Saturday, June 6, 2015

നജ്ദും പിശാചിന്‍റെ കൊമ്പും - സത്യവിശ്വാസികള്‍ സത്യത്തോടൊപ്പം





നജ്ദും പിശാചിന്‍റെ കൊമ്പും സത്യവിശ്വാസികള്‍ സത്യത്തോടൊപ്പം   
-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-
                മുസ്ലിംകള്‍ 73 വിഭാഗമായി തീരുമെന്നും അതില്‍ ഒരു വിഭാഗം മാത്രമേ സ്വര്‍ഗാവകാശികള്‍ ആവുകയുള്ളൂ എന്നതിലും എല്ലാ മുസ്ലിംകളും യോജിക്കുകയും തങ്ങള്‍ ഒഴികെയുള്ള മറ്റു വിഭാഗങ്ങളാണ് വഴി പിഴച്ചവര്‍ എന്ന് ആരോപിക്കാറുമുണ്ട്. എന്നാല്‍ ഇവരില്‍ ആര് പറയുന്നതാണ് ശരി എന്ന് ആലോചിച്ചു ഒരു സത്യവിശ്വാസിക്ക്‌ ഒരിക്കലും വേവലാതി പ്പെടെണ്ടതില്ല, കാരണം അത് നമുക്ക് മുന്നറിയിപ്പായി പറഞ്ഞു തന്ന പ്രവാചകന്‍ തന്നെ സ്വര്‍ഗാവകാശികളായ വിഭാഗത്തിന്‍റെ പ്രത്യേകതയും പറഞ്ഞു തന്നിട്ടുണ്ട്. അത് ഞാനും എന്‍റെ സഹാബാക്കളും ഇന്ന് ഏതൊരു മാര്‍ഗത്തിലാണോ ആ ചര്യ പിന്തുടരുന്നവരാണ് ഫിര്‍ക്കത്ത് നാജിയ, അഥവാ വിജയിച്ച കക്ഷി എന്ന് സത്യം മാത്രം പറയുന്ന സ്വാദിഖുല്‍ അമീന്‍ മുഹമ്മദ്‌ മുസ്തഫ (സ) വ്യെക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഒരു സത്യവിശ്വാസിക്ക്‌ ബാക്കി ചെയ്യാനുള്ളത് താന്‍ പുണ്യമെന്നു കരുതി ദീനില്‍ ചെയ്യുന്ന അമലുകള്‍ അല്ലാഹുവിന്‍റെ പ്രവാചകനില്‍ നിന്ന് മാതൃകയുണ്ടോ എന്ന് നോക്കുകയും താന്‍ ചെയ്യുന്ന തന്‍റെ ദൈനം ദിന ജീവിത വ്യെവഹാരങ്ങളില്‍ അല്ലാഹു നിഷിദ്ധമാക്കിയ എന്തെങ്കിലും കടന്നു വരുന്നുണ്ടോ എന്ന് നോക്കി, അതില്‍ നിന്നെല്ലാം അകന്നു നിന്ന് പ്രവാചകന്‍ പഠിപ്പിച്ചത് പിന്‍പറ്റുക എന്നത് മാത്രമാണ്. ഈ ഒരു അടിസ്ഥാന തത്വം എടുത്തു വെച്ച് ഇന്ന് ലോകത്ത് മുസ്ലിംകളില്‍ കാണുന്ന നടപടികള്‍ വീക്ഷിച്ചാല്‍ ആരാണ് വഴി പിഴച്ചവര്‍ എന്നും ആരാണ് വിജയിച്ച കക്ഷികള്‍ എന്നും തിരിച്ചറിയാന്‍ കഴിയും. 

                നമ്മുടെ കേരളത്തില്‍ ഇന്ന് സുന്നികള്‍ എന്ന് അറിയപ്പെടുന്ന, അഹല് സുന്നത്ത് വല്‍ ജമാഅത്തിന്‍റെ ആളുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അഹല് സുന്ന വല്‍ ജമാഅത് എന്നതിന്‍റെ അര്‍ത്ഥം എന്തെന്ന് പോലും അറിയാത്തവരാണ് എന്നതാണ് ഖേദകരം. അഹല് സുന്ന എന്ന് വെച്ചാല്‍ 'സുന്ന' അഥവാ ചര്യയുടെ അഹല്കാര്‍ എന്നാണര്‍ത്ഥം. ഇവിടെ ചര്യ എന്നത് കൊണ്ട് ഉദ്ദേശം നമ്മുടെ പിതാക്കളുടെയോ ഉസ്താദ്മാരുടെയോ അവര്‍ ഇമാമീങ്ങള്‍ എന്ന് വിളിച്ചു പരിചയപ്പെടുത്തുന്ന ഏതെങ്കിലും പില്‍ക്കാലക്കാരായ ആളുകളുടെ ചര്യയോ അല്ല, മറിച്ചു, ഹിജാസിന്‍റെ നായകന്‍, ദീന്‍ കാര്യം, വഹ്യിന്‍റെ അടിസ്ഥാനത്തിലല്ലാതെ സ്വേച്ച പ്രകാരം പറയാത്ത മുഹമ്മദ്‌ റസൂലുല്ലാഹി (സ) യുടെ ചര്യയാണ്. വല്‍ ജമാഅത് എന്നത് 'മത്തഫക്കു അസ്ഹാബു റസൂലുല്ലാഹി' അഥവാ ഒരു വിഷയത്തില്‍ സഹാബികളുടെ ഏകോപിച്ച അഭിപ്രായം എന്നാണു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് ഈയാളുകള്‍ ഞങ്ങള്‍ അഹല് സുന്നത്ത് വല്‍ ജമാഅത്തിന്‍റെ ആളുകളാണ് എന്ന് പറയുകയും, അല്ലാഹുവിനു പുറമേ മരിച്ചവരെയും മറ്റും വിളിച്ചു പ്രാര്‍ഥിക്കുകയും അത് ഇലാഹാണ് എന്ന് കരുതാതെയായാല്‍ കുഴപ്പമില്ല എന്ന് ബാലിശമായ വാദം കൊണ്ട് വരികയും അതിന്നായി പ്രവാചകനോ സ്വഹാബത്തോ നല്‍കാത്ത അര്‍ത്ഥം ഖുര്‍ആനിലെ ആയത്തുകള്‍ക്ക് നല്‍കി ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്രവാചകനോ സഹാബത്തോ പഠിപ്പിക്കാത്ത ആചാരങ്ങള്‍ ദീനിന്‍റെ പേരില്‍ കടത്തി കൂട്ടുകയും, അതിനു തെളിവിനായി ദുര്‍ബലമായ അസ്വീകാര്യമായതും കേട്ടിയുണ്ടാക്കപ്പെട്ടതുമായ ഹദീസുകള്‍ തെളിവ് പിടിക്കുകയും ചെയ്യുന്നു. ഇതിനെതിരായി ഖുര്‍ആനും ഹദീസും നമ്മള്‍ തോന്നിയ പോലെ വ്യാഖ്യാനിക്കരുതെന്നും ദുര്‍ബല ഹദീസുകള്‍ കൊണ്ട് അമലുകള്‍ എടുക്കരുത് എന്നുമുള്ള അഹല് സ്സുന്നയുടെ അടിസ്ഥാന വിഷയം തെര്യപ്പെടുത്തി അത്തരക്കാരെ സത്യത്തിലേക്ക് തിരിച്ചു വിളിക്കുന്നവര്‍ പറയുന്ന വിഷയങ്ങള്‍ സത്യസന്ധമായി പരിശോധിക്കുന്നതിന് പകരം, ബാത്വിലിന്‍റെ അനുയായികള്‍ പലപ്പോഴും ഈ രംഗത്ത് ഉദാസീനത കാണിക്കുകയും തങ്ങളുടെ നേതാക്കന്‍മാരും പണ്ഡിതവേഷധാരികളും ഇട്ടു കൊടുക്കുന്ന ബാലിശമായ കള്ളങ്ങളും ദുര്‍വ്യാഖ്യാനങ്ങളും പിടിച്ചു പ്രമാണ വിരുദ്ധമായ തങ്ങളുടെ ആചാരങ്ങള്‍ക്ക് തെളിവ് സ്ഥാപിച്ചെടുക്കാനുള്ള തീവ്രമായ പരിശ്രമത്തിലായി നിലകൊള്ളുന്നതായി കാണാം.

               ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ്, ഖുര്‍ആന്‍ കൊണ്ടോ ഹദീസുകള്‍ കൊണ്ടോ തങ്ങളുടെ ശിര്‍ക്കിനും ബിദ്അത്തിനും തെളിവ് ഇല്ലാതിരിക്കുകയും അതെല്ലാം വ്യെക്തമായ വഴികെടാണെന്ന് പ്രമാണങ്ങള്‍ കൊണ്ട് തന്നെ തെളിയിക്കപ്പെടുകയും ചെയ്യുമ്പോള്‍, അത് ചൂണ്ടിക്കാട്ടുന്നവരെ ഇസ്ലാമിന്‍റെ ശത്രുക്കളാണ് എന്ന രീതിയില്‍ പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചു സത്യം പറയുന്നവരിലെക്ക് ചെവി കൊടുക്കാതിരിക്കാന്‍ യാ കൌമിനെ പ്രേരിപ്പിക്കുന്ന തനിച്ച ജൂതന്‍റെ തന്ത്രം പയറ്റുകയെന്നത്. തങ്ങളുടെ വികല വാദങ്ങള്‍ സാധാരണക്കാരന് മുന്നില്‍ വെളിപ്പെടുമെന്നു ഭയക്കുന്ന പണ്ഡിത വേഷധാരികള്‍, സത്യം പറയുന്നവര്‍ക്ക് അനുയായികള്‍ ചെവി കൊടുക്കാതിരിക്കാന്‍ മന:പൂര്‍വ്വം സത്യവും അസത്യവും കൂട്ടിക്കുഴച്ചും, കാര്യങ്ങള്‍ വളച്ചൊടിച്ചും അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. ദീനില്‍ അവരുടെ പുത്തനാചാരങ്ങള്‍ക്ക് തെളിവ് ഇല്ലെന്നു ബോധ്യമുള്ള അത്തരം പുരോഹിതന്‍മാര്‍ പിശാചിനെ തോല്‍പിക്കുന്ന കുതന്ത്രങ്ങളും കള്ളങ്ങളുമാണ് ഇതിനു ഉപയോഗിക്കുക. അത്തരം ഹീന ശ്രമങ്ങളില്‍ പെട്ടതാണ് ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ) യെ സ്ത്രീലമ്പടനും കള്ളുകുടിയനും ബ്രിട്ടീഷ് ചാരന് സ്വാദീനിക്കാന്‍ മാത്രം നിസ്സാരനായവനുമായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഒരു അടിസ്ഥാനവുമില്ലാത്ത കുറെ നുണകള്‍ മാത്രം നിറച്ച ഒരു തുര്‍ക്കിക്കാരന്‍റെ പുസ്തകം., അത് പോലെ ജമാലുദ്ധീന്‍ അഫ്ഗാനി, മുഹമ്മദ്‌ അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയവരുടെ പ്രമാണ വിരുദ്ധമായ ചില വീക്ഷണങ്ങളും അതിനെ അതെ പടി ഏറ്റെടുത്തു പ്രചരിപ്പിച്ച കേരളത്തിലെ ചിലരുടെ നിലാപാടുകളുമാണ് സലഫി ആശയം എന്ന രീതിയില്‍ പ്രചരിപ്പിക്കാനുള്ള ശ്രമം, ശൈഖ് അബ്ദുല്‍ വഹാബ് (റ) യെ ഖുവൈസിറയുടെ പരമ്പരയില്‍ പെട്ടവനാണ് എന്നും മുസൈലമത്തുല്‍ കദ്ദാബിന്‍റെ നാട്ടില്‍ ജനിച്ചവനാണ് എന്നും പ്രവാചകന്‍ ഫിത്‌ന പുറപ്പെടും എന്ന് പറഞ്ഞ നജ്ദ് ഇന്നത്തെ റിയാദ് ഉള്‍പ്പെടുന്ന നജ്ദ് ആണെന്നുമൊക്കെയുള്ള കള്ള ആരോപണങ്ങള്‍ക്ക് നിദാനം സ്വന്തം വഴികേട്‌ ആളുകള്‍ തിരിച്ചറിയാതിരിക്കാനുള്ള പൊടിക്കൈകള്‍ മാത്രമാണ്.

ശൈഖ് അബ്ദുല്‍ വഹാബ് (റ) യുടെ നസബ് അഥവാ പൈതൃക പരമ്പര.
-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=

              ശൈഖ് അബ്ദുല്‍ വഹാബ് (റ) യുടെ നസബ് (പിതൃ പരമ്പര) ദുല്‍ ഖുവൈസിറത്തില്‍ എത്തിക്കാന്‍ കഷ്ടപ്പെടുന്ന സത്യത്തിന്‍റെ ശത്രുക്കള്‍ 16 ആം പൌത്രനായി ആണ് ദുല്‍ ഖുവൈസിറയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കാറുള്ളതു. 16 തലമുറ കൊണ്ട് ഹിജ്റ 1100 നു ശേഷം ജനിച്ച ഇബ്ന്‍ അബ്ദില്‍ വഹാബില്‍ എത്തണമെങ്കില്‍ അതിലെ ഓരോരുത്തര്‍ക്കും തന്‍റെ 70 ആം വയസ്സില്‍ ജനിച്ച മകനിലൂടെ ആയിരിക്കണം ശൈഖ് ജനിച്ചിരിക്കേണ്ടത്‌.!! സത്യത്തില്‍ ഖുറാഫികള്‍ ദുല്‍ ഖുവൈസിറയുമായി ശൈഖിനെ ബന്ധിപ്പിക്കാന്‍ ഒരു കെട്ടിച്ചമച്ച നസബുമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. അത് മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബ് ബിന്‍ സുലൈമാന്‍ ബിന്‍ അലി ബിന്‍ മുഹമ്മദ്‌ ബിന്‍ അഹമദ് ബിന്‍ റാഷിദ് ബിന്‍ ബരീദ് ബിന്‍ മുഹമ്മദ്‌ ബിന്‍ മുഷ്റഫ് ബിന്‍ ഉമര്‍ ബിന്‍ മുഅളാദു ബിന്‍ റീസ് ബിന്‍ സാഖിര്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ അലവി ബിന്‍ വുഹൈബ് (ഖുറാഫികൾ കൊടുക്കാറുള്ള ഖുഹൈബ് ) നുശേഷം ഖാസിം ബിന്‍ മൂസ ബിന്‍ മസ്ഊദ് ബിന്‍ ഉഖ്‌ബ ബിന്‍ സനീഉ ബിന്‍ നഹ്ശല്‍ ബിന്‍ ശദ്ദാദ്` ബിന്‍ സുഹൈര്‍ ബിന്‍ ശിഹാബ് ബിന്‍ റബീഅ ബിന്‍ അബീ സഉദ് ബിന്‍ മാലിക് ബിന്‍ ഹന്‍ളല ബിന്‍ മാലിക് ബിന്‍ സൈദ് മനാ ബിന്‍ തമീം ബിന്‍ മുര്‍റ് ബിന്‍ അദ്ദു ബിന്‍ ത്വാബിഖ ബിന്‍ ഇല്യാസ് ബിന്‍ മുള്ര്‍ ബിന്‍ ബിന്‍ നസാര്‍ ബിന്‍ മുഅദ്‌ ബിന്‍ അദ്നാന്‍ എന്നിവര്‍ വരെ നീളുന്ന വിശ്വസ്തരായ റിപ്പോര്‍ട്ടര്‍ മാര്‍ രേഖപ്പെടുത്തിയതാണ്. ഇതില്‍ ഉഖബ വരെയുള്ള നസബ് ശൈഖ് സുലൈമാന്‍ ബിന്‍ അലി, ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ്‌ ബിന്‍ ബസ്സാം, ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ്‌ അല്‍ ബജാദി, ശൈഖ് അഹമദ് ബിന്‍ മുഹമ്മദ്‌ ഹസ്സന്‍ അല്‍ ഖൈസര്‍, ശൈഖ് അബ്ദുല്‍ മുഹ്സിന്‍ ബിന്‍ ശാരഖ് അല്‍ മുശ്രഫി, ശൈഖ് മുഹമ്മദ്‌ ബിന്‍ അഹമ്മദ് അല്‍ ഖാളി തുടങ്ങിയ വിശ്വസ്തരും പ്രഗല്‍ബരുമായ നിരവധി ആളുകള്‍ രേഖപ്പെടുത്തിയതാണ്. 

 محمد بن عبد الوهّاب بن سليمان بن علي بن محمد بن أحمد بن راشد بن بريد بن محمد بن مشرف بن عمر بن معضاد بن ريس بن زاخر بن محمد بن علوي بن وهيب بن قاسم بن موسى بن مسعود بن عقبه بن سنيع بن نهشل بن شداد بن زهير بن شهاب بن ربيعه بن أبي سود بن مالك بن حنظله بن مالك بن زيد مناة بن تميمالتميمي بن مر بن أد بن طابخة بن إلياس بن مضر بن نزار بن معد بن عدنان .

ഉഖബ തൊട്ടു ഇല്യാസ് വരെയുള്ള നസബ് 'അല്‍ ജംഹറ ഫില്‍ അന്‍സാബ് വ യാകൂത് അല്‍ ഹമവി' എന്ന വിഖ്യാത ഗ്രന്ഥത്തിന്‍റെ കര്‍ത്താവായ ഇബ്നുല്‍ കല്‍ബിയെ പോലുള്ള പൈതൃക ചരിത്രത്തിലും ചരിത്രാഖ്യാനത്തിലും വിശ്വസ്തരും നിപുണരുമായവര്‍ രേഖപ്പെടുത്തിയതാണ്. ഇല്യാസ് തൊട്ടു മുകളിലേക്കുള്ള നസബ് അദ്നാന്‍ വരെ പ്രവാചകന്‍റെ നസബുമായി ബന്ധപ്പെടുന്നതാണ് എന്ന് പ്രവാചകന്‍റെ നസബ് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. അദ്ദേഹം ഉൾപ്പെട്ട ബനൂ തമീം ഗോത്രത്തെ പറ്റി പ്രവാചകൻ പറഞ്ഞ മൂന്നു കാര്യങ്ങൾ, ദജ്ജാലിനെതിരെ ശക്തമായി നിലകൊള്ളുന്നവർ, എന്റെ സമുദായത്തിലെ സദഖയാണ്, അവർ ഇസ്മയീൽ സന്തതികളാണ് എന്നൊക്കെയാണ് എന്നത് കൂടി ഹദീസുകളിൽ നമുക്ക് കാണാവുന്നതാണ്.

             ചുരുക്കത്തില്‍ അറബികളുടെ ഇടയില്‍ വിഖ്യാതമായ നസബ് രേഖപ്പെടുത്തുക എന്നത് ഒരു പ്രത്യേക വിഭാഗം തന്നെയാണെന്നത് കൊണ്ട് തന്നെ, ശൈഖ് ഇബ്നു അബ്ദുല്‍ വഹാബ് (റ) യെ ദുല്‍ ഖുവൈസിറയുമായി ബന്ധപ്പെടുത്താനുള്ള ശ്രമം നിലനില്‍ക്കുന്നതല്ല. ഇനി മുസൈലമത്തുല്‍ കദ്ദാബ് ജനിച്ച നാട്ടിലാണ് ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് ജനിച്ചത്‌ എന്നത് കൊണ്ട് അതൊരു പോരായ്മയാണെങ്കില്‍ അബൂ ജഹലും ഉത്ബതും ശൈബത്തും ജനിച്ച മക്കയില്‍ തന്നെയാണെല്ലോ പ്രവാചകന്‍ ജനിച്ചത്‌. മാത്രമല്ല, അല്ലാഹു ശപിച്ച അബൂ ലഹബ് പ്രവാചകന്‍റെ എളാപ്പയുമായിരുന്നു. അപ്പോള്‍ പ്രവാചകനെയും ഈ മാനദണ്ഡം കൊണ്ട് പിഴച്ചവന്‍ എന്ന് മുദ്ര കുത്തുമോ എന്നാണു ചോദിക്കാനുള്ളത്.

നജദ് എവിടെ?
-=-=-=-=-=-=-=-=-=-=-=-=-=-=

            നജ്ദിൽ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക എന്ന് നബി (സ) പറഞ്ഞ ഒരു ഹദീസിനെ ദുർവ്യാഖ്യാനിച്ചു, അത് ഇന്നത്തെ റിയാദ് ആണെന്ന് വരുത്തി തീര്‍ത്തു, അവിടെ ജനിച്ച ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ)യെ പിശാചിന്‍റെ കൊമ്പായി പാമരജനങ്ങളുടെ ഇടയില്‍ അവതരിപ്പിച്ചു യഥാര്‍ത്ഥ ദീനില്‍ നിന്ന് അകറ്റി തങ്ങളുടെ വരുതിയില്‍ നിലനിര്‍ത്താന്‍ സമസ്തക്കാരും അവരുടെ പിണിയാളുകളും ശ്രമിക്കുന്നത് പരലോകഭയം ഇല്ലാത്തത് ഒന്ന് കൊണ്ട് മാത്രമായിരിക്കാം. യഥാര്‍ത്ഥത്തില്‍ ദീനില്‍ ഞങ്ങള്‍ ഇമാമീങ്ങള്‍ പറയുന്നതാണ് അംഗീകരിക്കുന്നത് എന്ന് നാഴികക്കു നാല്‍പ്പതു വട്ടം വഅള് പറയുകയും, ഖുര്‍ആനും ഹദീസും സ്വേച്ചക്കനുസരിച്ചു ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന സമസ്ത മതത്തിലെ പുരോഹിതന്‍മാര്‍, ഈ വിഷയത്തിലും അഹല്സ്സുന്നയുടെ കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലെ ഒരു പണ്ഡിതനും പറയാത്ത വ്യാഖ്യാനം നല്‍കിയാണ്‌, ഇറാക്കിലെ നജ്ദിനെ കുറിച്ചുള്ള പ്രവാചകന്‍റെ മുന്നറിയിപ്പ്, കാലഘട്ടത്തിലെ മുജദ്ധിദായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ)യെ പിശാചിന്‍റെ കൊമ്പായി അവതരിപ്പിക്കുന്നത്. പ്രവാചകന്‍ മദീനത്തെ പള്ളിയില്‍ ഇരിക്കെ യമന് വേണ്ടിയും ശാമിന് (ഇന്നത്തെ സിറിയ) ക്ക് വേണ്ടിയും ദുആ ചെയ്തപ്പോള്‍ ഒരാള്‍ നജദി നു വേണ്ടി യും പ്രവാചകരെ എന്ന് പറയുകയും പ്രവാചകന്‍ ദുആ ചെയ്യാതിരുന്നപ്പോള്‍ അയാള്‍ നജദി നു വേണ്ടി യും പ്രവാചകരെ എന്ന് ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ (ഒരു രിവായത്തില്‍ ഇറാക്കിന് വണ്ടിയും എന്ന് തന്നെ വന്നിട്ടുണ്ട്) പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് കൈ ചൂണ്ടി അവിടെ നിന്ന് ഫിത്ന പുറപ്പെടും കുഴപ്പം ഉണ്ടാകും പിശാചിന്‍റെ കൊമ്പു പുറപ്പെടും കുഫ്ര്‍ പുറപ്പെടും എന്നൊക്കെ വെത്യസ്ത രിവായത്തുകളില്‍ വന്നിട്ടുണ്ട്. പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് മദീന പള്ളിയില്‍ ഇരുന്നു ചൂണ്ടിക്കാട്ടിയത് ഒരിക്കലും തെക്ക് ഭാഗം സ്ഥിതി ചെയ്യുന്ന ഇന്നത്തെ റിയാള് എന്ന നജിദിനെ കുറിച്ചാകില്ല എന്നുറപ്പല്ലേ?. 

          മാത്രമല്ല, ഉസ്മാന്‍ (റ) യുടെ വധത്തിൽ കലാശിച്ച ഫിത്നയിൽ ഇറാക്കിൽ നിന്നുള്ളവരുടെ പങ്കും വളരെ വലുത് തന്നെയാണ്. ശേഷം ഇസ്ലാമില്‍ പൊട്ടി പുറപ്പെട്ട ഫിത്‌നകള്‍, ഖവാരിജുകള്‍ ശിയാക്കള്‍, റാഫിളികള്‍ ബാത്വിനിയാക്കള്‍, ഖദരിയ്യാക്കള്‍, ജമ്ഹ്മികള്‍ മുഅതസില എന്ന് തുടങ്ങി എല്ലാവരും ഇറാക്കില്‍ നിന്നായിരുന്നു ആരംഭം. ഇതില്‍ ഒന്ന് പോലും റിയാദില്‍ നിന്നുള്ളതല്ല.! ഖവാരിജുകള്‍ തുടങ്ങി വെച്ച ഈ ഫിത്‌ന അലി(റ) വധിക്ക പ്പെടുന്നതും കള്ളപ്രവാചകനായ മുഖ്താർ പ്രവാചകത്വം വാദിച്ചതും തൊട്ടു ഹിജ്റ - 278 ക്വറാമി മതക്കാരുടെ കുഴപ്പങ്ങള്‍ പുറപ്പെട്ടതും അതിനു ശേഷം താര്ത്താ രികളുടെ വിപ്ലവങ്ങള്‍ അരങ്ങേറിയതുമെല്ലാം ഈ മദീനക്ക് കിഴക്കുഭാഗത്തുള്ള ഇറാഖില്‍ നിന്നു തന്നെ. നബി (സ്വ) പറഞ്ഞതുപോലെ മദീനക്ക് കിഴക്കായി വരുന്ന ഇന്നത്തെ ഇറാനിലെ ഖുറാസാനില്നിന്നും ദജ്ജാലിന്റെ ആഗമനം വരെ അത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇതൊക്കെ കൊണ്ട് തന്നെയാണ്, അല്ലാഹുവിന്‍റെ പ്രവാചകന്‍റെ മുഅജിസത്തായി തന്നെ ഈ പ്രവചനത്തെ പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇത് ഖത്താബി യും ഇബ്ന്‍ ഹജര്‍ അസ്ഖലാനിയും നജദ് എന്നത് ഇറാക്കിലാണ് എന്ന് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നിവര്‍ ജല്‍പിക്കുന്ന പോലെ അത് റിയാദിനെ കുറിച്ചാണെങ്കില്‍ പ്രവാചകന് തെറ്റ് പറ്റിയെന്നു ഇവര്‍ക്ക് പറയേണ്ടി വരും, മആദല്ലാഹ്......കാരണം സൌദിയിലെ റിയാദില്‍ ഇത്തരം ഒരു കുഴപ്പവും പ്രവാചകന്‍റെ നാള്‍ തൊട്ടു ഇന്നേവരെ ഉണ്ടായിട്ടില്ലല്ലോ?.

ഇമാം ബുഖാരി തന്റെ സ്വഹീഹുൽ ബുഖാരിയിൽ - 7092, 7093 നമ്പറുകളായി റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ഇപ്രകാരമാണ്.:-

2 - ذكَر النبيُّ صلَّى اللهُ عليه وسلَّم : ( اللهمَّ بارِكْ لنا في شامِنا ، اللهمَّ بارِكْ لنا في يَمَنِنا ) . قالوا : يا رسولَ اللهِ ، وفي نَجدِنا ؟ قال : ( اللهمَّ بارِكْ لنا في شامِنا ، اللهمَّ بارِكْ لنا في يَمَنِنا ) . قالوا : يا رسولَ اللهِ ، وفي نَجدِنا ؟ فأظنُّه قال في الثالثةِ : ( هناك الزلازِلُ والفِتَنُ ، وبها يَطلُعُ قرنُ الشيطانِ ) .

الراوي: عبدالله بن عمر المحدث: البخاري - المصدر: صحيح البخاري - الصفحة أو الرقم: 7094

(ഇബ്നു ഉമർ (റ) വിൽനിന്ന് നിവേദനം: " നബി(സ) പറഞ്ഞു, അല്ലാഹു വേ, ഞങ്ങൾക്ക് ഞങ്ങളുടെ ശാമിൽ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ. സ്വഹാബികൾ പറഞ്ഞു. നബിയേ, ഞങ്ങളുടെ നജ്ദിലും. നബി (സ) പറഞ്ഞു. അല്ലാഹുവേ, ഞങ്ങളുടെ ശാമിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനിൽ ഞങ്ങൾക്ക് നീ അനുഗ്രഹം ചെയ്യേണമേ. അവർ പറഞ്ഞു. പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും. മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു. നബി (സ) ഇപ്രകാരം പറഞ്ഞു. അവിടെയാണ് ഭൂമികുലുക്ക ങ്ങളും കുഴപ്പങ്ങളും, അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും (സ്വഹീഹുൽ ബുഖാരി)

ഈ ഹദീസ് ബുഖാരിക്ക് പുറമേ, മുസ്ലിം, ഇമാം അഹ്മദ് (റ), ഇമാം മാലിക് (റ) എന്നിവരും പദങ്ങളില്‍ ചെറിയ വെത്യാസത്തോടെ എടുത്തുദ്ധരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകളിൽ എല്ലാം തന്നെ നബി (സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്നതു വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടേയും ഉത്ഭവസ്ഥാനമാണ് കിഴക്കെന്നു മറ്റ് ഹദീഥുകളിൽ നിന്നും നബി (സ) പ്രസ്താവി ച്ചതായി നമുക്ക് കാണാവുന്നതാണ്. ഉദാഹരണമായി, ബുഖാരി. 3501 ആം നമ്പരായും മുസ്ലിം 75 ആമാതായും കൊടുത്ത ഒരു ഹദീസ് ഇങ്ങനെയാണ്. . أنَّ رسولَ اللهِ صلَّى اللهُ عليهِ وسلَّمَ قال : رأسُ الكفرِ نحوُ المشرقِ، നബി (സ) പറഞ്ഞു "(കുഫ്റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു.) ഈ രൂപത്തിലുള്ള ഹദീഥുകൾ വേറെയും ഹദീഥ് ഗ്രന്ഥങ്ങളിൽ ധാരാളം വന്നതായി കാണാം. മദീനയിലെ കിഴക്ക് ഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസറ എന്നിവ ഉൾകൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തിൽ നിന്നുതന്നെ വളരെ വ്യക്തമാണ്. ഇതിനെല്ലാം പുറമേ, ഹദീസില്‍ നിന്നുതന്നെ ഇത് ഇറാഖിനെ കുറിച്ചാണെന്ന് സ്പഷ്ടമായി മനസ്സിലാക്കാന്‍ കഴിയും. മുസ്ലിം (റ) തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഒരു ഹദീഥ് ഇപ്രകാരമാണ്.

(7297)ه قال سمعت سالم بن عبدالله بن عمر يقول :ياأهل العراق ماأسألكم عن الصغيرة ،وأركبكم للكبيرة سمعت أبي عبدالله بن عمر يقول سمعت رسول الله صلى الله عليه وسلم يقول إن الفتنة تجيء من ههنا وأومأ بيده نحو المشرق من حيث يطلع قرنا الشيطان (مسلم)

സാലിംബ്നു അബ്ദുല്ലാഹ് (റ) പറയുന്നു: "അല്ലയോ ഇറാഖ്കാരേ, ചെറിയകാര്യങ്ങളെക്കുറിച്ചുപോലും നിങ്ങൾ ചോദിച്ചറിയുന്നു. എന്നാൽ വലിയ വലിയ കാര്യങ്ങൾ (തിന്മകൾ) നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്, '' കിഴക്കുഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് തീർച്ചയായുംകുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ്. അതായ ത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്''. എന്ന് പ്രവാചകന്‍ റസൂലുല്ലാഹി പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.

ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ ഇതൊന്നുകൂടി വ്യക്തമാക്കുന്നത് കാണാം. അതിപ്രകാരമാണ്. ഇബ്നു ഉമർ(റ) പറയുന്നു. നബി(സ) തന്റെ കൈ കൊണ്ട് ഇറാഖിനുനേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഇതാ അവിടെനിന്നാണ് കുഴപ്പ ങ്ങൾ ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ എന്ന് മൂന്നുതവണ പറഞ്ഞു. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടു ന്നത് അവിടെനിന്നാകുന്നു. (അഹ്മദ് 6020)

ഇമാം ബുഖാരി ഉദ്ധരിച്ച 7094ആം ഹദീഥിനെ വിശദീകരിക്കവെ ഇമാം അസ്ക്വലാനി തങ്ങള്‍ പറയുന്നു. "മദീനക്കാരുടെ നജ്ദ് ഇറാഖും അതിന്റെ പ്രാന്തപ്രദേശങ്ങളുമാണ്. അതാണ് മദീനക്കാരുടെ കിഴക്കുഭാഗമെന്ന് ഖത്താബി പറഞ്ഞിരിക്കുന്നു നബി(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ച നജ്ദ് ഇറാഖാണെന്ന് വ്യക്തം.!

ഈ ഹദീസിന്‍റെ റിപ്പോർട്ടുകളിൽ തന്നെ, 'നജ്ദിനുവേണ്ടിയും' എന്നതിനു പകരം, 'ഇറാഖിന് വേണ്ടിയും' എന്ന് തന്നെ വന്നതായി കാണാം. പ്രസ്തുത റിപ്പോർട്ട് ഇമാം ഫസ്വി (റ) തന്റെ 'അല്‍ മഅരിഫത്തു വത്താരീഖ്' എന്ന ഗ്രന്ഥത്തിൽ, കൂഫയെക്കുറിച്ച് പറയുന്ന അദ്ധ്യായം എന്ന ശീർഷകത്തിൽ ( 2/746 ൽ) കൊടുത്തത് കാണാം. അതിങ്ങനെയാണ്.:- 

"നബി(സ) പറഞ്ഞു. അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും ഞങ്ങളുടെ സ്വാഇലും ഞങ്ങളുടെ യമനിലും ഞങ്ങളുടെ ശാമിലും നീ ഞങ്ങൾക്ക് ബർക്കത്ത് ചെയ്യണേ. അപ്പോൾ ഒരാൾ പറഞ്ഞു. നബിയേ ഞങ്ങളുടെ ഇറാഖിലും. അപ്പോൾ നബി(സ) പറഞ്ഞു: അവിടെയാണ് ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാവുക. അവിടെനിന്നുതന്നെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും''.

ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍?
-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-

              തുര്‍ക്കിയിലെ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന അയ്യുബ് സാബ്രി പാഷയുടെ സാങ്കല്‍പിക കഥാ പാത്രമായ ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാര കഥാപാത്രവും അയാളുടെ മനോഗതമനുസരിച്ചുണ്ടാക്കിയ ഒരു കഥയും, ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് ബ്രിട്ടീഷ് ചാരനാണെന്നും ഇസ്ലാമിനും മുസ്ലിംകള്‍ക്കും എതിരെ പാശ്ചാത്യരുടെ സഹായത്തോടെ അക്രമം നടത്തിയവരാണ് 'വഹാബികള്‍' എന്നും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനായി റാഫിളികളും കേരളത്തിലെ ഖുറാഫികളും വ്യാപകമായി പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ അതിനു ഒരടിസ്ഥാനവുമില്ല എന്ന് ഈ പുസ്തകത്തിലെ തന്നെ വിവരണം വായിക്കുന്ന ഏതൊരു നിഷ്പക്ഷനായ സത്യാന്വേഷിക്കും മനസ്സിലാകും. ഹംഫര്‍ തന്നെ അറേബ്യ കീഴടക്കാനായി മുസ്ലിംകളില്‍ ഭിന്നിപ്പുണ്ടാക്കായി ഹംഫര്‍ അടക്കം 5000 പേരെ ഇങ്ങിനെ നിയോഗിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അക്കാലത്തോ അതിനു ശേഷം ദശാബ്ദങ്ങള്‍ കഴിഞ്ഞോ ഇംഗ്ലണ്ട് സൗദി അറേബ്യയുടെ മേല്‍ ഒരാക്രമണ ത്തിനോ ആധിപത്യത്തിനോ വന്നിരുന്നില്ല, ആകെ ഇംഗ്ലണ്ടിനു താല്‍പര്യമുണ്ടായിരുന്ന താകട്ടെ, നൂറ്റാണ്ടിനു ശേഷം ഹിജാസ് ഭരിച്ച 'വഹാബി'കളുടെ എതിരാളിയായ ഹുസൈന്‍ രാജ വംശത്തിനോട് താനും.! അതിലേറെ രസം ഹംഫര്‍ 1712 ഇല്‍ ബസറ (ഇറാക്ക്) യില്‍ വെച്ച് ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിനെ കണ്ടു എന്നാണു ഇതിന്‍റെ മൂല കൃതിയില്‍ പറയുന്നത്. എന്നാല്‍ 1704 ഇല്‍ ജനിച്ച ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബു തന്‍റെ 8 ആമത്തെ വയസ്സില്‍ ബസറ യില്‍ വെച്ച് ബ്രിട്ടീഷ് ചാരനെ കാണാനും ഇത്തേരം ചര്‍ച്ച നടത്താനും പ്രാപ്തനായി എന്ന് പറയുന്നതിലെ വങ്കത്തം ഇത്തരം ഒരു പാട് വൈരുദ്ധ്യങ്ങള്‍ മാല മൌലൂദുകളില്‍ കൂടി ഏറ്റു ചൊല്ലുന്ന ഖുറാഫിക്ക് വിശ്വസിക്കാന്‍ പ്രയാസം കാണില്ലെങ്കിലും വിവരമുള്ള ഏതൊരാളും പുച്ചിച്ചു തള്ളുമെന്നതില്‍ സംശയമില്ല. 

                   അത് കൊണ്ട് കേരളത്തിലെ ഖുറാഫികള്‍ 1712 എന്നതിന് പകരം 1724 എന്ന് സൌകര്യ പൂര്‍വ്വം മാറ്റിയാണ് ഇത് പ്രചരിപ്പിക്കുന്നത്. ഹംഫര്‍ എന്ന ഒരാളെ കുറിച്ച്, ഏതെങ്കിലും രേഖകളിലോ പുസ്തകത്തിലോ കമ്പ്യൂട്ടര്‍ ടാറ്റാ ബൈസിലോ ഒരിടത്തും തന്നെ പരാമര്‍ശിക്കപ്പെട്ടത് കാണാന്‍ കഴിയില്ല. ഹാര്‍വാര്‍ഡിലെ ഓണ്‍ ലൈന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്ട്രാടിജികല്‍ സ്റ്റഡീസിലെ ബെര്‍ണാഡ് ഹൈകല്‍ ഈ കഥ അയ്യൂബ് സാബ്രി സലഫികള്‍ക്ക് എതിരെ കെട്ടിയുണ്ടാക്കിയ ഒരു നുണക്കഥയാണെന്ന് വ്യെക്തമാക്കുന്നുണ്ട്. അതിനും പുറമേ ഹംഫര്‍ ഈ പുസ്തകത്തില്‍ ഒന്നാം ഭാഗത്ത് തന്നെ പറയുന്നത്, നമ്മുടെ ഗ്രേറ്റ് ബ്രിട്ടണ്‍ വളരെ വലിയ രാജ്യമാണ്, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമാണ്‌, ഇന്ത്യ, ചൈന മിഡില്‍ ഈസ്റ്റ്‌ (?) ഒക്കെ നമ്മുടെ ആധിപത്യത്തിന് കീഴിലാണ്. കേവലം പ്രാതിനിധ്യം അല്ല, മറിച്ചു നമ്മുടെ കൃത്യമായ നയങ്ങളും സജീവമായ പരിപാടികളും അവിടെ നടപ്പാക്കുന്നുണ്ട് എന്നൊക്കെയാണ്. എന്നാല്‍ ബ്രിട്ടണ്‍ വിസ്തൃതമാകുന്നതും സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന വിശേഷണം വരുന്നതും 19 ആം നൂറ്റാണ്ടില്‍ ആണെന്നത് നമുക്കെല്ലാമറിയാം. 18 ആം നൂറ്റാണ്ടിനു മുന്‍പ്, സൌദിയിലോ മറ്റു ഗള്‍ഫ് രാജ്യങ്ങളിലോ ബ്രിട്ടീഷ് സാന്നിദ്ധ്യം വിദൂരമായ അര്‍ത്ഥ ത്തില്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. വളരെ കാലത്തിനു ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണ ഉണ്ടായിരുന്നതാകട്ടെ, ഹിജാസ് ഭരിച്ചിരുന്ന ജോര്‍ദ്ദാന്‍ ആസ്ഥാനമായ ഹുസൈന്‍ രാജവംശത്തിനും. അദ്ദേഹം ആല് സൌദ്‌ കുടുംബത്തിനും ശൈഖ് ഇബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ അനുയായികളായ സലഫികള്‍ക്കും കടുത്ത എതിരാളിയായിരുന്നു താനും.

പിഴച്ച കക്ഷികള്‍ ആര്‍? 
-=-=-=-=-=-=-=-=-=-=-=-=-=

               ഇനി വാദത്തിനു ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ) ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍റെ കയ്യിലെ കളിപ്പാവയായിരുന്നു എന്ന് സങ്കല്‍പിച്ചാല്‍ പോലും അദ്ദേഹം കൊണ്ടുവന്ന ഏതു ആശയമാണ് ഇസ്ലാമില്‍ പുതുതായുള്ളത്?. അദ്ദേഹം ചെയ്ത ഉയര്‍ന്ന ഖബരുകളെ നിരപ്പാക്കിയതും ഖബറുകളെയും മരങ്ങളെയും കല്ലുകളെയും നേര്‍ച്ച സ്ഥലമാക്കി അവരോടു സഹായം തേടിയിരുന്നതിനെ തടയുന്നതുമാണോ?. അതോ മദ് ഹബുകളുടെ പേരില്‍ അന്യോന്യം കലഹിച്ചും ആക്രമിച്ചും മസ്ജിദുല്‍ ഹറമില്‍ പോലും നാല് മിമ്പറുകളും അവര്‍ക്ക് വേറെ വേറെ ജമാഅത്തുകളും നടന്നിരുന്നത് നിര്‍ത്തലാക്കിയതോ?. അന്യോന്യം കലഹിച്ചു അനേകം നാട്ടു രാജ്യങ്ങളായി നിലനിന്നിരുന്ന സൗദി അറേബ്യയെ ഇന്ന് കാണുന്ന രീതിയില്‍ ഒരൊറ്റ ഭരണത്തിനു കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ അനുകൂളിച്ചതാണോ തെറ്റ്?. ഇന്ന് കേരളത്തില്‍ ഉള്ള പോലെ മാലയും മൌലൂദ് റാത്തീബുകളും നേര്‍ച്ച മാമാങ്കങ്ങളും ഇസ്ലാമികമാണോ അതോ ജൂതന്‍ മാരുടെയും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ആചാരങ്ങളുടെ മിശ്രിതങ്ങളോ?. മരിച്ചവരുടെ ഖബര്‍ കെട്ടി പ്പോക്കുന്നത് പ്രവാചകന്‍ വിരോധിച്ചതായി എണ്ണമറ്റ ഹദീസുകളില്‍ വന്നതും ജൂതന്‍മാര്‍ അവരുടെ ആചാരമായി കൊണ്ട് നടക്കുന്നതുമല്ലേ? അല്ലാഹുവിന്‍റെ പ്രവാചകന്‍ മരണത്തെ ഓര്‍ക്കാനും ഖബറാളികള്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതിനും ഖബര്‍ സന്ദര്‍ശനം സുന്നത്താക്കിയെങ്കില്‍ ഖബറുകളിലെ മരിച്ചവരോട് ആവശ്യം പറയാനും നേര്‍ച്ച മാമാങ്കങ്ങള്‍ നടത്താനും ജൂതന്‍ മാരെയും ക്രിസ്ത്യാനികളെയും പോലെ ദുരുപയോഗം ചെയ്യുന്നവരല്ലേ യഥാര്‍ത്ഥ ചാരന്‍മാര്‍?. അല്ലാഹുവിന്‍റെ സിഫത്തുകള്‍ മരിച്ച മുഹിയുദ്ധീന്‍ ശൈഖിനും രിഫാഈ ശൈഖിനും മമ്പുറത്തെ തങ്ങള്‍ക്കും എന്തിനു ഭ്രാന്തനായ അണ്ണാച്ചിക്ക് വരെ വക വെച്ച് കൊടുത്തു അവരോടൊക്കെ ആവശ്യ നിര്‍വഹണത്തിന് സഹായം ചോദിക്കുന്ന തനിച്ച ശിര്‍ക്കല്ലേ യഥാര്‍തത്തില്‍ ശിര്‍ക്കിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ഇസ്ലാമിലേക്ക് കടത്തി വിടാന്‍ ജൂതന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ ചാരപ്പണി?. അത് ഭംഗിയായി ചെയ്യുന്നത് ഇന്ന് ലോകത്ത് ശിയാക്കളും ഖുറാഫികളുമല്ലേ?

അല്ലാഹുവിന്‍റെ പ്രവാചകന്‍ പഠിപ്പിച്ച സ്വഹീഹായ ഹദീസുകളില്‍ വന്നത് അതെ പോലെ അനുഷ്ടിക്കുന്ന സലഫികളെ, ഊരും പേരും തിരിയാത്തതും അണ്ണാച്ചിയുടെയും ശവങ്ങളെ പൂജിക്കുന്ന ഖുറാഫികള്‍ക്ക് എങ്ങിനെയാണ് വിമര്‍ശിക്കാനാകുക?. ഇന്ന് ലോകത്ത് ഖുറാഫികള്‍ പുണ്യമായി കരുതി കൊണ്ടാടുന്ന, മൌലൂദ്, മാലപ്പാട്ടകള്‍ റാതീബ്, ജാറപ്പൂജകള്‍ തുടങ്ങി ഏതു ബിദ് അത്തിനാണ് ഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പിന്‍ബലമുള്ളതു?. ഇതെല്ലാം ശിയാക്കളുടെയും തനിച്ച ജൂതായിസത്തി ന്‍റെയും ബാക്കി പത്രമാണ്‌ എന്ന് ആളുകള്‍ക്ക് മനസ്സിലാകും എന്നായപ്പോള്‍ ശരിയായ ഖുര്‍ആനും ഹദീസും പ്രഖ്യാപിക്കുന്ന ശുദ്ധമായ തൌഹീദും പ്രവാചകന്‍റെ സുന്നത്തും യഥാ വിധി പിന്‍പറ്റുന്നവരെ ബ്രിട്ടീഷ് ചാരന്‍മാര്‍ എന്ന് പറയുന്നവര്‍ ഞങ്ങള്‍ ചെയ്യുന്ന ഏതു അമലുകള്‍ ആണ്, പ്രവാചകന്‍ പടിപ്പിക്കാത്തതെന്നും ജൂത ക്രിസ്ത്യാനികളുടെ ചര്യയുമായി ബന്ധമുള്ളതെന്നും വ്യെക്തമാക്കുമോ?.

                       അഹല് സ്സുന്നയുടെ ആദര്‍ശം എന്നത് ഖുര്‍ആനും സ്വഹീഹായാ ഹദീസുകളും എങ്ങിനെ സ്വഹാബികളും ഉത്തമ നൂറ്റാണ്ടിലെ മുന്‍ഗാമികളും മനസ്സിലാക്കിയോ അതെ പോലെ മനസ്സിലാക്കുകയും ആചരിക്കുകയും ചെയ്യുക എന്നതാണ്. അതിനെതിരായി ആര് എന്ത് പറഞ്ഞാലും അത് അവര്‍ക്ക് പറ്റിയ അബദ്ധമായി കണക്കാക്കി പ്രമാണത്തിലേക്ക് മടങ്ങുക എന്നതാണ് കേരളത്തിലെ യഥാര്‍ത്ഥ മുജാഹിദുകള്‍ എന്നും സ്വീകരിച്ച നിലപാട്. അത് തന്നെയാണ് ലോകത്ത് സലഫികള്‍ സ്വീകരിച്ച നിലപാടും. ഇസ്മത്തു (പാപ സുരക്ഷിതത്വം) ലഭിച്ച പ്രവാചകന്‍ മാര്‍ അല്ലാത്ത ആര് പറയുന്നതിലും നെല്ലും പതിരും ഉണ്ടാകും എന്നത് കൊണ്ടാണ് പ്രമുഖരായ നാല് മദ് ഹബുകളുടെ ഇമാമീങ്ങള്‍ പോലും പറഞ്ഞതില്‍ സ്വഹീഹായ പ്രമാണവുമായി എതിരാവുമ്പോള്‍ അത് കയ്യൊഴിഞ്ഞു സ്വഹീഹായ ഹദീസ് പിടിക്കാന്‍ അവര്‍ ആവശ്യപ്പെട്ടത് അതെ പോലെ മുജാഹിദുകള്‍ നടപ്പില്‍ വരുത്തുന്നത്. എന്നിട്ടല്ലേ, ജമാലുദ്ധീന്‍ അഫ്ഗാനിയും മുഹമ്മദ്‌ അബ്ദുവും റഷീദ് റിളയും കേരളത്തിലെ മറ്റേതെങ്കിലും പണ്ഡിതന്മാരും?. അത് കൊണ്ട് പ്രമാണ വിരുദ്ധമായി ആര് പറഞ്ഞതായാലും അത് തള്ളി ക്കളഞ്ഞു പ്രമാണത്തോടൊപ്പം നില്‍ക്കുന്ന മുജാഹിദുകളെ വലത്ത് നിന്ന് ഇടത്തോട്ടെഴുതിയ ഏതു കിതാബിലുള്ളതും തെളിവായി എടുത്തു, അതിനെതിരായി വ്യെക്തമായ ഖുര്‍ആനും ഹദീസും ഒഴിവാക്കി പോലും ശിര്‍ക്കിലും ബിദ്അത്തിലും മുങ്ങിയ നിങ്ങള്‍ക്ക് ആദര്‍ശം കൊണ്ട് ഒന്ന് തോണ്ടാന്‍ പോലും കഴിയില്ല. അതിനാല്‍ തങ്ങള്‍ ഇന്ന് ചെയ്യുന്ന ഓരോ കര്‍മങ്ങളുടെയും അടിസ്ഥാനം യഥാ വിധി പരിശോധിച്ച് തിരുത്താന്‍ തയ്യാറായാല്‍ നാളെ പരലോകത്ത് വിരല്‍ കടിക്കുന്ന 72 വിഭാഗങ്ങളില്‍ ഒന്നാവാതെ രക്ഷപ്പെടാം. അല്ലാഹു സഹായിക്കട്ടെ എന്ന് മാത്രം ഉണര്‍ത്തുന്നു