നാലും കഴിയില്ല. ആ ഹദീസിലുള്ളത് സ്വഹീഹാ ആണെങ്കില്‍ പോലും ജീവിച്ചിരിക്കുന്ന ഹാളിറായവരോടുള്ള ചോദ്യമാണ് എന്നാണു ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ) തൊട്ടു, ഉമര്‍ മൌലവി (റ )യും ഇന്നും ജീവിച്ചിരിപ്പുള്ള ചെറിയ മുണ്ടം അടക്കമുള്ള ലോകത്തെ എല്ലാ സലഫി പണ്ഡിതരും പറഞ്ഞത്. പക്ഷെ, ഹൃദയം മൂടി വെക്കപ്പെട്ട നിങ്ങളെ പോലുള്ളവര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയാത്തത്, അല്ലാഹു അവന്‍റെ തീരുമാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കാണാനേ കഴിയൂ...അല്ലാഹുവില്‍ അഭയം...

അത് കൊണ്ട്, നിങ്ങള്‍ ഈ തരത്തിലുള്ള ആഭാസങ്ങളും കള്ളത്തരങ്ങളും കൂട്ടി കുഴച്ചു പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുക...


പക്ഷെ ചുരുങ്ങിയ പക്ഷം ഇത്തരം സംസ്കാര ശൂന്യമായ പദങ്ങള്‍ ഉപയോഗിച്ച് പൊതു സമൂഹത്തിനു മുന്നില്‍ മുജാഹിദുകളുടെ മുഖം ചീത്തയാക്കാതിരിക്കുക എന്ന കാരുണ്യം എങ്കിലും കാണിക്കുക. കാരണം ഞാനും മുജായിദ് എന്നാണെല്ലോ നിങ്ങളെ പോലുള്ളവര്‍ പറയുന്നത്.